മൊറോക്കോയിലെ ടാൻജിയറിൽ നിന്നും ഞങ്ങൾ പോയത് മൊറോക്കോയിലെ മനോഹരമായ ഒരു ഹിൽസ്റ്റേഷനായ ഷെഫ്ഷാവോനിലേക്ക് (Chefchaouen) ആയിരുന്നു. ഹൈറേഞ്ച് കയറി ഞങ്ങൾ ഷെഫ്ഷാവോൻ നഗരത്തിന്റെ കവാടത്തിനരികിൽ എത്തിച്ചേർന്നു. കവാടം കുറെയേറെ തകർന്ന നിലയിലായിരുന്നു.
നീല നിറമായിരുന്നു കവാടത്തിനു നൽകിയിരുന്നത്. കൂടാതെ ഷെഫ്ഷാവോൻ നഗരത്തിലെ എല്ലാ കെട്ടിടങ്ങൾക്കും നീലയും വെള്ളയുമാണ് നിറം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ നീല നിറം നൽകിയിരിക്കുന്നതിനു ചില ഐതിഹ്യങ്ങളുണ്ട്. അവയിലൊന്ന് നീല നിറം കൊതുകുകളെ അകറ്റിനിർത്തും എന്നതാണ്.
രണ്ടാമത്തെ കാര്യം ഹിറ്റ്ലറിൽ നിന്നും രക്ഷനേടിയതിന്റെ ഒരു പ്രതീകമെന്നോണം ജൂതന്മാർ ചെയ്ത ഒരു കാര്യമാണ് എന്നാണ്. പിന്നീട് 1970 കളിൽ ടൂറിസ്റ്റുകളെ ആകർഷിക്കുവാനായി ഇത്തരത്തിൽ നിറം നൽകുന്നത് നിയമപരമായി നടപ്പിലാക്കുകയും ചെയ്തു. ഇക്കാരണത്താൽ ബ്ലൂ സിറ്റി എന്നാണ് ഇവിടം ഇന്ന് അറിയപ്പെടുന്നത്.
നമ്മുടെ നാട്ടിൽ ആളുകൾ തണുപ്പ് ആസ്വദിക്കാൻ മൂന്നാർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതു പോലെയാണ് മൊറോക്കോയിൽ ഷെഫ്ഷാവോൻ എന്നാണു ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചത്. തണുപ്പിനൊപ്പം ശക്തിയേറിയ കാറ്റും ഞങ്ങൾക്ക് അവിടെ അനുഭവപ്പെടുകയുണ്ടായി.
കവാടവും കടന്നു ഞങ്ങൾ ഷെഫ്ഷാവോൻ നഗരത്തിലേക്ക് കടന്നു. INB ട്രിപ്പിനിടയിൽ ഡാർജിലിംഗ് പോയപ്പോൾ കിട്ടിയ ആ ഒരു ഫീൽ ആയിരുന്നു ഞങ്ങൾക്ക് അവിടെ ലഭിച്ചത്. പക്ഷേ ഡാർജിലിംഗിനെക്കാൾ വൃത്തി കൂടുതലും തിരക്ക് കുറവുമായിരുന്നു അവിടെ.
ഞങ്ങൾ ചിലയങ്ങളിൽ വണ്ടി നിർത്തി കൃഷിയിടങ്ങളിലും മലഞ്ചെരുവുകളിലുമൊക്കെ നടക്കുവാൻ ഇറങ്ങി. നല്ല തണുത്ത അന്തരീക്ഷത്തിൽ അതിലൂടെ നടക്കുവാൻ നല്ല രസമായിരുന്നു. വഴിയരികിലെല്ലാം ധാരാളം ഓറഞ്ച് മരങ്ങൾ നിന്നിരുന്നു. അതിൽ ഓറഞ്ചുകൾ പഴുത്തു പാകമായി കിടക്കുന്നുണ്ടായിരുന്നുവെങ്കിലും അവ ആരെങ്കിലും പറിക്കുന്നത് കണ്ടില്ല.
അവിടെയുള്ള പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റു കേന്ദ്രമായ ഒരു കോട്ടയിലേക്ക് ഞങ്ങൾ നടന്നു. പഴയകാലത്തെ നിർമ്മിതികളായിരുന്നു അവിടെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. ഇടുങ്ങിയ വഴികളിലൂടെ ഞങ്ങൾ നടന്നു. ശരിക്കും ധാരാളം സന്ദർശകർ വരുന്ന ഏരിയയാണെങ്കിലും നിലവിലെ സാഹചര്യം മൂലം ആളുകൾ കുറവായിരുന്നു. പൊതുവെ അവിടം വിജനമായിരുന്നു എന്നു വേണമെങ്കിൽ പറയാം.
