എസ്.പി.ആർ. ഹോട്ടലിലെ ‘ആട്’ വിഭവങ്ങൾ ഒരു കിടിലൻ ഐറ്റം !!

എഴുത്ത് – Rahim D Ce.

തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തപ്പോൾ തന്നെ S.P.R -ൽ കയറി മട്ടൻ കഴിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു .പത്മനാഭന്റെ മണ്ണിൽ കാല് കുത്തിയപ്പോൾ തൊട്ട് കാതുകളിൽ S.P.R -ന്റെ രുചി മഹാത്മ്യം കേൾക്കാൻ തുടങ്ങിയതാണ്.. കുറെ നാളായി അതൊന്നു അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നു.. ഇന്നാണ് ആട് നാവിന്റെ രുചിയറിയുന്ന ആ ദിവസം.

തിരുവനന്തപുരത്ത് നല്ല മട്ടൻ എവിടെ കിട്ടുമെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഇവിടുത്തുകാർക്ക് ചൂണ്ടിക്കാണിക്കനൊള്ളൂ. നെയ്ത്തു വസ്ത്രങ്ങൾക്ക് പ്രസിദ്ധമായ ബാലരാമപുരത്താണ് മട്ടന്റെ രുചിഭേദങ്ങൾ ഒരുക്കിയിട്ടുള്ള ഈ ഭക്ഷണ കലവറ നിറഞ്ഞു തുളുമ്പുന്നത്..അവസാനം ഞങ്ങളാ ആട് ചൂരിന് മുമ്പിലെത്തി. ആട് ഒരു ഭീകര ജീവി ( S.P.R ). 🐏🐏ഇതൊരു സിനിമാ കഥയല്ല, മറിച്ച് സിനിമയെ വെല്ലുന്ന ഷാജി പാപ്പന്റെയും കൂട്ടരുടെയും രുചിഭേദങ്ങളുടെ യഥാർത്ഥ കഥയാണ്. സിനിമയെ വെല്ലുന്ന ആട് രുചിയുടെ കഥ ഇവിടെ തുടങ്ങുകയാണ്.

കോട്ടും സ്യൂട്ടും ഇല്ലെങ്കിലും ഡ്യൂഡിന്റെ കോലത്തിൽ S.P.R ഹോട്ടലിന്റെ നടു മുറ്റത്തു സ്ലോ മോഷനിൽ ചെന്നിറങ്ങിയ പാടെ ഷാജി പാപ്പന്റെ ആട് പോലെ തന്നെ ഈ S.P. R ലെ ആടുകളും ഭീകര ജീവിയാണെന്നു പുറമെ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്. ഇട ദിവസം ആയിട്ടും പെരുന്നാളും, വെള്ളിയാഴ്ച്ചയും ഒന്നിച്ചു വന്ന തിരക്ക്. തിരക്കെന്ന് പറഞ്ഞാൽ എജ്ജാതി തിരക്ക്….പുറമേയുള്ള ഈ അവസ്ഥക്ക് കാരണം ചികയാൻ അകത്തളങ്ങളിൽ ഒരുക്കി വച്ചിരിക്കുന്ന വ്യത്യസ്തമായ വിഭവങ്ങളായിരിക്കണമെല്ലോ…. അകത്തെ വിശേഷങ്ങൾ അറിഞ്ഞിട്ടു വേണം ആടെന്ന ഭീകരനെ കീഴ്പ്പെടുത്താൻ. ഒരുവിധത്തിൽ ഞങ്ങൾ ഉള്ളിലേക്ക് കയറി പറ്റി. ചുറ്റുമൊന്ന് കണ്ണോടിച്ചു. അതെ !. മട്ടൻ തന്നെയാണ് ഈ ഹോട്ടലിന്റെ ജീവാംശവും.

