തലേന്ന് രാത്രി കോഴഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഡ്രൈവ് ചെയ്തു വന്ന ഞങ്ങൾ ക്ഷീണം കാരണം വടകരയിൽ യാത്ര അവസാനിപ്പിക്കുകയും അവിടെ ഒരു റൂമെടുത്ത് വിശ്രമിക്കുകയും ചെയ്തു. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ രാവിലെ ഞങ്ങൾ വളരെ വൈകിയായിരുന്നു എഴുന്നേറ്റത്. എഴുന്നേറ്റ് റെഡിയായി ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങൾ കണ്ണൂരിലേക്ക് യാത്ര തുടർന്നു.
പകൽസമയം ആയതിനാൽ റോഡിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ മാഹിയിൽ എത്തിച്ചേർന്നു. കേരളത്തിനുള്ളിൽപ്പെട്ട കേരളത്തിന്റേതല്ലാത്ത മാഹി… മാഹിയിൽ നിന്നും ഞങ്ങൾ വണ്ടിയിൽ ഡീസൽ അടിച്ചു. ഇതുവഴി പോകുന്ന എല്ലാവരും ചെയ്യുന്ന ഒരു പരിപാടിയാണിത്. കേന്ദ്രഭരണ പ്രദേശമായതിനാൽ മാഹിയിൽ എല്ലാറ്റിനും വിലക്കുറവാണ്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് വിദേശമദ്യം. വളരെ വിലക്കുറവിൽ ഇവിടെ മദ്യം ലഭിക്കും. പക്ഷെ ഒരു കാര്യമുണ്ട്, ഇവിടെ നിന്നും മദ്യം വാങ്ങിയാൽ അത് ഇവിടെ വെച്ചുതന്നെ കുടിക്കണം. അല്ലാതെ വാങ്ങിയിട്ട് അതിർത്തി കടക്കാമെന്നു വിചാരിച്ചാൽ എക്സൈസുകാരും പോലീസുകാരും പൊക്കും എന്നുറപ്പാണ്. അതുകൊണ്ട് ആരും അത്തരം നിയമവിരുദ്ധമായ കാര്യങ്ങൾക്ക് മുതിരാതിരിക്കുക.
വളരെ ഇടുങ്ങിയ വഴിയായതിനാൽ മാഹിയിൽ എല്ലായ്‌പ്പോഴും വാഹനങ്ങൾ ഇഴഞ്ഞേ പോകാറുള്ളൂ. മാഹി കടന്നിട്ട് പിന്നീട് ഞങ്ങൾ തലശ്ശേരിയ്ക്ക് അടുത്തുള്ള ‘തലായ്’ എന്ന പേരുള്ള ഹാർബറിലേക്ക് പോയി. ഈ സമയത്ത് സീസൺ അല്ലാത്തതിനാൽ മീൻപിടുത്തവും കച്ചവടവും ഒക്കെ കുറവാണ് എന്നാണു അവിടെയുണ്ടായിരുന്ന മൽസ്യബന്ധന തൊഴിലാളികൾ, അല്ല… അവരെ അങ്ങനെ വിശേഷിപ്പിച്ചാൽ പോരാ.. പ്രളയം വന്നപ്പോൾ പോലീസിനും സൈന്യത്തിനും ഫയര്ഫോഴ്സിനും ഒപ്പം കേരളത്തിനു രക്ഷകരായത് ഇവരൊക്കെയാണ്. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഹാർബർ കണ്ടപ്പോൾ ജങ്ങൾക്ക് ഓർമ്മ വന്നത് പഞ്ചാബി ഹൗസിലെ രമണനെയും ഗംഗാധരൻ മുതലാളിയെയും ആയിരുന്നു. ശരിക്കും അതിലെപ്പോലെ തന്നെയായിരുന്നു ഈ ഹാർബറും. കുറെ ചേട്ടന്മാർ അവിടെയിരുന്നു വല നെയ്യുന്നു, കുറെ വഞ്ചികളും ബോട്ടുകളും ഒക്കെ ഹാർബറിൽ കെട്ടിയിട്ടിരിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു കാഴ്ച്ചയായിരുന്നു ഞങ്ങൾക്കത്. ഹാർബറിൽ നിന്നും ഞങ്ങൾ പിന്നീട് പോയത് തലശ്ശേരിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ തലശ്ശേരി കടൽപ്പാലം കാണുവാൻ ആയിരുന്നു.
തട്ടത്തിൻ മറയത്ത് എന്ന മലയാള സിനിമയിൽ ഈ പാലമാണ് ആദ്യാവസാനം തിളങ്ങി നിൽക്കുന്നത്. തലശ്ശേരി ഒരു തുറമുഖപട്ടണം തന്നേയായിരുന്നു എന്ന് ഏതൊരാൾക്കും ഇവിടെ വന്നാൽ മനസ്സിലാകും. ഉച്ചസമയം ആയതിനാൽ കടൽപ്പാലത്തിൽ അധികമാരും ഉണ്ടായിരുന്നില്ല. വൈകുന്നേരത്തോടെയായിരിക്കും ഇവിടെ തിരക്കേറുന്നത് എന്നു തോന്നുന്നു. ഞങ്ങൾ പാലത്തിലൂടെ നടന്ന് അറ്റത്തെത്തി. തിരിഞ്ഞു നോക്കിയപ്പോൾ മനോഹരമായ ഒരു കരദൃശ്യമാണ് ജങ്ങൾക്ക് കാണുവാനായത്.
