ടെക് ട്രാവല്‍ ഈറ്റ് മലേഷ്യ യാത്ര – ഭാഗം രണ്ട്

ഏകദേശം നാലു മണിക്കൂര്‍ യാത്രയ്ക്കു ശേഷം മലേഷ്യന്‍ സമയം രാവിലെ ആറുമണിയോടെ ഞങ്ങള്‍ ക്വലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. യാത്രയിലുടനീളം അത്യാവശ്യം ഉറക്കം കിട്ടിയതിനാല്‍ അധികം ക്ഷീണമൊന്നും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. എമിഗ്രേഷന്‍ നടപടികളെല്ലാം വളരെ പെട്ടെന്നുതന്നെ കഴിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി കവാടത്തിനരികില്‍ നിന്നുതന്നെ പ്രശാന്തും ഹാരിസ് ഇക്കയും മലേഷ്യന്‍ സിം കാര്‍ഡുകള്‍ വാങ്ങി. വോഡഫോണിന്‍റെ ഇന്‍റര്‍നാഷണല്‍ അണ്‍ലിമിറ്റഡ് പാക്ക് ആക്ടിവേറ്റ് ചെയ്തിരുന്നതിനാല്‍ എനിക്ക് പ്രത്യേകം സിം കാര്‍ഡ് എടുക്കേണ്ടി വന്നില്ല.

സിം കാര്‍ഡ് ഒക്കെ എടുത്തശേഷം ഞങ്ങള്‍ പുറത്തേക്ക് നടന്നു. അപ്പോഴേക്കും ഞങ്ങളുടെ സാരഥിയായ രാജു ഭായ് എത്തിച്ചേര്‍ന്നു. രാജു ഭായ് പഞ്ചാബ് സ്വദേശിയാണ്. പതിനാറു വര്‍ഷമായി പുള്ളി മലേഷ്യയിലാണ്. ഹാരിസ് ഇക്കയുടെ മലേഷ്യന്‍ ട്രാവല്‍ പാര്‍ട്ണര്‍ ആയ പഞ്ചാബ് സ്വദേശി സഞ്ജീവ് ഭായിയുടെ സഹോദരന്‍ കൂടിയാണ് രാജുഭായ്. രാജുഭായ് നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഞങ്ങളെയും വഹിച്ചുകൊണ്ട് രാജു ഭായിയുടെ കാര്‍ പറക്കാന്‍ ആരംഭിച്ചു. ഏകദേശം ഏഴുമണിയോട് അടുത്തുകാണും പക്ഷേ ശരിക്ക് വെട്ടം വീണു തുടങ്ങിയിട്ടില്ല.

മലേഷ്യന്‍ റോഡുകളുടെ നിലവാരം..ഹോ.. അതൊന്നു വേറെതന്നെയാണ്. നമ്മുടെ സര്‍ക്കാര്‍ ഇതൊക്കെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. രാജു ഭായ് കാര്‍ 100-120 കി.മീ. വേഗതയിലാണ് പറപ്പിക്കുന്നത്. അതിനൊപ്പംതന്നെ ചില ടൂവീലര്‍കാര്‍ ഓടിച്ചുകൊണ്ട് പോകുന്നതു കണ്ടപ്പോള്‍ ശരിക്കും അന്തിച്ചുപോയി. ഞങ്ങളോ ഈ വേഗതയില്‍.. അപ്പോള്‍ അവരൊക്കെ എന്തു വേഗത്തിലാകും… ദൈവം രക്ഷിക്കട്ടെ…

കുറച്ചുസമയത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ ഹാരിസ് ഇക്കയുടെ ട്രാവല്‍ പാര്‍ട്ണര്‍ ആയ സഞ്ജീവ് ഭായിയുടെ അടുത്ത് എത്തിച്ചേര്‍ന്നു. അവിടെ ഒന്നു ഫ്രെഷായ ശേഷം നജ്ങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കുവാനായി നീങ്ങി. ഈ സമയത്ത് രാജു ഭായ് ഞങ്ങളോട് സലാം പറഞ്ഞു പോയിരുന്നു. ഇപ്പോള്‍ സഞ്ജീവ് ഭായ് ആണ് സാരഥിയുടെ റോളില്‍. സഞ്ജീവ് ഭായ് ഞങ്ങളെയുംകൊണ്ട് ഒരു പഞ്ചാബി ഹോട്ടലിലേക്കാണ് പോയത്. എല്ലാവര്‍ക്കും ആലു പൊറോട്ടയും കറികളും ഓര്‍ഡര്‍ ചെയ്തു. നല്ല തകര്‍പ്പന്‍ പഞ്ചാബി ഭക്ഷണം. ഞങ്ങള്‍ നന്നായി ആസ്വദിച്ചു കഴിച്ചു.

ഭക്ഷണത്തിനുശേഷം ഞങ്ങള്‍ക്കായി ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് യാത്രയായി. ക്വലാലംപൂരിലെ ഐബിസ് ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം അറേഞ്ച് ചെയ്തിരുന്നത്. ഹോട്ടലില്‍ എത്തി ചെക്ക് ഇന്‍ പരിപാടികള്‍ ഒക്കെ പൂര്‍ത്തിയാക്കിയശേഷം ഞങ്ങള്‍ റൂമിലേക്ക് പോയി. ചെറുതാണെങ്കിലും അത്യാവശ്യം നല്ലൊരു മുറിയായിരുന്നു. വൈഫൈ സൌകര്യമൊക്കെയുള്ളതുകൊണ്ട് ഫേസ്ബുക്ക്, ചാറ്റിംഗ്, വാട്സ് ആപ്പ് തുടങ്ങിയ നമ്മുടെ നേരംപോക്ക് കാര്യങ്ങള്‍ ഒക്കെ നടക്കും… വൈകുന്നേരം മലേഷ്യന്‍ കാഴ്ചകള്‍ കാണുവാന്‍ പോകാമെന്ന് ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. വൈകീട്ട് വരാമെന്ന് പറഞ്ഞുകൊണ്ട് സഞ്ജീവ് ഭായ് യാത്രയായി. ഇനി ഞങ്ങള്‍ക്ക് കുറച്ചുസമയം വിശ്രമിക്കണം.. വൈകീട്ട് മലേഷ്യന്‍ സ്ട്രീറ്റുകളില്‍ കറങ്ങാനുള്ളതാണ്.