ഇന്ത്യൻ ചാരൻ പാക്ക് മേജറായി മാറിയ കഥ

രവീന്ദ്ര കൗശിക് എന്ന നബി അഹമദ് ഷാക്കീർ. പാക്ക് സൈന്യത്തിൽ നുഴഞ്ഞുകയറി മേജർ റാങ്കിലെത്തിയ ധീരനായ ഇന്ത്യൻ സൈനീകൻ. രാജസ്ഥാനിലും കാശ്മീരിലും ഒരു കാലത്തു നടന്ന പാക്ക് സൈനീകരുടെയും തീവൃവാദികളുടേയും നുഴ്ഞ്ഞുകയറ്റവും പാക്ക് സൈനീക തന്ത്രവും ഇന്ത്യൻ സൈന്യത്തിനു ചോർത്തി നല്കിയിരുന്ന ഇന്ത്യൻ ചാരൻ. സിനിമാ കഥയെ പോലും വെല്ലുന്ന പ്രവർത്തനവും, നീക്കങ്ങളുമായിരുന്നു രവീന്ദ്ര കൗശിക്കിന്റെത്.

രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ സാധാരണ കുടുംബത്തില്‍ ജനനം. പഠനകാലയളവില്‍ തന്നെ നാടക രംഗത്ത് ശ്രദ്ധേയനായി. മികച്ച അഭിനേതാവായിരുന്നു രവീന്ദര്‍ കൗശിക്ക്. ലക്‌നോയില്‍ നടന്ന ദേശീയ നാടക മല്‍സരത്തിനിടെയാണ് കൗശിക്കിനെ റോ കണ്ടെത്തിയത്. തികഞ്ഞ ദേശസ്‌നേഹി ആയിരുന്ന കൗശിക്ക് രാജ്യത്തിനു വേണ്ടി അത്യന്തം അപകടകരമായ ആ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ യുവാവിനെ ഇന്ത്യൻ ചാര സംഘടന മിഷൻ ഏല്പ്പിക്കുകയായിരുന്നു. ജോലി ഇതായിരുന്നു: ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് പാക്കിസ്താനില്‍ പോവുക. അവിടെ പഠിക്കുക. അവിടെ നിന്ന് വിവാഹം കഴിക്കുക. പാക് സൈന്യത്തില്‍ ജോലി നേടുക. അവിടെ നിന്നുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് എത്തിക്കുക.

23 മത് വയസ്സിൽ രവീന്ദ്ര കൗശിക് ഇന്ത്യൻ സേനയിൽ ചേർന്നു. ആദ്യ രണ്ട് വർഷം ദില്ലിയിൽ അതി കഠിനമായ പരിശീലനം. ഇന്ത്യയിലേക്ക് രഹസ്യ വിവരം കൈമാറാനുള്ള എല്ലാ നീക്കങ്ങളും അദ്ദേഹത്തേ പരിശീലിപ്പിച്ചു. പിന്നീട് മതം മാറ്റം. നബി അഹമ്മദ് ഷാക്കിര്‍ എന്ന പേര് സ്വീകരിച്ചു, സുന്നത്ത് ചെയ്തു. ഉര്‍ദു പഠിച്ചു. മതപഠനവും നടത്തി. പാക്കിസ്താന്റെ ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും കുറിച്ച് ആഴത്തില്‍ പഠിച്ചു.

പിന്നീട്, 1975ല്‍ ഭാരതത്തിനോട് വിടപറഞ്ഞു പാക്കിസ്താനിലേക്ക് പോയി. അദ്ദേഹം വണ്ടികയറിയത് ജീവിതത്തിന്റെ അവസാന നാളിൽ വരെ പാക്കിസ്ഥാനിൽ കഴിയാൻ വേണ്ടിയായിരുന്നു. ഒരിക്കലും ഇന്ത്യയിലേക്കുള്ള മടക്കയാത്ര ഉദ്ദേശിച്ചിരുന്നില്ല. ജീവിതം തന്നെ ഉദ്ദ്യമത്തിനായി മാറ്റിയെഴുതി. വൈകാതെ കൗശിക്ക് കറാച്ചി സര്‍വകലാശാലയില്‍ നിയമ ബിരുദത്തിന് ചേര്‍ന്നു. മികച്ച നിലയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം പാക് സൈന്യത്തില്‍ കമീഷന്‍ഡ് ഓഫീസറായി ചേര്‍ന്നു. അതിവേഗം സൈന്യത്തില്‍ ശ്രദ്ധേയനായ കൗശിക്കിന് മേജര്‍ പദവി ലഭിച്ചു. അതിനിടെ, പാക് കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ചു. അപ്പോഴും മുറ തെറ്റാതെ സ്വന്തം വീട്ടിലേക്ക് കത്തുകള്‍ അയച്ചു.

1979 മുതല്‍ 1983 വരെ സൈന്യത്തില്‍ പ്രവര്‍ത്തിച്ച കൗശിക്ക് അതീവ നിര്‍ണായകമായ വിവരങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നത്. ഇന്ത്യന്‍ സൈന്യ മുന്നേറ്റത്തിന് ഏറ്റവും സഹായകരമായ അനേകം വിവരങ്ങള്‍ അതിലുള്‍പ്പെടുന്നു. പാക് സൈന്യത്തിന്റെ തന്ത്രങ്ങള്‍ മുന്‍ കൂട്ടി അറിഞ്ഞത് ഇന്ത്യയ്ക്ക് മുന്‍കൈ ലഭിക്കാന്‍ സഹായകമായി. രാജസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് സൈന്യം നടത്തിയ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയത് കൗശിക്ക് നല്‍കിയ വിവരങ്ങള്‍ വഴിയായിരുന്നു. ശത്രുപാളയത്തില്‍ കടന്നു കയറി അതീവ രഹസ്യ വിവരങ്ങള്‍ കൈമാറുന്ന ആ ചങ്കൂറ്റം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി കൗശിക്കിന് നല്‍കിയ പേര് അതിന് തെളിവായിരുന്നു: ‘ബ്ലാക്ക് ടൈഗര്‍.’

