തായ് എയർവേയ്‌സ് – മികച്ച എയർലൈനിൽ നിന്നും പാപ്പരത്വം വരെ

സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യമായ തായ്‌ലാൻഡിന്റെ നാഷണൽ ഫ്‌ളാഗ് കാരിയർ എയർലൈനാണ്‌ തായ് എയർവേയ്‌സ് എന്നറിയപ്പെടുന്ന തായ് എയർവേയ്‌സ് ഇന്റർനാഷണൽ. തായ് എയർവെയ്സിൻ്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്.

1947 ൽ സയാമീസ് എയർവേയ്‌സ് കമ്പനി ലിമിറ്റഡ് ആയിരുന്നു തായ്‌ലാൻഡിന്റെ ഡൊമസ്റ്റിക് ഫ്‌ളാഗ് കാരിയർ. പിന്നീട് 1951 ൽ സയാമീസ് എയർവേയ്സും പസഫിക് ഓവർസീസ് എയർലൈൻ ലിമിറ്റഡും യോജിച്ചുകൊണ്ട് തായ് എയർവേയ്‌സ് എന്ന പേരിൽ ഒരു പുതിയ എയർലൈനായി മാറി. പിന്നീട് 1960 ൽ തായ്‌ എയർവേസ് സ്കാണ്ടിനെവിയൻ എയർലൈൻസുമായി (എസ്എഎസ്) സംയുക്തസംരംഭമായി തായ് ഇന്റർനാഷണൽ എന്ന ഒരു എയർലൈൻ രൂപീകരിക്കപ്പെട്ടു.

ആഭ്യന്തര എയർലൈനായ തായ്‌ എയർവേസ് കമ്പനിയ്ക്കു അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് തായ് ഇന്റർനാഷണൽ‌ എയർവേസ് രൂപീകരിക്കപ്പെട്ടത്. പൂർണമായും സ്വതന്ത്രമായ എയർലൈൻ രൂപീകരിക്കുന്നതിനായി എല്ലാവിധ സഹായങ്ങളും എസ്എഎസ് ആയിരുന്നു നൽകിയത്. അതേ സമയം തായ് എയർവേയ്‌സ് ആഭ്യന്തര റൂട്ടുകളിൽ സർവ്വീസ് തുടരുകയും ചെയ്തു.

തായ്‌ ഇന്റർനാഷണൽ എയർവേസിൻറെ ആദ്യ വിമാനം 1960 മെയ്‌ 1-നു ബാങ്കോക്കിൽ നിന്നും 9 ഏഷ്യൻ വിദേശ രാജ്യങ്ങളിലെ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് ആയിരുന്നു. ഭൂഖണ്ഡത്തിനു പുറത്തേക്കുള്ള തായ്‌ ഇന്റർനാഷണൽ എയർവേസിൻറെ ആദ്യ സർവ്വീസ് 1971 ൽ ഓസ്‌ട്രേലിയയിലേക്ക് ആയിരുന്നു. Douglas DC-8 എയർക്രാഫ്റ്റ് ആയിരുന്നു ഇതിനായി ഉപയോഗിച്ചത്. 1972 ൽ യൂറോപ്പിലേക്കും തായ്‌ ഇന്റർനാഷണൽ സർവ്വീസുകൾ ആരംഭിച്ചു.

1977 ൽ മുഴുവൻ ഓഹരികളും സ്വന്തമാക്കിക്കൊണ്ട് സ്കാണ്ടിനെവിയൻ എയർലൈൻസുമായുള്ള 17 വർഷത്തെ സംയോജിത പ്രവർത്തനം തായ് ഇന്റർനാഷണൽ എയർവേയ്‌സ് അവസാനിപ്പിച്ചു. 1979 ൽ തായ് എയര്വേയ്സിലേക്ക് അന്ന് ലോകത്തുണ്ടായിരുന്ന ഏറ്റവും വലിയ പാസഞ്ചർ എയർക്രാഫ്റ്റായ ബോയിങ് B747 എത്തിച്ചേർന്നു. 1980 ൽ നോർത്ത് അമേരിക്കയിലേക്ക് തായ് ഇന്റർനാഷണൽ എയർവേയ്‌സ് സർവ്വീസുകൾ ആരംഭിച്ചു.

