പുതിയ സിനിമകൾ തിയേറ്ററിൽ കളിക്കുമ്പോൾ തന്നെ അതിൻ്റെ വ്യാജ പതിപ്പുകൾ ഇറക്കുന്ന പരിപാടി വളരെ കാലങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. പറഞ്ഞു വരുന്നത് വീഡിയോ കാസറ്റ് യുഗം മുതലുള്ള കാര്യമാണ്. അന്ന് പകർപ്പവകാശ നിയമങ്ങൾ നമ്മുടെ നാട്ടിൽ അധികമാർക്കും അറിയാത്ത കാലമായിരുന്നു. തിയേറ്ററിൽ സിനിമ കളിക്കുമ്പോൾ വീഡിയോ ക്യാമറയുമായി കയറി ഷൂട്ട് ചെയ്യുകയും അത് വീഡിയോ കാസറ്റ് രൂപത്തിലാക്കി പ്രിന്റുകളെടുത്ത് വീഡിയോ ലൈബ്രറികൾ വഴി ആളുകളിലേക്ക് എത്തിക്കുകയുമായിരുന്നു അക്കാലത്ത് സിനിമാക്കള്ളന്മാർ ചെയ്തിരുന്നത്.
ഇത്തരത്തിലുള്ള വ്യാജ പ്രിന്റുകൾ പ്രധാനമായും ഇറങ്ങിയിരുന്നത് വിദേശ നാടുകളിലായിരുന്നു. അന്നൊക്കെ ഗൾഫിൽ നിന്നും വരുന്നവർ ഒപ്പം പുതിയ സിനിമകളുടെ കാസറ്റുകൾ കൊണ്ടുവരുന്നതിന്റെ ഗുട്ടൻസും ഇതുതന്നെയായിരുന്നു. പിന്നീട് വീഡിയോ കാസറ്റ് വിസിഡി, ഡിവിഡി എന്നിവയ്ക്ക് വഴിമാറിയപ്പോഴും പൈറസിക്കാർ തങ്ങളുടെ ജോലി പതിവിലും ഊർജ്ജത്തോടെ ചെയ്തു പോന്നു. പലപ്പോഴും റെയ്‌ഡുകൾ നടത്തി ചിലരെയൊക്കെ പിടികൂടിയെങ്കിലും പൈറസിക്കാരെ പൂർണ്ണമായി തുരത്തുവാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ഇതിനിടെ എങ്ങും ഇന്റർനെറ്റുകൾ വ്യാപകമായതോടെ ഡിവിഡികളെ കടത്തിവെട്ടിക്കൊണ്ട് വ്യാജപതിപ്പുകൾ ഇന്റർനെറ്റിൽ നേരിട്ട് അപ്‌ലോഡ് ചെയ്യുവാൻ തുടങ്ങി. വ്യാജന്മാർക്ക് ചാകരയായത് ടോറന്റ് (Torrent) സൈറ്റുകളുടെ ഉദയത്തോടെയായിരുന്നു. ഒപ്പംതന്നെ സിനിമകൾ ചെറിയ പാർട്ടുകളാക്കിയും അല്ലാതെയും യൂട്യുബിലും മറ്റും അപ്‌ലോഡ് ചെയ്യുവാനും തുടങ്ങി.
സിനിമാരംഗത്തുള്ളവർ ഇതിനെതിരെ ശക്തമായി മുന്നിട്ടിറങ്ങിയെങ്കിലും പൃഥ്വിരാജ് നിർമ്മിച്ച ഉറുമി എന്ന ചിത്രം നെറ്റിൽ വന്നതോടെയാണ് വ്യാജന്മാർക്ക് ചെറുതായെങ്കിലും കാലിടറിയത്. ഉറുമി നെറ്റിലിട്ടതിന് എതിരെ പൃഥ്വിരാജും അമ്മ മല്ലികാ സുകുമാരനും കേരളക്കരയില്‍ നടത്താത്ത യുദ്ധങ്ങളില്ല. അവസാനം വിവര സാങ്കേതിക വിദ്യയുടെ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പുതിയ മലയാള സിനിമകളുടെ അനധികൃത വിതരണം തടയുന്നതിനായി ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ ഡിഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒരു ദൌത്യസംഘം രൂപീകരിക്കപ്പെടുകയും ചെയ്തു. ഇന്റര്‍നെറ്റ് വഴിയുള്ള സിനിമകളുടെ അനധികൃത വിതരണം തടയുന്നതിനായി സാങ്കേതിക വിദഗ്‌ധരും പോലീസും ഉള്‍പ്പെട്ട സമിതി കൊച്ചിയില്‍ രൂപം കൊണ്ടിരുന്നു.
