രൂപ ദിവാകർ – കർണാടകയിൽ നിന്നുള്ള ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥ..

ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ സിനിമകളിൽ മാത്രം കണ്ടു ശീലിച്ച കുറ്റവാളികളുടെ പേടിസ്വപ്നമായി തന്റേടിയും കർക്കശക്കാരിയും ശരിയുടെ ഭാഗത്തു നിൽക്കുന്നതുമായ ഒരു വനിതാ ഐപിഎസ് ഓഫീസറുടെ ജീവിതകഥയാണ് ഇനി പറയുവാൻ പോകുന്നത്. കർണാടക സംസ്ഥാനത്തിൽ നിന്നുള്ള ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ രൂപ ദിവാകർ (ഔദ്യോഗിക പേര് – ഡി. രൂപ) ആണ് ആ ധീര വനിതാ ഓഫീസർ.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഒറ്റമകളായി കർണ്ണാടകയിലെ ദാവൻഗരെയിൽ ആയിരുന്നു രൂപയുടെ ജനനം. അച്ഛൻ ദിവാകർ ഒരു എഞ്ചിനീയർ ആയിരുന്നു. ചെറുപ്പത്തിലേ കലകയികമേഖലകളില്‍ തന്റെ കഴിവ് രൂപ തെളിയിച്ചിരുന്നു. സ്കൂള്‍ പഠനകാലത്ത് എൻസിസി കേഡറ്റ് ആയിരിക്കുമ്പോൾ, ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയാകുവാൻ ആയിരുന്നു രൂപ ആഗ്രഹിച്ചിരുന്നത്.

ദാവൻഗരെ എ.വി.കെ കോളേജിൽ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവർ സിവിൽ സർവീസസ് പരീക്ഷയിൽ തയ്യാറായി. 2000-ത്തില്‍ നടന്ന യു.പി.എസ്.സി പരീക്ഷയില്‍ 43-ാം റാങ്കായിരുന്നു രൂപ നേടിയത്. പരിശീലന കാലയളവില്‍ തന്റെ ബാച്ചിലെ അഞ്ചാം സ്ഥാനക്കാരിയും കര്‍ണ്ണാടകയിലെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസറും കൂടിയായിരുന്നു രൂപ ദിവാകർ. ഹൈദരാബാദ് എന്‍പിഎസില്‍ പരിശീലനം നേടിയ രൂപ ഷാര്‍പ്പ് ഷൂട്ടറായിക്കൂടിയാണ് അറിയപ്പെടുന്നത്.

പരിശീലനത്തിനു ശേഷം നോർത്ത് കർണാടകയിലെ ധാർവാദ്‌ ജില്ലയിൽ പോലീസ് സൂപ്രണ്ട് (എസ്.പി.) ആയിട്ടായിരുന്നു രൂപയുടെ ആദ്യ നിയമനം. കുറ്റവാളികളുടെയും അഴിമതിക്കാരുടെയും പേടിസ്വപ്നമായിരുന്നു രൂപ. രാഷ്ട്രീയപരമായ എതിർപ്പുകൾക്ക് രൂപയുടെ ഈ കർക്കശമായ നിലപാടുകൾ കാരണമായി. കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിക്കെതിരെ കോടതി വിധിയുണ്ടായപ്പോള്‍ അവരെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കാണിച്ചിട്ടുണ്ട് ഈ ‘സൂപ്പര്‍കോപ്’.

വി.വി.ഐ.പികളുടേയും രാഷ്ട്രീയക്കാരുടേയും സൗകര്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചുകൊണ്ട് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട് രൂപ. ആംഡ് റിസര്‍വ് ഡി.സി.പിയായിരിക്കുന്ന സമയത്ത് കര്‍ണാടക മുന്‍ മുഖ്യമന്തി ബി.എസ് യദിയൂരപ്പയുടെ സുരക്ഷയ്ക്കായുള്ള വാഹന വ്യൂഹത്തില്‍ നിന്നുള്ള നിരവധി വാഹനങ്ങള്‍ പിന്‍വലിച്ചു കൊണ്ടും അവര്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി. ഇതുമൂലം ഈ ധീരയായ ഓഫീസർക്ക് നാൽപ്പതോളം തവണ സ്ഥലംമാറ്റം ലഭിച്ചിട്ടുമുണ്ട്.

അഴിമതി കേസില്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ അധ്യക്ഷ വി.കെ ശശികല ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് രണ്ടു കോടി രൂപ കോഴ നല്‍കിയെന്ന് ‘രൂപ’ എന്ന ഐപിഎസ് പെണ്‍പുലിയുടെ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ജയില്‍ ഡി.ഐ.ജി കൂടിയായ രൂപ ഐപിഎസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ കോഴയുടെ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും രൂപ ഐപിഎസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതുമായിരുന്നു.

“സര്‍ക്കാര്‍ സേവകയെന്ന നിലയില്‍ എല്ലാ സംഘടനകളോടും തുല്യ അകലം പാലിക്കാനും നിഷ്പക്ഷത പുലര്‍ത്താനും താന്‍ ബാധ്യസ്ഥയാണ്. എങ്കിലേ പൊതുജനത്തിന് മുന്നില്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.” രൂപയുടെ ദൃഢ നിശ്ചയമുള്ള ഈ വാക്കുകൾ രാജ്യത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഒരു മാതൃകയാണ്.

കർക്കശക്കാരിയായ പോലീസ് എന്നതിലുപരി മറ്റൊരു മുഖം കൂടിയുണ്ട് രൂപയ്ക്ക്. കലാപരമായി ഒട്ടേറെ കഴിവുകളുള്ള രൂപ ഒരു ഭരതനാട്യം നര്‍ത്തകിയും ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി ഗായികയുമാണ്. 2003 ൽ മുനിഷ് മൗഡ്ഗിൽ എന്ന ഐഎഎസ് ഉദ്യോഗസ്ഥനായി രൂപയുടെ വിവാഹം നടന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സ്തുത്യര്‍ഹ സേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും രൂപയെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ വനിതാ ദിനത്തിൽ പാട്ടുപാടി എല്ലാവരെയും കയ്യിലെടുത്ത ചരിത്രം കൂടിയുണ്ട് രൂപയ്ക്ക്. നഗരത്തിലെ വനിതകളെ സ്വന്തം സ്വപ്‌നം നേടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് രൂപയുടെ ഗാനം. ബൈ 2 കോഫി ടാക്കീസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം നല്‍കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും സന്ധിയില്ലാതെ പോരാടുന്ന രൂപയുടെ മറ്റൊരു മുഖമാണ് ആല്‍ബം വ്യക്തമാക്കുന്നത്. മനോഹരമായ ശബ്ദമെന്നും ഇനിയും ആലപനം തുടരണമെന്നുമെല്ലാമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.