1988 ൽ ആഭ്യന്തര – അന്താരാഷ്ട്ര സർവ്വീസുകൾ ഏകോപിപ്പിച്ചുകൊണ്ട് ഒരു ദേശീയ എയർലൈൻ രൂപീകരിക്കാൻ തായ്‌ലൻഡ് സർക്കാർ തീരുമാനിച്ചു. അതാണ് നാം ഇന്ന് കാണുന്ന തായ് എയർവേയ്‌സ് ഇന്റർനാഷണൽ. അങ്ങനെ തായ് എയർവേയ്‌സ് തായ്‌ലാൻഡിന്റെ നാഷണൽ കാരിയർ എയർലൈനായി മാറി. അതേ വർഷം തന്നെ തായ് എയർവേയ്‌സ് ഫ്‌ലീറ്റിലേക്ക് ബോയിങ് 737 എയർക്രാഫ്റ്റുകൾ എത്തിച്ചേർന്നു.

1996 ലാണ് തായ് എയർവേയ്‌സ് ആദ്യമായി Boeing 777 ശ്രേണിയിലുള്ള എയർക്രാഫ്റ്റുകൾ ഉപയോഗിച്ചു തുടങ്ങിയത്. 1997-ൽ തായ്‌ എയർവേസ് സ്വകാര്യവൽക്കരിക്കുവാൻ തീരുമാനിച്ചു. അതേ വർഷം തന്നെ തായ് എയർവേയ്‌സ് ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ അലയൻസായ സ്റ്റാർ അലയൻസിൽ ചേരുകയുണ്ടായി.

ഇതിനിടയിൽ തായ്‌ എയർവേസ് അവരുടെ സർവീസ് നെറ്റ്‌വർക്ക് വിപുലീകരിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. 2000 കാലഘട്ടത്തിൽ തായ് എയർവേയ്‌സ് ചെങ്ങ്ടു, ബുസാൻ, ചെന്നൈ, ഷിയമെൻ, മിലാൻ, മോസ്കോ, ഇസ്ലാമാബാദ്, ഹൈദരാബാദ്, ജോഹാനസ്ബർഗ്, ഓസ്ലോ എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു.

2005 ൽ എയർബസ് A340-500 എയർക്രാഫ്റ്റുകൾ ഉപയോഗിച്ചുകൊണ്ട് ബാങ്കോക്ക് – ന്യൂയോർക്ക് റൂട്ടിൽ തായ് എയർവേയ്‌സ് ആദ്യമായി നോൺസ്റ്റോപ്പ്‌ സർവ്വീസ് ആരംഭിച്ചു. ഇന്ധനച്ചെലവുകൾ താങ്ങാതെ വന്നതുമൂലം ഈ സർവ്വീസ് 2008 ൽ നിർത്തലാക്കുകയും ചെയ്തു. പിന്നീട് A340 എയർക്രാഫ്റ്റുകൾ സർവ്വീസിൽ നിന്നും പിൻവലിക്കുകയും തൽസ്ഥാനത്ത് ബോയിങ് B777-200ER കൊണ്ടുവരികയും ചെയ്തു.

2006 ൽ തായ് എയർവേയ്‌സ് തങ്ങളുടെ പ്രധാന ഹബ്ബ് ബാങ്കോക്കിലെ സുവർണ്ണഭൂമി എയർപോർട്ടിലേക്ക് മാറ്റുകയും അതോടൊപ്പം പുതിയ ലിവെറി കൊണ്ടുവന്ന് തങ്ങളുടെ ബ്രാൻഡ് പരിഷ്‌ക്കരിക്കുകയും ചെയ്തു.

2008 ൽ പല കാരണങ്ങളാൽ തായ് എയർവെയ്‌സ് ചരിത്രത്തിലാദ്യമായി നഷ്‌ടക്കണക്കുകളുടെ വലയത്തിലായെങ്കിലും 2009 ൽ വീണ്ടും ലാഭത്തിലേക്ക് കുതിക്കുകയാണുണ്ടായത്. 2010 ൽ തങ്ങളുടെ അൻപതാം വാർഷികത്തിൽ തായ് എയർവേയ്‌സ് Boeing 787, Airbus A350 എന്നിവയുൾപ്പെടെ എയർക്രാഫ്റ്റുകൾക്ക് ഓർഡർ നൽകുകയും, അതോടൊപ്പം തങ്ങളുടെ ഫ്‌ലീറ്റിലുള്ള Boeing 747, 777 എയർക്രാഫ്റ്റുകളുടെ കാബിനുകൾ നവീകരിച്ചു പുത്തനാക്കുകയും ചെയ്തു.

