സ്വകാര്യ ബസ്സുകാർ സ്‌കൂൾ വിദ്യാർത്ഥികളെ സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കാൻ അനുവദിക്കാത്ത സംഭവങ്ങൾ ധാരാളം പുറത്തു വന്നതോടെ അതിനെതിരെ പോലീസ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴും അത്തരത്തിൽ പലയിടങ്ങളിലും സംഭവിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബിൻസി എന്ന യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് മനസ്സിലാക്കിത്തരുന്നത്. ബിൻസിയുടെ കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം.
“ഇന്ന് (16-09-2019) വെകുന്നേരം ഞാനും അമ്മയും കൂടി യാത്ര ചെയ്ത, കൊട്ടിയം – കൊല്ലം റൂട്ടിൽ ഓടുന്ന ശ്രീകൃഷ്ണ എന്ന് പേരുള്ള ഒരു പ്രൈവറ്റ് ബസിൽ കണ്ട കാഴ്ചയാണ് ഈ ചിത്രം. അതായത്, ബസിൽ തിരക്ക് കുറവാണ്, സീറ്റ് ഉണ്ട്. പക്ഷെ ആ കിലോക്കണക്കിന് വെയിറ്റ് ഉള്ള ആ ബാഗും തൂക്കി നിൽക്കുന്ന സ്‌കൂൾ കുട്ടികൾ ആ സീറ്റിൽ ഇരിക്കുന്നില്ല.
അതിശയത്തോടെ കാര്യം തിരക്കിയപ്പോഴാണ് അമ്മ പറയുന്നത് – ആ കുട്ടികൾ പേടിച്ചിട്ടു ആകും ഇരിക്കാത്തത് എന്ന്. വീണ്ടും കാരണം തിരക്കിയപ്പോഴാണ് അറിയുന്നത്; ബസിലെ ജീവനക്കാർ ST ടിക്കറ്റിൽ യാത്ര ചെയ്യുന്ന കുട്ടികളെ സീറ്റിൽ ഇരിക്കാൻ സമ്മതിക്കില്ല, വഴക്ക് പറഞ്ഞു എഴുന്നേല്പിക്കും എന്ന്. എന്നിട്ടോ, ആ സീറ്റുകൾ 8 രൂപക്ക് മുകളിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രം ഉള്ളതാണ് എന്ന്. പാവം കുട്ടികൾ എത്ര ക്ഷീണം ഉണ്ടെങ്കിലും ആ വഴക്ക് പേടിച്ചു ആ ബാഗും മുതുകിൽ തൂക്കി നിൽക്കും.
വീണ്ടും അമ്മയോട് ചോദിച്ചു, സ്‌കൂൾ കുട്ടികളോട് മാത്രമാണോ ഇങ്ങനെ എന്ന്. അവർക്കെങ്ങനെ സ്‌കൂൾകുട്ടി കോളേജ് കുട്ടി എന്നൊന്നും ഇല്ല, ST എടുത്ത് യാത്ര ചെയ്യുന്നവർ ആണേൽ അവർ എഴുന്നേൽപ്പിച്ചു സീറ്റ് മറ്റുള്ളവർക്ക് കൊടുക്കും എന്ന്. കുറച്ചു ധൈര്യം ഒക്കെ ഉള്ള ചില കുട്ടികൾ സീറ്റ് കിട്ടിയാൽ കേറി ഇരിക്കും. എല്ലാവര്ക്കും അങ്ങനെ പറ്റില്ലല്ലോ” എന്നതായിരുന്നു അമ്മയുടെ മറുപടി.
ഇതെന്ത് അനീതിയാണ് എന്ന് തോന്നുന്നതിലും, എന്ത് ഊളത്തരം ആണിത് എന്നാണു തോന്നിയത്. റിസേർവ്ഡ് സീറ്റുകൾ കഴിഞ്ഞാൽ ബാക്കിയുള്ള സീറ്റുകളിൽ first come, first serve എന്ന രീതിയിൽ ആണ് പോകുന്നത് എന്നാണ് എന്റെ അറിവ്. അവിടെ ആർക്കും ഇരിക്കാം. ST എടുക്കുന്ന കുട്ടികളോട് മാത്രം എന്തിന് ഈ അന്യായം?
ഒരാൾക്ക് ഇരിക്കാൻ സാധിക്കുന്ന, അവകാശമുള്ള സീറ്റിന്റെ കാര്യം വരുമ്പോ, ക്ഷീണമോ മറ്റോ എടുത്തു പറയേണ്ട എങ്കിലും – ഒരാളുടെ എനർജിയുടെ 20% ത്തോളം ബ്രെയിൻ consume ചെയ്യുന്നുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ കുട്ടികൾ ഒരുപാട് എനർജി ഉപയോഗിക്കുന്നുണ്ട്, അവർ പഠിക്കുന്നുണ്ട്, ചിന്തിക്കുന്നുണ്ട്, കളിക്കുന്നുണ്ട്; ശാരീരികമായും, ബൗദ്ധികമായും കായികമായും ഒക്കെ അവർ വളരുകയാണ്. നാളെയുടെ വാഗ്ദാനങ്ങൾ ആകേണ്ട ഈ കുട്ടികളോട് ആണ് ഇവർ ഇത്തരത്തിൽ ഉള്ള അന്യായം കാണിക്കുന്നത്. Kids do deserve respect!”