എഴുത്ത് – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ഇത് തറവാട്ടിൽ തനിമ. തിരുമല ജംഗ്ഷനിൽ വലത് വശത്തായി കാണാം. പാങ്ങോട് നിന്ന് വരുമ്പോൾ ശ്രീ ബാലകൃഷ്ണ കല്യാണ മണ്ഡപം കഴിഞ്ഞ് കുറച്ച് മുന്നോട്ട് വരുമ്പോൾ വലത് വശത്ത് ആട്ടോസ്റ്റാൻഡും അതിനെതിരായി തറവാട്ടിൽ തനിമയും കാണാം.
ഊണ് അവിടെ ചെന്ന് പാഴ്സലായി വാങ്ങിക്കുകയാണ് ചെയ്തത്. ഒറ്റയ്ക്കായതിനാൽ ഇരുന്ന് കഴിച്ചില്ല. ഊണിന്റെ രുചി കാരണം വീണ്ടുമവിടെ കുടംബസമേതം പോയിരുന്ന് കഴിക്കാനാണ് പദ്ധതി.
ഊണിന്റെ വിശേഷങ്ങളിലേക്ക്… പായ്ക്കിങ്ങെല്ലാം പക്കാ. ചോറ് ഇലയിൽ പൊതിഞ്ഞ്, കറികളെല്ലാം പ്രത്യേകം ഇലയിൽ പൊതിഞ്ഞ്, ഒഴിച്ചൂട്ടുനെല്ലാം അലുമിനിയം ഫോയിലിലാക്കി അങ്ങനെ. പലയിടത്തും കാണുന്ന പ്ളാസ്റ്റിക്ക് കവറുകൾ ഇവിടെയില്ല. കറികളെല്ലാം തുറന്ന് മുന്നിൽ വച്ചപ്പോൾ നമ്മൾക്ക് വേണ്ടി അപ്പോൾ വിളമ്പി വച്ച പ്രതീതിയാണനുഭവപ്പെട്ടത്.
കറികളെല്ലാം ഒന്ന് തൊട്ട് രുചി നോക്കിയപ്പോൾ തന്നെ രുചിയുടെ ഒരു മായിക പ്രപഞ്ചത്തിലോട്ട് ആവാഹിക്കപ്പെട്ടത് പോലെ തോന്നി. മനസ്സ് ഒന്ന് തുടിച്ചു.
ആദ്യം ആ സാമ്പാറെടുത്ത് ചോറിലൊന്ന് കുഴച്ച് ചെറിയ ഉരുളയാക്കി അത് മാത്രമായിട്ടൊന്ന് കഴിച്ച് നോക്കി. ആഹാ കൊള്ളാലോ. ഒൺ ആഫ് ദി ബെസ്റ്റ് സാമ്പാർ. അടുത്തതായി കൈകൾ ഇഷ്ടപ്പെട്ട അവിയലിനെ തേടി ചെന്നു. അതിൽ നിന്ന് കുറച്ചെടുത്തു സാമ്പാറിനും ചോറിനും ഒപ്പം ചേർത്തു. ഒപ്പം ആ കാബേജ് തോരനും നാരങ്ങ അച്ചാറും. എല്ലാം കൂടി ചോറിൽ നിറഞ്ഞമർന്നങ്ങു ചേർന്നു. എല്ലാമെല്ലാം സ്വയമ്പൻ. എന്ത് പറയാൻ. കറികൾക്കെല്ലാം ഒരു പ്രത്യേക രുചി. തിരുവനന്തപുരം ശൈലിയിലെ രുചിയല്ല അനുഭവപ്പെട്ടത്. എങ്കിലും ഒരു കല്യാണ സദ്യയിലെ രുചി പോലെ അനുഭവപ്പെട്ടു.
