കെഎസ്ആർടിസി ബസ്സിൽ ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന യാത്രക്കാരന്റെ മൊബൈൽഫോൺ സഹയാത്രികൻ അടിച്ചു മാറ്റുകയും, അവസാനം ആനവണ്ടി ബ്ലോഗിന്റെ കോഴിക്കോട്, ബെംഗളൂരു ഘടകം അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ അത് തിരിച്ചെടുക്കുകയും ചെയ്ത കഥയാണ് ഇനി പറയുവാൻ പോകുന്നത്. സംഭവത്തെക്കുറിച്ച് ഫോൺ നഷ്ടപ്പെട്ട യാത്രക്കാരനും ആനവണ്ടി ബ്ലോഗ് അഡ്മിനുകളിൽ ഒരാളും ഇരിങ്ങാലക്കുട സ്വദേശിയുമായ വൈശാഖ് എഴുതിയ കുറിപ്പ് താഴെ കൊടുക്കുന്നു.
“എന്നത്തേയും പോലെ അവസാന നിമിഷം ടികെറ്റ് ബുക്കി ശനിയാഴ്ച ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. ഒരു മാറ്റം ആയിക്കോട്ടെ എന്ന് കരുതി സേലം വഴിയുള്ള തിരുവനന്തപുരം ബുക്ക് ചെയ്യാതെ മൈസൂർ വഴിയുള്ള 15.30 തിരുവനന്തപുരം ബുക്ക് ചെയ്തു. തിരിച്ചു അടുത്ത ദിവസം ഞായറാഴ്ച എറണാകുളം ഐരാവതിലും ബുക്ക് ചെയ്തു.. ഏകദേശം മൂന്ന് മണിയോട് കൂടി സാറ്റലൈറ്റിൽ എത്തി. ഇംമ്പിരിയലിൽ നിന്നും പെട്ടെന്ന് ഒരു ബിരിയാണി കഴിച്ചു പ്ലാറ്റഫോമിൽ സ്ഥാനം പിടിച്ചു.. എന്തോ കാരണം മൂലം വണ്ടി പ്ലാറ്റഫോം പിടിച്ചത് 3.25നാണ്.. പുറപ്പെട്ടപ്പോൾ നാല് മണി.. കാട് കടക്കാൻ പറ്റുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നെങ്കിലും പ്രശ്നം ഉണ്ടായിരുന്നില്ല.. ഗുണ്ടൽപേട്ട് ഫുഡ് അടിക്കാൻ മൂന്നാറും, കോട്ടയവും, മൈസൂർ സ്കാനിയയും എല്ലാം ഉണ്ടായിരുന്നു..
എന്റെ അടുത്ത് ഇരുന്ന ആൾ ബാംഗ്ലൂർ കോഴിക്കോട് ടിക്കെറ്റ് ആയിരുന്നു. അങ്ങേരെ നമുക്ക് അത്തോളി മുനീർ എന്ന് വിളിക്കാം.. ഞാൻ എന്റെ ഫോൺ കുത്തി വച്ച് മയങ്ങി.. കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോൾ ആണ് എഴുന്നേറ്റത്.. നോക്കിയപ്പോൾ ഫോൺ കാണാനില്ല ..കാലു തട്ടി വീണു പോയതാവും എന്ന് കരുതി ബസിൽ ലൈറ്റ് ഇടുന്ന വരെ വെയിറ്റ് ചെയ്തു.. ലൈറ്റ് ഇട്ടു സീറ്റിനടിയിൽ മുഴുവൻ തപ്പി നോക്കി.. വേറെ യാത്രക്കാരന്റെ മൊബൈൽ വാങ്ങി ടോർച്ചു അടിച്ചു നോക്കിയിട്ടും കണ്ടില്ല..ഫോണിൽ വിളിച്ചു നോക്കിയപ്പോൾ റിങ് ചെയുന്നുണ്ട്.. സംഭവം വണ്ടിയിൽ ഇല്ല എന്ന് മനസിലായി..
കണ്ടക്ടറോട് പറഞ്ഞു. . എങ്ങാനും കിട്ടിയാൽ എടുത്തു വച്ചോളു എന്ന് പറഞ്ഞു.ഇവനെ ഡൌട്ട് ഉണ്ട് എങ്കിലും ഉറപ്പില്ലാതെ നാട്ടുകാരുടെ മുൻപിൽ വച്ച് പിടിച്ചാൽ അത് നാണക്കേട് അല്ലെ എന്ന് കരുതി വണ്ടിയിൽ ഒന്ന് കൂടി അരിച്ചു പെറുക്കി. ഒരു രക്ഷയും ഇല്ല.. വണ്ടി എടുത്തു.. അന്നത്തെ ഉറക്കവും പോയി.. രാവിലെ നാല് മണിക്ക് വീട്ടിൽ എത്തി. സനിൽ Sanil V Pillai യോട് ആനവണ്ടി ഗ്രൂപ്പിൽ നിന്നും Jomon Valupurayidathil ന്റെ നമ്പർ എടുത്തു തരാൻ പറഞ്ഞു.
