എഴുത്ത് – സത്യ പാലക്കാട്.
9 തരത്തിൽ പഠിക്കുമ്പോ, അത്യവശ്യം തട്ടിയും മുട്ടിയും പഠിച്ച് പാസാക്കുന്ന ഒരു നിഷ്കളങ്കൻ കവിൾ തുടുത്ത കുട്ടിയെ സ്‌കൂൾകാർക്ക് കണ്ണിലുണ്ണിയായിരുന്നു. ഒരാളൊഴികെ കണക്ക് ടീച്ചർ. 80 ൽ 9 മാർക്കും മേടിച്ച് കണ്ണടച്ച് കൈനീട്ടി അടിവാങ്ങി, ടീച്ചറെയും ചൂരലിനെയും ആവോളം പ്രാകി, ഒറ്റ സെക്കൻഡ് കൊണ്ടുണ്ടായ കൈയിലെ മൈലാഞ്ചി നോക്കി, കണക്ക് കണ്ടുപിടിച്ച സകലവന്മാരെയും തന്തക്കും വിളിച്ച്, കണ്ണീന്നു രണ്ടു തുള്ളിയും പോയി, എങ്ങനെ തലകീഴായി മറിഞ്ഞിട്ടും ആ വര്ഷം 12 മാർക്കിൽ കൂടുതൽ കിട്ടിയില്ല ..! എല്ലാം കൂടി കൂട്ടിയിട്ട് പാസ് മാർക്ക് കിട്ടിയാൽ പൊളി ആയേനെ , ഇതിപ്പോ എല്ലാ സബ്‌ജക്റ്റും പാസ്സാകേണ്ടേ ..!
പത്താം ക്ലാസിലേക്ക് കടക്കുന്നു എന്ന് പറഞ്ഞാൽ തന്നെ , വീട്ടിൽ നിന്ന് അയല്പക്കത്തിലും നിന്നും ആ വര്ഷം കാണുന്നവർ മൊത്തം , മോൻ നന്നയി പഠിക്കണം ട്ടോ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ്. പാസായിലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്ന് ഐസ് വിൽക്കാൻ വരുന്ന ഏട്ടൻ വരെ പറഞ്ഞു. ചേട്ടാ ഈ ഐസ് വിൽക്കാൻ 10 പാസ്സാകണം എന്നുണ്ടോ? അല്ലെങ്കിൽ 10 തോറ്റ ജോലി കിട്ടാതിരിക്കോ ,ഏഹ്.
“ഡാ നമ്മടെ സ്‌കൂളിന്റെ ചുറ്റും ഉള്ളത് അങ്ങാടിയാണ് , പണിയെടുക്കുന്ന മിക്കവരും തോറ്റ്പോയവരാണ് അവരെ പോലെ ബുദ്ധിമുട്ടാതിരിക്കാനാണ് പറഞ്ഞു തരുന്നത്.”” “അല്ല ഏട്ടാ ഞാനീ എട്ടാം ക്ലാസ്സ് മുതൽ ലോട്ടറി വിക്കാൻ പോണതോണ്ട് അങ്ങാടിയിലെ മിക്കവരെയും അറിയാം. അവർക്ക് വീടുണ്ട്, ബൈക്ക് ഉണ്ട്. ഇതൊക്കെ തന്നെ പോരെ? അവർ ഫുൾ ഹാപ്പി ആണലോ .! അവരെ പോലെ ആരും ഇല്ലെങ്കിൽ അങ്ങാടി തന്നെ നിലച്ചു പോവൂലെ ഇഹ്”
“ചെറിയ വായിൽ വലിയ വർത്താനം പറയല്ലേടാ , ഒരത് ഐസ് കഴിച്ച സ്ഥലം വിട്ടോ..” “ഏട്ടാ നാളത്തെ സിക്കിം ഉണ്ട് എടുക്കട്ടേ , ലാസ്‌റ് രണ്ടെണ്ണം ..!” “പോടാ പോടാ ..!”
10 ക്ലാസ്സിലെ കണക്കിനെ ആലോചിച്ച് ജെട്ടിയിൽ ഒരു തുള്ളി മൂത്രം വരെ പോയിരുന്നു. കൂടെ പഠിക്കുന്ന കുട്ടിയുടെ വീട്ടിൽ കണക്കിന് ട്യൂഷൻ പോയി. ആഴ്ചയിലെ ശനി ഞായർ ദിവസങ്ങൾ ലോട്ടറി വിൽക്കാനും അങ്ങാടിയിൽ. ഒറ്റക്ക് കച്ചവടം ചെയ്യാനറിയുന്ന എനിക്ക് കണക്ക് പുസ്തകത്തിലെ x ഉം y എന്തിനാണ് ഉപയോഗിക്കാന്ന് ഒരെത്തും പുടിയും കിട്ടീല.