2012 ൽ ലോകത്തിലെ ഇന്നുള്ളതിൽ വെച്ച് ഏറ്റവും വലിയ യാത്രാ വിമാനമോഡലായ എയർബസ് A380 തായ് എയർവേയ്‌സ് സ്വന്തമാക്കി. അതേ വർഷം തന്നെ തായ് സ്‌മൈൽ എന്ന പേരിൽ ഒരു റീജ്യണൽ എയർലൈൻ കൂടി തായ് എയർവേയ്‌സ് ആരംഭിച്ചു. എയർബസ് A320 മോഡൽ വിമാനങ്ങളായിരുന്നു തായ് സ്‌മൈൽ സർവ്വീസുകൾക്കായി ഉപയോഗിച്ചത്. തായ്‌ലാൻഡ്, ഇന്ത്യ, മ്യാൻമർ, മലേഷ്യ, ലാവോസ്, ചൈന, കംബോഡിയ, ബാംഗ്ലദേശ് എന്നിവിടങ്ങളിലെ മുപ്പതോളം കേന്ദ്രങ്ങളിലേക്ക് തായ് സ്മൈലിനു സർവ്വീസുകളുണ്ട്.

നിലവിൽ തായ് എയർവേയ്‌സ് ഫ്‌ലീറ്റിൽ Airbus A330-300, Airbus A350-900, Airbus A380, Boeing 747-400, Boeing 777-200ER, Boeing 777-300, Boeing 777-300ER, Boeing 787-8, Boeing 787-9 എന്നീ എയർക്രാഫ്റ്റ് മോഡലുകളാണ് ഉള്ളത്.

ചരിത്രത്തിൽ രണ്ടു തവണ മാത്രമാണ് തായ് എയർവേയ്‌സ് വിമാനങ്ങൾ വലിയ അപകടങ്ങളിൽപ്പെട്ടിട്ടുള്ളത്. 1992 ൽ 113 പേരുടെയും, 1998 ൽ 102 പേരുടെയും മരണത്തിനിടയാക്കിയവയായിരുന്നു ആ അപകടങ്ങൾ.

2009 നു ശേഷം 2010, 2012, 2016 എന്നീ വർഷങ്ങളിൽ മാത്രമാണ് തായ് എയർവേയ്‌സ് ലാഭം കണ്ടത്. 2017 മുതൽ ഇങ്ങോട്ട് കമ്പനി നഷ്ടത്തിലാണ്. 2020 ജൂൺ മാസം വരെയുള്ള കണക്കുകൾ പ്രകാരം തായ് എയർവേയ്‌സിനു 11 ബില്യൺ USD കടമുണ്ട്. ഇതിനിടെ കോവിഡ് 19 മൂലം സർവ്വീസുകൾ നടത്താതെ വരികയും സാമ്പത്തിക പ്രതിസന്ധി വർദ്ധിക്കുകയും ചെയ്തതോടു കൂടി പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തായ് എയർവേയ്‌സ് അപേക്ഷ നൽകി. എന്നാൽ അവസാന ശ്രമമെന്നോണം ഒരു തിരിച്ചു വരവിനു കൂടി കോടതി എയർലൈനിനു അനുമതി നൽകി. ടൂറിസം ഉണർന്നു കഴിഞ്ഞാൽ പതിയെ നഷ്ടക്കണക്കുകളിൽ നിന്നും കരകേറാമെന്നാണ് തായ് എയർവേയ്‌സ് കണക്കുകൂട്ടുന്നത്.

തിരിച്ചുവരവിന്റെ മുന്നോടിയായി തായ് എയർവേയ്‌സ് 2020 സെപ്റ്റംബർ മാസത്തിൽ ബാങ്കോക്കിലെ തങ്ങളുടെ ഹെഡ്ഓഫീസിലെ കാന്റീൻ ഒരു എയർലൈൻ തീമുള്ള റെസ്റ്റോറന്റ്റ് ആക്കി മാറ്റുകയുണ്ടായി. ഈ റെസ്റ്റോറന്റിൽ തായ് എയർവെയ്‌സ് വിമാനങ്ങളിലെ ഫുഡ് മെനുവിലുള്ള വിഭവങ്ങളായിരിക്കും ലഭ്യമാകുക.

പ്രവർത്തനമാരംഭിച്ച് 40 വർഷത്തോളം മികച്ച ലാഭവുമായി സർവ്വീസ് നടത്തിയിരുന്ന തായ് എയർവേയ്‌സിനു ഇനിയൊരു മികച്ച തിരിച്ചുവരവുണ്ടാകുമോ? കാത്തിരുന്നു കാണാം.