വീണ്ടുമൊരു അധ്യയന കാലം കൂടി ആരംഭിക്കുകയാണ്. ഇനി രാവിലെയും വൈകുന്നേരവുമൊക്കെ ബസ്സുകളിൽ വിദ്യാർത്ഥികളുടെ തിരക്കായിരിക്കും. ബസ്സുകാരും വിദ്യാർത്ഥികളും തമ്മിലുള്ള വഴക്കുകൾക്കും വാക്തർക്കങ്ങൾക്കും ഒക്കെ കാലങ്ങളുടെ പഴക്കമുണ്ട്. എങ്കിലും ഇന്നും ആ കലാപരിപാടികൾ വളരെ മികച്ച രീതിയിൽ നടക്കാറുണ്ട്. പ്രൈവറ്റ് ബസ്സുകാരും വിദ്യാർത്ഥികളും തമ്മിലാണ് എല്ലായ്‌പ്പോഴും വഴക്കുകൾ ഉണ്ടാകാറുള്ളത്.
പലപ്പോഴും “നിങ്ങൾ കെഎസ്ആർടിസിയിൽ ഫുൾ ടിക്കറ്റ് എടുത്തു പോകുമല്ലോ, ഇവിടെ മാത്രം എന്താ എസ്.ടി?” എന്നായിരിക്കും പ്രൈവറ്റ് ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് ചോദിക്കാറുള്ളത്. പൊതുവെ ആളുകൾക്കിടയിൽ അങ്ങനെയൊരു ധാരണയും ഉണ്ട്. അതായത് “പ്രൈവറ്റ് ബസ്സിൽ മാത്രമേ വിദ്യാർത്ഥികൾക്ക് കൺസെഷൻ കിട്ടുകയുള്ളൂ, കെഎസ്ആർടിസിയിൽ ആ പരിപാടി ഇല്ല, അവിടെ ഫുൾ ടിക്കറ്റ് എടുക്കണം” എന്നൊക്കെ. എന്നാൽ കേട്ടോളൂ, കെഎസ്ആർടിസിയിലും ടിക്കറ്റ് കൺസെഷൻ ലഭിക്കും. പക്ഷെ അതിനു കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഇഷ്യു ചെയ്യുന്ന കൺസെഷൻ കാർഡ് കൈപ്പറ്റണമെന്നു മാത്രം. പ്രൈവറ്റ് ബസ്സുകളിൽ ടിക്കറ്റ് നിരക്കിളവ് ആണെങ്കിൽ കെഎസ്ആർടിസിയിൽ പ്ലസ്‌ടു വരെയുള്ള വിദ്യാർത്ഥികൾക്ക്, മേൽപ്പറഞ്ഞ കാർഡ് കൈവശമുണ്ടെങ്കിൽ ഒറ്റ പൈസ പോലും കൊടുക്കാതെ ഫ്രീയായി സഞ്ചരിക്കാം.
അതിനായി വിദ്യാർഥികൾ ചെയ്യേണ്ടത് ഇത്ര മാത്രം. തൊട്ടടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ ചെന്ന് കൺസെഷൻ കാർഡിനെക്കുറിച്ച് അന്വേഷിക്കുക. അവിടെ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് സാക്ഷ്യപത്രം എന്ന ഭാഗത്ത് പഠിക്കുന്ന സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ/ പ്രിൻസിപ്പാൾ ഇവരിലരെക്കൊണ്ടെങ്കിലും സാക്ഷ്യപ്പെടുത്തുക. ഫോമിൽ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച ഭാഗങ്ങളിൽ പ്രിൻസിപ്പലിനെക്കൊണ്ട് ഒപ്പും സീലും പതിപ്പിക്കുക. എന്നിട്ട് വിദ്യാർത്ഥിയുടെ ആധാർ കാർഡിന്റെ പകർപ്പ് സഹിതം താമസ സ്ഥലത്തിന്റെ പരിധിയ്ക്കുള്ളിൽ വരുന്ന കെഎസ്ആർടിസി ഡിപ്പോയിൽ അപേക്ഷ നൽകുക.
ഇത്തരത്തിൽ അപേക്ഷിക്കുവാനായി വിദ്യാർത്ഥികൾ നേരിട്ട് കെഎസ്ആർടിസി ഡിപ്പോയിൽ പോകണമെന്നില്ല. മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ ഒക്കെ ചെന്ന് അപേക്ഷിക്കാവുന്നതാണ് (ഫോം കൊടുക്കാവുന്നതാണ്). പത്തു രൂപ ഫീസ് അടച്ചാൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഒരു ടോക്കൺ ലഭിക്കും. ഡിപ്പോയിൽ നിന്നും പറയുന്ന സമയത്ത് ഈ ടോക്കണുമായി ചെന്ന് സൗജന്യ യാത്രാകാർഡ് കൈപ്പറ്റാം.
ഇത്തരത്തിൽ വിദ്യാർത്ഥികളിൽ നിന്നും മെയ് 25 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അധ്യയന വർഷം തുടങ്ങി 30 ദിവസത്തിനകം കാർഡ് എടുത്തിരിക്കണം. ഈ കാർഡുമായി കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് ആരും മര്യാദവിട്ടു പെരുമാറില്ല. സീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി ആർക്കും പരാതികൾ ഉണ്ടാകില്ല. ഇനി ഉണ്ടായാൽത്തന്നെ പറയുക “ഇത് ഞങ്ങളുടെ അവകാശമാണ്. കെഎസ്ആർടിസി പൊതുസ്വത്താണ്..”
കെഎസ്ആർടിസിയുടെ വിദ്യാർത്ഥി കൺസെഷൻ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ : വിദ്യാർത്ഥികളുടെ താമസ സ്ഥലം മുതൽ പഠിക്കുന്ന സ്ഥാപനം വരെയുള്ളതും തിരിച്ചുമായ യാത്രകൾക്ക് മാത്രമേ ഈ കാർഡ് ഉപയോഗിക്കുവാൻ പാടുള്ളൂ. യാത്രയുടെ ദൂരപരിധി 40 കിലോമീറ്റർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ സാധാരണ ഓർഡിനറി ബസുകളിൽ മാത്രമേ കൺസെഷൻ ലഭിക്കുകയുള്ളൂ. ടിടി മുതൽ മുകളിലേക്കുള്ള സർവീസുകളിൽ ഈ ആനുകൂല്യം ലഭിക്കില്ല. യാത്രയ്ക്കിടെ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിലെ ഐഡി കാർഡ് (ഉണ്ടെങ്കിൽ) കൈവശം കരുതേണ്ടതാണ്. ചെക്കിംഗ് ഇൻസ്‌പെക്ടർമാർ കയറുമ്പോൾ ഇത് ചിലപ്പോൾ ആവശ്യപ്പെടാറുണ്ട്.