മീശപ്പുലിമലയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു ‘ചാര്‍ലി’ എന്ന ദുല്‍ഘര്‍ സല്‍മാന്റെ സിനിമ ഇറങ്ങുന്നത് വരെ. ചാര്‍ലിയിലെ “മീശപ്പുലിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ” എന്ന പ്രശസ്തമായ ഡയലോഗ് ആണ് മീശപ്പുലിമലയെ ഇന്നീ കാണുന്ന പ്രശസ്തിയില്‍ എത്തിച്ചത്. എന്താണ് ഈ മീശപ്പുലിമല? എവിടെയാണ് ഇത്? പറയാം. ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്ന ഈ മലയുടെ ഉയരം 2,640 മീറ്റർ (8,661 അടി) ആണ്.
അങ്ങനെ എല്ലാവരെപ്പോലെയും ഞാനും മീശപ്പുലിമലയില്‍ പോകുന്നതും അവിടത്തെ മഞ്ഞ് പെയ്യുന്ന കാഴ്ച കാണുന്നതും സ്വപ്നം കണ്ടു. അങ്ങനെയൊടുവില്‍ ഈ കഴിഞ്ഞ മാസമാണ് അവിടേക്കുള്ള യാത്ര എനിക്ക് തരപ്പെട്ടത്. പലതവണ ഇതിനുമുന്‍പ് ശ്രമിച്ചിരുന്നെങ്കിലും ഓരോരോ കാരണങ്ങളാല്‍ അത് നീണ്ടു പോകുകയായിരുന്നു. എന്തായാലും ഞാന്‍ എന്‍റെ സ്വപ്നം പൂവണിയാന്‍ ഒകുന്ന ത്രില്ലില്‍ ആയിരുന്നു.
കഴിഞ്ഞ കുറെ യാത്രകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഞാന്‍ കാര്‍ ഒഴിവാക്കി ബസിലായിരുന്നു യാത്ര ചെയ്യാന്‍ പ്ലാനിട്ടത്. അങ്ങനെ ഞാന്‍ രാവിലെ ആറുമണിയോടെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും മൂന്നാറിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് ഞാന്‍ യാത്രയാരംഭിച്ചത്. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. വണ്ടി കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ ചായകുടിക്കുവാനായി നിര്‍ത്തിയപ്പോഴാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത്.
ചായകുടിയൊക്കെ കഴിഞ്ഞു ബസ് വീണ്ടും മൂന്നാറിലേക്ക്.. അങ്ങനെ അടിമാലി എത്തിയപ്പോള്‍ അവിടെ ഞാന്‍ ഇറങ്ങി. അവിടെ നിന്നും എന്‍റെ സുഹൃത്തും ഐറിഷ് ഹോളിഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സിയുടെ ഉടമയുമായ ഷെമിലും എന്നോടൊപ്പം ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ മറ്റൊരു ബസ്സില്‍ കയറി മൂന്നാറിലേക്ക് എത്തിച്ചേര്‍ന്നു. ഷെമിലിനു വെറും 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. ചെറുപ്പത്തില്‍ തന്നെ മച്ചാന്‍ ഒരു മുതലാളിയായി. ഇനി ഞങ്ങള്‍ ഇവടെ നിന്നും മീശപ്പുലിമലയിലേക്കാണ് പോകുന്നത്.
