എഴുത്ത് – പ്രശാന്ത് എസ്.കെ.
സുജിത്ത് ഭക്തൻ; ആ പേര് കേൾക്കാത്ത സഞ്ചാരപ്രിയരായ മലയാളികൾ കുറവായിരിക്കും. കേരളത്തിലെ ഏറ്റവും മികച്ച വ്ലോഗർമാരിലൊരാളായി പേരെടുത്ത സുജിത്ത് ഭക്തൻ കടന്നു വന്ന വഴികളെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരിക്കില്ല. അതുകൊണ്ട് ആ വിവരങ്ങളും വിശേഷങ്ങളുമാണ് ഇനി പറയുവാൻ പോകുന്നത്.
1988 മാർച്ച് 24 ന് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ തുണ്ടുമഠം രഘുനാഥ ഭക്തന്റെയും ഗീത ഭക്തന്റെയും മൂത്തമകനായി സുജിത്ത് ഭക്തൻ ജനിച്ചു. സുജിത്തിന് അഭിജിത്ത് എന്നു പേരുള്ള ഒരു ഇളയ സഹോദരൻ കൂടിയുണ്ട്. ഒന്നു മുതൽ പ്ലസ്‌ടു വരെയുള്ള സുജിത്തിന്റെ വിദ്യാഭ്യാസം കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആയിരുന്നു. പ്ലസ്‌ടുവിനു ശേഷം ബിടെക് ബിരുദം നേടുന്നതിനായി ബെംഗളുരുവിലേക്ക് പോയി.
ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ അന്ന് സുജിത്ത് ആശ്രയിച്ചിരുന്നത് കെഎസ്ആർടിസി ബസ്സുകളെയായിരുന്നു. അതിൽ കൂടുതലും തിരുവല്ല – ബെംഗളൂരു ഡീലക്സ് ബസ്സിലായിരുന്നു വീട്ടിലേക്കും തിരികെ കോളേജിലേക്കുമുള്ള ഭക്തന്റെ യാത്രകൾ. ഈ യാത്രകളിലൂടെ സുജിത്ത് കെഎസ്ആർടിസി ജീവനക്കാരുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിരുന്നു. അങ്ങനെയാണ് കെഎസ്ആർടിസി പ്രേമം സുജിത്തിന്റെ മനസ്സിൽ ഉടലെടുക്കുന്നത്. അങ്ങനെ സുജിത്ത് അന്നത്തെ പ്രധാനപ്പെട്ട സോഷ്യൽ മീഡിയയായിരുന്ന ഓർക്കുട്ടിലെ കെഎസ്ആർടിസി ഫാൻസ് ഗ്രൂപ്പുകളിൽ സജീവമാകുവാൻ തുടങ്ങി.
2008 കാലഘട്ടം.. അന്ന് ബ്ലോഗർമാർ നമ്മുടെ നാട്ടിൽ വളരെ കുറവായ സമയം. കെഎസ്ആർടിസിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു ബ്ലോഗ് ചെയ്യുവാൻ സുജിത്ത് തീരുമാനിക്കുന്നത് ആ സമയത്തായിരുന്നു. ബ്ലോഗിന് എന്തു പേര് നൽകും എന്ന് സുജിത്തിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ‘കെഎസ്ആർടിസി ബ്ലോഗ്’ എന്നുതന്നെ സുജിത്ത് തൻ്റെ ബ്ലോഗിനു പേരിട്ടു. ബസ്സുകളുടെ സമയവിവരങ്ങളും, ചിത്രങ്ങളും, യാത്രാ വിവരണങ്ങളുമൊക്കെയായി കെഎസ്ആർടിസി ബ്ലോഗ് ജനശ്രദ്ധ പിടിച്ചുപറ്റി. ഓർക്കുട്ടിലെ ഗ്രൂപ്പുകളിൽ നിന്നും ലഭിച്ച സുഹൃത്തുക്കൾ ബ്ലോഗിലേക്ക് ആവശ്യമായ വിവരണങ്ങളും ചിത്രങ്ങളുമൊക്കെ നൽകിയിരുന്നു.