അർദ്ധവാർഷിക പരീക്ഷക്ക് പാസായ അവൻ ആൺപിള്ളേറിൽ ടോപ്പർ എന്ന് പറയുമ്പോഴും കിട്ടിയ മാർക്ക് കണ്ടിട്ട് ടീച്ചർ പണ്ടാര പുച്ഛത്തോടെയാണ് പോയത്. 19 മാർക്ക് 50 ൽ. പക്ഷെ അത്രയും ദിവസം കണക്കിൽ തോറ്റ് തോറ്റ് , വീട്ടിൽ കൊണ്ടോയി പേപ്പർ കൊടുക്കുമ്പോൾ ഉണ്ടാകുന്ന സങ്കട സീൻ അവിടെ ഉണ്ടായില്ല. അടുപ്പത്ത് ദോശക്കല്ലിൽ നെയ്യിൽ മുഴുകിയ ദോശ സമ്മാനിച്ചു. ആ കുഞ്ഞു വിജയത്തിന്..
SSLC ക്ക് മുന്നേ ട്യൂഷനിൽ എല്ലാ ഭാഗങ്ങളും എടുത്തിരുന്നു. പിന്നീട് റിവിഷനോട് റിവിഷൻ. എല്ലാ ചോദ്യങ്ങളും തിരിഞ്ഞും മറിഞ്ഞും ചെയ്യിപ്പിച്ചു. പക്ഷെ ഉള്ള സമയത്ത് പഠിക്കും എന്നല്ലാതെ ഉറക്കം മറന്നു പഠിക്കാൻ അവന് അറിയിലാർന്നു. ചത്തുറങ്ങും വായിൽ ജെല്ലി വരുന്ന പോലെ ..!
പരീക്ഷക്ക് ഒരു മാസം മുന്നേ ലോട്ടറി പണി നിർത്തി. ആദ്യത്തെ പരീക്ഷക്ക് രജിസ്റ്റർ നമ്പർ എഴുതുന്ന പരിപാടിയുണ്ട്. കൈവിറച്ച് പണ്ടാരടങ്ങും. അത് കൂടാതെ എഴുതിയ നമ്പർ ശരി തന്നെയല്ലേ എന്നുള്ള തീരാ സംശയം എക്സാം ഹാളീന്നു വീട്ടിൽ എത്തി കക്കൂസിൽ ഇരിക്കുമ്പോഴായിരിക്കും ആലോചിക്കുക..
കണക്ക് പരീക്ഷയുടെ ദിവസം അടിവയറിൽ ഒരു തണുപ്പ് വിയർപ്പ്. നെറ്റിയിൽ ആണേൽ സീബ്ര ലൈൻ പോലെ കുറിയും. അത്രയും ദിവസം ക്ലാസ്സിലെ എല്ലാ ഉഡായിപ്പും കളിച്ച് , ടീച്ചർമാരെ വെറുപ്പിച്ച് നടന്ന അവനെ ഈ ഒരു രൂപത്തിൽ കണ്ടപ്പോൾ കണക്കിനോടുള്ള അവന്റെ പേടി ഏകദേശം സ്‌കൂൾ മുഴുവൻ മനസിലായി. എക്സാമൊക്കെ കഴിഞ്ഞ് ഫ്രീ ആയി ഫുൾ ടൈം ലോട്ടറിയും വിറ്റ് ഇടക്ക് അടിക്കുന്ന പ്രൈസിൽ വീട്ടിൽ ഫുൾ ബഹളമായി പോകും.
“എടാ നാളെ നിന്റെ പരീക്ഷ റിസൾട്ട് അല്ലെ? നാളെ അന്ന കച്ചോടത്തിനൊന്നും പോകണ്ട. പിള്ളേരുടെ കൂടെ ഇരിക്ക്.” കൊതുക് വലയിന്റെ ഉള്ളിൽ കിടന്നു അമ്മ പറയുമ്പോൾ നെഞ്ച് പടാപടാന് ഇടിച്ച്. “അമ്മ എന്തിനാ ഇപ്പൊ ഓർമിപ്പിക്കണേ, ശ് നാളെ…”
“മണികുട്ടിക്ക് നല്ല പേടി ഉണ്ടല്ലേ, നീ പേടിക്കണ്ട ഓക്കെ ശര്യാവും.” “ഇല്ല അമ്മി ആ കണക്കിനെ ആലോചിച്ചിട്ടാണ് പേടി. എന്താവോ എന്തോ. ഞാൻ എന്തായാലും പണിക്ക് പോകും. മേലാമുറിയിൽ സുരേട്ടന്റെ കടയിൽ റിസൾട്ട് നോക്കുണ്ട്. എന്തായാലും റിസൾട്ട് വരാൻ ഉച്ചയൊക്കെ ആവില്ലേ. അത് വരെ കച്ചോടം ചെയ്യാം. അല്ലേൽ ടെൻസൺ അടിച്ച് ഞാൻ നാടുവിടേണ്ടി വരും.”
