ജീവിതത്തിൽ ഒരു തവണ മന്ത്രിസ്ഥാനം കിട്ടിയാൽ പിന്നെ അയാളുടെ കുടുംബം രക്ഷപ്പെടും. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് പലരും കാണുന്നത്. അപൂര്‍വം ചിലര്‍ മാത്രമാണ് രാഷ്ട്രീയം സാമൂഹ്യസേവനമായി കാണുന്നത്. അത്തരമൊരാളായിരുന്നു രമേശ് നിരഞ്ജന്. സത്യസന്ധന്, നിലപാടുകളില്‍ അചഞ്ചലന്‍, കറ തീര്‍ന്ന ഗാന്ധിയന്‍…ഇതൊക്കെയായിയായിരുന്നു ആ മനുഷ്യന്. അഴിമതിയ്ക്കെതിരേ കര്‍ശന നിലപാടെടുത്തതിലൂടെ ഇദ്ദേഹം സമശീര്‍ഷരായ മറ്റു രാഷ്ട്രീയക്കാര്‍ക്കിടയില്‍ നോട്ടപ്പുള്ളിയായിമാറാനും അധികകാലം വേണ്ടിവന്നില്ല. 2006 ല്‍ ഉത്തരാഖണ്ഡ് ലെ നാരായണ്‍ ദത്ത് തിവാരിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കരിമ്പ് കൃഷി വികസനവകുപ്പ് മന്ത്രിയായിരുന്ന രമേശ് നിരഞ്ജന് കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഹരിദ്വാറിലെ ഫുട്പാത്തില്‍ കളിപ്പാട്ടങ്ങളും വളകളും വിറ്റാണ് ഉപജീവനം നടത്തുന്നത്. ആ കഥയിലേക്കു കടക്കാം…
മന്ത്രിയായശേഷം അഴിമതിയും കൃത്യവിലോപവും അദ്ദേഹം വച്ചുപൊറുപ്പിക്കുമായിരുന്നില്ല.പല ഉദ്യോഗസ്ഥരും പടിയിറങ്ങി. അനവധി ഫയലുകള്‍ ഒപ്പിടാതെ വിശദീകരണത്തിനായി മടങ്ങി. കരാറുകാര്‍ക്ക് ഏര്‍പ്പെടുത്തിയ പരസ്യമായ ടെണ്ടര്‍ പ്രക്രിയ അവര്‍ക്ക് തലവേദനയായി. സ്ഥലം മാറ്റവ്യവസായം അവസാനിപ്പിച്ചു. വിഭാഗത്തില്‍ ട്രാന്‍സ്പേരന്‍സിയും സിറ്റിസണ്‍ ചാര്‍ട്ടറും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. വകുപ്പില്‍ ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതാക്കി.
വളരെ സത്യസന്ധനായ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു ശത്രുക്കള്‍ ധാരാളമുണ്ടായി,രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും അദ്ദേഹത്തിനെതിരെ ശക്തമായ അണിയറ നീക്കങ്ങള്‍ നടന്നു. ഒടുവില്‍ അവര്‍ സമര്‍ഥമായി അദ്ദേഹത്തെ തളച്ചു.അതിനു തുടക്കം ഇങ്ങനെയായിരുന്നു. കൃത്യമായി ജോലിക്കു ഹാജരാകാതിരുന്ന കൃഷിഭവന് റൂറല്‍ ഓഫീസിലെ 33 ഉദ്യോഗസ്ഥരെ ഒരു മിന്നല്‍ പരിശോധന നടത്തി അദ്ദേഹം ഒറ്റയടിക്ക് സസ്പെന്‍ഡ് ചെയ്തു. ഉത്തരാഖണ്ഡ് ന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിരുന്നു ഇത്ര വലിയ ഒരു സസ്പെന്ഷന്. പ്രശനം വിവാദമായി. ഇത് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചൊടിപ്പിച്ചു.
സര്‍വീസ് സംഘടനകള്‍ സമരപ്രഖ്യാപനവുമായി രംഗത്തുവന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസിലെ പല നേതാക്കളും അവരെ പിന്തുണച്ചു. മുഖ്യമന്ത്രിയും അവര്‍ക്കൊപ്പം ചേര്‍ന്നതോടെ ഒടുവില്‍ മന്ത്രിസ്ഥാനം തന്നെ വലിച്ചെറിഞ്ഞു പുറത്തു വന്ന അദ്ദേഹം രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ഇപ്പോഴും ഹരിദ്വാറിലെ ഫുഡ് പാത്തില്‍ താന്‍ പഴയ മന്ത്രിയായിരുന്നെന്ന ഗര്‍വൊന്നുമില്ലാതെ വെറുമൊരു സാധാരണക്കാരനായി അദ്ദേഹം കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നത് കാണാം.
അഴിമതിക്കാരായ ധാരാളം മന്ത്രിമാർ പ്രശസ്തരായിരിക്കുന്ന ഈ കാലത്ത് ഇദ്ദേഹത്തെപ്പോലുള്ള മികച്ച ഭരണകർത്താക്കൾ ആരോരുമറിയാതെ, ആരോടും പരിഭവം പറയാതെ തങ്ങളുടെ ജീവിതം മുന്നോട്ടു നീക്കിക്കൊണ്ടു പോകുകയാണ്.
കടപ്പാട് – രാഷ്ട്രദീപിക, സത്യം ഓൺലൈൻ.