അത്യാവശ്യം നല്ലരീതിയിൽ പബ്ലിസിറ്റി കിട്ടിയതോടെ സുജിത്തിനെയും ബ്ലോഗിനേയുംപറ്റി കെഎസ്ആർടിസി അധികൃതരും അറിഞ്ഞു. അന്നത്തെ കെഎസ്ആർടിസി എംഡിയായിരുന്ന ശ്രീ ടി.പി. സെൻകുമാറിനെ (മുൻ ഡിജിപി) സുജിത്ത് തിരുവനന്തപുരത്തു പോയി കാണുകയും, അദ്ദേഹം സുജിത്തിനു വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്യുകയുമുണ്ടായി. കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും, വർക്ക്ഷോപ്പുകളിലുമെല്ലാം പ്രവേശിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമുള്ള അനുമതി കെഎസ്ആർടിസി ബ്ലോഗിനു ലഭിച്ചു.
നാളുകൾ കടന്നുപോകുന്നതിനിടയിൽ ഓർക്കുട്ട് എന്നെന്നേക്കുമായി സേവനം അവസാനിപ്പിക്കുകയും, അവിടെയുണ്ടായിരുന്ന കെഎസ്ആർടിസി ഫാൻസ് ഗ്രൂപ്പുകൾ ഫേസ്ബുക്കിലേക്ക് ചുവടുവെക്കുകയും ചെയ്തു. അങ്ങനെ സുജിത്ത് ‘കെഎസ്ആർടിസി ബ്ലോഗ്’ എന്ന പേരിൽ ഒരു ഗ്രൂപ്പ് ഫേസ്‌ബുക്കിൽ ആരംഭിച്ചു. ഒപ്പമുണ്ടായിരുന്ന ചില സുഹൃത്തുക്കളും സുജിത്തിനൊപ്പം ഗ്രൂപ്പിന്റെ അഡ്‌മിൻ സ്ഥാനത്തേക്ക് വന്നു. ഫേസ്‌ബുക്ക് വ്യാപകമായതോടെ ‘കെഎസ്ആർടിസി ബ്ലോഗ്’ അക്ഷരാർത്ഥത്തിൽ വളർന്നു തുടങ്ങുകയായിരുന്നു. കെഎസ്ആർടിസി സംബന്ധിച്ച ഒട്ടുമിക്ക വിവരങ്ങളും ബ്ലോഗിൽ ലഭ്യമായിത്തുടങ്ങി. അവയിൽ പലതും കെഎസ്ആർടിസിയുടെ ഒഫീഷ്യൽ സൈറ്റിൽ പോലും ഇല്ലാതിരുന്നതുമായിരുന്നു എന്നത് ബ്ലോഗിന്റെ പ്രശസ്തിയും ജനപിന്തുണയും വർദ്ധിക്കുവാൻ കാരണമായി.
ഗൂഗിൾ പരസ്യങ്ങൾ വഴി ബ്ലോഗ് വെബ്‌സൈറ്റിൽ വരുമാനം ലഭിച്ചു തുടങ്ങിയതോടെ സുജിത്ത് പിന്നീട് മുഴുവൻ സമയവും ബ്ലോഗിനു വേണ്ടി ചെലവഴിക്കുവാൻ തുടങ്ങി. കെഎസ്ആർടിസിയുടെ വളർച്ചയ്ക്ക് പ്രമോഷനുകളോടൊപ്പം തന്നെ വിമർശനവും ആവശ്യമാണെന്ന് മനസിലാക്കിയ സുജിത്ത്, കെഎസ്ആർടിസിയിൽ നടക്കുന്ന ചില അഴിമതികളും കുറ്റങ്ങളുമെല്ലാം ബ്ലോഗ് വഴി പുറംലോകത്തെ അറിയിച്ചു. ഇതോടെ സുജിത്തും ബ്ലോഗും അഴിമതിക്കാരായ ചില കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായി മാറി. അതിനിടെ സുജിത്തിന് എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകിക്കൊണ്ടിരുന്ന ടിപി സെൻകുമാർ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും മാറി.