പാലത്തിൽ നിന്നുള്ള കാഴ്ച്ചകൾ കണ്ടതിനുശേഷം ഞങ്ങൾ പിന്നീട് പോയത് തലശ്ശേരി മീൻ മാർക്കറ്റിലേക്ക് ആയിരുന്നു. വളരെ വൃത്തിയും വെടിപ്പുമുള്ള ഒരു മാർക്കറ്റ് ആയിരുന്നു അത്. സാധാരണ മാർക്കറ്റുകളിലെപ്പോലെ വല്ലാത്ത മണം ഒന്നുംതന്നെ ഞങ്ങൾക്ക് ഇവിടെ അനുഭവപ്പെട്ടില്ല. പലതരം മീനുകളെ ഞങ്ങൾ അവിടെ കണ്ടു. വില്പനക്കാരെല്ലാം ഞങ്ങളോട് വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയത്. ഓരോ മീനുകളെക്കുറിച്ചും അവർ ഞങ്ങൾക്ക് വിശദമായി പറഞ്ഞുതന്നു. ഞങ്ങൾ പത്തനംതിട്ടയിൽ നിന്നുമാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ വെള്ളപ്പൊക്കത്തിന്റെ വിശേഷങ്ങളെല്ലാം അവർ ചോദിച്ചറിയുകയുണ്ടായി.
മാർക്കറ്റിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് തലശ്ശേരി ഫോർട്ടിലേക്ക് ആയിരുന്നു. ഫോർട്ടിനു സമീപത്ത് ‘QR കോഡ്’ പതിപ്പിച്ചിട്ടുള്ള ഒരു ബോർഡ് കണ്ടു. ആ കോഡ് നമ്മുടെ മൊബൈലിൽ ക്യാമറയുപയോഗിച്ച് സ്കാൻ ചെയ്‌താൽ ഈ കോട്ടയെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് മൊബൈലിൽ കാണുവാൻ സാധിക്കും. വിനോദസഞ്ചാരികൾക്ക് വളരെ ഉപകാരപ്രദമാണ് ഇത്തരത്തിൽ QR കോഡ് പ്രദർശിപ്പിക്കുന്നത്. കോട്ടയിൽ ഞങ്ങളെക്കൂടാതെ മറ്റു സഞ്ചാരികളും ഉണ്ടായിരുന്നു. എങ്കിലും അത്ര വലിയ തിരക്കുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കൂടുതലും സ്‌കൂളുകളിൽ നിന്നും ടൂർ വരുന്ന കുട്ടികളായിരുന്നു അവിടെ. കോട്ടയിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.
തലശ്ശേരിയിൽ വന്നാൽ തീർച്ചയായും സന്ദർശിക്കണം എന്ന് ധാരാളം ആളുകൾ എന്നോട് പറഞ്ഞുതന്നിരുന്ന ഒരു സ്പെഷ്യൽ ഷോപ്പിലേക്ക് ആയിരുന്നു പിന്നീട് ഞങ്ങൾ പോയത്. തലശ്ശേരി കോസ്മോ പൊളിറ്റൻ ക്ലബ്ബിനു മുന്നിലായി ‘ഖാലിദ്ക്കാൻ്റെ ഉപ്പിലിട്ട പീടിക’ എന്ന ബോർഡും വെച്ചുകൊണ്ടൊരു ചെറിയ പെട്ടിക്കട. കാഴ്ചയിൽ ചെറുതാണെങ്കിലും അവിടെ കിട്ടുന്ന ഐറ്റങ്ങൾ കിടിലനാണ്. അതുകൊണ്ടാണല്ലോ ഈ കടയ്ക്ക് ഇത്ര പേരും പ്രശസ്തിയും ലഭിച്ചത്.
കടക്കാരൻ ഇക്ക ‘വെൽക്കം റ്റു തലശ്ശേരി, നൈസ് റ്റു മീറ്റ് യൂ..” എന്നൊക്കെ പറഞ്ഞാണ് ഞങ്ങളെ സ്വീകരിച്ചത്. പുള്ളി നല്ല കമ്പനിയായിരുന്നു. ഓറഞ്ച് സർബത്ത് ആയിരുന്നു ഞങ്ങൾ ആദ്യം വാങ്ങിയത്. അസാധ്യ രുചിയായിരുന്നു അതിന്. വെറുതെയല്ല ഈ കടയ്ക്ക് ഇത്ര പ്രശസ്തി. സർബത്ത് കൂടാതെ വിവിധയിനം ഉപ്പിലിട്ട വിഭവങ്ങളും അവിടെ ലഭിക്കും. ഉപ്പിലിട്ടതിനു അഞ്ച് രൂപയും സർബത്തിനു പത്തു രൂപയുമാണ് ചാർജ്ജ്. അവിടുന്ന് പോരുന്നതിനു മുൻപ് ഒരു കുപ്പിയിൽ ഓറഞ്ച് സർബത്ത് പാർസലായി വാങ്ങുവാനും ഞങ്ങൾ മറന്നില്ല.
പിന്നീട് ഞങ്ങൾ പോയത് തലശ്ശേരിയിലുള്ള ഗുണ്ടർട്ട് ബംഗ്ളാവിലേക്ക് ആയിരുന്നു. മലയാള ഭാഷയ്ക്ക് ധാരാളം സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഹെർമൻ ഗുണ്ടർട്ട്. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ഈ ബംഗ്ളാവ് ഒന്ന് സന്ദർശിച്ചാൽ മതി. ഞങ്ങൾ പോയപ്പോൾ അവിടെ എന്തൊക്കെയോ പണികൾ നടക്കുന്നതിനാൽ അകത്തു കയറുവാൻ സാധിച്ചിരുന്നില്ല. മറ്റൊരു ദിവസം സന്ദർശിക്കാമെന്നു മനസ്സിലുറപ്പിച്ച് ഞങ്ങൾ അവിടെ നിന്നും അടുത്ത സ്ഥലം നോക്കി നീങ്ങി. ആ വിശേഷങ്ങൾ നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.