എഴുത്ത് – TJ ശ്രീജിത്ത് (മാതൃഭൂമി).
കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ സിനമയുടെ പുതിയ ആസ്വാദനതലങ്ങള്‍ സമ്മാനിച്ച വിസ്മയങ്ങളാണ് ഷേണായിമാരുടെ തീയേറ്ററുകള്‍. സിനിമയ്ക്ക് ടിക്കറ്റു കിട്ടാതെ ആളുകള്‍ എത്രയൊക്കെ ബഹളം കൂട്ടിയാലും ആ ടാക്കീസിലെ 15 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അങ്ങോട്ടേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ഏറ്റവും മുകളിലെ ആ ഇരിപ്പിടങ്ങള്‍ പ്രത്യേക ചതുരക്കള്ളിയിലായിരുന്നു. മാസത്തിലൊരിക്കലോ മറ്റോ ആ സീറ്റുകളില്‍ ആളനക്കമുണ്ടാകും. അത് കൊച്ചി രാജകുടുംബാംഗങ്ങളോ തിരുവിതാകൂര്‍ രാജകുടുംബാംഗങ്ങളോ ആയിരിക്കും.
കൊച്ചിയിലെ ഏറ്റവും പഴയ സിനിമാ ടാക്കീസുകളിലൊന്നായ ‘ലക്ഷ്മണില്‍’ ആയിരുന്നു രാജകുടുംബത്തിനുള്ള പ്രത്യേക ‘റിസര്‍വേഷന്‍ ബോക്‌സ്’. ബാല്‍ക്കണിയിലെ ആദ്യനിരയില്‍ ഏഴു സീറ്റും രണ്ടാമത്തെ നിരയില്‍ എട്ടു സീറ്റുമാണ് ഉണ്ടായിരുന്നത്. കാലൊക്കെ നീട്ടിവെച്ച് വിശാലമായി സിനിമകാണാനുള്ള സൗകര്യമായിരുന്നു ആ ഇരിപ്പിടങ്ങള്‍ക്ക്. എറണാകുളം വളഞ്ഞമ്പലത്ത് സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ലക്ഷ്മണ്‍ ടാക്കീസില്‍ രാജാവുള്‍പ്പടെയുള്ളവര്‍ വല്ലപ്പോഴും സിനിമകാണാന്‍ എത്തിയിരുന്നു.
വെള്ളിത്തിരയിലേക്ക് ലക്ഷ്മണ്‍ വെള്ളിവെളിച്ചം പൊഴിച്ചത് 1942ല്‍ ആയിരുന്നു. ഏഴുവര്‍ഷത്തിന് ശേഷം ലക്ഷ്മണില്‍ ഒരു ചരിത്ര സംഭവം നടന്നു. രണ്ടു മഹാരാജാക്കന്‍മാര്‍ ഒരുമിച്ച് സിനിമകാണാനെത്തി. തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയും കൊച്ചിയുടെ അവസാന മഹാരാജാവായിരുന്ന രാമവര്‍മ പരീക്ഷിത്ത് തമ്പുരാനും.
1949 നവംബര്‍ 14ന് ആയിരുന്നു അത്. അപ്പോഴേക്കും തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നിരുന്നു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മ, തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി മാറിയിരുന്നു. കൊച്ചി രാജ്യമില്ലെങ്കിലും രാമവര്‍മ പരീക്ഷിത്ത് തമ്പുരാന് വലിയതമ്പുരാന്‍ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. രാത്രി എട്ടരയ്ക്ക് രണ്ടുരാജക്കന്‍മാരും ഒന്നിച്ചിരുന്ന കണ്ട ആ സിനിമ ‘ജംഗിള്‍ ജിം’ ആയിരുന്നു. ടാര്‍സനായി സിനിമാലോകത്തെ കാട്ടുവള്ളികളില്‍ കുരുക്കിയിട്ട ജോണി വെയ്‌സ്മുള്ളര്‍ അഭിനയിച്ച ഉദ്വേഗജനകമായ സാഹസികസിനിമയായിരുന്നു അത്.
ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് കുടിയേറിയവരായിരുന്നു ഗൗഡസാരസ്വത ബ്രഹ്മണന്‍മാരായ നാരായണ ഷേണായും കുടുംബവും. അദ്ദേഹത്തിന്റെ മൂത്തമകനായ എ.എന്‍.ഗുണ ഷേണായ് കൊച്ചി ബ്രോഡ്‌വേയില്‍ എ.എന്‍. ഗുണഷേണായി ആന്റ് ബ്രദേഴ്സ് എന്ന പേരില്‍ ഹാര്‍ഡ്‌വെയര്‍ കട തുടങ്ങി. അക്കാലത്ത് കൊച്ചിയില്‍ ആകെയുണ്ടായിരുന്നത് രണ്ട് സിനിമ ടാക്കീസുകളായിരുന്നു. മട്ടാഞ്ചേരിയിലെ സ്റ്റാറും എറണാകുളത്തെ മേനകയും.