എല്ലാം തകര്‍ന്നത് 1983ലായിരുന്നു. കൗശിക്കുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ഇന്ത്യ ഒരു ചാരനെ കൂടി പാക്കിസ്താനിലേക്ക് അയച്ചു. ഇനായത്ത് മസിഹ എന്നായിരുന്നു അയാളുടെ പേര്. ഇനായത്ത് പാക് ചാരന്‍മാരുടെ വലയില്‍ കുടുങ്ങി. കൗശിക്കിന്റെ യഥാര്‍ത്ഥ മുഖം പാക് സൈന്യം അറിഞ്ഞു. വൈകിയില്ല, അവര്‍ കൗശിക്കിനെ പിടികൂടി. രണ്ട് വര്‍ഷത്തോളം സിലിക്കോട്ടിലെ രഹസ്യ താവളത്തില്‍ അദ്ദേഹത്തെ അവര്‍ കഠിനമായി ചോദ്യം ചെയ്തു.

ഒരു വിവരവും കിട്ടാതായപ്പോള്‍ കൊടും പീഡനങ്ങള്‍ക്ക് ഇരയാക്കി. കൗശിക്കിന്റെ കൺപോളകൾ പാക് സൈന്യം അറുത്തുമാറ്റി ഉറങ്ങാതിരിക്കാനായിരുന്നു ഇത്. രഹസ്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചു. കാതുകളില്‍ ഇരുമ്പു ദണ്ഡ് ചൂടാക്കി കുത്തിയിറക്കി. 16 വര്‍ഷം സിലിക്കോട്ട്, കോട് ലാക്പത്, മയാന്‍ വാലി എന്നിങ്ങനെ പല ജയിലുകളില്‍ മാറി മാറി താമസിപ്പിച്ചു. കഠിനമായ പീഡനങ്ങള്‍ക്കിടെ, കൗശിക്കിന് ആസ്തമയും ക്ഷയരോഗവും പിടിപെട്ടു. 18 വര്‍ഷത്തെ പീഡനങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ മരണം രക്ഷിച്ചു.

ഇന്ത്യ ഒരിക്കലും കൗശിക്കിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. എങ്കിലും, അദ്ദേഹത്തിന്റെ കുടുംബത്തിന് മാസം 500 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ചു. പിന്നീടിത് 2006ൽ അമ്മ അമലാദേവി മരിക്കുന്നത് വരെ രണ്ടായിരമാക്കി വർദ്ധിപ്പിച്ചു. ഇതല്ലാതെ, ഇന്ത്യയ്ക്കു വേണ്ടി ജീവൻ നൽകിയ ആ പോരാളിക്കു വേണ്ടി മറ്റൊന്നും ചെയ്യാൻ മാറി മാറി വന്ന സർക്കാറുകൾ തയ്യാറായില്ല. ചാരവൃത്തി സമ്മതിക്കുന്നതിലുള്ള നിയമപ്രശ്‌നങ്ങളായിരുന്നു പ്രധാന കാരണം.

ജയിലിലുള്ളപ്പോഴും അദ്ദേഹം കുടുംബത്തിന് സ്വന്തം അവസ്ഥകൾ വിവരിച്ച് കത്തുകൾ എഴുതുമായിരുന്നു. അങ്ങനെയൊരു കത്തിൽ അദ്ദേഹം എഴുതി- “അമേരിക്കക്കാരനായിരുന്നു ഞാനെങ്കിൽ, മൂന്നാം ദിവസം ജയിലിൽനിന്ന് മോചിതനായേനെ. ഞാൻ ഇന്ത്യക്കാരനായിപ്പോയി. ഇതാണോ സ്വജീവിതം ത്യജിച്ച ഒരാൾക്ക് ഇന്ത്യ നൽകുന്നത്?”

രവീന്ദർ കൗശിക്കിന്റെ ജീവിതത്തെ ആസ്പദമാക്കി ഇന്ത്യൻ ചാര സംഘടനയായ റോയുടെ മുൻ ജോയിന്റ് ഡയരക്ടർ മലോയ് കൃഷ്ണ ധർ എഴുതിയ പുസ്തകമാണ് “മിഷൻ റ്റു പാകിസ്താൻ: ഏൻ ഇന്റലിജൻസ് ഏജന്റ്”. ആ പുസ്തകം പറഞ്ഞത് കഥ ആയിരുന്നുവെങ്കിലും ആ പേര് അതിൽ വെളിപ്പെടുത്തിയിരുന്നില്ല. വെറുമൊരു സിനിമാക്കഥയാക്കി ആ ജീവിതത്തെ വില കുറച്ചെങ്കിലും ‘ഏക് ഥാ ടൈഗർ’ എന്ന സിനിമ വന്നതോടെയാണ് കൗശിക്കിന്റെ പേര് പുറത്തറിഞ്ഞത്. സത്യത്തിൽ, സിനിമയിലും കൗശിക്കിന്റെ പേര് ഉപയോഗിച്ചില്ലെങ്കിലും സിനിമക്കാധാരമായ ജീവിതം എന്ന നിലയിൽ ചില മാധ്യമങ്ങൾ ആ ജീവിതം പകർത്തി പുറത്തുവിടുകയായിരുന്നു.

കടപ്പാട് – വിക്കിപീഡിയ, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.