എന്നാൽ ഇതിനെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് വ്യജന്മാർ പുതിയ വിദ്യകൾ പയറ്റുകയായിരുന്നു. ഓരോ ആറു മണിക്കൂറിലും 6780 സിനിമകളായിരുന്നു വ്യാജന്മാർ നെറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ഇതിൽ പുതിയ ചിത്രങ്ങളും പഴയ ചിത്രങ്ങളും ഒക്കെ ഉൾപ്പെടും. ലോകത്താകമാനമുള്ള പൈറസിക്കാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നതാണ് ഞെട്ടിക്കുന്ന ഒരു കാര്യം. Torrentz എന്ന വിദേശ സൈറ്റ് വഴി സിനിമകൾ ആളുകൾക്ക് ഡൗൺലോഡ് ചെയ്യുവാനുള്ള സൗകര്യവും ഇവർ ഒരുക്കിയിരുന്നു.
എന്നാൽ ഇതിൽ ഏറ്റവും കൂടുതലാളുകൾ സിനിമകൾ ഡൗൺലോഡ് ചെയ്തിരുന്നത് ഒരു ഇന്ത്യൻ സൈറ്റിൽ നിന്നുമായിരുന്നു. ഈ സൈറ്റിലേക്ക് ട്രാഫിക് കൂടിയതോടെയാണ് അധികൃതർ ഇത് ശ്രദ്ധിച്ചത്. ‘MoviesFreeTo’ എന്നു പേരുള്ള തമിഴ്‌നാട്ടിൽ വേരുകളുള്ള ഒരു സൈറ്റ് ആയിരുന്നു അത്. തമിഴ്‌നാട്ടിലെ നുങ്കമ്പാക്കത്തുള്ള ഒരു സാധാരണ ഷെഡ് ആയിരുന്നു ഇവരുടെ പ്രവർത്തനകേന്ദ്രം. അധികൃതർ നിരീക്ഷിക്കുന്നുവെന്നു കണ്ടപ്പോൾ മൂന്നാഴ്ചയ്ക്കുള്ളിൽ അവർ സൈറ്റിന്റെ പേര് മാറ്റുകയായിരുന്നു. ‘Tamil Rockers’ – സിനിമാ വ്യവസായത്തിന് പേടിസ്വപ്നമായി മാറിയ ആ പേര് അവിടെ തുടങ്ങുകയായിരുന്നു.
ഒന്നിലധികം ആളുകൾ അഡ്മിൻ സ്ഥാനത്തുണ്ടായിരുന്ന തമിഴ് റോക്കേഴ്സ് ഒരർത്ഥത്തിൽ കത്തിക്കയറുകയായിരുന്നു. തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്ന ദിവസം വൈകുന്നേരത്തോടെ ഇതേ ചിത്രത്തിന്റെ മെച്ചപ്പെട്ട വീഡിയോ – സൗണ്ട് ക്വളിറ്റിയുള്ള പകർപ്പ് Tamil Rockers സൈറ്റിൽ പ്രത്യക്ഷപ്പെടും. ഇതോടെ മറ്റൊരു റിലീസിംഗ് കേന്ദ്രം കൂടിയാകുകയായിരുന്നു തമിഴ് റോക്കേഴ്സ്.
