ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ ക്രമാതീതമായി ഉയർന്നതോടെ എല്ലാവരും പാടുപെടുകയാണ്. എന്നാൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ആളുകൾക്കു മാത്രം ഇന്ധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും. എങ്ങനെയെന്നല്ലേ. അവര്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തി. പകരം അതിര്‍ത്തിക്കപ്പുറത്ത് നേപ്പാളിലെ പമ്പില്‍ നിന്നാണ് അവര്‍ പെട്രോളും ഡീസലുമൊക്കെ വാങ്ങുന്നത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ബീഹാർ എന്നിവിടങ്ങളിലാണ് രാജ്യാതിർത്തി കടന്നുള്ള ഈ പെട്രോൾ ടൂറിസം വ്യാപകമായിരിക്കുന്നത്.
ഇതിനിടെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ഇന്ത്യയിൽ കൊണ്ടുവന്നു കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്ച്ചയുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിലെ മറ്റൊരു തമാശ എന്തെന്നാൽ ഇന്ത്യയിൽ നിന്നുമാണ് നേപ്പാളിലേക്ക് പെട്രോൾ കൊണ്ടുപോകുന്നത് എന്നതാണ്. നേപ്പാളിൽ നികുതി കുറവായതിനാലാണ് കുറഞ്ഞ വിലയ്ക്ക് അവിടെ ഇന്ധനങ്ങൾ ലഭിക്കുവാൻ കാരണം. ഇന്ത്യയിൽ നിന്നും വിൽക്കുന്ന പെട്രോൾ അയൽരാജ്യത്തു പോയി വാങ്ങിക്കൊണ്ടുവന്നു ഇന്ത്യയിൽ ഉപയോഗിക്കേണ്ട ഗതികേട് ഒന്നോർത്തു നോക്കിക്കേ.
നേപ്പാളിലേക്ക് പോകുന്നതിന് ഇന്ത്യൻ പൗരന്മാർക്ക് വിസ ആവശ്യമില്ലാത്തതിനാലാണ് ഈ പെട്രോൾ ടൂറിസം പരിപാടി അരങ്ങേറുന്നത്. ഈ അതിർത്തി പ്രദേശങ്ങളിലെ ടാക്സികളും സ്വകാര്യ വാഹനങ്ങളും അടക്കം എല്ലാവരും നേപ്പാളിൽ പോയാണത്രേ പെട്രോളും ഡീസലും ഒക്കെയടിക്കുന്നത്. ഇന്ത്യയിൽ നിന്നും പെട്രോളടിക്കുവാനായി ധാരാളം ആളുകൾ എത്തുന്നതോടെ നേപ്പാളിലെ പെട്രോൾ പമ്പുകളിൽ ഭയങ്കര തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ത്യയിൽ നിന്നും അഞ്ചോ ആറോ ലിറ്റർ പെട്രോൾ മാത്രം ടാങ്കിൽ നിർത്തിക്കൊണ്ടാണ് മിക്ക വാഹനങ്ങളും നേപ്പാളിലേക്ക് പോകുന്നത്. തിരികെ വരുമ്പോൾ ഈ വാഹനങ്ങളെല്ലാം ഫുൾ ടാങ്ക് ഇന്ധനവും അടിച്ചായിരിക്കും ഇന്ത്യൻ അതിർത്തി കടക്കുക. ഒരു ദിവസം ധാരാളം വാഹനങ്ങൾ ഇന്ത്യയിൽ നിന്നും അതിർത്തി കടന്നു നേപ്പാളിലേക്ക് പോകുന്നുണ്ട്. കൂടുതലും ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് നേപ്പാളിലെ പമ്പുകളിലെ ക്യൂവിൽ കാണാനാകുന്നത്.
ഇങ്ങനെ പെട്രോൾ കൊണ്ടുവന്നു കരിഞ്ചന്തയിൽ വിൽക്കുന്ന സംഘങ്ങൾ തന്നെ ഉടലെടുത്തിട്ടുണ്ടത്രേ ഇവിടങ്ങളിൽ. ഇന്ധന ഇറക്കുമതിയിലൂടെ ലാഭമുണ്ടാക്കുന്ന ഇത്തരം റാക്കറ്റുകൾ നല്ല ലാഭം കൊയ്യുകയാണ്. ഇക്കാര്യത്തില്‍ നമ്മുടെ അധികാരികൾ നിസ്സഹായാവസ്ഥയിലാണ്. ആളുകൾ കൂട്ടത്തോടെ നേപ്പാൾ പമ്പുകളിൽ പോയി ഇന്ധനം നിറയ്ക്കാൻ തുടങ്ങിയതോടെ അതിർത്തി പ്രദേശങ്ങളിലെ പെട്രോൾ പമ്പുകൾ ഇപ്പോൾ ആളൊഴിഞ്ഞ പൂരം പോലെയായി മാറി.
സത്യത്തിൽ ഇവിടെ നഷ്ടം ഇന്ത്യൻ സർക്കാരിനു തന്നെയാണ്. നമ്മുടെ രാജ്യത്ത് ചിലവഴിക്കേണ്ടിയിരുന്ന പണം ഇവിടത്തെ ഇന്ധന വിലവർദ്ധനവ് മൂലം അയാൾ രാജ്യങ്ങളിൽ ചെലവഴിക്കുന്നു. ഇന്ധന വില പിടിച്ചു നിർത്തിയില്ലെങ്കിൽ നമ്മുടെ രാജ്യം നഷ്ടത്തിലേക്ക് ആയിരിക്കും പോകുക. നേപ്പാളിലെപ്പോലെ തന്നെ മറ്റൊരു അയാൾ രാജ്യമായ ഭൂട്ടാനിലേക്കും ഇതുപോലെ ഇന്ധനം നിറയ്ക്കുവാനായി ഇന്ത്യക്കാർ കൂട്ടത്തോടെ എത്തുന്നുണ്ട്. എന്തായാലും ഇന്ത്യക്കാരുടെ ‘പെട്രോൾ ടൂറിസം’ അയാൾ രാജ്യക്കാർക്ക് ഇപ്പോൾ നല്ല വരുമാനമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.