മലേഷ്യയിൽ നിന്നും വീണ്ടും യാത്ര തുടർന്ന ഞങ്ങളുടെ കപ്പൽ അടുത്ത ദിവസം രാവിലെ തായ്‌ലാന്റിലെ ഫുക്കറ്റിനോട് അടുത്തെത്തിയിരുന്നു. ഞങ്ങൾ രാവിലെ എഴുന്നേറ്റു കുളിച്ചു റെഡിയായി ബ്രേക്ക്ഫാസ്റ്റിനു പോകും മുൻപായി കപ്പലിലെ മുകൾഭാഗത്ത് ഒന്നു ചെന്നു. മലനിരകളോടു കൂടിയ കരഭാഗം കുറച്ചകലെയായി കാണാമായിരുന്നു. മധു ഭാസ്കരൻ സാറും കുറച്ചാളുകളും ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചശേഷം അവിടെയിരുന്നു കാഴ്ചകൾ കാണുകയും എന്തൊക്കെയോ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു.
സമയം അപ്പോൾ ഏതാണ്ട് രാവിലെ എട്ടേമുക്കാലിനോട് അടുത്തിരുന്നു. രാവിലെ പത്തു മണിയോടെ കപ്പൽ ഫുക്കറ്റിൽ എത്തിച്ചേരും എന്നായിരുന്നു കപ്പലിൽ നിന്നുള്ള അറിയിപ്പ്. മലേഷ്യയിലെപ്പോലെ ഫുക്കറ്റിൽ കപ്പൽ കരയിലേക്ക് അടുക്കുകയില്ലത്രേ. പകരം കരയിൽ നിന്നും കുറച്ചുദൂരം മാറി കടലിൽത്തന്നെ കപ്പൽ നങ്കൂരമിടും. എന്നിട്ട് യാത്രക്കാരെ ബോട്ടുകളിൽ കയറ്റി കരയിലേക്ക് എത്തിക്കും. ലക്ഷദ്വീപിലൊക്കെ ചെയ്യുന്നപോലെ.
ഞങ്ങൾ റെസ്റ്റോറന്റിൽ ചെന്ന് ബ്രേക്ക്ഫാസ്റ്റോക്കെ കഴിച്ചു തിരികെ വന്നപ്പോഴേക്കും കപ്പൽ നങ്കൂരമിട്ടിരുന്നു. കപ്പലിൽ നിന്നും ബോട്ടിലേക്ക് കയറുന്നതിനായി യാത്രക്കാർക്കെല്ലാം ഒരു ടോക്കൺ നൽകിയിട്ടുണ്ടായിരുന്നു. തിരക്ക് ഒഴിവാക്കുവാനുള്ള ഒരു മാർഗ്ഗമായിരുന്നു അതെന്നു തോന്നുന്നു. ഞങ്ങൾക്ക് മുപ്പത്തിയൊന്നാമത്തെ ടോക്കൺ ആയിരുന്നു ലഭിച്ചത്. അത്രയും സമയം ഞങ്ങൾ കപ്പലിൽ നിന്നുകൊണ്ട് ഫുക്കറ്റിന്റെ കാഴ്ചകളൊക്കെ ആസ്വദിക്കുകയായിരുന്നു. കടൽത്തീരത്ത് ചില റിസോർട്ടുകളും മറ്റും ഞങ്ങൾക്ക് ദൂരെ നിന്നും കാണുവാനായി.
അങ്ങനെ കാഴ്ചകളൊക്കെ കണ്ടു നിന്ന് ഒടുവിൽ ഞങ്ങളുടെ ഊഴമെത്തിയപ്പോൾ കപ്പലിൽ നിന്നും ബോട്ടിലേക്ക് കയറി കരയിലേക്ക് യാത്രയായി. നല്ല കാറ്റുണ്ടായിരുന്നുവെങ്കിലും കടൽ ഏറെക്കുറെ ശാന്തമായിരുന്നു. കടലും തെളിഞ്ഞ ആകാശവുമെല്ലാം നീലനിറത്തിൽ കാണപ്പെട്ടു. നല്ലൊരു ക്യാമറ കൊണ്ട് ഫോട്ടോയെടുത്താൽ കിടിലനൊരു വാൾപേപ്പർ ചിത്രം കിട്ടുന്ന ഫ്രെയിമുകൾ.
കരയിലേക്ക് അടുക്കുന്തോറും വെള്ളത്തിന്റെ നീല നിറം കടുപ്പം കുറയുന്നതായിട്ടായിരുന്നു അനുഭവപ്പെട്ടത്. ഫുക്കറ്റിലെ പതോങ് എന്ന ബീച്ചിലായിരുന്നു ഞങ്ങൾ ഇറങ്ങുന്നത്. ധാരാളമാളുകൾ ബീച്ചിൽ പലതരത്തിലുള്ള വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ചെയ്യുന്നുണ്ടായിരുന്നു. ഒടുവിൽ ഞങ്ങൾ കയറിയ ബോട്ട് ബീച്ചിനരികിലെ ജെട്ടിയിൽ അടുത്തു.
മറ്റൊരു രാജ്യത്തേക്ക് കയറുകയായിരുന്നുവെങ്കിലും പ്രത്യേകിച്ച് ഇമിഗ്രെഷൻ നടപടികൾ ഒന്നുംതന്നെ അവിടെയുണ്ടായിരുന്നില്ല. യാത്രക്കാരായ ഞങ്ങളുടെ പാസ്സ്പോർട്ടുകൾ കപ്പലിൽ വാങ്ങിവെച്ചിരുന്നതിനാൽ അവിടെ നിന്നും തന്ന ‘സീ പാസ്സ്’ കൈവശം വെക്കേണ്ടതായുണ്ട്. പാസ്‌പോർട്ടിന് തുല്യമായ ഒരു രേഖയായിരുന്നു അത്.