“കണക്കിനെ ആലോചിച്ച് നീ പേടിക്കണ്ട. മ്മള് അവസാനം പോയ അമ്മമാരുടെ മീറ്റിങ്ങില് , ഗോമതി ടീച്ചറിലെ ഒരു കാര്യം പറഞ്ഞു. “കണക്കിനെ ആലോചിച്ച് പേടിക്കണ്ട. അവനിപ്പോ ആ പേടി പോയത് പേപ്പറിനകത്ത് കാണാം. അവന്റെ പണ്ടത്തെ പോലെ എന്തേലും എഴുതിവെച്ച് കിറുക്കൽ പരിപാടിയൊന്നും ഇല്ല. പിന്നെ അറിയുന്ന ഉത്തരം അവൻ ഒരു പ്രാവശ്യെ എഴുതുന്നുള്ളൂ..” എന്നൊക്കെ പറഞ്ഞ് നല്ല സപ്പോർട്ടായിരിന്നു.
അടിപൊളി അമ്മ അപ്പൊ 9 ക്ലാസ്സിൽ പഠിക്കുമ്പോ ആകെ കിട്ടിയ 12 മാർക്ക് , അറിയുന്ന ചോദ്യം 3 വട്ടം എഴുതിയിട്ടാണ് , അതൊക്കെ ടീച്ചർക്ക് അറിയർന്നൂല്ലേ , അയ്യേ ..! നീ കിടന്നുറങ്ങാൻ നോക്ക് ചെക്കാ… കൊതുക് വലക്കകത്ത് ഇത്രയും ദിവസം ടീച്ചറെ തെറി പറഞ്ഞതിനുള്ള പാപം അവൻ എവിടെപ്പോയി കളയുമോ എന്തോ എന്നാലോചിച്ച് പെട്ടന്ന് ഉറങ്ങി …!
പിറ്റേദിവസം, വടക്കന്തറദേവി ക്ഷേത്രത്തിലും പോയി മുട്ടിപ്പായി പ്രാർത്ഥിച്ച് കച്ചോടത്തിനു പോയി. സുരേട്ടന്റെ കടയിൽ കേറി റിസൾട്ട് നോക്കാൻ നിക്കുമ്പോൾ ദിവസവും ലോട്ടറി റിസൾട്ട് നോക്കുമ്പോൾ ചിലരിൽ കാണുന്ന പ്രതീക്ഷ. ഒരു ടിക്കറ്റിനു പോയവരുടെ വീണ്ടും നോക്കി ചെക്ക് ചെയ്യൽ. അങ്ങനെ എന്തൊക്കയോ .. ! അത്രയും ലോട്ടറി വിറ്റ് നടന്ന കുട്ടിക്ക് ദിവസവും റിസൾട്ടിന് വേണ്ടി ഒരു ഭയവും ഇല്ലാതെ, ലാഭത്തിന്റെ ഭാഗം പോക്കറ്റിലിട്ട് നടന്ന ചെക്കന്, കച്ചോടം ആകെ ഡൌൺ ആക്കി ഉച്ചവരെ.
ക്യൂവിൽ നിക്കുമ്പോൾ എല്ലാരും അച്ഛൻ, അമ്മ ആയിട്ട് റിസള്ട്ട് നോക്കുമ്പോ ഞാൻ മാത്രം ലോട്ടറി ബാഗും പിടിച്ച് പേടിച്ച് മാറി നിന്ന്.. ഒന്ന് സമാധാനിക്കാൻ അമ്മയെ കൂടെ വിളിക്കാർന്നു , ഛെ ..!ഒരുത്തൻ ഫുൾ എപ്ലസും കിട്ടി ഹാപ്പി ആയിട്ട് പോണു.
