മൂന്നാറിൽ പോകുവാൻ ഇഷ്ടമില്ലാത്തവർ ആരുംതന്നെ ഉണ്ടാകില്ല. മൂന്നാറിലെ സുഖമേറിയ കാലാവസ്ഥയുടെയും മനോഹരമായ പ്രകൃതിയുടെയും സാധ്യത ആദ്യം തിരിച്ചഞ്ഞറിഞ്ഞത് ബ്രിട്ടീഷുകാരാണ്. അങ്ങനെ മൂന്നാര്‍ തെന്നിന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വേനല്‍ക്കാലവിനോദകേന്ദ്രമായിമായി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. അങ്ങനെയാണ് മൂന്നാർ നമ്മൾ ഇന്ന് കാണുന്ന ഈ രൂപത്തിൽ ആയത്. ഇത് ചരിത്രം… ഇനി പറയുവാൻ പോകുന്നത് വർത്തമാനകാലത്തെ എൻ്റെ ഒരു യാത്രാനുഭവം…
ഞാനും അനിയനും കൂടിയായിരുന്നു മൂന്നാർ യാത്രയ്ക്ക് പുറപ്പെട്ടത്. തേയിലത്തോട്ടങ്ങൾ പണ്ടുമുതലേ തന്നെ എനിക്ക് വീക്ക്നെസ് ആയിരുന്നു. അങ്ങനെയിരിക്കെയാണ് തേയിലത്തോട്ടത്തിനു നടുവിലെ ഈ ഉഗ്രൻ വില്ലയെക്കുറിച്ച് ഞാൻ അറിയുന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, നേരെ അവിടേക്ക് വച്ചുപിടിച്ചു. യെല്ലോ ടെയിൽ എന്നാണു ഈ വില്ലയുടെ പേര്. മൂന്നാർ – പൂപ്പാറ റൂട്ടിൽ പെരിയകനാൽ എന്നൊരു സ്ഥലമുണ്ട്. അവിടത്തെ ടീ ഫാക്ടറിയുടെ അടുത്താണ് നമ്മുടെ ഈ വില്ല. താഴെ വാഹനങ്ങൾ പാർക്ക് ചെയ്തതിനു ശേഷം ഏകദേശം മുന്നൂറു മീറ്ററോളം മുകളിലേക്ക് നടന്നാൽ മാത്രമേ വില്ലയിൽ എത്താനാകൂ.
ഇവിടെ വന്നു താമസിക്കുന്നവർക്ക് ആനയിറങ്ങൽ ഡാം, മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളിൽ ഒക്കെ സന്ദർശനം നടത്താവുന്നതാണ്. ഇവിടത്തെ ഏറ്റവും വലിയ ആകർഷണം എന്തെന്നാൽ തേയിലത്തോട്ടങ്ങൾ തന്നെയാണ്. ഞങ്ങളുടെ കാർ താഴെ പാർക്ക് ചെയ്തതിനു ശേഷം മുകളിലേക്ക് തേയിലത്തോട്ടത്തിനു ഇടയിലൂടെ ഞങ്ങൾ വില്ല ലക്ഷ്യമാക്കി നടന്നു. ഏതൊരു മനുഷ്യനെയും മയക്കുന്ന അന്തരീക്ഷമായിരുന്നു അവിടെ. ബാച്ചിലേഴ്സിനും അതുപോലെതന്നെ ഫാമിലിയായി വരുന്നവർക്കും എൻജോയ് ചെയ്യുവാൻ പറ്റിയ ഒരിടമാണ് ഇത്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും ചിലപ്പോൾ ഇവിടേക്കുള്ള കയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കും.
വില്ലയിൽ നമുക്ക് പൂർണ്ണ സ്വാതന്ത്ര്യമായിരിക്കും ലഭിക്കുക. നിങ്ങൾ അല്ലാതെ ഉണ്ടായിരിക്കില്ല. രാവിലെ ഒരു കാര്യസ്ഥൻ ഉണ്ടാകുമെങ്കിലും രാത്രിയായാൽ അദ്ദേഹവും സ്ഥലംവിടും. പിന്നീട് നിങ്ങളുടേതു മാത്രമായ ഒരു ലോകം.. വില്ലയ്ക്ക് ചുറ്റും കമ്പിവേലി കെട്ടിയിരിക്കുന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ പേടിക്കേണ്ടതില്ല. വലിയൊരു ലിവിംഗ് റൂം, കിച്ചൻ, രണ്ടു ബെഡ് റൂമുകൾ എന്നിവയാണ് വില്ലയിൽ ഉള്ളത്. നിങ്ങൾക്ക് സ്വന്തമായി പാചകം ചെയ്യുവാനുള്ള സെറ്റപ്പ് എല്ലാം അടുക്കളയിൽ ഉണ്ട്. പാചകം ചെയ്യുവാനുള്ള വസ്തുക്കൾ (പച്ചക്കറികൾ, ചിക്കൻ etc.) നിങ്ങൾ വരുമ്പോൾ കൊണ്ടുവരികയോ അല്ലെങ്കിൽ കാര്യസ്ഥനായ രാജമാണിക്യം ചേട്ടനെക്കൊണ്ട് വാങ്ങിപ്പിക്കുകയോ ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ബെഡിൽ മൂന്നു പേർക്ക് നല്ല സുഖമായി കിടക്കുവാൻ സാധിക്കും. വില്ലയ്ക്ക് മുന്നിലെ കാഴ്ച അടിപൊളിയാണ് കേട്ടോ.
