അതിർത്തിക്കപ്പുറത്തേക്ക് കാമുകിയെ തേടിയുള്ള എൻ്റെ ഞായറാഴ്ച യാത്രകൾ..

വിവരണം – ജിതിൻ ജോഷി.

ഞായറാഴ്ച..നേരം വെളുത്തു വരുന്നതേയുള്ളു. ഞാൻ ലൈറ്റ് ഇടാതെ, ശബ്ദമുണ്ടാക്കാതെ പതുക്കെ ബെഡിൽ നിന്നും എണീറ്റു. ഞായറാഴ്ചകളിൽ ഇങ്ങനെയൊരു രഹസ്യയാത്ര പതിവാക്കിയിട്ട് കുറച്ചു നാളുകളായി. ആർക്കും അറിയാത്ത, ആരോടും പറയാത്ത ഒരു യാത്ര. ഫഹീമും അങ്ങോമും നല്ല ഉറക്കത്തിലാണ്. ആരെയും ശല്യപ്പെടുത്താതെ റെഡിയായി മെല്ലെ ഹോസ്റ്റലിൽ നിന്നും ഇറങ്ങി. ഇത്തിരി ദൂരം നടക്കണം രാവിലെ ഗാന്ധിപുരത്തേക്കുള്ള ബസ് കിട്ടാൻ. കോളേജിന്റെ മുന്നിൽ നിന്നാലും ബസ് കിട്ടുമെങ്കിലും രാവിലെ ഒരു ചായ പതിവുള്ളതിനാൽ ശരവണംപട്ടി ജംഗ്ഷൻ വരെ നടക്കും. വെളിച്ചം വീണിട്ടില്ല. ചെറിയ ചായക്കടകൾ മാത്രമേ തുറന്നിട്ടുള്ളൂ. തിരക്കുകൾ ഇല്ലാതെ ഈ വഴിത്താരകൾ കാണുവാൻ എന്തൊരു രസമാണെന്നോ…

ഗാന്ധിപുരം..ഇവിടെ നിന്നാണ് ശരിക്കും യാത്ര തുടങ്ങുന്നത്. ഇത് ഒരു പ്രണയത്തിനായുള്ള യാത്രയാണ്. അതിർത്തികൾ കടന്നുള്ള യാത്ര. കേട്ടാൽ ഒരുപക്ഷെ നിങ്ങൾക്ക് തമാശ ആയി തോന്നുമെങ്കിലും എനിക്ക് ഇതുവരെയും നിർവചിക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു ഓരോ ഞായറാഴ്ച യാത്രയും. അതിരാവിലെ ആണെങ്കിലും നല്ല തിരക്കാണ് ഗാന്ധിപുരം സതി ബസ് സ്റ്റാൻഡിൽ. സത്യമംഗലം, മൈസൂർ, ബാംഗ്ലൂർ പോവുന്ന ബസുകൾ എല്ലാം ഇവിടെ നിന്നുമാണ് പുറപ്പെടുക. പച്ചനിറമുള്ള ഒരുപാട് ബസുകൾ. ഇതിനിടയിലാണ് എനിക്ക് പോകാനുള്ള ബസും..തിരക്കുകൾക്കിടയിലൂടെ കണ്ണുകൾ പാഞ്ഞുനടന്നു.. “ആനക്കട്ടി” ഈയൊരു പേരിലേക്കെത്താനുള്ള വ്യഗ്രതയായിരുന്നു ഇതുവരെ..

കോയമ്പത്തൂർ നഗരം ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് സമ്മാനിച്ച ഇടമാണ്..ക്രോസ്സ് കട്ട്‌ റോഡ്, ഗണപതി, ടൌൺ പള്ളി, വി.ഓ.സി പാർക്ക്‌, ഉക്കടം, R S പുര, പൂമാർക്കറ്റ് അങ്ങനെയങ്ങനെ എത്രയോ സ്ഥലങ്ങൾ. ഇപ്പോൾ ബസ് നീങ്ങുന്നതും ഈ ഓർമ്മകളിലൂടെയാണ്. ആളും ബഹളവും ആരവവുമില്ലാത്ത തെരുവുകളിലൂടെ പോകുമ്പോൾ തെരുവിലെ ജീവിതത്തിന്റെ മറ്റൊരു മുഖമാണ് കണ്മുന്നിൽ തെളിയുക. പത്രം അടുക്കുന്ന വിതരണക്കാർ. പിന്നിൽ പാൽ നിറച്ച പാത്രം പിന്നിൽ വച്ച് സൈക്കിൾ ആഞ്ഞുചവിട്ടുന്ന പാൽക്കാരൻമാർ..കുളിച്ചു ഈറനായി ഉമ്മറത്ത് കോലചിത്രങ്ങൾ വരയ്ക്കുന്ന തമിഴ് പെൺകൊടികൾ. കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ചകളിലൂടെ ബസ് പതിയെ ഓടിക്കൊണ്ടിരുന്നു..

