ഡ്രൈവറായ അച്ഛൻ്റെ ആഗ്രഹം സാധിക്കാൻ വെഹിക്കിൾ ഇൻസ്പെക്ടറായി മകൾ…

കേരള മോട്ടോർവാഹന വകുപ്പിലെ ആദ്യത്തെ വനിതാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആറ്റിങ്ങൽ സ്വദേശിനിയായ സരിഗ ജ്യോതിയാണ് ആ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സേഫ് കേരളയുടെ ഭാഗമായി 176 അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ തസ്തിക സൃഷ്ടിച്ചത്. ഇതിൽ പൊതുപരീക്ഷയിലൂടെയാണ് ബിടെക് ബിരുദധാരി കൂടിയായ സരിഗ സർവ്വീസിൽ കയറിയത്. ഇതോടെ മോട്ടോർ വാഹനവകുപ്പിൽ നേരിട്ട് നിയമനം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ വനിതാ അസിസ്റ്റന്റായി സരിഗ ജ്യോതി.

ഈ ജോലി നേടിയതിനു പിന്നിൽ സാരിഗയ്ക്ക് മറ്റൊരു കഥകൂടി പറയുവാനുണ്ട്. ഡ്രൈവറായ അച്ഛൻ ജ്യോതികുമാറാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സരിഗയ്ക്ക് പ്രചോദനമായത്. ആൺമക്കളുണ്ടായിരുന്നെങ്കിൽ വെഹിക്കിൾ ഇൻസ്പെക്ടറാക്കാമായിരുന്നു എന്ന അച്ഛന്റെ ആഗ്രഹം അറിഞ്ഞപ്പോൾ സരിഗ പിന്നൊന്നും ആലോചിച്ചില്ല. ആ ജോലിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. പെൺകുട്ടികൾക്കും അതേ തസ്തികയിലേക്ക് അപേക്ഷിക്കാനാകുമോ എന്നായിരുന്നു സരിഗയ്ക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ വനിതകൾക്കും അപേക്ഷിക്കാമെന്ന് അറിഞ്ഞതോടെ സരിഗയുടെ ലക്ഷ്യം അതായിത്തീർന്നു.

പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷം ആറ്റിങ്ങൽ ഗവണ്മെന്റ് പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമയ്ക്കു ചേർന്ന സരിഗ ഇരുപതാം വയസിൽ കാർ, ടൂവീലർ, ഓട്ടോറിക്ഷ എന്നിവയുടെ ലൈസൻസ് സ്വന്തമാക്കി. രണ്ടു വർഷത്തിന് ശേഷം ഹെവി ഡ്രൈവിങ്‌ ലൈസൻസും സ്വന്തമാക്കിയ സരിഗയുടെ കരങ്ങളിൽ ക്രെയിനും, മണ്ണുമാന്തി യന്ത്രങ്ങളും (JCB) സുരക്ഷിതമാണ്.

പെരുമണ് എൻജിനീയറിംഗ് കോളജിൽ ബിടെക്ക് അവസാന സെമസ്റ്റർ പഠന കാലയളവിലാണ് സരിഗ അസിസ്റ്റന്റ് മോട്ടർവെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയെഴുതിയത്. കൂടെ പരീക്ഷയെഴുതിയവരെ പിന്നിലാക്കി ഉന്നത വിജയം കൊയ്ത സരിഗയുടെ വിജയത്തിന് ഇരട്ടിമധുരമാണ്. ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രം തിരുത്തിയെഴുതിയ മിടുക്കിക്ക് അഭിനന്ദനപ്രവാഹങ്ങളായിരുന്നു.

നിലവിൽ സരിഗയെക്കൂടാതെ മോട്ടോർ വാഹന വകുപ്പിൽ നാല് വനിതാ ഇൻസ്‌പെക്ടർമാരാണുള്ളത്. പക്ഷേ അവരെല്ലാം തസ്തികമാറ്റം വഴിയാണ് നിയമനം നേടിയത്. മെക്കാനിക്കൽ അല്ലെങ്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമ ഉള്ള ഓഫീസ് ജീവനക്കാർക്ക് വകുപ്പുതല പരീക്ഷയിലൂടെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലേക്ക് മാറാനാകും. എന്തായാലും പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ഒരു ഉത്തമ മാതൃക തന്നെയാണ് സരിഗ ജ്യോതിയെന്ന ഈ ആറ്റിങ്ങൽക്കാരി പെൺകുട്ടി. മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുത്തത്തിനപ്പുറം, പെൺകുട്ടികൾക്ക് കഠിനപ്രയത്നത്താൽ എന്തും നേടാനാകും എന്ന കാര്യത്തിൽ മുഴുവൻ മാർക്കും നേടിയിരിക്കുന്നു സരിഗ. സരിഗയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.