പട്ടായയിലെ ടൈഗർ മസ്സാജ് സെന്ററിൽ ചെന്ന് ഒരു അടിപൊളി മസ്സാജ്

തായ്‌ലൻഡിൽ പോയാൽ മസാജ് ചെയ്യാതെ തിരിച്ച് വരരുതെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽപ്പിന്നെ ഇത്തവണ അതൊന്നു പരീക്ഷിച്ചു കളയാമെന്നു കരുതി. പട്ടായ വാക്കിങ് സ്ട്രീറ്റിന് സമീപത്തുള്ള ടൈഗർ മസാജ് സെന്ററിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. ഹാരിസ് ഇക്കയ്ക്ക് നല്ല പരിചയമുള്ള ടൈഗർ മസാജ് സെന്റർ ആ ഏരിയയിലെ മികച്ച മസ്സാജ് സെന്ററുകളിൽ ഒന്നാണ്. ഹാരിസ് ഇക്കയും ഫാമിലിയുമൊക്കെ പട്ടായയിൽ വരുമ്പോൾ ഇവിടെയാണ് മസ്സാജ് ചെയ്യുവാനായി കയറാറുള്ളത്.

തായ് മസ്സാജ് എന്നു കേൾക്കുമ്പോൾ നമ്മുടെ നാട്ടിലൊക്കെ മിക്കയാളുകളുടെയും മുഖത്ത് ഒരു ആക്കിയ ചിരി വിടരും. പക്ഷെ ഇതൊരു മോശം കാര്യമാക്കിയെടുക്കേണ്ടതില്ല. മസ്സാജ് സെന്ററുകളുടെ മറവിൽ പലതും നടക്കുന്ന ഏരിയകൾ ഉണ്ടെങ്കിലും എല്ലാവരും അത്തരത്തിലുള്ളതാണെന്നു വിചാരിക്കരുത്. ഇവിടെയുള്ളവർ പ്രൊഫഷണലായി കോഴ്സ് പഠിച്ച ശേഷം ജോലിയ്ക്ക് വരുന്നവരാണ്. അതും കുടുംബം പോറ്റുവാൻ വേണ്ടി. അത്തരത്തിലുള്ളവരെ കണ്ണടച്ച് അധിക്ഷേപിക്കാതിരിക്കുക.

മസ്സാജ് ചെയ്യുവാനായി ഞാൻ ജീൻസ് ഇട്ടുകൊണ്ടായിരുന്നു വന്നത്. അവർ ജീൻസ് മാറ്റി ഇട്ടു വരാനായി ഒരു ഷോർട്സ് തരികയുണ്ടായി. ആ ഷോർട്സും ധരിച്ച് മസ്സാജിംഗിനായി പ്രത്യേകം തയ്യാറാക്കിയ, കാലും നീട്ടി ചാരിക്കിടക്കാവുന്ന കുഷ്യൻ ചെയറിൽ കിടന്നു. ഫൂട്ട് മസ്സാജ് ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്. എന്നോടൊപ്പം ഹാരിസ് ഇക്കയും മസ്സാജിനായി തയ്യാറായി കിടന്നു.

സാധാരണയായി മസ്സാജ് സെന്ററിൽ ക്യാമറ അനുവദനീയമല്ല. എങ്കിലും ഹാരിസ് ഇക്കയ്ക്ക് പരിചയമുള്ളതിനാൽ ടൈഗർ മസ്സാജ് സെന്ററിൽ നമുക്ക് അതിനുള്ള അവസരം ഒരുങ്ങി. ഹാരിസ് ഇക്കയുടെ കൂടെ തായ്‌ലൻഡ് ട്രിപ്പ് വരുന്ന സഞ്ചാരികൾ കൂടുതലും ഇവിടെയാണ് മസ്സാജ് ചെയ്യുവാനായി വരാറുള്ളത്.

അൽപ്പം പ്രായമുള്ള തായ് ചേച്ചിയായിരുന്നു എനിക്ക് മസ്സാജ് ചെയ്തു തന്നത്. ചില സമയത്ത് വേദനയൊക്കെ തോന്നുമെങ്കിലും അതിനു ശേഷം ഉണ്ടാകുന്ന ആ ഒരു സുഖമുണ്ടല്ലോ, അതൊന്നു നേരിട്ട് അനുഭവിക്കുക തന്നെ വേണം. ഫൂട്ട് മസ്സാജ് കഴിഞ്ഞപ്പോൾ പിന്നെ ഷോൾഡർ മസ്സാജിന്റെ വരവായിരുന്നു. അതോടൊപ്പം തന്നെ അവർ എൻ്റെ മുഖവും നന്നായി മസ്സാജ് ചെയ്തു തന്നു. മസ്സാജിനിടയിൽ ഒന്നുകിൽ നമുക്ക് ഉറങ്ങാം, അല്ലെങ്കിൽ അവിടെ ഫ്രീ വൈഫൈയുണ്ട്. വൈഫൈ മൊബൈലിൽ കണക്ട് ചെയ്ത് നെറ്റ് ബ്രൗസ് ചെയ്തു സമയം കളയാം.

മസ്സാജ് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് കുടിക്കുവാൻ വെള്ളവും കഴിക്കുവാൻ ഫ്രൂട്ട്സും തരികയുണ്ടായി. മസ്സാജിനു ശേഷം ആ വെള്ളവും കുടിച്ചു അൽപ്പനേരം അവിടെ കിടന്നപ്പോൾ കിട്ടിയ ഒരാശ്വാസം.. ആഹാ… അടിപൊളി തന്നെ..

മസ്സാജ് സെന്ററിൽ ഒരു ചെറിയ നായ്ക്കുട്ടി ഉണ്ടായിരുന്നു. അവർ ഓമനിച്ചു വളർത്തുന്നതാണ് ആ മിടുക്കൻ നായയെ. അവിടെ വരുന്നവരുമായി വളരെ പെട്ടെന്നു തന്നെ അവൻ ചങ്ങാത്തത്തിലാകും. അവനോടൊപ്പം നിന്നു ഞാൻ ഫോട്ടോകളൊക്കെ എടുത്തു. അങ്ങനെ മസ്സാജ് സെന്ററിലെ ജീവനക്കാരോട് യാത്രയും പറഞ്ഞുകൊണ്ട് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ആഹാ.. എന്തോ ഒരു പോസിറ്റീവ് എനർജ്ജി കൈവരിച്ച പോലത്തെ ഫീൽ…

അപ്പോൾ നിങ്ങളോട് ഒരു കാര്യം പറയുവാനുള്ളത്, തായ്‌ലന്റിൽ വന്നാൽ ഒരു മസ്സാജ് തീർച്ചയായും ചെയ്തിരിക്കണം. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മസാജ് ലഭിക്കുന്ന സ്ഥലവും പാട്ടായ ആയിരിക്കും. ഒരിക്കലും അത് മോശം കണ്ണിലൂടെ നോക്കിക്കാണേണ്ട ഒന്നല്ല. പട്ടായയിൽ വരികയാണെങ്കിൽ ടൈഗർ മസ്സാജ് സെന്റർ തന്നെ തിരഞ്ഞെടുക്കുവാൻ നോക്കുക. അടിപൊളിയാണ്. പട്ടായ ട്രിപ്പുകൾ പോകുവാൻ താല്പര്യമുള്ളവർക്ക് ഹാരിസ് ഇക്കയുടെ Royalsky Holidays ആയി ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട നമ്പർ – +91 9846571800.