നഗരവീഥികളിൽ നിന്നും ഗ്രാമത്തിന്റെ പുലരികാഴ്ചകളിലേക്ക്..കുടമണി കിലുക്കി കൂട്ടത്തോടെ പുൽത്തകിടി തേടി പോകുന്ന പൈക്കൂട്ടങ്ങൾ.. മഞ്ഞിന്റെ നേർത്ത ആവരണത്തെ ബീഡിപ്പുകയാൽ വകഞ്ഞുമാറ്റി പണിയായുധങ്ങളുമായി നടന്നു നീങ്ങുന്ന ഗ്രാമീണർ..മോട്ടോർ വാഹനങ്ങളെ പേടിച്ചു റോഡിന്റെ ഓരം ചേർന്ന് പതിയെ പോകുന്ന കാളവണ്ടികൾ.. അങ്ങനെ കാഴ്ചകൾ ഓരോന്നായി മാറി മാറി വന്നുകൊണ്ടിരുന്നു. ചിന്നത്തടാകം കഴിഞ്ഞാൽ റോഡിന്റെ ഇരുവശവും ഇഷ്ടിക ചൂളകളാണ് കുറെ ദൂരം. ഓരോ ചൂളയിൽ നിന്നും മാനം മുട്ടെ ഉയർന്ന പുകക്കുഴലുകൾ പുക തുപ്പുന്നുണ്ട്. ഭൂമിയെ തന്റെ നിർമ്മിതികൊണ്ട് കീഴടക്കാൻ മനുഷ്യൻ നിർമ്മിക്കുന്ന ആയുധങ്ങളുടെ വിസർജ്യം. അവയെ എത്ര ഉയരങ്ങളിൽ പുറംതള്ളിയാലും തിരിച്ചു ഒരുനാൾ നാശത്തിന്റെ പേമാരിയായി അവനുമേൽ പ്രകൃതി ചൊരിയുകതന്നെ ചെയ്യും..

നാടിന്റെ കാഴ്ചകൾ പതുക്കെ കാടിന്റെ കാഴ്ചകൾക്ക് വഴിമാറിയിരിക്കുന്നു. ഉണങ്ങിയ വനമാണ് റോഡിന്റെ ഇരുവശവും. സൂര്യരശ്മികൾ ആ മരച്ചില്ലകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന ആ കാഴ്ച. റോഡിന്റെ വീതിയിൽ തെല്ലൊരു കുറവ് വന്നെങ്കിലും മോശമല്ലാത്ത റോഡ് ആയതിനാൽ അത്യാവശ്യം സ്പീഡിൽ ആണ് വണ്ടി. ആനക്കട്ടിയിൽ ഇറങ്ങുമ്പോളെക്കും ഗ്രാമം ഉണർന്നിരുന്നു. ഉള്ള കടകളിൽ നിന്നെല്ലാം വിവിധ റേഡിയോ ചാനലുകൾ പാട്ടുപാടുന്നു, വാർത്ത വായിക്കുന്നു..ആകെ ബഹളം.. !