മീശപ്പുലിമലയില്‍ KFDC യുടെ മൂന്നു തരത്തിലുള്ള താമസ സൌകര്യങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഒന്നു താഴെ ബേസ് ക്യാമ്പില്‍. അവിടെ ഇരുപതോളം ടെന്റുകള്‍ ലഭ്യമാണ്. ഒരു ടെന്റില്‍ രണ്ടുപേര്‍ക്ക് വീതം താമസിക്കാവുന്നതാണ്. ഒരു ടെന്റിനു (രണ്ടു പേര്‍ക്ക്) 4000 രൂപയാണ് ചാര്‍ജ്ജ്. ഭക്ഷണം ഉള്‍പ്പെടെയാണിത്. ഇവിടെ നിന്നും മീശപ്പുലിമലയിലേക്ക് ട്രെക്കിംഗ് ഒക്കെ ലഭ്യമാണ്. രണ്ടാമത്തേത് ബേസ് ക്യാമ്പിനു അടുത്തായി തന്നെയുള്ള സ്കൈ കോട്ടേജ് എന്നു പേരുള്ള ഒരു ഹണിമൂണ്‍ കോട്ടേജ് ഉണ്ട്. ഒറ്റ കോട്ടേജ് മാത്രമായതിനാല്‍ അവിടെ അധികമാര്‍ക്കും താമസിക്കുവാന്‍ കഴിയില്ല. 9000 രൂപയാണ് ഇവിടത്തെ ചാര്‍ജ്ജ്. കുറച്ച് ലക്ഷ്വറി താമസം ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോട്ടേജ് ബുക്ക് ചെയ്യാവുന്നതാണ്. പിന്നീടുള്ളത് മുകളിലുള്ള റോഡോ മാന്‍ഷന്‍ എന്ന കോട്ടേജ് ആണ്. ഇവിടെ നിന്നും മീശപ്പുലിമലയിലേക്ക് രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രമേയുള്ളൂ. ആറായിരം രൂപയാണ് ഇവിടത്തെ ചാര്‍ജ്ജ്. താഴെ നിന്നും മുകളിലേക്ക് ഓഫ് റോഡ് ആയതിനാല്‍ ജീപ്പ് എടുത്ത് പോകേണ്ടി വരും ഇവിടേക്ക്. ജീപ്പിനു വേറെ ചാര്‍ജ്ജ് കൊടുക്കേണ്ടി വരും.
ഇവിടെ എവിടെയെങ്കിലും താമസിക്കുവാനായി നിങ്ങള്‍ പ്ലാന്‍ ചെയ്യുകയാണെങ്കില്‍ അവ മുന്‍കൂട്ടി KFDC യുടെ സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്തു കഴിഞ്ഞു നിങ്ങള്‍ക്ക് ലഭിക്കുന്ന ഇമെയില്‍ മൂന്നാറില്‍ റോസ് ഗാര്‍ഡന് സമീപത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ കാണിക്കണം. ഇവിടെ ചെക്ക് ഇന്‍ ചെയ്തശേഷം താമസം എവിടെയാണോ അവിടേക്ക് പോകാം.
അങ്ങനെ ചെക്ക് ഇന്‍ എല്ലാം പൂര്‍ത്തിയാക്കി ഞങ്ങള്‍ മൂന്നാറില്‍ നിന്നും ജീപ്പില്‍ റോഡോ മാന്ഷനിലേക്ക് യാത്രയായി. പോകുന്ന വഴിയില്‍ സൈലന്റ് വാലി എന്ന സ്ഥലത്ത് ഞങ്ങള്‍ ചായ കുടിക്കുവാനായി വണ്ടി നിര്‍ത്തി. ഇവിടേക്ക് കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് ലഭ്യമാണ്. www.aanavandi.com എന്ന ഞങ്ങളുടെ വെബ്സൈറ്റില്‍ സമയവിവരങ്ങള്‍ ലഭ്യമാണ്. സൈലന്റ് വാലിയിലെ വിശാലമായ പുല്‍മേട്ടില്‍ കുറച്ചു കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവിടെച്ചെന്നു അവരെയൊക്കെ പരിചയപ്പെട്ടു. ഷെമില്‍ ബാറ്റ് ചെയ്യാന്‍ നോക്കി അവസാനം ഔട്ട് ആയി മാറുകയായിരുന്നു. കുറച്ചുസമയം കുട്ടികളുടെ കൂടെ ചെലവഴിച്ച ശേഷം ഞങ്ങള്‍ വീണ്ടും ജീപ്പില്‍ കയറി യാത്രയായി.
പോകുന്ന വഴിയ്ക്ക് റോഡോ മാന്ഷനിലെ കെയര്‍ ടേക്കര്‍മാരായ ദമ്പതികള്‍ ഞങ്ങളോടൊപ്പം ജീപ്പില്‍ കയറി. ഇവരാണ് ഇന്ന് ഞങ്ങള്‍ക്കുള്ള ഭക്ഷണവും സൌകര്യങ്ങളും ഒക്കെ തയ്യാറാക്കുന്നത്. രാജന്‍ എന്നായിരുന്നു ചേട്ടന്റെ പേര്. ചേട്ടനും ചേച്ചിയും നല്ല കമ്പനിയായിരുന്നു. അങ്ങനെ ഞങ്ങള്‍ ബേസ് ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. ഇവിടെയാണ് നേരത്തെ പറഞ്ഞ ടെന്റുകളും ഹണിമൂണ്‍ കൊട്ടെജും ഉള്ളത്. ഞങ്ങളുടെ താമസം ഇവിടെയല്ലെങ്കിലും ടെന്റുകളും സൌകര്യങ്ങളും ഒക്കെ കണ്ടുകൊണ്ട് അവിടെയൊക്കെ കുറച്ചുനേരം ഞങ്ങള്‍ ചുമ്മാ ഒന്നു ചുറ്റിക്കറങ്ങി. കുറച്ചു സമയത്തിനു ശേഷം അങ്ങനെ ഞങ്ങള്‍ വീണ്ടും യാത്രയാരംഭിച്ചു. ഇനി പോകുന്ന വഴി ഒരല്‍പം മോശമാണ്. ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ വലിയ കുഴപ്പമില്ലാതെ ഇവിടേക്ക് കയറിപ്പോകും. ഞങ്ങള്‍ വന്ന ജീപ്പ് ഫോര്‍വീല്‍ ഡ്രൈവ് ആയിരുന്നില്ല. എന്നാലും ഡ്രൈവര്‍ ചേട്ടന്‍ ആള് പുലിയായിരുന്നു.