“ഡാ ഇങ്ങോട്ട് വാടാ കൊറേ നേരായല്ലോ മാറി മാറി നിക്കുന്നു, തിരക്ക് കൂടിയാൽ പിന്നെ വൈകീട്ടേ പറ്റുള്ളൂ. നീ രജിസ്റ്റർ നമ്പർ പറയ്” ന്ന് സുരേട്ടൻ അലറി വിളിക്കുമ്പോൾ ഉള്ളിൽ കേറി ആറക്ക രജിസ്റ്റർ നമ്പർ പറയാൻ തൊണ്ട വരണ്ട് , ഒരു ഗ്ലാസ് വെള്ളം കുടിച്ച് 292666 എന്ന് പറയുമ്പോഴക്കും “ആഹാ കുട്ടിചാത്തന്റെ നമ്പർ ആണലോ, പേടിക്കണ്ടറ നീ പാസാവും” എന്ന് പറഞ്ഞ് സമാധാനിക്കുമ്പോളും മനസിനകത്ത് ഒരു ലോഡ് ഒരത് ഐസ് കഴിച്ച തണുപ്പായിരുന്നു…!
നമ്പർ മുഴുവൻ കൊടുത്തിട്ട്, സബ്മിറ്റ് കൊടുത്തിട്ട്, ഒരു ബഫെറിങ് കറക്കമുണ്ട് ,1 മിനിറ്റ് കൊണ്ട് നെഞ്ച് പൊട്ടി ചാവുമെന്നു തോന്നുന്നു. 1 മിനിറ്റിൽ 10 ക്ലാസിൽ പഠിച്ച സകല ടീച്ചർമാരും, ഞാൻ വെറുപ്പിച്ചതും, ഉടായിപ്പ് കാണിച്ചതുമായ ഒരുവർഷ ഓർമകൾ മിന്നിമാഞ്ഞു പോയി. കണ്ണടച്ച് പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോ , മീൻ പീസ് കട്ടോണ്ട് പോയ പൂച്ചയെ എറിഞ്ഞതുകൊണ്ടാണോ എന്തോ കൈ പണ്ടാര വിറക്കൽ ആർന്നു.
എല്ലാ വികാരങ്ങളെയും തള്ളി മാറ്റിക്കൊണ്ട് “സത്യ മലയാളത്തിൽ A പ്ലസ് ഉണ്ടല്ലോ..” ഇടറിയ ശബ്ദത്തോടെ സുരേട്ടാ “”കണ, കണക്കോ കണക്കൊന്നു നോക്കിയ ….!” “അയ് അതിനും എപ്ലസ് ആണല്ലോ ഡാ..” മേശടെമേലെ തലയിൽ കൈവെച്ച് സന്തോഷത്തിന്റയാണോ കഷ്ടപ്പാടിന്റെയാണോ എന്നറിയാത്ത രണ്ട് തുള്ളി കണ്ണീർ വന്നപ്പോ, “ഡാ നീ ഫുൾ പാസാണ്. ടെൻസൺ വേണ്ട.”
കണക്ക്, കെമിസ്റ്ററി, മലയാളം ഒക്കെ A പ്ലസ്. ഇംഗ്ലീഷും സോഷ്യലും ഒഴികെ എല്ലാത്തിനും A ഉണ്ടെന്ന് പറഞ്ഞപ്പോ പ്രിന്റ് എടുത്ത് കടയിന്റെ മുൻപിൽ അരമണിക്കൂറോളം അത് അവന്റെ റിസൾട്ട് തന്നയാണോ എന്ന് നോക്കി കൊണ്ടിരിന്നു. “സുരേട്ടാ ഞാൻ അമ്മക്ക് ഒന്ന് വിളിച്ച് പറയട്ടെ..” ഫോൺ ഒന്ന് എടുക്കണ്ടേ. അമ്മ വിളിച്ചപ്പോ ഭയങ്കര കൂൾ ആയിട്ട് പറയാ “മകൻ പാസ്സായില്ലെ വീട്ടിക്ക് വാ ..!”
കച്ചോടം മൊത്തം തീർത്ത് , നേരെ ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്ക് പോകുമ്പോ , അവന്റെ റിസൾട്ട് നേരത്തെ നോക്കിയത് കൊണ്ട് തന്നെ അവിടെ അവനെ കണ്ടപ്പോഴേ ഓടിവന്നു കൈ തന്നു. പണ്ടാര സ്നേഹ പ്രകടനങ്ങളായിരുന്നു. കൂട്ടുകാരീ ജനിച്ചപ്പ മുതലേ പഠിപ്പിസ്റ്റായത് ആയതുകൊണ്ട്, അവൾക്ക് കിട്ടിയ A പ്ലസിനെക്കാൾ ആഘോഷമായത് 12 മാർക്കിൽ നിന്ന് A പ്ലസിലേക്കുള്ള പ്രയത്നം എടുത്ത അവനോടായിരിന്നു അതും ഒരുവർഷം കൊണ്ടുള്ള മാറ്റം. നമ്മളൊരു എഫൊർട്ട് എടുത്തതിന് ഒരു സമയം വരും എന്നുള്ളത് സ്വയം അവൻ മനസിലാക്കിയ നിമിഷങ്ങൾ.