ആനക്കട്ടിയോടെ തമിഴ്നാട് അവസാനിക്കുകയാണ്. ആ ഒരു പാലം കയറിയിറങ്ങിയാൽ കേരളത്തിന്റെ മണ്ണിലേക്ക് കാലുകുത്താം. അട്ടപ്പാടി മലനിരകളുടെ താഴ്‌വര.. ഒരു അന്തർസംസ്ഥാന അതിർത്തിയുടെ യാതൊരു പ്രൗഢിയുമില്ലാത്ത ഗ്രാമമാണ് ഒരു പാലത്തിന്റ ഇരുവശങ്ങളിലായി സജീവമായിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഷയെയും, സംസ്കാരത്തെയും കേവലമൊരു പാലം കൊണ്ട് വേർതിരിക്കുന്നതിൽ മനുഷ്യൻ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. കാരണം ഇവിടെ അങ്ങനൊരു അതിർത്തി ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും ചിലപ്പോൾ തമിഴ് പറയുന്നു.. ചിലപ്പോൾ മലയാളവും. തിരക്കുകൾക്കിടയിലൂടെ ഞാനും നടന്നു..

എന്റെ യാത്ര തീർന്നിട്ടില്ല. ഇനി ഇവിടെനിന്നും മണ്ണാർക്കാട് റൂട്ടിൽ ഉള്ള ഗൂളിക്കടവ് എന്ന ഗ്രാമത്തിലേക്ക്. അവിടെയാണ് എന്റെ കാമുകി. അവളുടെ അടുത്തേക്കാണ് ഈ യാത്ര.. ഒരു ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. ചാടിക്കയറി. ഇനി യാത്ര അട്ടപ്പാടി ഊരുകൾക്കിടയിലൂടെ. മൊട്ടക്കുന്നുകളും ചെറുകാടുകളും ദൂരെ ദൂരെ കാണാം. ഒരുകാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം ഇന്നിതാ ഒരു മഴ നിഴൽ പ്രദേശമായി മാറിയിരിക്കുന്നു. വരൾച്ചയും പട്ടിണിയും ദാരിദ്രവും ഇന്നാടിനെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഒരുകാലത്തു സുന്ദരിയായിരുന്ന അട്ടപ്പാടി ഇന്ന് ആർക്കും വേണ്ടാത്ത പ്രദേശമായി മാറിയിരിക്കുന്നു..

കാഴ്ചകളിലൂടെ സഞ്ചരിച്ചു ഗൂളിക്കടവ് എത്തിയതറിഞ്ഞില്ല. ഇവിടെയാണ്‌ എന്റെ കാമുകി ഉള്ളത്. പക്ഷേ നേരെ അവളുടെ അടുത്തേക്ക് പോകാൻ സാധിക്കില്ല. ഒരു ഞായറാഴ്ച കുർബാന ഇവിടെയുള്ള പള്ളിയിൽ നിന്നും പതിവാണ് ഇപ്പോൾ. ടൗണിൽ തന്നെയാണ് പള്ളി.. ഏതാനും സ്റ്റെപ്പുകൾ കയറിച്ചെല്ലുമ്പോൾ കാണാം ഒരു മലയുടെ ചുവട്ടിലായി നിലകൊള്ളുന്ന ഒരു സുന്ദര ദേവാലയം.(ഞാൻ കോയമ്പത്തൂർ വിടുന്ന സമയത്തു പുതിയ പള്ളിയുടെ പണികൾ തുടങ്ങിയിരുന്നു എന്നാണ് ഓർമ്മ – 2015 ൽ).

ഞാൻ എത്തിയപ്പോളേക്കും കുർബാന തുടങ്ങിയിരുന്നു. കുർബാനക്കിടയിലും മനസ്സിൽ കാമുകി മാത്രമായിരുന്നു. പള്ളിയിൽ കഴിഞ്ഞു അന്നാട്ടിലെ ഒരാളായി അവരോടൊപ്പം ഞാനും പടികളിറങ്ങി. ഇനി ടൗണിലേക്ക്. ശരിക്കും നമ്മുടെ നാട്ടിലൊക്കെ പള്ളിയിൽ കഴിഞ്ഞു കവലയിലേക്കിറങ്ങിയ ഒരു പ്രതീതി. നൻമയുടെ ഒരുപാട് കാഴ്ചകൾ. ഇനിയും കാത്തിരിക്കാനാവില്ല. കാലുകൾ കാമുകിയെ ലക്ഷ്യമാക്കി നീങ്ങി. ഞാൻ ചെല്ലുമ്പോൾ തിരക്ക് തീരെ കുറവായിരുന്നു അവിടെ. വന്നിരുന്നതും ഒരു പാത്രത്തിൽ ചൂടുപറക്കുന്ന എന്റെ കാമുകി എത്തി. നല്ല നാടൻ കഞ്ഞിയും കറികളും..

