ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആണ് സുന്ദർ പിച്ചൈ. പിച്ചൈ സുന്ദരരാജൻ എന്നാണു യഥാർത്ഥ നാമമെങ്കിലും സുന്ദർ പിച്ചൈ എന്ന പേരിലാണ് പ്രസിദ്ധനായത്. ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ ചെന്നൈയിലാണ്. 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി മാറിയ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി 2015 ഓഗസ്റ്റ് 10നു നിയമിതനാവുകയായിരുന്നു. കമ്പനി യുടെ സി.ഇ.ഒ. ആകുന്നതിന് മുമ്പ് ഗൂഗിളിന്റെ ബിസിനസ് ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതല നിർവ്വഹിക്കുകയായിരുന്നു.
1972 ജൂലൈ 12-നു തമിഴ്നാട്ടിലെ ചെന്നൈയിലാണ് സുന്ദർ പിച്ചൈ ജനിച്ചത്. രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. 1979 മുതൽ 1987 വരെ അശോക് നഗറിലെ ജവഹർ വിദ്യാലയ സ്കൂളിൽ പഠനം. പ്ലസ്ടു പഠനത്തിനു ശേഷം 1989-ൽ ചെന്നൈ വിട്ടു. ഖരക്പൂർ ഐ. ഐ. ടി.യിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബി.ടെക്. ബിരുദം നേടി. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും മെറ്റീരിയൽ സയൻസസ് & എഞ്ചിനിയറിങ്ങിൽ എം.എസ്. ബിരുദവും സ്വന്തമാക്കി. തുടർന്ന് പെൻസിൽവേനിയയിലെ വാർട്ടൺ (Wharton) സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എം.ബി.എ. ബിരുദവും നേടിയിട്ടുണ്ട്.
സുന്ദർ പിച്ചൈ 2004-ലാണ് ഗൂഗിളിൽ എത്തിച്ചേർന്നത്. 2008-ൽ ഗൂഗിൾ ക്രോം ബ്രൗസർ തയ്യാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. തുടർന്ന് ഗൂഗിളിന്റെ ടൂൾബാർ, ഡെസ്ക്ടോപ്പ് സെർച്ച്, ഗൂഗിൾ ഗിയർ തുടങ്ങീ ആൻഡ്രോയ്ഡ് വരെയുള്ള ഉൽപന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. 2009-ൽ ഗൂഗിൾ ക്രോം ബുക്ക്, ഗൂഗിൾ ക്രോം ഒ.എസ്. എന്നിവയും 2010-ൽ വെബ്എം പദ്ധതിയും അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 2013-ൽ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിഭാഗം തലവനായി.
2014-ൽ ഗൂഗിൾ ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ ആയാണു അമേരിക്കൻ മാദ്ധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 2015 ഓഗസ്റ്റ് 10-നു ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി ഗൂഗിൾ മാറിയതിനു ശേഷം ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സുന്ദർ പിച്ചൈയെ നിയമിച്ചതും ലാറി പേജ് തന്നെയായിരുന്നു. ഗൂഗിളിലെ സഹപ്രവര്‍ത്തകര്‍ നല്കുന്ന പിന്തുണയാണ് സുന്ദര്‍ പിച്ചൈയുടെ ആത്മവിശ്വാസത്തിന്റെ ഉറവിടം.
ഗൂഗിളിലെ ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ തീര്‍ച്ചയായും രാജ്യത്തിന്റെ അഭിമാനമാണ്. 650,000 ഡോളര്‍ ആയിരുന്നു പിച്ചൈയുടെ 2015 ലെ പ്രതിമാസ വരുമാനം. ലോകം മടിയന്മാരെ കൊണ്ട് നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും സുന്ദർ പിച്ചൈയെപ്പോലുള്ള പ്രതിഭാശാലികൾ ഉയര്‍ന്നു വരുമ്പോള്‍ നമ്മുടെ അഭിമാനം മാനം മുട്ടുകയാണ്.
Source – Wikipedia, Photo – Maurizio Pesce.