ഇതോടെ ബ്ലോഗിനെ ശത്രുവായി കരുതിയിരുന്ന ചില ഉദ്യോഗസ്ഥരുടെ ചരടുവലികൾ കാരണം കെഎസ്ആർടിസിയിൽ നിന്നും സുജിത്തിനും ബ്ലോഗിനും ഉണ്ടായിരുന്ന പിന്തുണ ഇല്ലാതായി. പക്ഷേ ആ സമയത്തും ഭൂരിഭാഗം ജീവനക്കാരും ബ്ലോഗിനൊപ്പമായിരുന്നു നിലകൊണ്ടത്. കെഎസ്ആർടിസിയിൽ നടക്കുന്ന പല ക്രമക്കേടുകളും സുഹൃത്തുക്കളായ ചില ജീവനക്കാർ മുഖേന സുജിത്ത് ബ്ലോഗിലൂടെ വാർത്തയാക്കി പുറത്തെത്തിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ് കെഎസ്ആർടിസി ബസ്സുകളുടെ സമയവിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയുവാൻ സാധിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുക എന്ന ലക്‌ഷ്യം സുജിത്ത് ഏറ്റെടുക്കുന്നത്. തൻ്റെ കരിയറിലെ വലിയൊരു വഴിത്തിരിവാകും ഈ പ്രോജക്ട് എന്ന് അന്നേ സുജിത്തിനു ബോധ്യമുണ്ടായിരുന്നിരിക്കണം. ഇതിനായി ബസ്സുകളുടെ സമയവിവരങ്ങൾ കേരളത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നും വിവരാവകാശ നിയമപ്രകാരം സുജിത്ത് കരസ്ഥമാക്കി. ആദ്യമൊക്കെ സമയവിവരങ്ങൾ നൽകുവാൻ കെഎസ്ആർടിസി അധികൃതർ വിമുഖത കാണിച്ചിരുന്നെങ്കിലും വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലുകളിന്മേലും അതോടൊപ്പം തന്നെ സുജിത്തിന്റെ ഉറച്ച നീക്കത്തിലും അവർ വിവരങ്ങൾ കൈമാറുവാൻ നിര്ബന്ധിതരായി.
അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ സുജിത്ത് ‘ആനവണ്ടി.കോം’ (www.aanavandi.com) എന്ന വെബ്‌സൈറ്റിന് രൂപം കൊടുത്തു. കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി സർവ്വീസുകളുടെയും സമയവിവരങ്ങൾ വെബ്‌സൈറ്റിലേക്ക് ഡാറ്റ എൻട്രി ചെയ്യുന്നതിനായി ഒരാളെ സുജിത്ത് ശമ്പളം നൽകി കൂടെ നിർത്തി. അങ്ങനെ ഒടുവിൽ 2015 ൽ ‘ആനവണ്ടി.കോം’ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. അന്നത്തെ എറണാകുളം എംഎൽഎ ആയിരുന്ന ഹൈബി ഈഡൻ ആയിരുന്നു ആനവണ്ടി സൈറ്റ് ഉത്ഘാടനം ചെയ്തത്.
ആനവണ്ടി.കോം യാത്രക്കാർക്ക് അക്ഷരാർത്ഥത്തിൽ ഒരു വലിയ വഴികാട്ടി തന്നെയാകുകയായിരുന്നു. ഇത് സുജിത്തും ബ്ലോഗും ആനവണ്ടിയുമെല്ലാം കൂടുതൽ മാധ്യമശ്രദ്ധ നേടുവാൻ കാരണമായി. ആനവണ്ടി സൈറ്റും കെഎസ്ആർടിസി ബ്ലോഗും നല്ലരീതിയിൽ മുന്നേറിക്കൊണ്ടിരിക്കെയാണ് കർണാടക ആർടിസിയിൽ നിന്നും സുജിത്തിന് ഒരു വക്കീൽ നോട്ടീസ് ലഭിക്കുന്നത്. കെഎസ്ആർടിസി എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു അവർ ആരോപിച്ച കുറ്റം. എന്നാൽ ഈ നീക്കങ്ങൾക്കു പിന്നിൽ ചരടുവലി നടത്തിയത് കേരള ആര്ടിസിയിലെ ചില ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നുവെന്ന് കർണാടക ആർടിസിയിലെ പരിചയക്കാരായ ചില ഉദ്യോഗസ്ഥർ വഴി സുജിത്ത് മനസിലാക്കി.