 

ഈയൊരു ലക്ഷ്യം മാത്രമാണ് ഞായറാഴ്ചകളിൽ പതിവാക്കിയ ഈ രഹസ്യ യാത്രയ്ക്ക് പിന്നിൽ ഉണ്ടായിരുന്നത്. ചിലപ്പോൾ അത് കപ്പയിലേക്കും മാറാറുണ്ട്. ഗൂളിക്കടവ് പള്ളിയുടെ ഓപ്പോസിറ്റ് താഴേക്കിറങ്ങുന്ന പാതയരികിലാണ് ഈ കൊച്ചുകട. രണ്ടോ മൂന്നോ ബെഞ്ചുകൾ ഇട്ടിരിക്കുന്നു..പ്രായമായ ഒരു അപ്പച്ചനും അയാളുടെ മകനുമായിരുന്നു അന്ന് കട നടത്തിയിരുന്നത്. സ്വാദിഷ്ടമായ, ഒരു മായവും കലരാത്ത ആ കഞ്ഞിയോ കപ്പയോ കഴിച്ചാൽ മനസും വയറും ഒന്നുപോലെ നിറയും. കഴിപ്പ് കഴിഞ്ഞു വഴിയിലേക്കിറങ്ങിയാൽ കാര്യങ്ങൾ മനസിന് വിട്ടുകൊടുക്കും. പിന്നെ എല്ലാം യാന്ത്രികമാണ്.

മനസ്സ് എന്നെയുംകൊണ്ട് പോയിച്ചേരുക ഇത്തിരി ദൂരെയുള്ള പുഴയുടെ തീരത്താണ്. ശിരുവാണി കാടുകളിൽ നിന്നും ഉത്ഭവിച്ചു കുന്തിപുഴയിൽ പോയി ചേരുന്ന ഒരു പുഴ. ആ തണുപ്പിൽ ഒന്ന് മുങ്ങിനിവരുമ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം. എന്തൊക്കെയോ ഭാരങ്ങൾ തലയിൽ നിന്നും ഇറക്കിവച്ചതുപോലെ. എത്രനേരം അങ്ങനെ കിടക്കും എന്ന് നിശ്ചയമില്ല. ആ തണുപ്പിന്റെ സുഖത്തിൽ ലയിച്ചിരുന്നാൽ പിന്നെ സമയം പോകുന്നതേ അറിയില്ല. തിരികെ പോകുന്ന കാര്യം എപ്പോളെങ്കിലും ഓർമ്മിക്കുമ്പോളാണ് പിന്നെ ചാടിയെഴുന്നേൽക്കുക..

ഒരുപാട് താമസിച്ചാൽ അതും പ്രശ്നമാണ്. ആനക്കട്ടി മുതൽ തടാകം വരെയുള്ള കാട്ടുവഴിയിൽ ഏത് വളവിലും ആനയെ പ്രതീക്ഷിക്കാം.. തിടുക്കത്തിൽ ഗൂളിക്കടവിൽ എത്തി രണ്ടു പഴംപൊരിയും കഴിച്ചു ആനക്കട്ടിയിലേക്ക്. അവിടെനിന്നും കാടുറങ്ങുന്നതിനു മുന്നേ മടക്കയാത്ര. നാവിലെ രുചി തന്ന സന്തോഷം വീണ്ടും മനസ്സിലിട്ട് താലോലിച്ചു വീണ്ടും ഒരു മടക്കയാത്ര. 2011-2015 വരെയുള്ള കാലഘട്ടത്തിൽ പലപ്പോളായി നടത്തിയ യാത്രയാണ് ഓർമ്മയിൽ നിന്നും ഇപ്പോൾ ചികഞ്ഞെടുത്തത്. ഇപ്പോൾ കാടും നാടുമെല്ലാം മാറിയിരിക്കാം.. കഞ്ഞിക്കടയിലെ അപ്പച്ചൻ ചിലപ്പോൾ ഓർമ്മയായിരിക്കാം. അന്ന് വഴിയരികിൽ നിക്കറിൽ ഓടിക്കളിച്ച പലരും ജീവിതം തേടി മറുനാടുകളിലേക്ക് ചേക്കേറിയിരിക്കാം..