വിവരണം – നിജിൻ അശോക്.
സിംഹമാണ് കാട്ടിലെ രാജാവ് എന്നാണ് ചെറുപ്പം മുതലേ കേട്ട് വളർന്നത്. പക്ഷെ സിംഹത്തിനു ഈ പദവി ചാർത്തി കൊടുത്തവർക്ക് ഒരു പക്ഷെ കടുവയെ കുറിച്ഛ് അറിവുണ്ടാവില്ല. ഒരുമിച്ച് കൂട്ടമായി താമസിച്ഛ് ഇര തേടുന്ന സിംഹത്തെക്കാളും രാജാവിന്റെ പദവി ചേരുന്നത് ഒറ്റയ്ക്ക് ഒരു പ്രദേശം അടക്കി വായുന്ന കടുവകൾ തന്നെ. ശക്തി കൊണ്ടും ബുദ്ധി കൊണ്ടും കടുവ സിംഹത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കും.
പക്ഷെ ഇത് തെളിയിക്കാൻ ലോകത്തെവിടെയും ഒരു കാട്ടിലും കടുവയും സിംഹവും ഒരുമിച്ച് ഒരു പ്രദേശത്തില്ല. സിംഹങ്ങൾ പ്രധാനമായും ഉള്ളത് ആഫ്രിക്കൻ വൻ കരയിലാണ്, അവിടെയാണെങ്കിൽ കടുവകൾ ഇല്ല താനും. കടുവകൾ ഏഷ്യൻ രാജ്യങ്ങളിൽ മാത്രമാണുള്ളത്. ഇനി ഇവ രണ്ടും ഉള്ള ഒരേ ഒരു രാജ്യം നമ്മുടെ സ്വന്തം ഇന്ത്യയാണ്. നമ്മുടെ രാജ്യത്ത് പല കാടുകളിലും കടുവകൾ ഉണ്ടെങ്കിലും, സിംഹമുള്ളത് ഗുജറാത്തിലെ Gir വനത്തിൽ മാത്രമാണ്. നൂറ് വർഷങ്ങൾക്ക് മുൻപ് Gir വനത്തിൽ കടുവകളും ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നുണ്ട്, പക്ഷെ വർഷങ്ങളായി ഇവിടെ ആരും കടുവയെ കണ്ടിട്ടില്ല. ഇനി എങ്ങാനും കടുവയും സിംഹവും ഒരുമിച്ച് ഒരു കാട്ടിൽ ഉണ്ടെങ്കിൽ അതിന് ഏക സാധ്യത Gir വനം മാത്രമാണ്.
പൂനെയിൽ നിന്ന് രാത്രി 6 മണിക്ക് rml നെയും ഭാര്യയെയും കൂട്ടി നമ്മുടെ സ്വന്തം ശകടമായ ക്രെറ്റയിൽ കാടിന്റെ രാജാവിനെ തേടി യാത്ര തുടങ്ങി. 750 km ഉണ്ട് തടോബയിലേക്ക്. ഇടക്ക് ഇടക്ക് മോശം റോഡ് ഒഴിച്ചു നിർത്തിയാൽ യാത്ര വലിയ ബുദ്ധിമുട്ടില്ലാത്തതായിരുന്നു. അങ്ങനെ രാവിലെ 11 മണിക്ക് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. FDCM ന്റെ റൂമിൽ ആണ് താമസം.
കടുവകളുടെ എണ്ണം കൊണ്ട് ലോക പ്രശസ്തമാണ് തടോബ കാടുകൾ. അവസാനത്തെ സെൻസസ് പ്രകാരം 86 കടുവകളെ കണ്ടെത്തിയിട്ടുണ്ട് തടോബയിൽ. 625 square കിലോമീറ്ററിൽ വ്യാപിച്ചു നിൽക്കുന്ന തടോബ വനത്തിൽ 15 ശതമാനം ഏരിയയിൽ മാത്രമേ പ്രവേശനമുള്ളൂ. ഇത് കൂടാതെ 1100 square കിലോമീറ്റർ ബഫർ ഏരിയയുണ്ട് ഇവിടെ. സഫാരിയിൽ സാധരണ കാണുന്ന കടുവകൾക്ക് രസകരമായ പേരുമുണ്ട് ഇവിടെ.