ഈ പ്രശ്നം പുറത്തറിഞ്ഞതോടെ ബ്ലോഗിന്റേയും സുജിത്തിന്റെയും ശത്രുക്കൾ അത് ആഘോഷിക്കുകയാണുണ്ടായത്. പല കാരണങ്ങൾ ആരോപിച്ചുകൊണ്ടും അവരെല്ലാം സുജിത്തിനെയും ബ്ലോഗിനെയും സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു. എന്നാൽ ഭൂരിഭാഗം വരുന്ന കെഎസ്ആർടിസി ജീവനക്കാരുടെയും, പൊതുജനങ്ങളുടെയും, മാധ്യമങ്ങളുടെയും പിന്തുണ സുജിത്തിനു ലഭിച്ചതോടെ കാര്യങ്ങൾ വീണ്ടും ഉഷാറായി. ബ്ലോഗിൻറെ ഫോളോവേഴ്സ് ആയ ചില വക്കീലുമാരുടെ നിയമോപദേശങ്ങളും സുജിത്തിനു ലഭിച്ചു. ഒടുവിൽ കാര്യങ്ങൾ മോശം അവസ്ഥയിലേക്ക് പോകുന്നതിനു മുൻപായി സുജിത്ത് കെഎസ്ആർടിസി ബ്ലോഗ് തൻ്റെ തന്നെ മറ്റൊരു സംരംഭമായ ‘ആനവണ്ടി.കോമി’ൽ ലയിപ്പിച്ചു. ഇതോടെ സുജിത്തിന്റെ പതനം ആഗ്രഹിച്ചവരുടെയും ആഘോഷിച്ചവരുടെയുമെല്ലാം വായടഞ്ഞു.
അങ്ങനെയിരിക്കെയാണ് ബ്ലോഗിങിനൊപ്പം വ്‌ളോഗിംഗും കൂടി സുജിത് ഭക്തൻ പരീക്ഷിക്കുവാൻ ആലോചിക്കുന്നത്. ‘ടെക് ട്രാവൽ ഈറ്റ്’ എന്ന പേരിൽ 2016 ലായിരുന്നു സുജിത്ത് യൂട്യൂബ് ചാനൽ തുടങ്ങുന്നതും ട്രാവൽ വ്‌ളോഗിംഗ് രംഗത്തേക്ക് കടക്കുന്നതും. അക്കാലത്ത് വ്ലോഗർമാർ കുറവായിരുന്നതിനാൽ വ്യത്യസ്തത പുലർത്തിയ സുജിത്തിന്റെ ‘ടെക് ട്രാവൽ ഈറ്റ്’ ചാനൽ കൂടുതൽ ജനപ്രീതി നേടിക്കൊണ്ട് മുന്നേറി. ടെക് ട്രാവൽ ഈറ്റിന്റെ ആദ്യത്തെ ഹിറ്റ് വീഡിയോ കോട്ടയത്തെ മാംഗോ മെഡോസിനെക്കുറിച്ചുള്ള വ്‌ളോഗ് ആയിരുന്നു. പൂർണ്ണമായും വ്‌ളോഗിംഗ് രംഗത്തേക്ക് മാറിയ സുജിത്ത്, ആനവണ്ടി ബ്ലോഗ് നടത്തിക്കൊണ്ടു പോകുന്നതിനായി ഒരു സുഹൃത്തിനെ ശമ്പളം നൽകി നിയമിച്ചു.