ടാക്കീസിന്റെ സാധ്യത തിരിച്ചറിഞ്ഞ് ഗുണ ഷേണായിയുടെ സഹോദരനായ ലക്ഷ്മണ്‍ ഷേണായ് ആണ് ‘ലക്ഷ്മണ്‍’ തീയേറ്റര്‍ തുടങ്ങുന്നത്. എഴുന്നൂറിന് മുകളില്‍ സീറ്റുണ്ടായിരുന്ന വലിയ തീയേറ്ററായിരുന്നു. ലണ്ടനില്‍ നിന്നും ഇറക്കുമതി ചെയ്ത ഗൗമോണ്ട് ഖാലി പ്രൊജക്ടര്‍ ആയിരുന്നു ലക്ഷമണിലുണ്ടായിരുന്നത്. കാലത്തിന്റെ വെള്ളിത്തിരയില്‍ ലക്ഷ്മണ്‍ മാഞ്ഞു. തീയേറ്റര്‍ നിന്നിരുന്ന സ്ഥാനത്തിപ്പോള്‍ ‘ലിങ്ക് ലക്ഷ്മണ്‍’ അപ്പാര്‍ട്ട്‌മെന്റ് ആണ്.
ഷേണായ് കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ ടാക്കീസായിരുന്നു ‘പത്മ’. ലക്ഷ്മണ്‍ ഷേണായിയുടെ ഭാര്യയുടെ പേര് തന്നെ തീയേറ്ററിനും കൊടുത്തു. 1946ല്‍ ആണ് പത്മ തുടങ്ങിയത്. അവിടെയും രാജകുടുംബത്തിനായി 20 സീറ്റുള്ള പ്രത്യേക ബാല്‍ക്കണിയുണ്ടായിരുന്നു. അക്കാലത്തെ തമിഴ് സൂപ്പര്‍താരം ശിവാജിഗണേശന്‍ പത്മ തീയേറ്ററിലെത്തിയത് കൊച്ചിക്ക് വലിയ ആഘോഷമായി മാറിയിരുന്നു.
ഫോട്ടോഫോണ്‍ ഫിലിം പ്രൊജ്കറുമായി പത്മ 1971ല്‍ നവീകരിച്ച് എയര്‍ കണ്ടീഷനാക്കി. അക്കാലത്ത് യുവാക്കളുടെ ഹരമായി മാറിയിരുന്ന സൂപ്പര്‍സ്റ്റാര്‍ കമലഹാസനായിരുന്നു നവീകരിച്ച തീയേറ്റര്‍ കൊച്ചിക്ക് തുറന്ന് കൊടുത്തത്. ഷേണായി കുടുംബത്തിന്റെ വീട്ടിലെത്തി ഉച്ചഭക്ഷണമൊക്കെ കഴിച്ചാണ് അന്ന് കമലഹാസന്‍ മടങ്ങിയത്. യാദൃശ്ചികമായിരിക്കാം, പത്മ തീയേറ്ററില്‍ ഒരുകാലത്ത് തമിഴ്‌സിനിമകളായിരുന്നു അധികവും പ്രദര്‍ശിപ്പിച്ചിരുന്നത്.
സിനിമ കാണാനിരുന്നവര്‍ കുളിരണിഞ്ഞത് 1964 മുതലായിരുന്നു, കേരളത്തിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ തീയേറ്ററായ ശ്രീധര്‍ തുറന്നത് മുതല്‍. ലക്ഷ്മണ്‍ ഷേണായിയുടെ മകനായ ശ്രീധര്‍ ഷേണായിയുടെ പേരിലായിരുന്നു തീയേറ്റര്‍. മരിച്ചുപോയ കൂടപ്പിറപ്പിന്റെ പേര് തന്നെ ഷേണായി സഹോദരന്‍മാര്‍ തീയേറ്ററിനും നല്‍കുകയായിരുന്നു. അന്നത്തെ കേരള ഗവര്‍ണറും പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയുമായി മാറിയ വി.വി. ഗിരിയായിരുന്നു തീയേറ്റര്‍ തുറന്ന് കൊടുത്തത്.
