എഴുത്ത് – സായ്‌നാഥ് മേനോൻ.
തമിഴ്‌നാട്ടിലെ സ്വർഗ്ഗമായ പൊള്ളാച്ചിയിൽ സിംഗനല്ലൂർ എന്ന ഗ്രാമത്തിലാണ് മെത്ത വീട് അഥവ സിംഗനല്ലൂർ പാലസ് സ്ഥിതി ചെയ്യുന്നത്. തേവർ മകൻ എന്ന ക്ലാസിക് സിനിമ ഇവിടെ ഷൂട്ട് ചെയ്തതിനാൽ തേവർ മകൻ വീട് എന്നും , ഇത് കൗണ്ടറുടെ വീടായിരുന്നതിനാൽ കൗണ്ടർ വീട് എന്നും ഈ അരമനയ്ക്ക് പേരുണ്ട്.
സിംഗനല്ലൂർ പാലസിനെ കുറിച്ച് പറയുമ്പോൾ പൊള്ളാച്ചി എന്ന സുന്ദരിയെ കുറിച്ച് കൂടി പറയണം . പച്ചപ്പ് നിറഞ്ഞ പൊള്ളാച്ചിയിൽ ചെന്നാൽ കേരളം പോലെ തന്നെ നമുക്ക് ഫീൽ ചെയ്യും. തണൽ മരങ്ങൾ റോഡിന്റെ രണ്ടു ഭാഗത്തായി നമ്മെ വരവേൽക്കാൻ നിൽക്കുന്ന തരുണീമണികളെ പോലെ നിൽക്കുന്ന കാഴ്ച്ച അതൊന്ന് കാണേണ്ടത് തന്നെയാണ്. കൃഷിക്ക് പ്രാധാന്യം കൊടുക്കുന്ന ജനത. കേരളത്തിലെക്കാൾ തെങ്ങിൻ തോപ്പുകൾ ഇവിടെ കാണാം നമുക്ക്. ഗൗണ്ടർമ്മാരുടെയും, ജമീന്ദാരുടെയും നാട് കൂടിയാണ് പൊള്ളാച്ചി. നമ്മുടെ വിജയകാന്തിന്റെ ചിന്ന കൗണ്ടർ പടം കണ്ടിട്ടുള്ളവർക്ക് കൗണ്ടർ എന്നാൽ ഏകദേശം ഐഡിയ കിട്ടും. സമത്തൂർ ജമീൻ, ഊത്തുകുളി ജമീൻ, പുറയപാളയം ജമീൻ, മുത്തൂർ ജമീൻ എന്നീ പ്രബലർ വാഴുന്ന നാടാണിത്
സിംഗനല്ലൂർ പാലസിന്റെ പൂർവ്വികം- ദ്രാവിഡ ജനതയിലെ പ്രധാനവിഭാഗമായ കൊങ്ങുവെള്ളാളറിലെ പ്രമുഖ ഉപവിഭാഗമായ ഗൗണ്ടർമ്മാരായിരുന്നു സിംഗനല്ലൂർ പാലസിന്റെ ഉടമസ്ഥർ. പൊള്ളാച്ചിയിലാണ് ഗൗണ്ടർമ്മാർ കൂടുതലായി ഉള്ളത്. സംഘകാലം മുതലെ കാർഷിക വൃത്തിക്ക് പ്രാധാന്യം കൊടുക്കുന്നവരാണിവർ. മണ്ണിനെ പൊന്നാക്കുന്നവരാണിവർ.കാങ്കയത്തുള്ള കരിയകാളി അമ്മൻ ആണിവരുടെ കുലദൈവം.കെ. രാമസ്വാമി ഗൗണ്ടർ,അദേഹത്തിന്റെ പുത്രനായ ശ്രീ എസ്.