നമ്മുടെ ആട് സിനിമയിലെ ഷാജി പാപ്പനെ പോലെ ഇവിടുത്തെ തലവനും ഷാജി ചേട്ടൻ എന്ന ആൾ തന്നെയാ…. ..പാപ്പന്റെ കൂടെ കട്ടയ്ക്ക് കൂട്ടിനായി അറയ്ക്കൽ അബുവിനെ പോലെ സതീഷ് ചേട്ടനും ഉണ്ട്. ഇതിനു മുന്നേ ആടെന്ന രുചിക്കൂട്ടിൽ (മട്ടൺ ഐറ്റംസിൽ) മട്ടൻ ബിരിയാണി , മട്ടൻ കറി , മട്ടൻ ചാപ്സ് ഇത്രേം മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ. അസ്സൽ നാടൻ രുചി കൂട്ടുകൾ തന്നെയാണ് ആളുകളെ ഇങ്ങോട്ട് അടുപ്പിക്കുന്നതിന്റെ പ്രധാന കാരണമെന്ന് തോന്നുന്നു. കാഴ്ചയ്ക്ക് ഭംഗി കൂട്ടാനായിട്ട് രുചിക്കൂട്ടിൽ വർണ്ണങ്ങൾ വാരി വിതറുന്ന രാസപദാർത്ഥങ്ങളോ, കളറുകളോ ഒന്നും തന്നെ ഷാജി പപ്പനും ടീമും ചേർക്കാറില്ല എന്നതാണ് ഇവിടുത്തെ ഒരു പ്രത്യേകതയായി തോന്നിയത്. ആടെന്ന സംഭവം ഉഷാറാക്കുവാൻ വേണ്ടി വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുത്ത കാശ്മീരി മുളക് ആണ് ഉപയോഗിക്കുന്നത്. അത് കൂടെ ഇട്ടു കഴിഞ്ഞാൽ ആട് ജോറാകും, വയറിന് ഒരു പ്രശ്‌നവും വരില്ല..

അകത്തെ ആടു കരച്ചിലുകൾക്ക് ഇടയിൽ നിന്നും ഒരു നിമിഷം വെളിയിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ ഇവിടുത്തെ രുചിയെ രുചിച്ചറിയുവാനായി ആളുകൾ പുറത്ത് ക്ഷമയോടെ ക്യൂ നിൽക്കുന്ന കാഴ്ചയാണ് കാണാനിടയായത്. എന്തിനേറെ പറയണം നമ്മടെ കോഴിക്കോട്ടെ പ്രമുഖ ഹോട്ടലിൽ മാത്രമേ ഇങ്ങനൊരു തിരക്ക് ഞങ്ങൾ ഇതിനു മുന്നേ കണ്ടിട്ടുള്ളു.. മെയിൻ റൂം ഫുള്ളായത് കൊണ്ട് ഞങ്ങൾ ഫാമിലി റൂം അങ്ങ് കയറി ആക്രമിച്ചു സീറ്റ് വെട്ടി പിടിച്ചു..

കഴിക്കാൻ എന്താണ്‌ വേണ്ടത് എന്ന് അവിടുത്തെ ലോലനായ ദിലീപ് ഏട്ടന്റെ ചോദ്യം വന്നതോടെ ഡ്രാഗൺ പൈലിയെ പോലെ എന്റെ കൂടെ ഉണ്ടായിരുന്ന Sanoop Salim പറഞ്ഞു “ഞങ്ങൾ ഷാജി പാപ്പന്റെ ആടിനെ കീഴടക്കാൻ വന്നതാണ്.” മെനു ലിസ്റ്റ് എടുത്ത് സനൂപ് പതിയെ ലിസ്റ്റിലെ ഓരോന്നും ആവേശത്തോടെ വായിക്കുവാൻ തുടങ്ങി “മട്ടൻ കറി , മട്ടൻ പെരട്ട് , മട്ടൻ ബിരിയാണി, മട്ടൻ ഞല്ലി,. മട്ടൻ ചാപ്സ്, മട്ടൻ ലിവർ ഫ്രൈ, മട്ടൻ ലിവർ ചാപ്സ്, മട്ടൻ ബ്രെയിൻ റോസ്റ്, മട്ടൻ ബ്രെയിൻ ഫ്രൈ,…” ഇത്രേം വായിച്ചപ്പോൾ പൈലിയിടെ പാതി ബോധം പോയി. സത്യത്തിൽ ഇപ്പഴാണ് ആട് ഇത്രേയും വലിയ ഒരു ഭീകര ജീവിയായി പൈലിക്ക് മനസ്സിലായതെന്ന് തോന്നുന്നു. ഇനിയുള്ള ലിസ്റ്റ് കൂടെ വായിക്കുകയായിരുന്നേൽ ഒരു പക്ഷേ പൈലിയുടെ മിച്ചമുള്ള ബോധവും കൂടി വീണ്ടെടുക്കാൻ നന്നേ പ്രയാസപ്പെടേണ്ടി വന്നേനെ.