ഒരുകാലത്ത് കൊച്ചിയില്‍ ഇംഗ്ലീഷ് സിനിമ കാണണമെങ്കില്‍ ശ്രീധറില്‍ പോകണമായിരുന്നു. കൊളംബിയ പിക്‌ചേഴ്‌സ്, വാര്‍ണര്‍ ബ്രദേഴ്‌സ്, പാരമൗണ്ട്, ട്വന്റി സെഞ്ച്വറി ഫോക്‌സ് എന്നീ വിതരണക്കാര്‍ ഷേണായിമാരുമായി വലിയ ചങ്ങാത്തത്തിലായി. ലോകത്തെ പുതിയ ഇംഗ്ലീഷ് സിനിമകളെല്ലാം ശ്രീധറിലും എത്തും. ‘ചെമ്മീന്‍’ സിനിമ റിലീസ് ചെയ്തത് ശ്രീധറിലായിരുന്നു. നൂറ്ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു. നടന്‍മാരായ ശിവാജി ഗണേശനും സത്യനുമെല്ലാം ശ്രീധറില്‍ വന്ന് സിനിമ കണ്ടിട്ടുണ്ട്. ആദ്യത്തെ ഡോള്‍ബി സൗണ്ട് സിസ്റ്റമുള്ള തീയേറ്ററും ശ്രീധറാണ്. ‘അവതാര്‍’ സിനിമയുടെ വരവോടെ 2009 ല്‍ ശ്രീധറില്‍ തന്നെയാണ് കേരളത്തിലെ ആദ്യ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ടര്‍ വന്നത്.
ഇംഗ്ലീഷ് സിനിമകളുടെ ഭാഗമായി ശ്രീധറിലെത്തിയ വിദേശികളാണ് ഷേണായിമാര്‍ക്ക് ‘വിസ്താരമ’ സ്‌ക്രീന്‍ എന്ന പുതിയ ആശയം നല്‍കുന്നത്. അങ്ങനെയാണ് ഷേണായീസ് എന്ന ഏഷ്യയിലെ ആദ്യത്തെ വിസ്താരമ തീയേറ്റര്‍ കൊച്ചിയില്‍ പിറന്നത്. സ്‌ക്രീനിന് 80 അടി നീളവും 30 അടി വീതിയുമായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല പരന്ന സ്‌ക്രീനിന് പകരം 18 അടിയോളം ഉള്ളിലേക്ക് വളഞ്ഞതായിരുന്നു ഷേണായീസിന്റെ സ്‌ക്രീന്‍. ആറ് ട്രാക്കുള്ള സ്റ്റീരിയോഫോണിക് സൗണ്ട് സിസറ്റവും തീയേറ്ററിലുണ്ടായിരുന്നു.
ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയാണ് 1969 ല്‍ ഷേണായീസ് കൊച്ചിക്ക് തുറന്ന് കൊടുത്തത്. കാര്‍ റേസിങ്ങിന്റെ കഥപറഞ്ഞ പോള്‍ ന്യൂമാന്‍ അഭിനയിച്ച ‘വിന്നിങ്’ എന്ന അമേരിക്കന്‍ സിനിമയായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചത്. ചിത്രവിസ്മയം കാണാന്‍ കേരളത്തിന്റെ നാനാഭാഗത്തു നിന്നും ആളുകളെത്തിയിരുന്നതിനാല്‍ ഏത് സിനിമയും 50-100 ദിവസം ഹൗസ്ഫുള്‍ ആയി ഓടിയിരുന്നു.
അമിതാഭ് ബച്ചന്റെ പ്രശസ്ത ചിത്രം ‘ഷോലെ’ 1975 ല്‍ ഷേണായീസിലാണ് റിലീസ് ചെയ്തത്. നൂറ് ദിവസത്തിലധികം ഓടി. പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടോ മൂന്നോ തവണ വീണ്ടും ഷോലെ തന്നെ ആഴ്ചകളോളം ഷേണായിമാര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ ഷേണായീസ് സന്ദര്‍ശിച്ചിട്ടുണ്ട്. ഷേണായീസിനൊപ്പം തന്നെ ലിറ്റില്‍ ഷേണായീസ് പണിതീര്‍ത്തെങ്കിലും 1971ല്‍ ആണ് തുറന്നത്.
നാലുവര്‍ഷമായി പൂട്ടിക്കിടന്നിരുന്ന ഷേണായീസ് തീയേറ്റര്‍ നവീകരണത്തിന് ശേഷം വീണ്ടും തുറന്നിരിക്കുകയാണ്.മള്‍ട്ടിപ്ലക്‌സ് ആയി മാറിയിരിക്കുന്ന ഷേണായിസിൽ നിലവിൽ അഞ്ച് സ്‌ക്രീനുകളാണ് ഉള്ളത്.