ഞങ്ങൾ നേരെ പോയത് ഇന്നലെ അവർ ഫോട്ടോ എടുത്ത കൃത്രിമമായി വെള്ളം കെട്ടി നിർത്തിയിരിക്കുന്ന സ്ഥലത്തേക്കാണ്. ഒരു പത്തോളം ജിപ്‌സി ഉണ്ട് അവിടെ. ഇവിടെ ഇപ്പോൾ സ്ഥിരമായി വൈകുന്നേരം ഇവർ വെള്ളം കുടിക്കാൻ വരുമത്രെ. ഫോട്ടോ എടുക്കാൻ പറ്റിയ ആംഗിളിലാണ് ഡ്രൈവർ വണ്ടി നിർത്തിയിരിക്കുന്നത്. കടുത്ത വെയിലിൽ ഞങ്ങൾ അവിടെ കാത്തിരിപ്പ് തുടങ്ങി. പക്ഷെ ഒരു ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ഒരു അനക്കവുമില്ല. ഞങ്ങൾക്ക് ക്ഷമയുണ്ടെങ്കിലും എന്റെ 10 മാസം പ്രായമുള്ള നടാഷ ക്ഷമ നശിച്ഛ് ഒച്ച ഉണ്ടാക്കി തുടങ്ങി. ഇനി അവളുടെ ഒച്ച കേട്ട് കടുവ എങ്ങാനും വന്നില്ലെങ്കിലോ എന്ന് കരുതി നമുക്ക് കാട്ടിൽ കറങ്ങി വരാം എന്ന് ഡ്രൈവറോട് പറഞ്ഞു. ആ കറക്കത്തിൽ ഒരു മുതലയെ കണ്ടതെല്ലാതെ വേറെ ഒന്നും കണ്ടില്ല. തിരിച്ചു അവിടെ എത്തിയപ്പോൾ ഞങ്ങളുടെ സ്ഥലം വേറെ ജിപ്സിക്കാരൻ കൈയേറിയിരുന്നു.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ പല മൃഗങ്ങളും alert സൗണ്ട് ഉണ്ടാക്കാൻ തുടങ്ങി. പട്ടി കുരക്കുന്നത് പോലെ barking deer ന്റെ ഉച്ച കാട്ടിൽ മുഴുവൻ മുഴങ്ങി കേൾക്കാം. കടുവ വരുന്നതിനുള്ള മുന്നറിയിപ്പാണ്. എല്ലാവരുടെയും കണ്ണുകൾ കാട്ടിലേക്ക് തന്നെ. പെട്ടെന്ന് കാട്ടിനുള്ളിൽ അവൻ പ്രത്യക്ഷപെട്ടു, ഒരു ഭീമൻ കടുവ. ലാറയുടെ കുട്ടിയാണ് ഞങ്ങൾക്ക് ദർശനം തന്നത്. ജീവിതത്തിൽ ആദ്യമായാണ് കടുവയെ കാട്ടിൽ കാണുന്നത്, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. പിന്നാലെ അടുത്ത രണ്ടും വന്നു. വലിയ ഭീമൻ രൂപമാണ് മൂന്നിനും. ഇതിന് ഇത്രയും വലിപ്പമുണ്ടെങ്കിൽ ലാറയുടെ വലിപ്പം സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്. പൂച്ചകളൊക്ക കളിക്കുന്നത് പോലെ മൂന്നും കളിക്കുകയാണ്. ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും ദൂരത്തും കാടിന്റെ ഇടയിലും ആയത് കൊണ്ട് എന്റെ ക്യാമറക്ക് അത് ഒപ്പി എടുക്കാൻ പറ്റിയില്ല. എല്ലാവരും ശബ്ദമില്ലാതെ നിൽകുമ്പോൾ നടാഷയെ അടക്കി നിർത്താൻ ഭാര്യ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