നമ്പർ എടുത്തു ജോമോനെ വിളിച്ചു, എടുത്തില്ല.. കുറെ കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു.. കാര്യം പറഞ്ഞു.. ട്രിപ്പ് അവസാനിപ്പിച്ച തിരുവനന്തപുരത്തു വിളിച്ചു വണ്ടിയിൽ മൊബൈൽ ഇല്ല എന്ന് ഒന്ന് കൂടി ഉറപ്പിച്ചു. റിസേർവേഷൻ ചാർട്ടിൽ നിന്നും ഇവന്റെ പേരും ഫോൺ നമ്പറും എടുക്കാൻ പറഞ്ഞു.. ഡീറ്റയിൽസ് കിട്ടി. അവനെ വിളിച്ചു നോക്കി അവൻ എടുത്തില്ല..ജോമോനും സുഹൃത്തുക്കളായ പൂക്കോയയും (Aneesh Pookoth), എബിനും (Abin Sasankan) എല്ലാം മാറി മാറി വിളിച്ചു നോക്കി എടുത്തില്ല……..
അപ്പോൾ പിന്നെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കാം എന്ന് തീരുമാനിച്ചു. ജിത്തുവിനേയും Sreejith C Nair കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി. വിശദമായ പരാതിയും എഴുതി കൊടുത്തു. മുനീറിനെ സംശയം എന്നും, അവന്റെ നമ്പറും സഹിതം പരാതി കൊടുത്തു. പരാതി വായിച്ച പോലീസ് “ഒന്നും പേടിക്കണ്ട ഇത് അവൻ അടിച്ചത് തന്നെ.. ശരിയാക്കി തരാം” എന്ന് പറഞ്ഞു. അപ്പോൾ തന്നെ ആ നമ്പറിൽ ഫോൺ വിളിച്ചു. അവൻ എടുത്തില്ല.. എന്നോട് അടുത്ത ദിവസം വരാൻ പറഞ്ഞു.. അങ്ങനെ അവിടുന്നു മടങ്ങി..
ജോമോൻ അവനെ ട്രൈ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.. അവസാനം അവൻ ഫോൺ എടുത്തു. ഏതോ കല്യാണത്തിൽ ആണ് പിന്നെ വിളിക്കാം റേഞ്ച് ഇല്ല എന്നൊക്കെ പറഞ്ഞു ഫോൺ വച്ച്. അപ്പോൾ ഉറപ്പിച്ചു ഇവൻ തന്നെ ആള്.. വീണ്ടും വിളിച്ചു അവൻ എടുത്തു സംസാരിച്ചു. അവൻ പറഞ്ഞത് “അവനു വഴിയിൽ നിന്ന് ഒരു ഫോൺ കിട്ടി. അത് കിട്ടിയിട്ട് ഒന്നും ആക്കാൻ സാധിക്കുന്നില്ല. എന്ത് ചെയ്യണം എന്ന് വിചാരിച്ചു വീട്ടിൽ വച്ചിരിക്കുക” ആണെന്ന്. “കെഎസ്ആർടിസി പഴയ കെഎസ്ആർടിസി അല്ല സിസിടിവി അടക്കം ഉണ്ട്. നിന്റെ ഉടായിപ്പ് ഒന്നും വേണ്ട. ആനവണ്ടി കോഴിക്കോട് ടീം നിന്നെ വീട്ടിൽ വന്നു ഇപ്പോൾ പൊക്കും” എന്ന് ജോമോൻ അവനോട് പറഞ്ഞു.
“ഞാനൊരു കല്യാണ പൊരേല് ആണ്. സാധനം വീട്ടില് ആണെന്നൊക്കെ” നമ്മുടെ മുനീർ മറുപടി പറഞ്ഞു. ശരി എവിടേക്കായാലും പൂക്കോയ വരാം എന്ന് പറഞ്ഞു. വേണ്ട നിങ്ങള് പറയണ സ്ഥലത്ത് എത്തിക്കാം എന്ന് മുനീറും.
