ബസ് നിർത്താതെ പോയി; യാത്രക്കാരന് ബസുടമ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി..

മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്‍തിട്ട് യാത്രക്കാരനെ കയറ്റാതെ ബസ് പോയാൽ എന്ത് ചെയ്യും? ട്രാവൽസിൽ വിളിച്ചു പരാതി പറയും, കുറെ ചീത്ത വിളിക്കും, അവസാനം അവർ ചിലപ്പോൾ റീഫണ്ട് തരും. അല്ലെങ്കിൽ ഗുണ്ടായിസം കാണിച്ച് പാവം യാത്രക്കാരനെ ഭീഷണിപ്പെടുത്തും. എന്നാൽ ഇത്തരമൊരു അവസ്ഥയുണ്ടായപ്പോൾ നീലേശ്വരം സ്വദേശിയായ ഒരു യാത്രക്കാരൻ ചെയ്തത് നേരെ ഉപഭോക്‌തൃ കോടതിയിൽ കേസ് കൊടുക്കുകയാണ്.

കേസിനാസ്പദമായ സംഭവം ഇങ്ങനെ. 2018 സെപ്റ്റംബർ 16 നു എറണാകുളത്ത് ഒരു ആവശ്യത്തിനായി പൊകേണ്ടതിനാൽ നീലേശ്വരം സ്വദേശിയും ബെസ്റ്റ്, ബെറ്റർ ബേക്കറി ഉടമയും ബേക്കേഴ്‌സ് അസോസിയേഷൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റുമായ അമ്പുരാജ് നീലേശ്വരത്തു നിന്നും എറണാകുളത്തേക്ക് SRS ട്രാവൽസ് ബസ്സിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്തു. 1,215 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തൊട്ടടുത്ത ദിവസം രാത്രിയിൽ എറണാകുളത്തു നിന്നും നീലേശ്വരത്തേക്കു മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് 966 രൂപയ്ക്കും അദ്ദേഹം ബുക്ക് ചെയ്തു.

ടിക്കറ്റിൽ കൊടുത്തിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 16നു രാത്രി നീലേശ്വരം മാർക്കറ്റ് ജംക്‌ഷനിൽ ചെറുവത്തൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കാൻ ട്രാവൽസ് ജീവനക്കാരുടെ നിർദേശം ലഭിച്ചു. ഇതനുസരിച്ചു രാത്രി 11 മണിക്ക് ബസ് വന്നപ്പോൾ യാത്രക്കാരനായ അംബുരാജ് കൈ കാണിച്ചിട്ടും പ്രസ്തുത ബസ് നിർത്താതെ പോയി. ഇതിനെത്തുടർന്ന് മുൻപ് വിളിച്ച നമ്പറിൽ ഒരിക്കൽക്കൂടി അദ്ദേഹം ബന്ധപ്പെട്ടു. എന്നാൽ അവിടെ നിന്നും ലഭിച്ച മറുപടി വളരെ നിരാശാജനകമായിരുന്നു. ബസ് 10 കിലോമീറ്റർ അകലെ എത്തിയെന്നും 3 മിനിറ്റിനകം എത്തുമെങ്കിൽ കാത്തുനിൽക്കാമെന്നും ബസ് ജീവനക്കാർ ഫോണിലൂടെ പറഞ്ഞു. പലവട്ടം അപേക്ഷിച്ചു നോക്കിയെങ്കിലും ബസ് ജീവനക്കാർ തങ്ങളുടെ ഭാഗത്ത് ഉറച്ചു നിൽക്കുകയായിരുന്നു.

മൂന്നു മിനിറ്റ് കൊണ്ട് പത്തുകിലോമീറ്റർ എത്തുക എന്നത് അസാധ്യമായതിനാൽ അംബുരാജ് യാത്ര ഒഴിവാക്കി തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തിരികെ വീട്ടിലെത്തിയ ഇദ്ദേഹം സംഭവം വിവരിച്ചുകൊണ്ട് ഉപഭോക്‌തൃ ഫോറത്തിൽ പരാതി നൽകുകയാണുണ്ടായത്. ഇതിനെത്തുടർന്ന് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര ഫോറം നോട്ടിസ് അയച്ചിട്ടും കേസ് വിചാരണയ്ക്കിടെ എസ്ആർഎസ് ട്രാവൽസ് പ്രതിനിധികൾ ഉപഭോക്തൃ കോടതിയിൽ ഹാജരായതുമില്ല.

ഇതോടെ യാത്രക്കാരനെ കയറ്റാതെ പോയ സംഭവത്തിൽ ട്രാവൽസിനെതിരെ കോടതി വിധി വന്നിരിക്കുകയാണ് ഇപ്പോൾ. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരനെ കയറ്റാതെ ബസ് പോയത് വളരെ ഗൗരവകരമായ കുറ്റമാണെന്നും യാത്രക്കാരന് ഇതുമൂലം ഉണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 20,000 രൂപ നഷ്ടപരിഹാരമായി നൽകുവാനും കോടതി ഉത്തരവിട്ടു. ബെംഗളൂരു ജിടി റോഡിലെ എസ്ആർഎസ് ട്രാവൽസ് മാനേജർക്കെതിരെയാണ് വിധി പുറപ്പെടുവിച്ചത്. വിധിന്യായത്തിന്റെ പകർപ്പു ലഭിച്ച് ഒരു മാസത്തിനകം നഷ്ടപരിഹാരത്തുകയും, ഒപ്പം തന്നെ 3,000 രൂപ കോടതിച്ചെലവും നൽകണം.

ബസ് ജീവനക്കാർ യാത്രക്കാരെ എറണാകുളത്തു വെച്ച് മർദ്ദിച്ച സംഭവത്തോടെ അന്തർ സംസ്ഥാന പ്രൈവറ്റ് ബസ്സുകൾക്കെതിരായ പരാതികൾ ധാരാളമായി വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. മിക്ക യാത്രക്കാരും തങ്ങൾക്കു നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവങ്ങൾ ബസുകാരുടെ ഗുണ്ടാ ആക്രമണം ഭയന്നു പുറത്തു പറയാതെ ഇരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പരക്കെ പ്രൈവറ്റ് ഓപ്പറേറ്റർമാർക്കെതിരെ ജനവികാരം ആളിക്കത്തിയ സാഹചര്യത്തിൽ എല്ലാവരും തങ്ങളുടെ പരാതികളുമായി മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരം കണക്കിലെടുത്ത് കെഎസആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Photo – Shantanu Autoclickz.