ഹൈവേയിൽ അമിതവേഗം ഇനി വേണ്ട; പൊക്കാൻ ക്യാമറകൾ റെഡി..

നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി വേഗത ആസ്വദിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുവാൻ ഏറ്റവും അനുയോജ്യം ബൈപ്പാസ് ഹൈവേകളാണ്. എന്നാൽ ഹൈവേകളിൽ നമുക്ക് തോന്നിയ വേഗതയിൽ ഓടിക്കുവാൻ പാടില്ല എന്ന കാര്യം ആരെങ്കിലും ഓർക്കാറുണ്ടോ? അത് പാലിക്കാറുണ്ടോ? എല്ലാവരും ഉള്ള സമയത്തിനു വേഗം എത്തുകയെന്ന ലക്ഷ്യത്തോടെ വണ്ടികൾ പറപ്പിക്കാറാണ് പതിവ്.

ഹൈവേകളിലെ അമിതവേഗത തടയുവാനായി വിവിധയിടങ്ങളിൽ പോലീസ് വേഗതാ നിരീക്ഷണ ക്യാമറകൾ സെറ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂർ – ഇടപ്പള്ളി ഹൈവേയിൽ അങ്കമാലിക്കും മണ്ണുത്തിയ്ക്കും ഇടയിലായി ഇത്തരത്തിൽ ധാരാളം ക്യാമറകളുണ്ട്. ക്യാമറകൾ വന്നതോടെ വാഹനങ്ങളുടെ വേഗതയ്ക്ക് അൽപ്പം കടിഞ്ഞാൺ വീണു തുടങ്ങി. സ്ഥിരമായി യാത്ര പോകുന്നവർ ക്യാമറ സ്ഥാപിച്ചിരിക്കുന്ന ലൊക്കേഷനുകൾ മനസ്സിലാക്കി അവിടെയെത്തുമ്പോൾ വേഗത കുറച്ചുകൊണ്ടു പോകുന്നതും കാണാം.

മണ്ണുത്തിയിൽ നിന്നും പാലക്കാട്, വാളയാർ വരെയുള്ള ഹൈവേ (കുതിരാൻ ഒഴികെ) നല്ല കിടിലനാക്കിയിട്ടുണ്ട് ഇപ്പോൾ. ഇതിൽ വടക്കഞ്ചേരി മുതൽ വാളയാർ വരെയുള്ള റോഡ് പക്കാ നാലുവരിപ്പാതയാണ്. മണ്ണുത്തിയ്ക്ക് ശേഷം ക്യാമറകൾ ഇല്ലെന്ന ധൈര്യത്തിൽ ആളുകൾ ഇതുവഴി വണ്ടികൾ നൂറിനു മുകളിൽ പറപ്പിക്കാറാണ് പതിവ്. പ്രൈവറ്റ് – കെഎസ്ആർടിസി ബസ്സുകളും ഇക്കൂട്ടത്തിൽപ്പെടും എന്നതാണ് മറ്റൊരു രസം.

കാര്യം എന്തൊക്കെയാണെങ്കിലും ഈ പറപ്പിക്കലിനു കടിഞ്ഞാണിട്ടിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ് ഇപ്പോൾ. ഈ റൂട്ടിൽ വാളയാർ വരെ വിവിധയിടങ്ങളിൽ സ്പീഡ് ക്യാമറകൾ ഇപ്പോൾ ഘടിപ്പിച്ചിട്ടുണ്ട്. ഒരു ക്യാമറ കാണുമ്പോൾ വേഗത കുറച്ചു പോകുന്നവർ ക്യാമറ പിന്നിട്ടശേഷം വേഗത കൂട്ടിക്കൊണ്ട് പോകാറാണ് പതിവ്. ഇത്തരക്കാർ അടുത്ത ക്യാമറയുള്ള സ്ഥലം വരെ എത്താനെടുക്കുന്ന ശരാശരി ദൂരവും സമയവും കണക്കാക്കി അതിനു മുൻപ് പാസ്സ് ചെയ്യുകയാണെങ്കിൽ (അമിതവേഗത) പിഴ ഈടാക്കേണ്ടി വരും. കൺട്രോൾ റൂമിലിരുന്നുകൊണ്ട് 24 മണിക്കൂറും ക്യാമറകൾ നിരീക്ഷിക്കുവാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്.

ഇതോടെ വടക്കഞ്ചേരി – വാളയാർ ഹൈവേയിലൂടെയുള്ള മരണപ്പാച്ചിലിനു ഒരറുതി വരുമെന്നാണ് കരുതുന്നത്. അറുതി വന്നില്ലെങ്കിൽ മോട്ടോർവാഹനവകുപ്പിന്റെ പ്രതിമാസ വരുമാനം കൂടുകയും ചെയ്യും. ഇതിനിടയിൽ ടോൾ കൊടുക്കുകയും കൂടി വേണം എന്നത് മറ്റൊരു തമാശയായി മാറിയിരിക്കുകയാണ്. അപകടങ്ങൾ കുറയ്ക്കുവാൻ വേണ്ടിയാണ് ക്യാമറകൾ ഫിറ്റ് ചെയ്തതും വേഗതാ നിയന്ത്രണം കൊണ്ടുവന്നതുമെല്ലാം. എന്നാൽ അരിച്ചരിച്ചു പോകുവാൻ വേണ്ടി എന്തിനാണ് ഭീമമായ ടോൾ തുക കൊടുത്തുകൊണ്ട് പോകുന്നതെന്ന മറുചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. എന്തായാലും ഇനി ഈ റൂട്ടിലൂടെ കടന്നു പോകുന്നവർ തങ്ങളുടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുക. എല്ലാവരും സുരക്ഷിതമായി ലക്ഷ്യങ്ങളിൽ എത്തട്ടെ, നമ്മുടെ പണം പിഴയായി പോകാതെ വീട്ടിലേക്കുള്ള അരിയായി മാറട്ടെ.. ഹാപ്പി ജേർണി…