മലയാളമടക്കമുള്ള സിനിമകളുടെ റിലീസ് ദിനം തന്നെ കോപ്പികള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തായിരുന്നു ഇവരുടെ ബിസിനസ്. തമിഴ് സിനിമാ ലോകത്തും ഏറെ തലവേദനയുണ്ടാക്കിയ സൈറ്റായിരുന്നു തമിഴ് റോക്കേഴ്സ്. ലക്ഷക്കണക്കിന് രൂപയാണ് ഇന്‍റർനെറ്റിലെ സിനിമകള്‍ വഴി പ്രതികള്‍ സമ്പാദിച്ചത്. നിരവധി ഡൊമെയ്നുകള്‍ സംഘടിപ്പിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. റോക്കേഴ്സിന്‍റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന്‍ നിരോധിച്ചാല്‍ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ ലോഡ് ചെയ്യും.
പുതിയ ചിത്രങ്ങളുടെ കോപ്പി സൈറ്റില്‍ അപ് ലോഡ് ചെയ്ത ശേഷം ആളുകള്‍ സൈറ്റ് സന്ദര്‍ശിക്കുന്നതിനനുസരിച്ച് ഇവര്‍ക്ക് വരുമാനമെത്തും. വിവിധ പരസ്യ ഏജന്‍സികള്‍ വഴി സൈറ്റില്‍ പരസ്യങ്ങള്‍ സ്വീകരിച്ചാണ് വരുമാനമാര്‍ഗം കണ്ടെത്തുന്നത്. ഏജന്‍സികള്‍ മുഖേന പണം ഇവരുടെ അക്കൗണ്ടുകളിലേക്കെത്തും.
ഒരു ദിവസം പരസ്യത്തിലൂടെ അവർ നേടുന്നത് ഏകദേശം $2940 ആണ്. അതായത് ഇപ്പോഴത്തെ മൂല്യം അനുസരിച്ച് 2,05,256 ഇന്ത്യൻ രൂപ. തമിഴ് ചിത്രങ്ങൾ രണ്ടാഴ്ച മൂന്നാഴ്ച ആകുമ്പോൾ സിങ്കപ്പൂർ മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ TentKotta, Hero Talkies തുടങ്ങിയ ഔദ്യോഗിക ഓൺലൈൻ സൈറ്റിലൂടെ പുറത്ത് വിടും. അവിടുള്ളവർക്ക് മാസം $10 മുടക്കി ചിത്രം കാണാം. തമിഴ് റോക്കേഴ്സ് അതിലൂടെ പടം ഡൗൺലോഡ് ചെയ്ത് അവരുടെ സൈറ്റ് മുഖേന ഇവിടെയുള്ള ആളുകളിൽ എത്തിക്കുകയും പണം വരുകയും ചെയ്യും.
2007 മുതൽ തമിഴ് റോക്കേഴ്സ് വിവിധ ഭാഷകളിലുള്ള സിനിമകൾ Camrip, Webrip, DVDrip, HD rip, and recently, BluRay HD rip തുടങ്ങിയ ഫോർമാറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇതുമൂലം സിനിമാ മേഖലയ്ക്ക് വൻ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതിനിടെ തമിഴ് റോക്കേഴ്‌സിനെതിരെ തമിഴ്‌നടൻ വിശാലും കൂട്ടരും രംഗത്തെത്തി. പൈറസിക്കെതിരെ തമിഴ് താരം വിശാൽ എടുത്ത നിലപാടുകൾക്ക് തമിഴ് റോക്കേഴ്സ് പകരം വീട്ടിയത് അദ്ദേഹം അഭിനയിച്ച സിനിമകളുടെ വ്യാജ പതിപ്പുകൾ അപ്‌ലോഡ് ചെയ്തുകൊണ്ടായിരുന്നു. വിശാൽ അഭിനയിച്ച മലയാള ചിത്രമായ വില്ലൻ വരെ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തമിഴ് റോക്കേഴ്സ് സൈറ്റിൽ വരികയുണ്ടായി. അന്ന് നടത്തിയ അന്വേഷണത്തിൽ ഫ്രാൻസിൽ നിന്നുമായിരുന്നു ഈ ചിത്രം അപലോഡ് ചെയ്തതായി കണ്ടെത്തിയത്.