മുകളിലേക്ക് ചെല്ലുന്തോറും പതിയെ മഞ്ഞ് ഇറങ്ങിത്തുടങ്ങിയിരുന്നു. അങ്ങനെ മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് ഞങ്ങള്‍ റോഡോ മാന്ഷനില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് രണ്ടുമണി ആയിരുന്നു. പക്ഷെ അപ്പോഴും കോടമഞ്ഞ് പോയിരുന്നില്ല.അതുകൊണ്ട് രാവിലെ ഒരു ആറുമണി ഫീല്‍ ആയിരുന്നു അപ്പോള്‍ അവിടെ. രണ്ടു പേര്‍ക്ക് വീതം താമസിക്കാവുന്ന ആറു റൂമുകളും മൂന്നു പേര്‍ക്ക് വീതം താമസിക്കാവുന്ന രണ്ടു കോട്ടേജുകളുമാണ് ഇവിടെയുള്ളത്. ഞങ്ങള്‍ ചെന്നദിവസം അവിടെ താമസത്തിനായി മറ്റാരുംതന്നെ ഉണ്ടായിരുന്നില്ല.
ഇനി ഇന്ന് ഇവിടെ താമസം. രാത്രി ക്യാമ്പ് ഫയര്‍ ഒക്കെയുണ്ടായിരുന്നു. നല്ല കിടിലന്‍ മൂഡ്… കൂട്ടുകാരൊക്കെ ആയിട്ട് വന്നു അടിച്ചുപൊളിക്കുവാന്‍ പറ്റിയ ഒരിടം. തീയുടെ ചൂടില്‍ തണുപ്പകറ്റി ഞങ്ങള്‍ കുറേനേരം പുറത്തിരുന്നു വിശേഷങ്ങളൊക്കെ പറഞ്ഞു. രാത്രി ഡിന്നറിനു സമയമായപ്പോള്‍ രാജന്‍ ചേട്ടന്‍ വന്നു ഞങ്ങളെ വിളിച്ചു. എനിക്കാണെങ്കില്‍ നല്ല വിശപ്പും ഉണ്ടായിരുന്നു. ഡിന്നറിനു വിഭവങ്ങളായി ചപ്പാത്തിയും ബിരിയാണി റൈസും ചിക്കന്‍ കറിയും പരിപ്പ് കറിയുമൊക്കെ ഉണ്ടായിരുന്നു. നല്ല ഉഗ്രന്‍ ഫുഡ്.. ചേച്ചിയെ ഒന്നു അഭിനന്ടിക്കുവാനും ഞങ്ങള്‍ മറന്നില്ല. ഭക്ഷണമൊക്കെ കഴിഞ്ഞു ഞങ്ങള്‍ റൂമിലെത്തിയപ്പോള്‍ രാത്രി എട്ടുമണി ആയിരുന്നു. ഇനി നാളെ രാവിലെ ആറുമണിക്ക് എഴുന്നേറ്റു റെഡിയായി ബ്രേക്ക് ഫാസ്ടിനു ശേഷം മീശപ്പുലിമലയിലേക്ക് ട്രെക്കിംഗിനു പോകണം. ആ വിശേഷങ്ങള്‍ ഇനി അടുത്ത എപ്പിസോഡില്‍ പറയാം. അപ്പോള്‍ ഞങ്ങള്‍ ഇനി ഒന്നുറങ്ങട്ടെ.. തണുപ്പ് കൂടിയ ഒരു ഗുഡ് നൈറ്റ് ആശംസിക്കുന്നു…