“സയൻസ് വേണമെങ്കിൽ, എല്ലാ സയൻസ് വിഷയങ്ങൾക്കും നല്ല മാർക്ക് വേണം. ലാംഗ്വേജ് കാര്യാക്കണ്ട” എന്ന് ടെന്നിസൺ സാർ പറഞ്ഞത് കേട്ട് കണക്കിനെ മാത്രം പേടിച്ചവൻ, പ്ലസ് ടു വിൻ സാറിന്റെ സൂളോജി ക്ലാസ്സിൽ ഇരിക്കുമ്പോൾ അഭിമാനിക്കാൻ വേറെന്ത് വേണം?
8 ക്ലാസ്സിൽ പഠിക്കുമ്പോ അച്ഛൻ മരിച്ചതിന് ശേഷവും കുടുംബം സന്തോഷായി പോകാൻ സഹായിച്ചത് ആ അങ്ങാടിയിൽ വിറ്റ് നടന്ന ലോട്ടറി തന്നയാണ്. അതോണ്ട് തന്നെ അവനത് ആരോട് പറയാനും മടിയുണ്ടായിരുന്നില്ല. ക്ലാസിൽ എല്ലാവര്ക്കും അറിയാം അവൻ ചെയുന്ന ജോലി. ഒരാളും കളിയാക്കാനോ ഒന്നിനും വരില്ല. കാരണം അങ്ങാടിയിൽ അവരുടെ അച്ഛൻ പണിയെടുത്ത് ഉച്ചക്ക് മണിയേട്ടന്റെ കടയിൽ ഊണിന് വരുമ്പോൾ ഉയരം കുറഞ്ഞ മുഖം നിറയെ കവിളുള്ള ഒരു പയ്യനും ഉണ്ടായിരിന്നു.
അങ്ങാടിയിലെ ജീവിതങ്ങൾക്ക് ഒരു കള്ളത്തരവും ഇല്ല. കുറച്ചൂടെ മനസ്സ് ഉറച്ചത് : കൈവണ്ടി വലിക്കുന്ന ഇക്കമാരും, ലോഡിങ് ഇക്കമാരും, പച്ചക്കറി മാർക്കറ്റിലെ പച്ചയായ മനുഷ്യരും, പലചരക്ക് കടയിലെ സേതുവേട്ടനും എല്ലാരും കൂടെ ഉണ്ടാക്കിയെടുത്തതാണ്.
ഉഡായിപ്പും അലമ്പും കുറുമ്പും +2 ആയി മാറിയത് കൊണ്ട് തന്നെ പ്ലസ് ടു പരീക്ഷക്ക് കണക്കൊഴികെ എല്ലാത്തിനും നല്ല മാർക്കായിരിന്നു. പാലക്കാട് ജില്ലയെ പൂർണ വൈദ്യതികരിച്ച ജില്ലയായി സർക്കാർ മാറ്റുമ്പോഴേക്കും അവന്റെ പ്ലസ് ടു കഴിഞ്ഞിരുന്നു. അതിനെ പഴിചാരിച്ച് വീട്ടിൽ എങ്ങനെയൊക്കയോ അവൻ പിടിച്ച് നിന്ന്. അപ്പഴും അമ്മക്ക് പറയാനുള്ളത് “എന്റെ മകൻ 10 ക്ലാസ്സിൽ പഠിക്കമ്പോ വീട് മൊത്തം രാത്രി 10 ട്യൂബലൈറ്റിന്റെ വെളിച്ചം കൊണ്ടായിരുന്നല്ലോ പഠിച്ചത്. കാരണങ്ങളെ പഴിചാരാതെ , കഴിവിൽ വിശ്വസിക്കണം.. അല്ല പിന്നെ ..
അല്ലേലും ഏത് തെണ്ടിയാണാവോ ഇന്റഗ്രേഷനും ഡിഫ്‌റിൻസിയേഷനും കണ്ടുപിടിച്ചത് അവൻ സ്വയം വീണ്ടും പഴിചാരി.
അവനിപ്പോഴും അങ്ങാടിയിൽ ലോട്ടറി വിറ്റ് നടന്നത് പറയാൻ മടിയില്ലാത്തതിന്റെ തെളിവാണ് ഈ പോസ്റ്റ് അവൻ തന്നെ എഴുതുന്നത്.