ചൂര മീൻ നമ്മളേയും കാത്തിരിക്കുകയാണ്. ഒന്ന് മുളകിട്ട് വച്ചതും. മറ്റൊന്ന് തേങ്ങയരച്ച് വച്ചതും. രണ്ടും ടോപ് ക്ലാസ്. എങ്കിലും മുളകിട്ട് വച്ചത് കൂടുതൽ മിന്നിച്ച് നിന്നു. ആ രുചി എങ്ങനെ മറക്കും. മരിച്ചീനി കുറച്ച് കൂടെ ഉണ്ടായിരിന്നെങ്കിലെന്ന് മോഹിച്ച് പോയി. വേറൊന്നുമല്ല. അത്രയ്ക്കുണ്ടായിരുന്നു മീനും മരിച്ചീനിയും കൂടി ചേരുമ്പോഴുണ്ടായിരുന്ന ആ രുചി.
പുളിശ്ശേരി വളരെ വളരെ മികച്ചു നിന്നു. രസവും. എല്ലാം കൊണ്ട് വളരെ സംതൃപ്തി തന്നൊരു ഊണ്. ഒരു പൂവ് പ്രതീക്ഷിച്ച സ്ഥലത്ത് ഒരു വസന്തം കിട്ടിയത് പോലെ.
വ്യക്തിപരമായി വളരെ ഇഷ്ടപ്പെട്ട് ഊണുകളുടെ അനുഭവക്കൂട്ടിൽ തീർച്ചയായും ഇവിടത്തെ ഊണും കാണും. വെജ് ഊണ് – ₹ 70, മീൻ മുളകിട്ടത് – ₹ 80, മീൻ തേങ്ങ അരച്ച കറി – ₹ 60.
മാർച്ച് 18 2022 നാണ് ഇത് വാങ്ങിച്ചത്. വിലയിൽ, കറികളിൽ മാറ്റം വരാം. 60, 80, 100, 140, 180 എന്നീ വിലകളിൽ ഊണ് ഇവിടെ ലഭ്യമാണ്.
തറവാട്ടിൽ തനിമയുടെ വിശേഷങ്ങളിലേക്ക്… 2021 മാർച്ച് ആറിനാണ് ഈ ഭക്ഷണിടം തിരുമലയിൽ തുടങ്ങിയത്. ഇപ്പോഴത്തെ ഉടമസ്ഥൻ ശ്രീ മനുകൃഷ്ണ 2021 ആഗസ്റ്റ് 5 മുതൽ ഇത് ഏറ്റെടുത്തു നടത്തുന്നു. രാവിലെ 7 മുതൽ രാത്രി 10:30 വരെയാണ് സമയം. ഞാറായ്ഴ്ച അവധിയാണ്. പ്രധാനമായും സ്ത്രീകളാണ് പാചകം ചെയ്യുന്നത്. ഊണിന് മാത്രമല്ല ബിരിയാണിക്കും നല്ല അഭിപ്രായങ്ങൾ ഉണ്ട്. ചിക്കൻ കൊണ്ടാട്ടം ഇവിടത്തെ ഒരു സ്പെഷ്യൽ ഐറ്റമാണ്.
SWIGGY യിൽ തറവാട്ടിൽ തനിമ എന്ന പേരിൽ തന്നെയാണെങ്കിലും ലോക്കേഷൻ തമ്പാനൂർ എന്നാണ് കാണിക്കുന്നത്. സൊമാറ്റോയിൽ തറവാട്ടിൽ ഹോട്ടൽ എന്ന പേരിൽ സ്ഥലം പൂജപ്പുര എന്നും കാണിക്കുന്നുണ്ട്. ഓൺലൈൻ റേറ്റുകൾ റെസ്റ്റോറിന്റിലെ വിലയേക്കാൾ കൂടുതൽ വരാം.
കറികളായി തിരുവനന്തപുരത്ത് കിട്ടുന്ന കടകൾ വളരെ കുറവാണ്. അങ്ങനെ നോക്കുമ്പോൾ അവിയൽ, തോരൻ, സാമ്പാർ, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടു കറി, എരിശ്ശേരി, കൊഞ്ച് പൊടി ചമ്മന്തി, തീയൽ, രസം, തുടങ്ങിയ കറികൾ പ്രത്യേകമായും ഇവിടെ നിന്ന് വാങ്ങിക്കാൻ സാധിക്കുമെന്നത് പലർക്കും ഉപകാരപ്പെടാം.
