ഷാഡോ പോലീസിന്റെ “ഉപനായകൻ” പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ ശ്രീ. സുനിലാല്‍ (Sunil Lal A S) പടിയിറങ്ങി.
മോഷണം, പിടിച്ചുപറി, കഞ്ചാവ്-മയക്കുമരുന്ന് വേട്ട, കൊലപാതകങ്ങള്‍ തുടങ്ങിയവയിലെ പ്രതികളെ പിടികൂടുന്നതില്‍ ഷാഡോ പോലീസിനുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇത്തരം പ്രതികളെ തൊണ്ടി സഹിതം പിടികൂടുമ്പോ, പത്ര മാദ്ധ്യമങ്ങളിലും മറ്റും അച്ചടിച്ചുവരുന്നത്, “പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടി” എന്നാണ്. പ്രതികളുടെയോ തൊണ്ടിമുതലിന്‍റെയോ അടുത്ത് നില്‍ക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പടമായിരിക്കും പ്രചരിക്കുന്നതും.
കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് കുറ്റകൃത്യങ്ങളിന്മേല്‍ അന്വേഷണം നടത്തുന്നതും പ്രതികളെ പിടികൂടുന്നതും എന്നത് ശരിയാണെങ്കിലും, പ്രതികളെ അതിസാഹസികമായി കഷ്ടപ്പെട്ട് പിടിക്കുന്ന പോലീസുകാരുടെ ചിത്രങ്ങള്‍ അച്ചടിച്ചുവരാറില്ല എന്നതും മറ്റൊരു വാസ്തവമാണ്. ഷാഡോ പോലീസ് എന്നത് “രഹസ്യ പോലീസ്” ആണെന്ന വസ്തുത കൂടി നമ്മള്‍ വിസ്മരിക്കരുത്.
ശ്രീ. സുനിലാല്‍ (31/05/2019) സര്‍വീസില്‍നിന്നും വിരമിച്ച ഈ ഘട്ടത്തില്‍ അദ്ദേഹത്തെക്കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാന്‍ വയ്യ. അദ്ദേഹത്തെക്കുറിച്ച് പറയണമെങ്കില്‍ ആദ്യം ഷാഡോ പോലീസിന്‍റെ സേവനങ്ങളെക്കുറിച്ച് പറയണം. അതുകൊണ്ടാണ് ഷാഡോ പോലീസില്‍ തുടങ്ങിയത്.
ആത്മാർത്ഥതയും അർപ്പണ മനോഭാവവും ഉള്ള നല്ലൊരു പോലീസ് ഓഫീസർ തന്നെയായിരുന്നു ശ്രീ. സുനിലാല്‍. മേല്‍പ്പറഞ്ഞ ധാരാളം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പ്രതികളെ തൊണ്ടി സഹിതം പിടികൂടുവാനും, പഴുതടച്ച് ചാര്‍ജ് ഷീറ്റ് നല്‍കുവാനും സാധിച്ചിട്ടുള്ള ശ്രീ. സുനിലാല്‍ അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്‍റെ “ഉപനായകന്‍” തന്നെയായിരുന്നു.
ഏത് വിടുപണി ചെയ്തും അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടി, അപകടരഹിത ജോലികൾ മാത്രം തെരഞ്ഞെടുത്ത് സർവ്വീസ് പൂർത്തിയാക്കുന്നവരുടെ ഇടയിൽ എന്നും സുനിൽ ലാൽ വ്യത്യസ്തനായിരുന്നു. സുനിലാലിന് പകരം സുനിലാല്‍ മാത്രം. അദ്ദേഹത്തിന്‍റെ ഒഴിവിലേയ്ക്ക് അദ്ദേഹത്തിനു പകരമായി ഒരാളെ കണ്ടെത്തി നിയമിക്കുക എന്നത് മേലധികാരികള്‍ക്ക് ശരിക്കും ബുദ്ധിമുട്ടാവും എന്നതില്‍ സംശയമില്ല.
കേരളാ പോലീസിന്‍റെ 2017-ലെ “BADGE OF HONOUR” ശ്രീ. സുനിലാലിന് ലഭിച്ചത് അദ്ദേഹത്തിനുള്ള അര്‍ഹതപ്പെട്ട അംഗീകാരം തന്നെയാണ്. ശ്രീ. സുനിലാലിന് ഭാര്യയും ഒരു മകളുമുണ്ട്. ഭാര്യ ശ്രീമതി. ഷീല ലണ്ടനില്‍ നഴ്സ് ആണ്. മകള്‍ അപര്‍ണ ലാല്‍ ലണ്ടനിലെ കിംഗ്സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ശ്രീ. സുനിലാലിന്റെ ഭാവിജീവിതം ശോഭനവും ഐശ്വര്യപ്രദവുമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
കടപ്പാട് – Kerala Police Fans – Thiruvananthapuram.