പുരുഷന്മാരോളം തന്നെ പ്രാധാന്യമുണ്ട് സ്ത്രീകൾക്കും. പക്ഷേ നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് രാത്രിയിൽ സഞ്ചരിക്കുവാനും ഒറ്റയ്ക്ക് താമസിക്കുവാനും ഒക്കെ അൽപ്പം ബുദ്ധിമുട്ടാണ്. ഇക്കാലത്ത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സ്ത്രീ സുരക്ഷ. നമ്മുടെ സർക്കാർ അതിനായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.
തൃശ്ശൂരിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി തങ്ങുവാൻ ഇപ്പോൾ ഒരു സൗകര്യമൊരുക്കിയിരിക്കുകയാണ് തൃശ്ശൂർ കോർപ്പറേഷൻ. ഷീ ലോഡ്ജ് എന്നാണ് ഈ പുതിയ സംരംഭത്തിനു പേരിട്ടിരിക്കുന്നത്. തൃശ്ശൂർ അയ്യന്തോൾ പഞ്ചിക്കൽ ഇറക്കത്തിൽ പ്രവർത്തനമാരംഭിച്ച ഷീ ലോഡ്ജിൽ ഒരേസമയം അൻപതോളം പേർക്ക് താമസിക്കുവാൻ സാധിക്കും. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ രണ്ടു നിലകളിലായാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലോഡ്ജിൽ സിംഗിൾ റൂമുകളും ഒന്നിലധികം ആളുകൾക്ക് താമസിക്കുവാൻ പറ്റിയ റൂമുകളും ഉണ്ട്. ലോഡ്ജിന്റെ ഏറ്റവും മുകളിൽ ഷീറ്റുകളിട്ട് തുണികൾ ഉണക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങളും അടുക്കള, ഡൈനിങ് ഹാൾ, ഓഫീസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
തൃശ്ശൂർ നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി താങ്ങുവാൻ ഒരിടം ഇല്ലാത്തത് ഏറെനാളായി ഉയർന്നു കേട്ടിരുന്ന പരാതിയാണ്. പൂങ്കുന്നത്ത് കുടുംബശ്രീയുടെ സംവിധാനമുണ്ടെങ്കിലും അത് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെയുള്ള മഹിളാമന്ദിരം പ്രവര്‍ത്തിക്കുന്നതാകട്ടെ ആറുകിലോമീറ്റര്‍ അകലെ രാമവര്‍മപുരത്തും. മുറികളുടെ വാടകയും മറ്റും തീരുമാനിക്കുന്നതേയുള്ളൂ. കൗണ്‍സില്‍ അംഗീകാരം വേണമെന്നതിനാലാണിത്.
ചാർജ്ജുകൾ തീരുമാനിച്ചു കഴിഞ്ഞാൽ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും നിലവിൽ വരും. ഇതോടുകൂടി ആവശ്യക്കാർക്ക് യാത്ര പുറപ്പെടുന്നതിനു മുൻപേ തന്നെ മുൻകൂറായി റൂമുകൾ ബുക്ക് ചെയ്യുവാൻ സാധിക്കും. രണ്ടാം ഘട്ടത്തിൽ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും ഷീ ലോഡ്‌ജിലേക്ക് സ്ത്രീകൾക്ക് എത്തുന്നതിനായി വനിതാ ഡ്രൈവർമാരുടെ ഓട്ടോറിക്ഷകൾ പ്രവർത്തന സജ്ജമാക്കും.
PSC പരീക്ഷകൾ എഴുതാൻ വരുന്നവർ, ജോലിയാവശ്യങ്ങൾക്കായി വരുന്നവർ, പല പല ട്രെയിനിംഗുകൾക്കായി വരുന്നവർ എന്നിവർക്ക് ഒരു ദിവസം തങ്ങുവാൻ വളരെ ഉപകാരപ്രദവും സുരക്ഷിതവുമാണ് ഈ ലോഡ്ജ്. സാഹിത്യ അക്കാദമി തുടങ്ങിയ സ്ഥലങ്ങളിൽ സാംസ്കാരിക പരിപാടികൾക്ക് വരുന്നവർക്കും ഇവിടെ താമസിക്കാം.
അതിക്രമങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധം എന്ന നിലയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സ്‌ത്രീകള്‍ക്കു സ്വീകരിക്കാവുന്നതാണ്.
1. എപ്പോഴും പോലീസ് ടെലിഫോണ്‍ നമ്പര്‍ കൈവശം സൂക്ഷിക്കുക, 2. ആവശ്യമുള്ളപ്പോള്‍ പോലീസില്‍ ഫോണ്‍ ചെയ്യുക., 3. അടിയന്തര കാര്യങ്ങളില്‍ സഹായിക്കുന്നവരുടെ പേരുവിവരങ്ങള്‍ കൈയില്‍ സൂക്ഷിക്കുക., 4. വിശ്വാസമുള്ള ഒരു അയല്‍വാസിയുടെ ടെലിഫോണ്‍ നമ്പര്‍ കൈയില്‍ സൂക്ഷിക്കണം., 5. ശല്യക്കാര്‍ സമീപിച്ചാല്‍ എങ്ങിനെ പെരുമാറണമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക, (അയല്‍ക്കാരുടെയടുത്ത് അഭയം തേടുക, വീട്ടില്‍ നിന്നിറങ്ങി പോലീസിന് ഫോണ്‍ ചെയ്യുക)- ഡയല്‍ 100.