ഇതിനിടെ തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിന്മാരിൽ ചിലർ പോലീസ് പിടിയിലാവുകയും ചെയ്തു. അതിബുദ്ധിമാന്‍മാരായ ഇവര്‍ പിടിയിലായത് ഒരു വിഡ്ഡിത്തം ചെയ്തതിന്‍റെ ഫലമായാണ്. സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളുടെ വരുമാനം തന്നെയാണ് അവരെ പിടികൂടാന്‍ സഹായകമായതും. സൈറ്റിലുള്ള പരസ്യങ്ങള്‍ തേടിപ്പോയപ്പോഴാണ് പരസ്യത്തിന്‍റെ വരുമാനം പോകുന്ന അക്കൗണ്ടുകള്‍ കണ്ടെത്തിയത്. അവരവരുടെ പേരില്‍ തന്നെയുള്ള അക്കൗണ്ടുകളിലേക്കാണ് വരുമാനമെത്തിയിരുന്നത്. ഇതോടെ തമിഴ് റോക്കേഴ്‌സിന്റെ അന്ത്യമായി എന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പലപല ഡൊമൈനുകളിലായി തമിഴ് റോക്കേഴ്സ് വീണ്ടും രംഗത്തെത്തി. ഇന്ത്യയിൽ റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെ രജനികാന്ത് ചിത്രമായ ‘കാലാ’ഇന്റർനെറ്റിൽ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതോടെ ഇവർ വീണ്ടും വാർത്തകളിൽ നിറഞ്ഞു. ശക്തമായ നടപടിയിലൂടെ തമിഴ് റോക്കേഴ്സിനെ നിയന്ത്രിച്ചെന്നായിരുന്നു അധികൃതരുടെ അവകാശവാദം. എന്നാൽ അത് തെറ്റാണെന്നായിരുന്നു കാലാ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമായത്.
ഇന്നും തമിഴ് റോക്കേഴ്സ് സിനിമാ മേഖലയ്ക്ക് ഒരു ഭീഷണിയാണ്. ഒന്നോ രണ്ടോ അഡ്മിനുകൾ മാത്രമല്ല, ഒരു വൻ റാക്കറ്റ് തന്നെ ഇവിടാരുടെ പിന്നിലുണ്ടെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. വിജയിയുടെ സർക്കാരിനും ആമിർ ഖാന്‍റെ തഗ്സ് ഒഫ് ഹിന്ദോസ്ഥാനും പിന്നാലെ രജനീകാന്തിന്‍ പുതിയ ചിത്രമായറെ 2.0 ന്‍റെ വ്യാജ പതിപ്പും റിലീസിംഗ് ദിവസം തന്നെ പുറത്തു വിട്ടിരിക്കുകയാണ് ഈ സിനിമാ ഭീകരന്മാർ. ഇപ്പോൾ പ്രമുഖ സോഷ്യൽ മെസ്സഞ്ചർ ആപ്പായ ‘ടെലഗ്രാം’ വഴിയും ഇവർ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
ഒരു കൂട്ടമാളുകളുടെ പ്രയത്നത്തിന്റെ ഫലമാണ് ഓരോ സിനിമയും. വ്യാജ പ്രിന്റുകൾ ഡൗൺലോഡ് ചെയ്ത് കാണുവാൻ നിൽക്കാതെ അവ തിയേറ്ററുകളിൽ തന്നെ ആസ്വദിക്കണം. കാരണം സിനിമ ഒരു കലയാണ്. അതിൻ്റെ നിലനിൽപ്പിനു ഭീഷണിയാകരുത് നാം ഓരോരുത്തരും. സിനിമകളുടെ വ്യാജ പ്രിന്റ് അപ്‌ലോഡ് ചെയ്യുന്നതുപോലെതന്നെ കുറ്റമാണ് അത് ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും എല്ലാം. 1957 ലെ പകർപ്പവകാശ നിയമമനുസരിച്ച് സെക്ഷൻ 63, 63-A, 65, 65-A പ്രകാരം ഈ കുറ്റം ചെയ്യുന്നവർക്ക് 3 വർഷത്തെ തടവും 3 ലക്ഷം രൂപയും ശിക്ഷ ലഭിച്ചേക്കാം.