പിന്നീട് ഓരോ ദിവസങ്ങൾ കഴിയുന്തോറും ടെക് ട്രാവൽ ഈറ്റിനു കൂടുതൽ ഫോളോവേഴ്സിനെ ലഭിച്ചു കൊണ്ടിരുന്നു. വ്‌ളോഗിംഗ് രംഗത്തു വന്ന മാറ്റങ്ങളിലൂടെയൊക്കെ സുജിത്തും ചാനലും കടന്നുപോയി. ടെക് ട്രാവൽ ഈറ്റിനു നല്ല ജനപ്രീതിയേറിയതോടെ റിസോർട്ടുകാരും, ട്രാവൽ ഏജൻസികളും തങ്ങളുടെ പ്രമോഷനുകൾക്കായി സുജിത്തിനെ സമീപിച്ചു തുടങ്ങി. ധാരാളം ഓഫറുകൾ ഇത്തരത്തിൽ വന്നിരുന്നുവെങ്കിലും മികച്ചവയെന്നു തോന്നിയവ മാത്രമേ സുജിത്ത് പ്രൊമോഷണൽ വീഡിയോകളായി ചെയ്തുള്ളൂ. ഇത് ഫോളോവേഴ്‌സിന് ടെക് ട്രാവൽ ഈറ്റിനോടും സുജിത്തിനോടുമുള്ള വിശ്വാസ്യത വർധിപ്പിക്കുവാൻ കാരണമായി.
അങ്ങനെയിരിക്കെയാണ് 2017 ൽ ആദ്യമായി സുജിത്തിനും ടെക് ട്രാവൽ ഈറ്റിനും ഒരു വിദേശ യാത്ര സഫലമായത്. തായ്‌ലണ്ടിലേക്ക് ആയിരുന്നു സുജിത്തിന്റെ ആദ്യത്തെ വിദേശയാത്ര. ടെക് ട്രാവൽ ഈറ്റിന്റെ തായ്‌ലന്റ് യാത്രാവിവരണ എപ്പിസോഡുകൾക്ക് യൂട്യൂബിൽ നല്ല രീതിയിൽ പ്രതികരണം ലഭിച്ചു. ഇതോടെ സുജിത്തിന്റെയും ടെക് ട്രാവൽ ഈറ്റിന്റെയും രാശി തെളിയുകയായിരുന്നു. പിന്നീട് മലേഷ്യ, ദുബായ്, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് സുജിത്ത് ടെക് ട്രാവൽ ഈറ്റിനു വേണ്ടി യാത്ര ചെയ്തു.
ഇതിനിടെ വ്‌ളോഗിംഗ് പഠിക്കണമെന്നും അതിനെക്കുറിച്ച് അറിവാനും ആഗ്രഹമുള്ളവർക്കായി സുജിത്ത് ഡിജിറ്റൽ വർക്ക്ഷോപ്പുകൾ (ക്‌ളാസ്സുകൾ) നടത്തിയിരുന്നു. ചിലപ്പോൾ ഒറ്റയ്ക്കും, മറ്റു വ്ലോഗർമാരുമൊന്നിച്ചും സുജിത്ത് ക്‌ളാസ്സുകൾ എടുത്തിരുന്നു. ഇതോടൊപ്പം സമൂഹത്തിലെ പലതരത്തിലുള്ള ആളുകളുമായും സുജിത്തിനു പരിചയം കൈവരികയുണ്ടായി.