ആർ പഴനി സ്വാമി ഗൗണ്ടർ എന്നിവർ ആണ് ഈ അരമനയുടെ സ്ഥാപക ഉടമസ്ഥർ. അവരുടെ കുടുംബമായിരുന്നു ഇവിടെ വാണിരുന്നത്. കൃഷി മുഖ്യ ജീവിതമാർഗ്ഗമാക്കിയിരുന്ന ഇവർക്ക് എണ്ണൂറേക്കറോളം ഭൂമി ഉണ്ടായിരുന്നു. സിംഗനല്ലൂരിലെ പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിക്കാനും , മറ്റും ഇവർക്കധികാരമുണ്ടായിരുന്നു . ഈ പരമ്പരയുടെ യഥാർത്ഥ നാമം നാട്ടിൽ ആർക്കും അത്ര അറിവില്ലാ എന്ന് തോന്നുന്നു. എങ്കിലും ഇവർ മെത്തവീട് പരമ്പര എന്നാണ് അറിയപ്പെടുക എന്നാണ് സിംഗനല്ലൂരിലെ പ്രമുഖനായ ശ്രീ രമേഷ് ഗൗണ്ടർ പറഞ്ഞത്.കൊല്ലങ്കോട് രാജവംശവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു ഇവർ . അത് പോലെ തമിഴ് നാട്ടിലെ രാഷ്ട്രീയ ഭരണ കക്ഷികൾക്കും ഇവർ പ്രിയപ്പെട്ടവരായിരുന്നു.സിനിമാ നടൻ സത്യരാജിന് ഇവരുമായി ബന്ധുത്വം ഉണ്ട്.
സിംഗനല്ലൂർ പാലസ് ഒരു ഒന്നൊന്നൊര അരങ്ങ് തന്നെയാണ് . ഏകദേശം നൂറ് വർഷം കാണും ഈ അരമനയ്ക്ക്. കെ രാമസ്വാമി കൗണ്ടറുടെ കാലത്താണ് ഈ അരമന കെട്ടിയത്. നെന്മാറയിൽ നിന്നും പറമ്പിക്കുളം ടോപ് ഹില്ലിൽ നിന്നും ആണ് ഇവിടെയ്ക്കുള്ള മരങ്ങൾ കൊണ്ടു വന്നത്.കൊട്ടാര സമാനമായ ഈ അരമന കെട്ടാൻ കൊല്ലങ്കോട് രാജാവാണ് ആശാരിമാരെയും മറ്റും പൊള്ളാച്ചിയിലേക്ക് അയയ്ച്ചത്. അത് കൊണ്ട് തന്നെ അവിടുത്തെ മരപ്പണികൾ എല്ലാം ഗംഭീരവും ഒരു കേരള ടച്ചും ഉണ്ട്. സിംഗനല്ലൂരിലെ ഏറ്റവും വല്ലിയ വീടും , നാടിന്റെ തന്നെ അടയാളവും ഈ വീട് തന്നെ ആയത് കൊണ്ടാകാം ഈ വീടിന് സിംഗനല്ലൂർ പാലസ് എന്ന് പേർ വന്നത് എന്ന് കരുതുന്നു.ഭയങ്കര എടുപ്പാണീ വീടിന് . ഒരു സിംഹ സമാനമായ ഗൃഹം. രാജൻ തന്നെ . ഈ വീടിന് രാജാ വീട് എന്നു കൂടി പേരുണ്ട് ട്ടോ. കയറി ചെല്ലുമ്പോൾ തന്നെ ആട്ടുകട്ടിലോട് കൂടിയ മനോഹരമായ പൂമുഖവും, വല്ലിയ വരാന്തയും കാണാം നമുക്ക് . ആ നിലത്തുള്ളത് പഴയ കാവി തന്നെ.