ഞങ്ങളുടെ ജിപ്‌സി കടന്ന് വേണം അവർക്ക് വെള്ളം കുടിക്കാൻ. ജിപ്സികളൊക്കെ മുന്നോട്ടും പിന്നോട്ടും ആക്കി അതിന് ഒരു വഴി ഉണ്ടാക്കി കൊടുത്തു. പക്ഷെ ലാറ വരാത്തത് കൊണ്ടാവും അവ നാണം കാരണം പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഞങ്ങൾ ആരും അവിടുന്ന് പോവില്ലെന്നു മനസ്സിലായപ്പോൾ ഞങ്ങളെ ഒക്കെ നിരാശരാക്കി അവ കാടിന്റെ ഉള്ളിലേക്ക് മറഞ്ഞു. കടുവയെ ആദ്യമായി കണ്ട സന്തോഷം ഉണ്ടെങ്കിലും ഒരു ഫോട്ടോ എടുക്കാൻ പറ്റാത്ത നിരാശ മനസ്സിൽ ഒതുക്കി തിരിച്ചു റൂമിലേക്ക് മടങ്ങി.
പിറ്റേ ദിവസം രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. രാത്രി നല്ല മഴ പെയ്‌തത് കൊണ്ട് കുറച്ച് തണുപ്പുണ്ട്. എണീറ്റപ്പോൾ ആണ് പറഞ്ഞത് ഒരു പാമ്പ് rml ന്റെ റൂമിൽ അതിഥിയായി കയറി കൂടിട്ടുണ്ടെന്ന്. അവിടെ ഫോറെസ്റ്റ്കാരെ ആരെയും കാണാത്തത് കൊണ്ട് പാമ്പിനെ റൂമിൽ തനിച്ചാക്കി ഞങ്ങൾ രാവിലത്തെ സഫാരിക്ക് പുറപ്പെട്ടു. ഒരു ചെറിയ മിനി ബസ്സിലാണ് ഇന്നത്തെ സഫാരി. ഞങ്ങൾ 5 പേരില്ലാതെ വേറാരുമില്ല ബസ്സിൽ, അത് കൊണ്ട് തന്നെ ഒരു ജിപ്‌സിയയിൽ പോവുന്ന അതെ പ്രൈവസി. രാവിലെ കാടിന് ഒരു പ്രത്യേക ഭംഗി. മാനുകൾ ഒരുപാടുണ്ട് അവിടിവിടെയായ്. മുതലയും മാനിനെയും എല്ലാതെ വേറെ ഒന്നിനെയും ഈ സഫാരിയിൽ കാണാൻ പറ്റിയില്ല. പക്ഷെ രാവിലെ കാടിന്റെ ശാന്തതയിൽ യാത്ര ചെയ്യാൻ തന്നെ ഒരു പ്രത്യേക രസം. തിരിച്ചു വന്നപ്പോൾ അതിഥിയെ പുറത്താക്കാൻ ഫോറെസ്റ്റ്കാരോട് പറഞ്ഞു. പാവം ഒരു ബെഡ്ഷീറ്റിന്റെ ഇടയിൽ സുഖമായി ഉറങ്ങുകയായിരുന്നു. ഫോറെസ്റ്റ്കാരൻ കൈ കൊണ്ട് പിടിച്ച് ദൂരെ കളഞ്ഞു. ചെറിയൊരു നീരസത്തോടെ അത് കാട്ടിലേക്ക് ഇഴഞ്ഞു പോഴി.
