എഴുത്ത് – Vishnuprasad CB.
ഞങ്ങൾ അൾട്രോസ് വാങ്ങിയ അന്ന് തൊട്ട് കേൾക്കുന്നതാണ് ടാറ്റയുടെ വണ്ടിയാണ്, കയറ്റമൊക്കെ കേറാൻ പാടാണ്. ഏസി ഒക്കെ ഇട്ട് ഫുൾ ഫാമിലിയുമായി പോകുമ്പോൾ പിന്നെ പറയുകയും വേണ്ട. ഞങ്ങളുടെ പല വീഡിയോസിന്റേയും താഴെ ആളുകൾ സംശയ രൂപേണ ചോദിക്കാറുമുണ്ട് – “കയറ്റത്ത് വണ്ടി നിർത്തി ട്രൈ ചെയ്ത് നോക്കണം etc. etc.”
ആളുകളുടെ ചോദ്യം കേട്ട് വണ്ടി വാങ്ങിയ ഞങ്ങൾക്ക് തന്നെ സംശയമായി തുടങ്ങി. അപ്പോൾ പിന്നെ വണ്ടി എടുക്കാൻ പ്ലാൻ ഉള്ളവരുടെ കാര്യം പറയാനില്ലല്ലോ. അങ്ങനെയിരിക്കുമ്പോളാണ് പുതുതായി ഒരു ക്ഷേത്രത്തെപ്പറ്റി കേൾക്കാനിടയായത്. ഒരു ഗമണ്ടൻ കേറ്റം കേറി വേണം അങ്ങോട്ടേക്കെത്താൻ. ഒരു വെടിക്ക് രണ്ട് പക്ഷി.
അങ്ങനെ ഞങ്ങൾ രണ്ടും കൽപ്പിച്ച് പുറപ്പെട്ടു. കയറ്റം ആദ്യം കണ്ടപ്പോൾ വലിയതായി തോന്നാഞ്ഞത് കൊണ്ട് അത് വരെ വന്ന സെക്കണ്ട് ഗിയറിൽ തന്നെ കേറാമെന്ന് കരുതി. ആ സ്പീഡിൽ കേറാവുന്ന കേറ്റമേ മുൻപിൽ കാണുന്നുള്ളൂ.
മുൻപിലെ വളവ് കഴിഞ്ഞതും കളി മാറി. ഒരു ഗമണ്ടൻ കേറ്റമാണ് തൊട്ട് മുൻപിൽ. അറ്റം കാണാത്തയത്രയും കുത്തനെ ഒരു കയറ്റം. ഇനി ഗിയർ ഡൗൺ ചെയ്യാതെ വണ്ടി മുൻപോട്ട് പോകില്ല എന്നറിഞ്ഞ ഞാൻ ഒന്ന് പതറി. ഗിയർ ഡൗൺ ചെയ്ത സമയത്ത് വണ്ടി ഏതാണ്ട് നിന്ന മട്ടാണ്. ഒരു എക്സ്പർട്ട് അല്ലാത്ത ഏത് ഡ്രൈവറുടെയും ഒരു പേടി സ്വപ്നമാണല്ലോ കയറ്റത്ത് വണ്ടി നിർത്തി മുൻപോട്ട് എടുക്കുന്നത്. പുറകിൽ അച്ഛനും അമ്മയും സൈഡിൽ വൈഫും. എന്ത് വന്നാലും AC ഓഫ് ചെയ്യില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
സകല ദൈവങ്ങളെയും പ്രാർത്ഥിച്ച് കൊണ്ട് ആക്സിലേറ്ററിൽ കാലമർത്തി. വണ്ടി മുന്നോട്ടേക്ക് കുതിച്ചു. ആളുകൾ പേടിപ്പിച്ച പോലെ ശുർ…ർർ.. എന്ന് താഴോട്ടേക്ക് വണ്ടി വീണില്ല. കയറ്റം കേറി ക്ഷേത്രത്തിൽ എത്തിയപ്പോൾ എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നു ഞങ്ങൾക്ക്.
വണ്ടിയെടുക്കാൻ ഉദ്ദേശിച്ച് മറ്റുള്ളവരുടെ വാക്ക് കേട്ട് ‘ആൾട്രോസ്സ് വേണ്ട’ എന്ന് തീരുമാനം എടുത്തവരുണ്ടെങ്കിൽ അവർക്കായാണ് ഈ പോസ്റ്റ്. നിങ്ങൾക്ക് ഒരു വണ്ടി ഇഷ്ടപെട്ടാൽ ഷോറൂമിൽ പോയി ടെസ്റ്റ് ഡ്രൈവ് ചെയ്യുക. ഇഷ്ടമായില്ലെങ്കിൽ വേണ്ട എന്ന് വക്കുക. അതല്ലാതെ ഒരിക്കലും മറ്റുള്ളവരുടെ വാക്ക് കേട്ട് ഒരു അന്തിമ തീരുമാനം എടുക്കാതിരിക്കുക.
വാൽകഷ്ണം : ഇനി അഥവാ കയറ്റം കേറാത്ത ടാറ്റ വണ്ടികൾ നിങ്ങൾക്കുണ്ടെങ്കിൽ ചിലർക്ക് ശരിയാവും. ചിലോർക്ക് ശരിയാവൂല്ല. അത് കൊണ്ട് എനിക്കൊരു പ്രശ്നവും ഇല്ല.