മനോഹരമായ നടുമുറ്റവും, അതിലെ തൂണുകളും, നമ്മെ അദ്ഭുതപ്പെടുത്തും. തൂണുകൾക്ക് മിനുസമേകാൻ ഏകാനായി കോഴിമുട്ട ഉപയോഗിച്ച് എന്തോ ഒരു മിശ്രിതം ചേർത്തിട്ടുണ്ട് എന്ന് അവിടെയുള്ളവർ എന്നോട് പറഞ്ഞു.മനോഹരമായ കോണികളും, മട്ടുപ്പാവും, ചുറ്റുമുള്ള നീളൻ തളങ്ങളും, ഔട്ട് ഹൗസുകളും, ഈ അരമനയ്ക്ക് ഭംഗി കൂട്ടുന്നു. എട്ടോളം മുറികളും , പുറത്തുള്ള അടുക്കളയും, അരമനയിലുണ്ട്.മരത്തിന്റെ തട്ടുകൾക്കൊന്നും പഴമ ബാധിച്ചിട്ടില്ലാ . രാജകീയ പ്രൗഡിയുള്ള ഫർണീച്ചറുകൾ കൂടിയായപ്പോൾ അരമന കൊട്ടാര സമാനമായി .പൊള്ളാച്ചിയിലെ പുറമെയുള്ള ചൂട് ഈ അരമനയിൽ കയറിയാൽ നമുക്ക് അറിയാൻ കഴിയില്ലാ. തണുത്ത അന്തരീക്ഷം നമ്മെ മറ്റൊരു ലോകത്തേക്ക് ചെന്നെത്തിക്കും. ഒരു പോറലും ഏൽപ്പിക്കാതെ ഈ മനോഹരമായ അരമനയെ സംരക്ഷിക്കുന്നവർക്ക് ഇരിക്കട്ടെ എന്റെ വക കുതിരപ്പവൻ.
സിംഗനല്ലൂർ പാലസും/ തേവർ മകനും : സിംഗനല്ലൂർ പാലസിൽ നൂറ് കണക്കിന് സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട് (എന്നിട്ടും വീടിന് കേടുപാടില്ലാന്ന് ഉള്ളത് വല്ല്യ അദ്ഭുതം). ബോംബെ, മുറൈ മാമൻ തുടങ്ങി അനവധി സിനിമകൾ. ഇന്ത്യൻ സിനിമയിലെ ക്ലാസിക്ല് മൂവിയായ തേവർ മകനിലെ തേവർ വീട് ഈ പാലസ് ആയിരുന്നു. പെരിയ തേവരായ ശിവാജിയും ശക്തിവേലായി കമലഹാസനും മത്സരിച്ചഭിനയിച്ച ഒരു ക്ലാസിക്ക് മൂവിയാണ് തേവർ മകൻ . അതിന് ഈ വീടിനും ഒരു റോളുണ്ട്. ഞാൻ ഈ പാലസിന് മുന്നിലെത്തി, ഉള്ളിൽ കയറാനായി ഗെയ്റ്റ് തുറന്നതും, ആ പൂമുഖത്ത് ചാരുകസേരയിൽ പെരിയ തേവർ ഇരിക്കുന്ന പ്രതീതി തോന്നി എനിക്ക്. ശിവാജിയുടെ ആ തേവർ രീതിയിലുള്ള സംഭാഷണം എല്ലാം മനസിലേക്ക് ഓടി .
അത് പോലെ അച്ഛനും മകനും തമ്മിൽ മഴയത്ത് നടുമുറ്റത്തിനടുത്തിരുന്നുള്ള സംഭാഷണവും( അതൊരു മത്സരമായിരുന്നു അഭിനയിത്തിന്റെ ചക്രവർത്തിയായ ശിവാജിയും കമലും തമ്മിലുള്ള അഭിനയ മത്സരം) ആ തൂണുകൾ കണ്ടപ്പോൾ , പെരിയ തേവർ മരിച്ചതറിഞ്ഞ് പെട്ടെന്ന് ഓടി വന്ന് ആ ഷോക്കിൽ ശക്തിവേൽ ആ തൂണിൽ ചാരി താഴേക്ക് വീഴുന്ന ഒരു സീനുണ്ട്( പല സിനിമാ പ്രേമികൾക്കും ഇന്നും ആ സീൻ മനസ്സിൽ നിന്ന് പോയിട്ടുണ്ടാകില്ലാ ) അതെല്ലാം എന്റെ മനസിലൂടെ വന്നു കൊണ്ടെ ഇരുന്നു . എന്തൊ ആ ഒരു ഫീലിംഗ് അനുഭവിക്കാനായി ഞാൻ ആ തൂണിൽ തലോടി. പെരിയ തേവർ മരിച്ച ശേഷം കമൽ മുടിയെല്ലാം വെട്ടി , അച്ഛനെ പോലെ മീശയെല്ലാം മുറുക്കി , വെള്ള വസ്ത്രം ധരിച്ച്, പ്രധാന വാതിൽ കടന്നൊരു വരവുണ്ട് . ക്ലാസും മാസും ചേർന്നൊരു അതി ഗംഭീരമായ രംഗം.