ഇവിടെ കിട്ടുന്ന വിഭവങ്ങൾ – ദോശ, ഇഡ്ഢലി, അപ്പം, ഇടിയപ്പം, പെറോട്ട, അരി പുട്ട്, ചമ്പാ പുട്ട്, ചപ്പാത്തി തുടങ്ങിയ പലഹാരങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. എല്ലാ ദിവസവും എല്ലാം കാണണമെന്നില്ല. മാറി മാറി വരാം. എഗ്ഗ് ദോശ, ചിക്കൻ ദോശ, ഗോപി മഞ്ചൂരിയൻ ദോശ, കൊണ്ടാട്ടം ചിക്കൻ ദോശ, ചീസ് ദോശ തുടങ്ങി വിവിധ തരം ദോശകൾ ഇവിടെയുണ്ട്.
കടലക്കറി, ഉരുളക്കിഴങ്ങ് കറി, ഗോപി മഞ്ചൂരിയൻ, ചില്ലി ഗോപി, മുട്ട റോസ്റ്റ്, മുട്ട മസാല, മുട്ട ബുർജി.
ചിക്കൻ വിഭവങ്ങൾ – പെരട്ട്, റോസ്റ്റ്, ഫ്രൈ, കൊണ്ടാട്ടം, ചിക്കൻ ചില്ലി, ചിക്കൻതോരൻ, ചിക്കൻമുളകിട്ടത്, ചിക്കൻ വറുത്തരച്ചത്, ചെട്ടിനാടൻ, ബട്ടർചിക്കൻ, പെപ്പർചിക്കൻ, ചിക്കൻ കബാബ്. ബീഫ് വിഭവങ്ങൾ – പെരട്ട്, ഫ്രൈ, ബീഫ് ഇടിച്ചത്, ബീഫ് ഉലർത്തിയത്, ബീഫ് ടൊമാറ്റോ റോസ്റ്റ്. മട്ടൻ വിഭവങ്ങൾ – പെരട്ട്, ചാപ്സ്, പോത്ത് വിഭവങ്ങൾ – റോസ്റ്റ്, ഫ്രൈ.
ബിരിയാണികൾ – ചിക്കൻ, ബീഫ്, മട്ടൻ, പ്രോൺസ് മുതലായവ. കിഴി ബിരിയാണിയും ലഭ്യമാണ്.
സീസണനുസരിച്ച് കരിമീൻ, മത്തി, നെത്തോലി, ചൂര, കൊഞ്ച്, കണവ, കൊഴിയാള, നെയ്മീൻ തുടങ്ങിയ മത്സ്യ വിഭവങ്ങൾ. കപ്പയോട് കൂടി മുളകിട്ട മീൻ കറിയും അല്ലാതെ തേങ്ങ അരച്ച മീൻ കറി, വാഴയിലയിൽ പൊള്ളിച്ച മീൻ, മീൻ തലക്കറി എന്നിവയും ലഭ്യമാണ്. ഫ്രൈഡ് റൈസ്, കൊത്തു പെറോട്ട, കിഴി പെറോട്ട, ബക്കറ്റ് ബിരിയാണി, കിഴി ബിരിയാണി തുടങ്ങിയ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഓർഡറനുസരിച്ച് സദ്യയും ലഭിക്കുന്നതാണ്.
കാറുകൾ അകത്ത് പാർക്ക് ചെയ്യാം. വലിപ്പമനുസരിച്ച് ചിലപ്പോൾ ഒന്നിന് പുറകേ ഒന്നായി പാർക്ക് ചെയ്യേണ്ടി വരും. ടൂ വീലറാണെങ്കിൽ ഏകദേശം അറുപതോളം പേർക്ക് പാർക്ക് ചെയ്യാം.
Tharavattil Thanima Restuarant , Thirumala Junction, Contact – 9747975501, 9745205592, Seating Capacity: 35, Timings: 7 AM to 10:30 PM, Sunday Holiday.