ഫുക്കറ്റിൽ ഇറങ്ങിയ ഞങ്ങൾ അനായാസേന ടൗൺ ഏരിയയിലേക്ക് നടന്നുപോയി. രാവിലെ ആയിരുന്നതിനാൽ നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. കപ്പലിൽ നിന്നും വന്ന ഞങ്ങളെ ഏജന്റുമാരും മറ്റുമൊക്കെ കാൻവാസ് ചെയ്യാൻ വരുന്നുണ്ടായിരുന്നു. പലതരത്തിലുള്ള ആക്ടിവിറ്റികൾ, ബൈക്ക് റെന്റ് തുടങ്ങിയവയുടെ ആളുകളായിരുന്നു ഇത്തരത്തിൽ ഞങ്ങളെ സമീപിച്ചവരിൽ ഏറെയും.
BONVO യുടെ നേതൃത്വത്തിൽ ഞങ്ങൾക്കായി ഒരു സിറ്റി ടൂർ സംഘടിപ്പിച്ചിരുന്നു. വൈകാതെ തന്നെ ഞങ്ങൾക്കായുള്ള ബസ് എത്തിച്ചേർന്നു. ഇരുനിലയുള്ള ബസ്സിലെ മുകൾ നിലയിലായിരുന്നു ഞങ്ങൾ ഇരിക്കാനായി സീറ്റ് പിടിച്ചത്. സമയം ഉച്ചയോടടുത്തതിനാൽ ആദ്യം ലഞ്ച് കഴിക്കുവാനായിരുന്നു ബസ് ഞങ്ങളെയും കൊണ്ട് പോയത്.
ഒരു ഹോട്ടലിൽ ഞങ്ങൾ കയറിയ ബസ് നിർത്തി. ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന ഒരു റെസ്റ്റോറന്റ് ആയിരുന്നു അത്. അത്യാവശ്യം നല്ല രുചിയുള്ള ഭക്ഷണമായിരുന്നു. ലഞ്ചിനു ശേഷം ഞങ്ങൾ വീണ്ടും ബസ്സിൽക്കയറി യാത്രയായി. എങ്ങോട്ടെന്നറിയാതെയുള്ള ആ ബസ് യാത്രയിൽ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ റിലാക്സ് ചെയ്ത് ഇരുന്നു.
പട്ടണങ്ങളിലൂടെയും മലഞ്ചെരിവുകളിലൂടെയുമൊക്കെ ബസ് യാത്ര തുടർന്നു. ഒടുവിൽ ഒരു ബുദ്ധമതക്ഷേത്രത്തിനു സമീപം ബസ് നിർത്തി. മനോഹരമായ ആ ക്ഷേത്രം കാണുവാനായി ഞങ്ങളെല്ലാം ബസ്സിൽ നിന്നും ഇറങ്ങി. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ബുദ്ധക്ഷേത്രമായിരുന്നു അത്.
ബുദ്ധക്ഷേത്രത്തിൽ നിന്നും ഇറങ്ങിയ ഞങ്ങൾ പിന്നെ പോയത് അവിടെയടുത്തുള്ള ഷോപ്പിംഗ് ഏരിയയിലേക്ക് ആയിരുന്നു. അവിടെ കാഴ്ചകൾ കണ്ടു നടന്നുകഴിഞ്ഞു ഞങ്ങൾ സ്ട്രീറ്റ് ഫുഡ് ലഭിക്കുന്ന കടകകളുടെ അടുത്തേക്ക് നീങ്ങി. പലതരത്തിലുള്ള ഇറച്ചികളും, പോരാത്തതിന് പാറ്റ, പുൽച്ചാടി മുതലായ തായ്‌ലന്റ് സ്പെഷ്യൽ ഫ്രൈഡ് ഐറ്റംസും ഒക്കെയുണ്ടായിരുന്നു.ലഞ്ച് കഴിച്ചിരുന്നതിനാൽ പ്രത്യേകിച്ച് അവിടെ നിന്നും ഒന്നും കഴിക്കുവാൻ തോന്നിയില്ല. ഒടുവിൽ അവിടെക്കണ്ട ഒരു കടയിൽ നിന്നും ഒരു കരിക്ക് വാങ്ങിക്കുടിച്ചു ക്ഷീണമകറ്റിയ ശേഷം വീണ്ടും ബസ്സിലേക്ക് കയറി.
അങ്ങനെ ചെറിയൊരു സിറ്റി ടൂർ കഴിഞ്ഞു ഞങ്ങൾ തിരികെ പതോങ് ബീച്ചിൽ എത്തിച്ചേർന്നു. ഇനി ബീച്ചിൽ ആടിത്തിമിർത്തുല്ലസിക്കുവാനുള്ള സമയമാണ്. ബീച്ചിൽ ആണെങ്കിൽ സായിപ്പും മദാമ്മയുമൊക്കെ അർദ്ധനഗ്നരായി ഉല്ലസിച്ചു രസിക്കുന്ന കാഴ്ചയായിരുന്നു അധികവും. അതിനിടയിലേക്ക് ഞങ്ങളും… ബാക്കി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ… To contact Bonvo: +91 85940 22166, +91 75940 22166.