അല്ല ! ഇടുക്കിയിലെ കാട്ട്മുക്കിൽ താമസിക്കുന്ന ഇവൻ മാത്രമല്ല ഞാനും കേട്ടിട്ടില്ല ഇത്രയും വ്യത്യസ്തമായ ഐറ്റംസ്.. തൽകാലം ആദ്യം മനസ്സിൽ ഉടക്കിയ പേരായ മട്ടൻ ബിരിയാണിയും മട്ടൻ കറിയും അവനങ്ങ് ഓർഡർ ചെയ്തു. യു ബ്ലഡി ഗ്രാമവാസി ഇതൊക്കെ എല്ലായിടത്തും കിട്ടുന്നതല്ലേ നമുക്ക് പുതിയ രുചികൾ പരീക്ഷിക്കാമെന്നും പറഞ്ഞ് ഞാൻ മട്ടൻ ഞല്ലിയും, മട്ടൻ പെരട്ടും ഓർഡർ കൊടുത്തു.. കൂടെ തൊട്ട് നക്കാനായിട്ട് ഇടിയപ്പവും പൊറോട്ടയും ….

2 കൊല്ലമായിട്ട് പട്ടിണി കിടന്ന ആളുകളെ പോലെ ഞങ്ങൾ കലപില കൂടുന്ന ആട്ടിൻ കൂട്ടത്തിനായി കാത്തിരിക്കാൻ തുടങ്ങി.. ഒരുപാട് സമയം ഒന്നും എടുത്തില്ല. ദേ വരുന്നു സച്ചിൻ ക്ലീറ്റസിൻറെ ചായമുള്ള ഒരാൾ ആട്ടിൻ കൂട്ടൻങ്ങളുമായി ഞങ്ങൾക്കരികിലെത്തി കയറൂരി ടേബിളിന് മുകളിൽ അണിനിരത്തി. കേരള സ്പൈസസ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മട്ടൻ ബിരിയാണിയെ പറ്റി ഒറ്റവാക്കിൽ പറയുകയാണെങ്കിൽ വാക്കുകൾക്ക് അതീതം… മട്ടൻ കറി ആണെങ്കിൽ എരിവ് കുറഞ്ഞതും നന്നായി വെന്തതും ആണ്..ഭൂലോക ടേസ്റ്റ്… ഇടിയിറച്ചിയുടെ മസാല കൂട്ട് ചേർത്തെടുക്കുന്ന മട്ടൻ ലിവർ ഫ്രൈ കഴിച്ചാൽ നമ്മുടെ രുചിയുടെ കേന്ദ്ര കരങ്ങളിൽ സ്ഥാനം പിടിക്കും ഇത്..

ഈ ആട്ടിൻ കൂട്ടത്തിലെ പാപ്പന്റെ മെയിൻ ഐറ്റം മട്ടൻ ഞല്ലിയാണ്.. ഒറ്റ നോട്ടത്തിൽ കുറച്ചു എല്ലിൻ കഷ്ണങ്ങളും ചാറും മാത്രമേ ഉള്ളുവെങ്കിലും ഒരു ഒന്നൊന്നര ഐറ്റം ആണ് ഇത്.. ഡ്രാഗൺ സനൂപ് ആർത്തി മൂത്തു ഒറ്റ കടി.. ക്ലീറ്റസിന്റെ കിളി പറന്ന പോലെ ലവന്റെയും കിളി പറന്നു.. ഞാനും കടിച്ചു ഒരു കടി.. എല്ലിന് നല്ല കട്ടി ആണ് കേട്ടോ.. പല്ല് പോകാത്തത് ഭാഗ്യം.. ഇത് കണ്ട് നിന്ന ലോലൻ പറഞ്ഞു നെല്ലി എന്നാൽ ആടിന്റെ നട്ടെല്ല് ആണ്..അതിനുള്ളിലെ മജ്ജയാണ് ഈ ഐറ്റത്തിന്റെ ആകർഷണം..ഇത് മുരിങ്ങക്കോൽ ആസ്വദിക്കുന്ന പോലെ വായിലേക്ക് വലിച്ചെടുക്കണം. എല്ലിൽ കടിച്ച ചമ്മൽ ഒഴിവാക്കാൻ പൈലി എല്ലിൽ നിന്ന് മജ്ജ വലിച്ചു എടുക്കാൻ തുടങ്ങി..

