സിക്കിമിലെ ഞങ്ങളുടെ ആദ്യത്തെ പ്രഭാതം പുലർന്നു. ഞങ്ങൾ രാവിലെ തന്നെ റെഡിയായി ഗാങ്ടോക്ക് നഗരത്തിലേക്ക് യാത്രയായി. ഞങ്ങളുടെ കൂടെ ഫാഹിസും ഉണ്ടായിരുന്നു. ഡാർജിലിംഗിനെ അപേക്ഷിച്ച് ഗാങ്ടോക്ക് വളരെ മികച്ച ടൌൺ തന്നെയായിരുന്നു. വഴിയിൽ ബ്ലോക്കുകൾ ഉണ്ടെങ്കിലും എല്ലാവരും ലെയ്ൻ ഡിസിപ്ലിൻ പാലിക്കുന്നവരായിരുന്നു. വാഹനങ്ങളുടെ ഹോണടി ശബ്ദം വളരെ അപൂർവ്വമായി മാത്രമേ അവിടെ കേൾക്കുന്നുണ്ടായിരുന്നുള്ളൂ. പോകുന്ന വഴിയ്ക്ക് വഴിയരികിൽ സ്കൂൾ യൂണിഫോമിട്ട ചെറിയ രണ്ടു കുട്ടികൾ ഐസ്ക്രീം തിന്നുന്ന കാഴ്ച കണ്ടു ഞങ്ങൾ വണ്ടി നിർത്തി. സലീഷേട്ടൻ വേഗം മൊബൈൽ എടുത്ത് അവരുടെ ചിത്രങ്ങളൊക്കെ പകർത്തി. കണ്ടാൽത്തന്നെ ഓമനത്തം തുളുമ്പുന്ന ആ കുരുന്നുകൾ ഫോട്ടോയ്ക്ക് പോസ് ചെയ്തു കൊടുത്തു.
ഗാംഗ്ടോക്കിലെ എംജി മാർഗ്ഗിലുള്ള ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. അവിടേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതിനാൽ ഞങ്ങൾ വണ്ടി ഒരിടത്ത് പാർക്ക് ചെയ്തു ഞങ്ങൾ മൂന്നു പേരും കൂടി ഒരു ടാക്സി വിളിച്ചു ഇൻഫർമേഷൻ സെന്ററിലേക്ക് യാത്രയായി. എമിൽ കാർ പാർക്ക് ചെയ്തയിടത്തു തന്നെ നിന്നു. നാഥുലാ പാസ്സ്, നോർത്ത് സിക്കിം എന്നിവിടങ്ങളിലൊക്കെ പോകുവാനായി പെർമിറ്റ് എടുക്കേണ്ടതായുണ്ട്. അതിനായാണ് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിലേക്ക് പോയത്.
അങ്ങനെ ഒരു സ്റുഡിയോയ്ക്ക് മുന്നിൽ ഞങ്ങൾ ടാക്സി നിർത്തിച്ച് ഇറങ്ങി. സലീഷേട്ടൻ പെർമിറ്റ് ആവശ്യത്തിനായി സ്റ്റുഡിയോയിൽ കയറി ഫോട്ടോസ് എടുത്തു. ഞങ്ങൾ നാട്ടിൽ നിന്നും വരുമ്പോൾത്തന്നെ ധാരാളം ഫോട്ടോകൾ കയ്യിൽ കരുതിയിരുന്നതിനാൽ ലാഭമായി. ഫോട്ടോയും മറ്റു ഡോക്യുമെന്റുകളുമായി ഞങ്ങൾ എംജി മാർഗിലെ ഇൻഫർമേഷൻ സെന്ററിൽ ചെന്നു. സ്വകാര്യ വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുവാൻ കഴിയില്ല എന്ന നിരാശാജനകമായ മറുപടിയായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും ലഭിച്ചത്. വേണമെങ്കിൽ ടൂറിസ്റ്റ് ഏജൻസികളിൽ നിന്നും പാക്കേജുകൾ എടുത്തു അവരുടെ വാഹനങ്ങളിൽ പോകാം. പക്ഷേ ഇത്രയും ദൂരം വണ്ടിയോടിച്ചു അവിടെ വരെ ചെന്നിട്ട് മറ്റൊരു വാഹനത്തിൽ നാഥുലാ പാസ്സിൽ പോകുവാൻ ഞങ്ങൾക്ക് മനസ്സു വന്നില്ല.