അങ്ങനെ യാത്രകളും വീഡിയോകളുമായി നാടു ചുറ്റുന്നതിനിടെയാണ് 2018 ൽ ആലപ്പുഴ ജില്ലയിലെ തുറവൂർ സ്വദേശിനി ശ്വേതയുമായി സുജിത്തിന്റെ വിവാഹം നടന്നത്. വിവാഹശേഷം സുജിത്തിന്റെ വീഡിയോകളിൽ ഭാര്യ ശ്വേതയും കൂടിച്ചേർന്നു. ഇരുവരും ചേർന്നുള്ള വ്‌ളോഗുകൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
സുജിത്തിന് പണ്ടുമുതൽക്കേയുള്ള ഒരു ആഗ്രഹമായിരുന്നു ഇന്ത്യ മുഴുവനും ഒറ്റയൊരു ട്രിപ്പിൽ ചുറ്റിക്കാണണം എന്നത്. ഒടുവിൽ ആ സ്വപ്നം പൂവണിഞ്ഞത് 2019 ലായിരുന്നു. എറണാകുളം സ്വദേശിയും ടെക് ട്രാവൽ ഈറ്റ് ഫോളോവറും കൂടിയായ എമിൽ ജോർജ്ജിനെ പരിചയപ്പെട്ടതോടെയാണ് ‘ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ’ ട്രിപ്പ് അഥവാ INB Trip നു പച്ചക്കൊടി വീശുവാൻ സാഹചര്യമൊത്തു വന്നത്. ടെക് ട്രാവൽ ഈറ്റ് ചരിത്രത്തിൽ എന്നല്ല, കേരള വ്‌ളോഗിംഗ് ചരിത്രത്തിൽത്തന്നെ ഒരു വിസ്മയമായി മാറുകയായിരുന്നു INB ട്രിപ്പ് എന്ന ഈ യാത്രാ വ്ലോഗ് സീരീസ്.
മൂന്നാറിൽ നിന്നും തുടങ്ങി ഭൂട്ടാൻ, നേപ്പാൾ, ജമ്മു കശ്മീരിലെ ലേ – ലഡാക്ക് എന്നിവിടങ്ങളൊക്കെ കറങ്ങുവാൻ 60 ദിവസത്തെ പ്ലാനുമായാണ് സുജിത്തും എമിലും യാത്ര തിരിച്ചത്. ഈ ട്രിപ്പിന്റെ ഓരോ എപ്പിസോഡും ആളുകൾ ആസ്വദിച്ചു തന്നെയായിരുന്നു കണ്ടത്. ടിവി സീരിയലുകൾക്കായി വീട്ടമ്മമാർ കാത്തിരിക്കുന്നതു പോലെ, പ്രായഭേദമന്യേ ആളുകൾ ടെക് ട്രാവൽ ഈറ്റിന്റെ INB ട്രിപ്പ് എപ്പിസോഡുകൾക്കായി കാത്തിരിക്കുവാൻ തുടങ്ങി.
ആരാലും അറിയപ്പെടാതെ ഏതെങ്കിലും ഒരു കമ്പനിയിൽ എഞ്ചിനീയറോ മറ്റോ ആകേണ്ടിയിരുന്ന തൻ്റെ കരിയർ ഇത്തരമൊരു വ്യത്യസ്തതയിലേക്ക് വഴി തിരിച്ചു വിട്ടത് സുജിത്തിന്റെ ദൃഢനിശ്ചയവും പല കാര്യങ്ങളെക്കുറിച്ചുള്ള അറിവുകളുമാണ്. ടെക് ട്രാവൽ ഈറ്റ് യാത്രാ വീഡിയോകൾ കാണുന്നവർക്ക് സുജിത്തിനോടൊപ്പം യാത്ര ചെയ്യുകയും, സ്ഥലങ്ങളെല്ലാം നേരിട്ടു കാണുകയും ചെയ്യുന്ന പ്രതീതിയാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ അന്നും ഇന്നും ആളുകളെ ആകർഷിക്കുന്നത് സുജിത്തിന്റെ നിഷ്ക്കളങ്കമായ ആ ചിരിയാണ്. അതു തന്നെയാണ് ഭൂരിഭാഗം പ്രേക്ഷകരുടെ അഭിപ്രായവും. ഇന്ന് യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആയി ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ടെക് ട്രാവൽ ഈറ്റിന് ഉണ്ട്. ഇതോടെ സുജിത്ത് ഭക്തൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള individual ട്രാവൽ ബ്ലോഗറായി മാറിയിരിക്കുകയാണ്.
ഓരോ യാത്രകളും ഓരോ തുടക്കങ്ങളാണ്. ടെക് ട്രാവൽ ഈറ്റിനും സുജിത്തിനും ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടുവാനുണ്ട്. സുജിത്ത് ഭക്തനും ടെക് ട്രാവൽ ഈറ്റിനും ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുവാനുള്ള എല്ലാവിധ ആശംസകളും നേരുന്നു.