‘കടമക്കുടി’ എന്ന സ്ഥലം ഇപ്പോൾ എല്ലാവർക്കും സുപരിചിതമായിരിക്കും. ‘എറണാകുളത്തിന്റെ കുട്ടനാട്’ എന്ന വിളിപ്പേരുള്ള മനോഹരമായ ഒരു ലൊക്കേഷൻ; അതാണ് എല്ലാവർക്കും കടമക്കുടിയെക്കുറിച്ച് പറയുവാനുള്ളത്. എന്നാൽ കടമക്കുടി പഞ്ചായത്തിൽത്തന്നെയുള്ള അധികമാരും അറിയപ്പെടാത്ത മറ്റൊരു കടമക്കുടി കൂടിയുണ്ട്, ചെറിയ കടമക്കുടി. കടമക്കുടി പഞ്ചായത്തിലെ പിഴല എന്ന ദ്വീപിനോട് ചേർന്നു കിടക്കുന്ന ചെറിയൊരു ദ്വീപാണ് ചെറിയ കടമക്കുടി. ഈ ചെറിയ ദ്വീപിൽ ഏതാണ്ട് അൻപതോളം കുടുംബങ്ങളും താമസിക്കുന്നുണ്ട്.
ചെറിയ കടമക്കുടിയിൽ ജീവിക്കുന്നവർക്ക് പുറംലോകത്തേക്കു പോകണമെങ്കിൽ പിഴല ദ്വീപ് കടന്നിട്ട് പിന്നീട് അവിടെ നിന്നും ചങ്ങാടത്തിൽ മൂലമ്പിള്ളി, കോതാട് ദ്വീപുകളിലേക്കോ കടക്കണം. ചെറിയ കടമക്കുടിയിൽ നിന്നും പിഴലയിലേക്ക് ചെറിയൊരു പാലം മാത്രമേയുള്ളൂ. അതും ദ്രവിച്ചു അപകടാവസ്ഥയിലായിരുന്നു. മഴക്കാലത്താണ് ചെറിയ കടമക്കുടിക്കാർ ഏറ്റവും ദുരിതമനുഭവിക്കുന്ന സമയം. ചെറിയ കടമക്കുടിയിൽ നിന്നും പിഴലയിലേക്ക് പാലം ഇറങ്ങിയാൽപ്പിന്നെ കുറെ ദൂരം പാടവരമ്പത്തുകൂടെയാണ് യാത്ര. മഴക്കാലത്ത് ഇതുവഴി പോകുന്നവർ ഉറപ്പായും നനഞ്ഞു കുളിച്ചിരിക്കും. കുഞ്ഞു കുട്ടികളുമായി ഇങ്ങനെ യാത്ര ചെയ്യുന്ന ബുദ്ധിമുട്ട് ഒന്നാലോചിച്ചു നോക്കിക്കേ. അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു ചെറിയ കടമക്കുടി, കഴിഞ്ഞ വർഷത്തെ പ്രളയം വരെ.
അതെ, പ്രളയം നന്നായി താണ്ഡവമാടിയെങ്കിലും അതുമൂലം ഭാഗ്യം കൈവന്ന ഒരു സ്ഥലം കൂടിയാണ് ചെറിയ കടമക്കുടി. പ്രളയം വന്നത് നന്നായി എന്ന് ഒരു നാടിന് തോന്നുന്നുണ്ടെങ്കിൽ അത് ചിലപ്പോൾ ചെറിയ കടമക്കുടി ആയിരിക്കും. ഇലക്ഷന് ശേഷം ജനപ്രതിധികൾ തിരിഞ്ഞു നോക്കാത്ത നാട് എന്ന് പറഞ്ഞാൽ ശരിയാവില്ല. വോട്ടിന് വേണ്ടി പോലും സ്ഥാനാർത്ഥികൾ കയറിയിറങ്ങാത്ത ഈ നാട്ടിൽ സാക്ഷാൽ ഇന്ത്യൻ നേവിയുടെ കണ്ണ് പതിഞ്ഞെങ്കിൽ അതിന് ഒരൊറ്റ കാരണമേ ഉള്ളൂ… പ്രളയം!! എങ്ങനെയാണ് ഈ തുരുത്തിനു പ്രളയം ഒരനുഗ്രഹമായി മാറിയത്?
പ്രളയകാലത്ത് കേരളത്തിൽ ഇന്ത്യൻ നേവിയുടെ സഹായം എടുത്തു പറയേണ്ട ഒന്നായിരുന്നല്ലോ. പ്രളയത്തിനിടെ രക്ഷാപ്രവർത്തനത്തിനായി പിഴലയിൽ എത്തിയ ഇന്ത്യൻ നേവിയ്ക്ക് ചെറിയ കടമക്കുടിക്കാരുടെ ദുരിതം നേരിട്ടു മനസ്സിലാക്കുവാൻ സാധിച്ചു. അങ്ങനെ പ്രളയ ശേഷം ഇന്ത്യൻ നേവി ചെറിയ കടമക്കുടിയെ ഏറ്റെടുക്കുകയായിരുന്നു. വിള്ളൽ വീണ ചെറിയ കടമക്കുടി പാലം ഇരുമ്പു ഷീറ്റ് ഉപയോഗിച്ച് നേവിക്കാർ സഞ്ചാരയോഗ്യമാക്കി.
നേവിയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്കുള്ള പാർക്ക്, വാട്ടർ ഫിൽറ്റർ സംവിധാനം, എല്ലാ വീട്ടിലും സോളാർ വൈദ്യുതി എന്നിവയിൽ വരെ എത്തി നിൽക്കുന്നു. ഒപ്പം തന്നെ ഈ കാലയളവിൽ പ്രളയത്തിൽ തകർന്നു പോയ ചെറിയ കടമക്കുടിയിലെ 3 വീടുകൾ പുനർനിർമിക്കുകയും ചെയ്ത ഇന്ത്യൻ നേവി ആ വീടുകളുടെ താക്കോൽദാന കർമ്മവും ഇപ്പോൾ നിർവ്വഹിച്ചിരിക്കുകയാണ്. ബിനു, സാജൻ, ദാസൻ എന്നിവരുടെ വീടുകളാണ് പുനർനിർമാണം നടത്തിയത്. എന്നും തഴയപ്പെട്ട ഒരു നാടിനെ അസൂയയോടെ അയൽനാട്ടുകാർ നോക്കിക്കാണുമ്പോൾ എല്ലാ നന്ദിയും ഇന്ത്യൻ നേവിക്ക്..
കടപ്പാട് – സന്ദീപ് സുകുമാരൻ.