വില്ലയിൽ കയറി ഞങ്ങളുടെ ബാഗുകൾ ഒക്കെ അവിടെ വെച്ചശേഷം ഞങ്ങൾ ഒന്ന് കറങ്ങുവാനായി പുറത്തിറങ്ങി. ആനയിറങ്ങൽ ഡാമിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. ഞങ്ങളുടെ നിർഭാഗ്യം എന്നു പറയട്ടെ. ഡാമിൽ വെള്ളം കുറവായിരുന്നു. അതുകൊണ്ട് സ്പീഡ് ബോട്ടിംഗ് താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്ന സമയമായിരുന്നു അത്. കുട്ടവഞ്ചി യാത്ര വേണമെങ്കിൽ പോകാം. കുട്ടവഞ്ചിയിൽ ഞങ്ങൾ പത്തനംതിട്ടയിൽ നേരത്തെ പോയിരുന്നതിനാൽ അത് വേണ്ടെന്നു വെച്ച്. ഡാമിൽ കയറുവാൻ എൻട്രി ഫീസ് ഉണ്ട്. ഒപ്പം നല്ല പാർക്കിങ് ഏരിയയും. ഞങ്ങൾ ഏതായാലും ഒന്നു കയറുവാൻ തീരുമാനിച്ചു. അയടുക്കൽ വിടെവെച്ച് പട്ടാമ്പിയിൽ നിന്നും വന്ന താഹിർ ചേട്ടനും കുടുംബവും എൻ്റെയടുക്കൽ വന്ന് പരിചയപ്പെട്ടു. അങ്ങനെ അവിടത്തെ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ തിരികെ വില്ലയിലേക്ക് യാത്രയായി.
രാത്രി രാജമാണിക്യം ചേട്ടൻ ഞങ്ങൾക്ക് ഡിന്നർ കഴിക്കുവാനുള്ള ഭക്ഷണവുമായി എത്തിച്ചേർന്നു. ഭക്ഷണം പുറത്തു ഹോട്ടലിൽ നിന്നുമായിരുന്നു. ഞങ്ങൾ ഭക്ഷണം കഴിച്ച ശേഷം പുള്ളി ഞങ്ങളോട് സലാം പറഞ്ഞു മടങ്ങി. ഇനി ഞങ്ങൾ മാത്രമുള്ള ഒരു ലോകം… യാത്രയുടെ ക്ഷീണം നന്നായിട്ടുണ്ട്. ഇനി ഞങ്ങൾ ഒന്ന് ഉറങ്ങട്ടെ…
പിറ്റേദിവസം രാവിലെതന്നെ ഞങ്ങൾ എഴുന്നേറ്റു ഒരു പ്രഭാത നടത്തത്തിനായി ഇറങ്ങി. താഴെ തേയിലയത്തോട്ടങ്ങൾക്ക് സമീപത്തായി ആനപ്പിണ്ടങ്ങൾ കണ്ടു. തലേന്ന് രാത്രി ആന ഇവിടെ ഉണ്ടായിരുന്നു എന്നർത്ഥം. സൂര്യകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നതേയുള്ളൂ. ചുറ്റും കോടമഞ്ഞിന്റെ ചെറിയൊരു വലയമുണ്ടായിരുന്നു. സ്വർഗ്ഗതുല്യമായ ഒരു കാഴ്ച. ജീവിതത്തിൽ ഈ കാഴ്ചകൾ ഒന്നാസ്വദിക്കേണ്ടതു തന്നെയാണ്. രാവിലത്തെ കറക്കമെല്ലാം കഴിഞ്ഞു ഞങ്ങൾ തിരികെ വില്ലയിലെത്തി. അനിയൻ അഭിയുടെ വക ഒരു ചായയും കുടിച്ചു കുറച്ചു നേരം വിശ്രമിച്ചു. കുളിച്ചു റെഡിയായ ശേഷം ഞങ്ങൾ ഒരു ജീപ്പ് വിളിച്ച് പാപ്പാത്തിചോല എന്ന സ്ഥലത്തേക്ക് യാത്രയായി. കൊളുക്കുമല പോകണം എന്നായിരുന്നു എൻ്റെ ആഗ്രഹം. പക്ഷെ അവിടെ ആ സമയത്ത് എന്തൊക്കെയോ കാരണങ്ങൾ മൂലം സന്ദർശകർക്ക് വിലക്ക് ഉണ്ടെന്നു ജീപ്പുകാർ പറഞ്ഞു. അപ്പൊ പിന്നെ ഇനി പാപ്പാത്തിച്ചോല തന്നെ ശരണം… യാത്രയിൽ ഞങ്ങളോടൊപ്പം വില്ലയുടെ മാനേജരും കൂടി.
