ലേഖകൻ – വിനു പൂക്കാട്ടിയൂർ.
പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാപ്പാനെ മോചിപ്പിച്ച “ആല സോമൻ” എന്ന ആനയെകുറിച്ചെഴുതാമോ എന്നൊരു സുഹൃത്ത് ചോദിക്കുകയുണ്ടായി. അറിയാവുന്ന വിവരങ്ങളും കിട്ടിയ അറിവുകളും കൊണ്ടെഴുതിയതാണിത്. വായിച്ചു നോക്കി അഭിപ്രായം പറയാൻ മടിക്കരുത്.!
ആനയും ചട്ടക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആകെത്തുകയായിരുന്നു ആല സോമൻ എന്ന കൊമ്പൻ. പൊക്കത്തിൽ ചെറിയവനായിരുന്നെങ്കിലും, ചട്ടക്കാരോടും സഹജീവികളോടുമുള്ള ഇവന്റെ സ്നേഹത്തിന് ചെങ്ങലൂർ രംഗനാഥനെക്കാൾ ഉയരമുണ്ടായിരുന്നു.! അതെ, ആരും നോക്കിനിൽക്കുന്ന സൗന്ദര്യവും, ആരെയും ആനപ്രേമിയാക്കുന്ന സ്വഭാവവും.!
ചെങ്ങന്നൂർ പ്ലാപ്പള്ളിത്തറ വീട്ടിലെ ആനയായിരുന്നു സോമൻ. ചട്ടക്കാരൻ തന്റെ അമ്മയും, ഉടമസ്ഥൻ തന്റെ അച്ഛനുമായി കരുതിയ ആന. തികഞ്ഞ സ്വഭാവശുദ്ധിയുടെ പര്യായമായിരുന്നു സോമൻ. എന്നാൽ തന്റെ വേണ്ടപ്പെട്ടവരെ ആരെങ്കിലും ഉപദ്രവിച്ചാൽ സോമൻ നോക്കിനിൽക്കുകയുമില്ല.! ഒരിക്കൽ തന്റെ ചട്ടക്കാരനെ മാന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. ആനയെ നിയന്ത്രിക്കേണ്ട പാപ്പാൻ, മദ്യപിച്ചു ലക്കുകെട്ട് യാതൊരു നിയന്ത്രണവുമില്ലാതെ നിൽക്കുമ്പോഴായിരുന്നു ഇത്. എന്നാൽ ചട്ടക്കാരനെ അന്വേഷിച്ചു മാന്നാർ സ്റ്റേഷനിലെത്തിയ ആന തന്റെ വിശ്വരൂപം പുറത്തെടുത്തു.! അലറിവിളിച്ചു സ്റ്റേഷന്റെ ഒരു ഭാഗം അവൻ തകർത്തു. ചട്ടക്കാരനെ ജാമ്യത്തിലെടുക്കാൻ വന്നയാളെ കണ്ടു പോലീസുകാർ ഞെട്ടി.! ഗത്യന്തരമില്ലാതെ പാപ്പാനെ ആനയോടൊപ്പം വിടേണ്ടിവന്നു. ചട്ടക്കാരൻ അരികിലെത്തിയതോടെ ആന ശാന്തനായി നിന്നു.!
വേറൊരിക്കൽ അമിതമായി മദ്യപിച്ചതിന്റെ പേരിൽ തന്റെ വേറൊരു പാപ്പാനെ ചെങ്ങന്നൂർ പോലീസ് പിടിച്ചു ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. സോമൻ വിടുമോ, തുമ്പി പൊക്കി അവനും ജീപ്പിനു പുറകെ പാഞ്ഞു.! പഴയ സ്റ്റേഷൻ സംഭവം ഓർത്തെടുത്ത പോലീസുകാർ അപ്പോൾ തന്നെ ചട്ടക്കാരനെ ഇറക്കിവിട്ടു.!
ചട്ടക്കാരനെ മരണത്തിൽ നിന്നും രക്ഷിച്ച സംഭവങ്ങൾ വേരെയുണ്ടായിട്ടുണ്ട്. മദ്യപിച്ചു പുഴയിൽ വീണ ചട്ടക്കാരനെ തുമ്പിയിൽ കോരിയെടുത്തു സോമൻ വീട്ടിലാക്കി.ഒന്നല്ല രണ്ടു തവണ.!
ചങ്ങനാശ്ശേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പറയ്ക്കു ആറു കൊല്ലത്തോളം സോമൻ എഴുന്നെള്ളിയിരുന്നു. നല്ല സ്വഭാവവും അഴകും കാരണം നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു ആന. ഓരോ വീട്ടിൽ നിന്നും എന്തെങ്കിലുമൊക്കെ കിട്ടാതെയവൻ പോകില്ല.! ഒരിക്കൽ ഒരു വീട്ടിൽ നിന്നും ചക്ക കിട്ടാത്ത ദേഷ്യത്തിന്, കുറെ കപ്പയും പറിച്ചുകൊണ്ടു പോയി.!
നല്ല എഴുന്നെള്ളിപ്പ് ചിട്ടയുണ്ടായിരുന്നു ആനയ്ക്ക്. ഒപ്പം പാപ്പാൻ വേണമെന്നില്ല. വിളക്ക് എടുത്തിരിക്കുന്ന ആളുടെ പുറകെ പോകും.! തിരുവണ്ടൂർ വിഗ്രഹലബ്ധി യജ്ഞത്തിൽ മുപ്പത്തിരണ്ടുകൊല്ലം തുടർച്ചയായി എഴുന്നെള്ളിയിട്ടുണ്ട്.! സീസൺ മുഴുവൻ പരിപാടി എടുത്തിരുന്ന ആന,ചെങ്ങന്നൂർ ഉത്സവത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു.! ഗോവിന്ദപിള്ള, രാജൻ തുടങ്ങിയ ചട്ടക്കാരായിരുന്നു വഴി നടത്തിയിരുന്നത്.
പതിനെട്ടു വർഷങ്ങൾക്കു മുൻപ് ഇരണ്ടക്കെട്ടിന്റെ രൂപത്തിലെത്തിയ മരണം സ്നേഹനിധിയായ ആനയെ കവർന്നെടുത്തു. കാലത്തിന്റെ കൈവെള്ളയിൽ കയ്യൊപ്പുചാർത്തിയ ആ കരിവീരന്റെ പാവനസ്മരണകൾക്ക് മുൻപിൽ കൂപ്പുകൈ.!