ഒരു ലക്ഷത്തോളം രൂപ മുടക്കി ഞാൻ വാങ്ങിയ പുതിയ വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച്..

വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നു വന്നത് ഗോപ്രോ ഉപയോഗിച്ചു കൊണ്ടായിരുന്നു. പിന്നീട് ക്യാനൻ 80 D എന്ന DSLR ക്യാമറ വാങ്ങി. പിന്നീട് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുവാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് എൻ്റെ ഐഫോൺ ആയിരുന്നു. താരതമ്യേന നല്ല സ്റ്റബിലിറ്റിയും ക്ലാരിറ്റിയും ഐഫോൺ വീഡിയോകൾക്ക് ലഭിച്ചിരുന്നു. തായ്‌ലൻഡ് യാത്രയിലെ വീഡിയോകളിൽ 60% ത്തോളവും ഐഫോണുപയോഗിച്ചായിരുന്നു ഞാൻ ഷൂട്ട് ചെയ്തിരുന്നത്.

പിന്നീട് എൻ്റെ ചില വ്ലോഗർ സുഹൃത്തുക്കളിൽ നിന്നുമാണ് Canon G7X മാർക്ക് 2 എന്ന വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച് അറിയുന്നത്. റിവ്യൂസ് ഒക്കെ നോക്കിയപ്പോൾ സംഭവം കൊള്ളാം. പിന്നെ ഒന്നും ആലോചിച്ചില്ല അത് അങ്ങ് വാങ്ങിച്ചു. ഒരു DSLR ക്യാമറയുടെ ഗുണങ്ങൾ ലഭിക്കുന്ന ഈ ക്യാമറ നമ്മുടെ പോക്കറ്റിൽ ഇട്ടുകൊണ്ട് യാത്ര ചെയ്യുവാനും സാധിക്കും. വളരെയേറെ വീഡിയോകൾ ഞാൻ Canon G7X ഉപയോഗിച്ച് ചെയ്യുകയുണ്ടായി.

Canon G7X വളരെ മികച്ച ഉൽപ്പന്നം ആണെങ്കിലും സ്ഥിരമായ ഉപയോഗത്തിൽ നിന്നും ഈ ക്യാമറയുടെ വിരലിലെണ്ണാവുന്ന ചില പോരായ്മകളും എനിക്ക് മനസ്സിലായി. ഫോക്കസ് പ്രശ്നമായിരുന്നു മിക്കവാറും ഞാൻ നേരിട്ട ഒരു പ്രശ്നം. അതുപോലെതന്നെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ വളരെ പതുക്കെ മാത്രമേ സൂം ഇൻ ചെയ്യുവാനും സൂം ഔട്ട് ചെയ്യുവാനുമൊക്കെ പറ്റുകയുള്ളൂ.

അങ്ങനെ കഴിഞ്ഞ മാസം ബഹ്‌റൈനിൽ പോയപ്പോഴാണ് സോണിയുടെ ഏറ്റവും പുതിയ പോയിന്റ് & ഷൂട്ട് ക്യാമറയായ സോണി സൈബർഷോട്ട് RX 100 VI നെക്കുറിച്ച് ഞാൻ അറിയുന്നത്. ഞാനാണെങ്കിൽ ക്യാമറ ഒന്ന് അപ്ഗ്രേഡ് ചെയ്യണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ക്യാമറ വന്നു പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല ബഹ്‌റൈനിൽ നിന്നുതന്നെ ഞാൻ ഈ ക്യാമറ വാങ്ങി. ഏകദേശം ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഈ ക്യാമറ വാങ്ങുവാനായി ഞാൻ ചെലവഴിച്ചത്.

എൻ്റെ കയ്യിലുള്ള Canon G7X ഉം സോണി സൈബർഷോട്ട് RX 100 VI ഉം വലിപ്പത്തിൽ ഒരേപോലെതന്നെയായിരുന്നു. എങ്കിലും സോണിയ്ക്ക് കുറച്ചുകൂടി കനം കുറവാണ്. ഈ രണ്ടു ക്യാമറകൾക്കും 3 ഇഞ്ച് വലിപ്പമുള്ള ടിൽറ്റ് സ്‌ക്രീൻ ഉണ്ട്. സ്‌ക്രീൻ മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്ന സൗകര്യമാണിത്. ഇതുമൂലം ഡിസ്പ്ലേ തിരിച്ചു വെച്ചാൽ നമ്മൾ സെൽഫായി ഷൂട്ട് ചെയ്യുന്ന കാര്യങ്ങൾ ലൈവ് ആയിത്തന്നെ കാണുവാൻ സാധിക്കും. Canon G7X നെ അപേക്ഷിച്ച് ഇമേജ് സ്റ്റെബിലൈസേഷൻ കുറച്ചുകൂടി മെച്ചപ്പെട്ടതായാണ് സോണി സൈബർഷോട്ട് RX 100 VI ഉപയോഗിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത്.

സോണി സൈബർഷോട്ട് RX 100 VI നു DSLR ക്യാമറകളിൽ ഉള്ളതുപോലത്തെ വ്യൂ ഫൈൻഡർ ഉണ്ട്. ഫോട്ടോകൾ എടുക്കുമ്പോൾ ഈ സൗകര്യം ഉപയോഗിക്കുന്നത് വളരെ മികച്ച ഔട്ട്പുട്ട് ലഭിക്കുവാൻ ഇടയാക്കുന്നു. അതുപോലെതന്നെ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ വളരെ വേഗതയിൽത്തന്നെ സൂം ഇൻ ചെയ്യുവാനും സൂം ഔട്ട് ചെയ്യുവാനും ഈ ക്യാമറയിൽ സാധിക്കും. ക്യാനൻ ക്യാമറയെ അപേക്ഷിച്ച് സോണിയ്ക്ക് 4K മോഡ് കൂടി ലഭ്യമാണ്. Canon G7X നു ടച്ച് സ്‌ക്രീൻ ഉണ്ടെങ്കിലും സോണി സൈബർഷോട്ട് RX 100 VI യ്ക്ക് ആ സൗകര്യം ഇല്ല. സാധാരണയായി ഞാൻ ടച്ച് സ്‌ക്രീൻ ഉപയോഗിച്ചിരുന്നത് ഫോക്കസ് കറക്ട് ആക്കുവാൻ വേണ്ടിയായിരുന്നു. എന്നാൽ പുതിയ ക്യാമറയിൽ ഫോക്കസ് എല്ലാം കിറുകൃത്യം ആയതിനാൽ പ്രത്യേകിച്ച് ആ സൗകര്യം ഇല്ലെങ്കിലും കുഴപ്പമില്ല.

ക്യാമറാ ലോകത്തെ അതികായൻ തന്നെയാണ് ക്യാനൻ. ഒരിക്കലും ഞാൻ അവയെ തള്ളിപ്പറയുകയില്ല. ഇനിയുള്ള വീഡിയോകൾ പ്രധാനമായും ഷൂട്ട് ചെയ്യുന്നത് സോണി സൈബർഷോട്ട് RX 100 VI ഉപയോഗിച്ച് ആണെങ്കിലും തുടർന്നും എൻ്റെ കൈവശമുള്ള ക്യാനൻ ക്യാമറകൾ ഞാൻ ഉപയോഗിക്കുകയും ചെയ്യും.