അധികമാരും പോകാത്ത ഒരു ഏരിയയായിരിക്കും പാപ്പാത്തിച്ചോല. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ നാഗമലയും കൊളുക്കുമലയും അതിരിടുന്ന മനോഹരമായ പുല്‍മേട്. കൈയേറ്റവും ഒഴിപ്പിക്കലുമായി വാര്‍ത്തകളില്‍ നിറഞ്ഞുന്ന പാപ്പാത്തിച്ചോല ആരെയും മോഹിപ്പിക്കും. പാപ്പാത്തിച്ചോലയില്‍ നിന്നാല്‍ ബോഡിമെട്ട്, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ നയനമനോഹരമായ കാഴ്ചകള്‍ കാണാം.
പോകുന്ന വഴിയിൽ അങ്ങുദൂരെ താഴ്വരയിൽ ഒരു ആനക്കൂട്ടം മേയുന്നത് കാണുവാൻ സാധിച്ചു. കുറച്ചു സമയത്തെ ടാർ റോഡിലൂടെ യാത്രയ്ക്കുശേഷം പിന്നീട് ചെറിയൊരു ഓഫ് റോഡ് ആയിരുന്നു. ജീപ്പ് അല്ലെ കൂടെയുള്ളത്. അവനു എന്തോന്ന് ഓഫ് റോഡ്? അങ്ങനെ പലതരത്തിലുള്ള വഴികൾ താണ്ടി ഞങ്ങൾ ഹാരിസൺ മലയാളത്തിന്റെ ടീ എസ്റ്റേറ്റിൽ എത്തിച്ചേർന്നു. അവിടെ ചെറിയൊരു വെള്ളച്ചാട്ടവും ഉണ്ടായിരുന്നു. വെള്ളച്ചാട്ടം കണ്ടപ്പോ ലാനിയാണ് വല്ലാതെ കൊതി മൂത്തു. ഞങ്ങൾ ആ വെള്ളത്തിൽ ഒന്ന് മുഖം കഴുകി.. ആഹാ.. നല്ല തണുപ്പായിരുന്നു. വെള്ളച്ചാട്ടത്തിനു സമീപത്തെ പാറയിലേക്ക് അനിയന്റെ നിര്‍ബന്ധ പ്രകാരം ഞാനും പിടച്ചു കയറി. നിർഭാഗ്യമെന്നു പറയാമല്ലോ ഞങ്ങൾ രണ്ടും നൈസായി ഒന്ന് തെന്നി വീണു. കൈയൊക്കെ ചെറുതായി ഒന്നുരഞ്ഞു. അങ്ങനെ ഞങ്ങൾ തിരികെ യാത്രയായി. ഒന്നു വീണെങ്കിലും നല്ല അടിപൊളി കാഴ്ചകളാണ് ഈ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്. ആ ഓർമ്മകളിൽ ഞങ്ങളുടെ വേദനകൾ ഇല്ലാതെയായി.
ഇതൊക്കെ കണ്ടിട്ട് നിങ്ങൾക്ക് കൊതിയാകുന്നുണ്ടോ? നിങ്ങൾക്കും ഇതുപോലെ ഒരു യാത്ര പോകണം എന്നുണ്ടോ? മൂന്നാർ പെരിയകനാലിൽ തേയിലത്തോട്ടത്തിനുള്ളിൽ താമസിക്കാം, ഒപ്പം കൊളുക്കുമലയും പാപ്പാത്തിചോലയും ഒക്കെ ഇതുപോലെ ജീപ്പിൽ പോയി കാണാം. 4000 രൂപയ്ക്ക് (യെല്ലോ ടെയിൽ) ഒരു വില്ല ഒരു ദിവസത്തേക്ക് നിങ്ങൾക്ക് സ്വന്തം. ബുക്കിംഗിനായി വിളിക്കാം: 9946478846.