ഞങ്ങൾ എംജി മാർഗ്ഗിൽ കുറച്ചു സമയം കറങ്ങിയടിച്ചു നടന്നു. വളരെ വൃത്തിയേറിയ ഒരു ഏരിയയായിരുന്നു മഹാത്മാ ഗാന്ധി മാർഗ്ഗ് എന്ന എംജി മാർഗ്ഗ്. അവിടെയുള്ള ഒരു ഹോട്ടലിൽ നിന്നും ഊണ് കഴിച്ചശേഷം ഞങ്ങൾ വീണ്ടും പെർമിറ്റ് ലഭിക്കുമോ എന്നറിയുവാനായി ഇൻഫർമേഷൻ സെന്ററിലേക്ക് പോയി. അവിടെ നിന്നും ഫോമൊക്കെ വാങ്ങി പൂരിപ്പിച്ചു എല്ലാ രേഖകളും വെച്ചുകൊണ്ട് ഞങ്ങൾ അവിടെ സമർപ്പിച്ചു. പക്ഷെ ആ കൊടുത്ത അപേക്ഷ ഒന്നു വായിച്ചുപോലും നോക്കാതെ ആ ഉദ്യോഗസ്ഥൻ ഞങ്ങളുടെ മുഖത്തേക്ക് വീശിയെറിയുകയാണുണ്ടായത്. ഞങ്ങൾക്കാണെങ്കിൽ വല്ലാത്ത ദേഷ്യവും സങ്കടവുമൊക്കെ ഒന്നിച്ചു വന്നു. കാരണം ഒട്ടും മര്യാദയില്ലാതെയായിരുന്നു ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റം.
പെർമിറ്റ് തരാതിരിക്കാനുള്ള കാരണങ്ങളും അപകടസാധ്യതകളുമൊക്കെ പറഞ്ഞുകൊണ്ട് അയാൾ ഞങ്ങളെ കുറെ ഉപദേശിച്ചു. ഒടുവിൽ ഞങ്ങൾ നാഥുലാ പാസ്സ്, നോർത്ത് സിക്കിം യാത്രാമോഹം അവസാനിപ്പിച്ച് അവിടെ നിന്നും പുറത്തേക്കിറങ്ങി. അവിടെ വെച്ച് ഞങ്ങൾ രണ്ടു മലയാളി ബൈക്ക് റൈഡർമാരെ പരിചയപ്പെട്ടു. അവർ ബൈക്കിനായിരുന്നതിനാൽ പെർമിറ്റ് ലഭിച്ചിരുന്നു. കാറുകൾക്ക് മാത്രമാണ് വിലക്ക്. ഏറെ പ്രതീക്ഷകളുമായി വന്ന ഞങ്ങളെ സിക്കിം നിരാശപ്പെടുത്തി. അതിനു പകരമായി സിക്കിമിൽ ചെലവഴിക്കുവാൻ പ്ലാനിട്ടിരുന്ന ദിവസങ്ങൾ കൂടി ഭൂട്ടാനിൽ ചെലവഴിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ കാർ പാർക്ക് ചെയ്തയിടത്തേക്ക് പോയി.
കാർ പാർക്ക് ചെയ്തിടത്തു ചെന്നപ്പോൾ എമിൽ ഒരുറക്കമെല്ലാം കഴിഞ്ഞു അങ്ങനെ ഇരിക്കുകയായിരുന്നു. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഞങ്ങൾ അവിടെ അടുത്തുകണ്ട ഒരു ചെറിയ ഹോട്ടൽ സെറ്റപ്പിൽ കയറി വ്യത്യസ്തമായ ചില സിക്കിം വിഭവങ്ങൾ രുചിച്ചു. ചൈനയോട് അടുത്തു കിടക്കുന്ന സ്ഥലമായതിനാൽ ആയിരിക്കും ഭക്ഷണങ്ങൾക്കൊക്കെ ഒരു ചൈനീസ് ടേസ്റ്റ്. ചിലതൊക്കെ എനിക്ക് അത്രയ്ക്കങ്ങു പിടിച്ചില്ല. അങ്ങനെ ഭക്ഷണത്തിനു ശേഷം തിരികെ ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിലേക്ക് യാത്രയായി. ഒരു ദിവസം വെറുതെ പോയതിന്റെ വേദനയും ദേഷ്യവും കടിച്ചമർത്തിക്കൊണ്ട്…