ഒരു എയർപോർട്ടിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങൾ

താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിച്ചെടുത്തതോടെ ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടി അഫ്ഗാന്‍ ജനത. ഏതുവിധേനയും രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്.

എയർപോർട്ടിലെ റൺവേയിലും മറ്റും വരെ ആളുകൾ ഒത്തുകൂടിയിരിക്കുകയാണ്. ജനക്കൂട്ടം ബസില്‍ ഇടിച്ചു കയറുന്നതുപോലെയാണ് വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. എങ്ങനെയെങ്കിലും രക്ഷപ്പെടാനായി വിമാനത്തിന്റെ ചിറകുകൾക്കിടയിൽ ഒളിച്ചിരുന്ന് യാത്ര ചെയ്യാൻ ശ്രമിച്ച രണ്ടുപേർ വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിനിടെ താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് ലോകം കണ്ടത്. വിമാനത്തിന്റെ ടയറുകൾക്കു സമീപം ഒളിച്ചിരുന്നതാണോ ചിറകിൽ പിടിച്ചു കിടന്നതാണോ എന്ന് വ്യക്തമായിട്ടില്ല.

വിമാനങ്ങളിൽ കയറാനാകാതെ നിരാശരായി റൺവേയിലും മറ്റും ഇരിക്കുന്ന ആളുകളുടെ നിസ്സഹായാവസ്ഥ ഹൃദയഭേദകമാണ്. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അതിനിടെ, നൂറുകണക്കിനാളുകൾ തിങ്ങിനിറഞ്ഞ യു.എസ് സൈനിക വിമാനത്തിന്‍റെ ചിത്രം അഫ്ഗാനിസ്താനിലെ ദാരുണാവസ്ഥയുടെ പ്രതിഫലനമായി. കാബൂളിൽ നിന്നുള്ള യു.എസ് സൈന്യത്തിന്‍റെ സി-17 ഗ്ലോബ്മാസ്റ്റർ 3 കാർഗോ വിമാനത്തിലാണ് അഫ്ഗാനിസ്താനിൽ നിന്ന് പുറത്തുകടക്കാനുള്ളവർ തിങ്ങിനിറഞ്ഞത്. പ്രതിരോധ വെബ്സൈറ്റായ ഡിഫൻസ് വൺ ആണ് ചിത്രം പുറത്തുവിട്ടത്. കൂടുതൽ പേരെ ഉൾക്കൊള്ളാൻ പ്രാപ്തമായ വിമാനമാണെങ്കിലും സി-17 ഇത്രയധികം ആളുകളെ വഹിക്കുന്നത് ആദ്യമായാണെന്ന് ഡിഫൻസ് വൺ റിപ്പോർട്ട് ചെയ്യുന്നു.