ഭക്ഷണ വിസ്മയം തന്നെ ഈ ഐറ്റം.. അമ്മാതിരി പുതുമ നിറഞ്ഞ ഐറ്റം തന്നെ മട്ടൻ ഞല്ലി.. സാത്താൻ സേവ്യയറിന്റെ നീല കൊടുവേലി തിന്നത് ഈ ആട് ആണെന്ന് തോന്നുന്നു..കഴിച്ചു കഴിഞ്ഞപ്പോൾ എന്താ ഒരു ഉഷാർ..പൈലി ജയന്റെ സൗണ്ടിൽ ഒരു ചായ കൂടി കിട്ടിയിരുന്നു എങ്കിൽ എന്ന് പറഞ്ഞു..ബിരിയാണി ചായ ആയാലൊന്ന് ലോലൻ ചോദിച്ചു..തലക്ക് പിടിക്കുന്ന എന്ത് വേണേലും എടുത്തോന്ന് ഞാനും പറഞ്ഞു. ചായ അടിക്കുന്നത് സുലൈമാനെ പോലത്തെ സന്തോഷ് ചേട്ടൻ ആണ്…ഗ്ലാസിനോടും ചായയോടും പേശി പേശി ചായ അടിച്ചിട്ടിരുക്ക്‌, ബിരിയാണി ചായ കുടിച്ചതും നല്ല ഫീൽ..ഏതേലും പിങ്കി അടുത്തുണ്ടായിരുന്നേൽ തെച്ചി പൂവേ തെങ്കാശി പൂവേ പാടിയേനെ..ഫ്രഷ് ആയ മട്ടൻ ആണ് ഇവടുത്തെ കരുത്ത്..പള്ളിയിലെ മോതീൻ വന്ന് തത്സമയം അറുക്കുന്ന ഹലാൽ ആയ ഭക്ഷണമാണ് എല്ലാം..

ആട് വേട്ട കഴിഞ്ഞു തിരികെ മടങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു ഫ്രെയിം കാണാനിടയായത്… ഉറങ്ങാത്ത ഹോട്ടൽ എന്ന പഴയ ഒരു പത്ര വാർത്ത അടുത്തായി ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു..അതൊന്നു ചുമ്മാ വായിച്ചു…ഇവരുടെ ചരിത്രം മുഴുവൻ ഇതിലുണ്ട്. കാൽ നൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാൽ 1986 -ൽ കൈത്തറി ബസിനസ്സുമായി ഇന്ത്യ മുഴുവൻ ചുറ്റി നടന്ന രാജാറാമിനു കസവിനെക്കാൾ ഇഷ്‌ടം രുചികളോട് ആയിരുന്നു..പക്ഷെ പല സ്ഥലങ്ങളിലെയും രുചികൾ രാജാറാമിനെ ഭ്രമിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യ്തു..

തുടർന്ന് തനിക്ക് തന്നെ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങാം എന്ന ചിന്ത മനസ്സിൽ മൊട്ടിട്ടപ്പോൾ തന്നെ അദ്ദേഹത്തിൻറെ അച്ഛന്റെ പേരായ S. P രാമചന്ദ്രൻ എന്ന പേരിനെ ചുരുക്കി S. P. R എന്ന പേരിൽ ബാലരാമപുരത്തിന്റെ ഹൃദയത്തിൽ തന്നെ അടിത്തറ പാകി..അവിടെ നിന്ന് അങ്ങോട്ട് S.P.R ന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മറ്റൊരു കാര്യം സർബത്ത് ഷെമീറിന്റെ രൂപത്തിൽ ഫുഡ് സേഫ്റ്റിക്കാരുടെ ഒരു രൂപ ഫൈൻ പോലും ഇവർക്ക് വന്നിട്ടില്ല എന്നതു ശ്രദ്ധേയമാണ് . മോശം ഭക്ഷണം കൊടുത്താൽ പേര് ദോഷം അച്ചന്റെ പേരിനു കൂടി ആണെന്ന് ഉള്ളത് കൊണ്ട്. എല്ലാരുടെയും മനസും വയറും ഒരുമിച്ചു നിറപ്പിച്ചേ ഇവർ വിടാറുള്ളൂ .

” കഴിച്ച ഭക്ഷണങ്ങൾ എല്ലാം മനോഹരം…. ഇനി കഴിക്കാനുള്ള ഭക്ഷണങ്ങൾ അതിനേക്കാൾ മനോഹരമായിരിക്കണം “. ഇനിയും ഇതുവഴി ഒരു ആട്ടിടെയനെപ്പോലെ ആട് മേയ്ക്കുവാൻ ഇതു വഴി വരുമെന്ന് ഷാജി ചേട്ടന് ഉറപ്പും കൊടുത്തു ഞങ്ങളിറങ്ങി. ഞങ്ങളുടെ അടുത്ത ലക്ഷ്യ സ്ഥാനമായ കന്യാകുമാരിയിലെ ത്രിസംഗമ വേദിയിലേക്ക്… അവിടെ അന്തി ചുമപ്പിലേക്ക് ഊളിയിടുന്ന അസ്തമയ സൂര്യനോടും ഞങ്ങൾക്കീ ആട് ഭീകരനായ കഥ പറഞ്ഞു കൊടുക്കാനുണ്ട്…