അങ്ങനെ ഞങ്ങളുടെ ബുക്ക് ചെയ്ത സഫാരി രണ്ടും കഴിഞ്ഞു. അതെ ബസ് വൈകുന്നേരം പോവുമോ എന്ന് ചോദിച്ചപ്പോൾ 21 പേരെങ്കിലും ഉണ്ടെങ്കിലേ പോവു എന്ന് പറഞ്ഞു . നേരത്തെ നമ്മളെ മാത്രം വെച്ച് പോയത് ഓൺലൈൻ ബുക്ക് ചെയ്തത് കൊണ്ടാണ്. ഭക്ഷണവും കഴിഞ്ഞു തിരിച്ചു പോവാൻ നേരത്ത് ഒന്ന് കൂടി ചോദിച്ചു, അപ്പോൾ ആളുണ്ടെന്നും പോവാമെന്നും പറഞ്ഞു. അടിപൊളി, അങ്ങനെ മൂന്നാമത്തെ പ്രാവിശ്യം കാടിനുള്ളിലേക്ക്.
ഇത്തവണ ബസ്സ് housefull ആണ്. 21 പേരുണ്ട് ബസ്സിൽ. ബിഹാറിൽ നിന്ന് കാടെന്താ മൃഗശാല എന്താ എന്നറിയാത്ത ഒരു 5-8 എണ്ണം കൂടിയുണ്ട് ഇപ്പ്രാവശ്യം. ആനയെയും സിംഹത്തെയും ഒന്നും കാണുന്നില്ലെല്ലോ എന്ന് ഗൈഡിനോട് തട്ടി കയറുന്നുണ്ട് അവന്മാർ. കൂട്ടത്തിൽ ഒരു വിവരദോഷി കടല കഴിച്ചു പ്ലാസ്റ്റിക് വരെ പുറത്ത് വലിച്ചെറിഞ്ഞു. വേറൊരാള് കണ്ടത് കൊണ്ട് പുറകിൽ നിന്ന് വന്ന വണ്ടിക്കാരൻ പ്ലാസ്റ്റിക് എടുത്തു. തടോബയിൽ ഞാൻ കണ്ട ഒരു പ്രത്യേകത ഒരു പ്ലാസ്റ്റിക് പോലും ഉള്ളിൽ എവിടെയും ഇല്ലെന്നതാണ്. പിന്നെ അച്ചടക്കവും, കാടിനോടും പ്രകൃതിയോടും സ്നേഹമുള്ള ജീവനക്കാരും. ഒട്ടു മിക്ക നിയമങ്ങളും ഇവര് അതെ പടി പാലിക്കുന്നുണ്ട്. കാട്ടിനുള്ളിൽ കയറിയാൽ ഇവർ പുറത്തിറങ്ങുന്നത് പ്ലാസ്റ്റിക് കണ്ടാൽ മാത്രമാണ്.
ഇന്നലെ മഴ പെയ്തത് കൊണ്ടാവും മൃഗങ്ങളെ ഒന്നും പുറത്തേക്ക് കണ്ടില്ല. അങ്ങനെ ഇത്തവണയും നിരാശയായിരുന്നു ഫലം. വളരെ ദൂരത്തു നിന്നു ഒരു കോളർ ഇട്ട കടുവയെ അല്ലാത്ത വേറൊന്നും പ്രത്യേകിച്ച് ഈ യാത്രയിലും കണ്ടില്ല. കടുവയെ ഫോട്ടോ എടുക്കാൻ പറ്റിയില്ലെങ്കിലും തടോബ നമുക്ക് തന്നത് വേറിട്ടൊരു അനുഭവം തന്നെയാണ്. വീണ്ടും ഒരിക്കൽ തിരിച്ചു വരുമെന്ന് ഉറപ്പു നൽകി കാടിനോട് വിട പറഞ്ഞു ഞങ്ങൾ പൂനെയിലേക്ക് തിരിച്ചു…