പ്രധാന വാതിലിലൂടെ കടക്കുമ്പോൾ ആ രംഗമാണ് എനിക്കോർമ്മ വന്നത്. മട്ടുപാവിലൂടെ നടക്കുമ്പോൾ മുറൈമാമനിലെ ജയറാം കൗണ്ടമണി കോമ്പോ എല്ലാം ഓർമ്മ വന്നെങ്കിലും, തേവർ മകൻ വീട് എന്ന് തന്നെയാകും ഈ വീടിന് എന്റെ മനസിലുള്ള സ്ഥാനം. അരമന മൊത്തം ചുറ്റിക്കണ്ട് ഇറങ്ങുമ്പോഴേക്കും ഒരിക്കൽ കൂടി തേവർ മകൻ കണ്ട പ്രതീതിയായി എനിക്ക് .സിംഗനല്ലൂർ അരമന പരമ്പര പണ്ട് കാലം തൊട്ടെ നല്ല വിദ്യാഭ്യാസം നേടിയിരുന്നു . ഒരിക്കൽ ബ്രിട്ടീഷുകാരുടെ ആക്രമണത്തിൽ സിംഗനല്ലൂരിനെ രക്ഷപ്പെടുത്താൻ അരമനയിലെ ഒരു ഗൗണ്ടർ ഇംഗ്ലീഷ് ഭാഷയിൽ സംസാരിച്ചു എന്നുള്ള കഥകൾ അവിടുത്തെ പഴയ ആളുകളിൽ നിന്നറിയാൻ കഴിഞ്ഞു . നാട്ടുകാർക്ക് എല്ലാം ഈ അരമനയിൽ ഉണ്ടായിരുന്ന ഗൗണ്ടർ പരമ്പരയെ പറ്റി നല്ലത് മാത്രേ പറയാൻ ഉള്ളൂ . സിംഗനല്ലൂരിൽ സ്കൂൾ കെട്ടാൻ വേണ്ടി സഹായങ്ങൾ നൽകുകയും, കുട്ടികൾക്കായി ഒരു ആശുപത്രി കെട്ടികൊടുക്കയും ചെയ്തുവത്രെ ഈ പരമ്പര
കെ രാമസ്വാമി ഗൗണ്ടർ / സി. ആർ പഴനിസ്വാമി ഗൗണ്ടർ പരമ്പര ഈ പാലസ് ഒരു ഇറ്റലിക്കാരിക്ക് വിൽക്കുകയും അവർ അത് ശ്രീ ശബരിനാഥ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു . പൊള്ളാച്ചി ആര്യാസ് ഹോട്ടലിന്റെ ഓണർ കൂടിയായ ശ്രീ ശബരിനാഥ് ഈ അരമനയെ പൊന്നുപോലെ സംരക്ഷിക്കുന്നുണ്ട്. പകുതി മലയാളിയായ ഒരു കാരണവരും കുടുംബവും അരമനയിലെ ഔട്ട് ഹൗസിൽ അരമനയുടെ കാര്യങ്ങൾ നോക്കി നടത്താനായി താമസമുണ്ട്.ഇപ്പോഴും അരമനയിൽ ധാരാളം ഷൂട്ടിംഗ് നടക്കാറുണ്ട്. ആ തുകയെല്ലാം അരമനയുടെ സംരക്ഷണത്തിനായി അവർ ഉപയോഗിക്കുകയും ചെയ്യുന്നു. അല്ലാതെ എങ്ങനെയാണ് ഇത്ര വല്ലിയ കൊട്ടാര സമാനമായ വീട് സംരക്ഷിക്കാൻ കഴിയുക അല്ലെ. ചിലവ് താങ്ങാൻ കഴിയില്ലല്ലോ.