അപ്പൊ അവൻ … വഴിയിൽ നിന്ന് കിട്ടിയ ഫോൺ എടുത്തു വച്ചതാണോ ഞാൻ ചെയ്ത തെറ്റ്. നിങ്ങള് പറ .. എനിക്ക് അതിൽ ഒന്നും ആക്കാൻ പറ്റുന്നില്ല.. എന്ത് ചെയ്യണം എന്ന് അറിയാതെ വീട്ടിൽ വച്ചിരിക്കുക ആണെന്ന്. മൊത്തം വോയിസ് കാൾ റെക്കോർഡ് ഉണ്ട് അത് കേട്ടാല് ചിരിച്ചു മരിക്കും.
ഇന്ന് രാത്രി എട്ടുമണിക്കുള്ളിൽ കോഴിക്കോട് ഡിപ്പോ കൗണ്ടറിൽ കൊണ്ട് സാധനം ഏൽപ്പിക്കണം.എങ്ങനെ എവിടെ എന്ന് പൂക്കോയ പറയും എന്ന് പറഞ്ഞു.. പൂക്കോയ അവനെ വിളിച്ചു എവിടെ ഏൽപ്പിക്കണം എന്നൊക്കെ പറഞ്ഞു.. അങ്ങനെ അവൻ കോഴിക്കോട് കൗണ്ടറിൽ സാധനം ഏൽപ്പിച്ചു.. അവനെ ശരിയാക്കാൻ തയ്യാറായി കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു എങ്കിലും അവരുടെ കയ്യിലേക്ക് അവനെ വിട്ടു കൊടുത്തില്ല. പാവം അല്ലെ എന്ന് കരുതി. ഫോൺ ഞായറാഴ്ച രാത്രി എട്ടു മണിയുടെ ബാംഗ്ലൂർ എക്സ്പ്രെസ്സിൽ കൊടുത്തായച്ചു.. ഇരിങ്ങാലക്കുട സ്റ്റേഷനിൽ നിന്നും പരാതി പിൻവലിക്കുകയും ചെയ്തു. ചൊവ്വാഴ്ച അതായത് ഇന്ന് തൃശൂർ ഡിലക്സിൽ നേരെ ഞാൻ പീനിയയിൽ പോയി ജോമോന്റെ കയ്യിൽ നിന്നും ഫോൺ കളക്റ്റ് ചെയ്തു..
ഈ മനാമനസ്കനായ അത്തോളിക്കാരന്റെ ചെറ്റത്തരം കാരണം എനിക്ക് ഞായറാഴ്ച തിരിച്ചു യാത്ര ചെയ്യാൻ സാധിച്ചില്ല… ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പോലും സാധിച്ചില്ല. മെയിൽ, ഇന്റർനെറ്റ് ബാങ്കിങ് എല്ലാം ഓ ടി പി എനേബിൾ ആയിരുന്നത് മൂലം പുതിയ ഒരു ഡിവൈസ്, ലൊക്കേഷനിൽ നിന്നും ഓപ്പൺ ചെയ്യാൻ സാധിക്കുമായിരുന്നില്ല.. തിങ്കളാഴ്ച ആണേൽ ഓഫിസിൽ നിന്നും വിളിയോട് വിളി .. ഒരു അർജന്റ് വർക്ക് ഉണ്ടായിരിന്നു.ഭാഗ്യത്തിന് ഇന്റർനെറ്റ് കഫെ അടുത്ത് തന്നെ ഉണ്ടായിരുന്ന കാരണം റിമോട്ട് എടുത്തു പണി തീർത്തു കൊടുക്കാൻ സാധിച്ചു. അല്ലേൽ എട്ടിന്റെ പണി കിട്ടിയേനെ.. സമയ നഷ്ട്ടം, ധന നഷ്ട്ടം, അനാവശ്യ ടെൻഷൻ , ഒരു ദിവസത്തെ ഉറക്കം, ഞായറാഴ്ച ചെയ്യാനുണ്ടായിരുന്ന മറ്റു കാര്യങ്ങൾ എല്ലാം കുളമായി ഈ ഊള കാരണം…
അവന്റെ പേരും , ഫോട്ടോയും, ഫേസ്ബുക്ക് പ്രൊഫൈലും എല്ലാം അറിയാം. എല്ലാം അടപടലം പൊക്കി. അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല.. ഇത് എഴുതിയത് ഇനിയൊരുത്തനും ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്.. ഇനി ആവർത്തിച്ചാൽ ഞങ്ങൾ പിടിക്കുകയും ചെയ്യും അടപടലം നാറ്റിക്കുകയും ചെയ്യും..
ഫോൺ തിരിച്ചു ലഭിക്കാൻ സഹായിച്ച ആനവണ്ടി കോഴിക്കോട്, ബാംഗ്ലൂർ ടീമിനും, കെഎസ്ആർടിസി കോഴിക്കോട്, തിരുവനന്തപുരം ജീവനക്കാർക്കും, MyIJK സുഹൃത്തുക്കൾക്കും ഒരായിരം നന്ദി.”