കോട്ടയ്ക്കകത്ത് ആളുകൾ താമസിക്കുന്നുണ്ട്. ചിലരൊക്കെ ഇടുങ്ങിയ വീടുകൾക്ക് മുന്നിൽ ചുമ്മാ നോക്കി നിൽക്കുന്നു.അവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞങ്ങൾ നടന്നു നീങ്ങി. 1540 ൽ നിർമ്മിക്കപ്പെട്ട ഒരു പുരാതനമായ മോസ്‌കും ഞങ്ങൾക്ക് അവിടെ കാണുവാൻ കഴിഞ്ഞു.
അങ്ങനെ അവിടത്തെ കാഴ്ചകൾ കണ്ടും മനസ്സിലാക്കിയുമൊക്കെ ഞങ്ങൾ തിരികെ നടന്നു. നമ്മൾ നടന്നു പോകുന്ന വഴിയരികിൽ നിന്നുകൊണ്ട് ചിലർ ഹാഷിഷ്, കഞ്ചാവ് എന്നിവ വേണോയെന്നു പരസ്യമായി ചോദിക്കുന്ന കാഴ്ച ശരിക്കും എന്നെ ഞെട്ടിച്ചു. കഞ്ചാവ് വേണോ എന്ന് പരസ്യമായി ചോദിക്കുന്ന ആളുകളുള്ള ഈ സ്ഥലം ലോക സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒന്നാണ്.
യഥാർത്ഥത്തിൽ അവിടെ ഹാഷിഷ് പോലുള്ള ലഹരിസാധനങ്ങൾ നിരോധിച്ചിട്ടുള്ളതാണ്. വില്പനക്കാരുടെ മോഹനവാഗ്ദാനങ്ങളിൽ വീണു പോയാൽ പിന്നെ നിങ്ങൾ പെടും എന്നുറപ്പാണ്. അതുകൊണ്ട് ഇത്തരക്കാരിൽ നിന്നും തന്ത്രപൂർവ്വം അകന്നു നടക്കുക.
എന്നിരുന്നാലും ഷെഫ്ഷാവോൻ ഒരു ഒന്നൊന്നര അടിപൊളി സ്ഥലം തന്നെയാണ്. വേനൽക്കാലമാണ് ഇവിടത്തെ സീസൺ സമയം. സമ്മർ സമയത്തും തണുപ്പ് ഉള്ളതിനാൽ ധാരാളം ടൂറിസ്റ്റുകൾ ഇവിടേക്ക് വരുമെന്ന് ഗൈഡ് നിസ്‌റിൻ പറഞ്ഞു തരികയുണ്ടായി.
ഷെഫ്ഷാവോനിൽ താമസിക്കുവാനായി ഞങ്ങൾ ഒരു ഹോട്ടലിൽ റൂമെടുത്തു. 400 ദിർഹംസ് ആയിരുന്നു ഞങ്ങളുടെ റൂമിന്റെ വാടക. നല്ല വാലി വ്യൂ ഉള്ള റൂം ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. ലോക്ക്ഡൗണിന്റെ തുടക്കം ഞങ്ങൾക്ക് അവിടെ നിന്നും അനുഭവപ്പെട്ടു തുടങ്ങി. താമസിച്ചിരുന്ന ഹോട്ടലിൽ ഒരു ചായ പോലും കിട്ടാനില്ല. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകുമെന്ന് അവർ അറിയിപ്പും നൽകി.മൊത്തത്തിൽ അവിടമാകെ ഒരു ഒറ്റപ്പെട്ട അവസ്ഥ.
റൂമിൽ ലഗേജുകൾ വെച്ച ശേഷം ഞങ്ങൾ സിറ്റിയുടെ വ്യൂ കാണുവാനായി പുറത്തേക്ക് ഇറങ്ങി. ആ സമയം ഗൈഡ് നിസ്‌റിൻ കുളിക്കുകയോ മറ്റോ ചെയ്യുകയായിരുന്നു. ഹോട്ടലിൽ നിന്നും അല്പം മാറി നഗരത്തിന്റെ വ്യൂ ലഭിക്കുന്ന ഒരു പോയിന്റ് ഉണ്ടായിരുന്നു. ഞങ്ങൾ അവിടേക്ക് ചെന്ന് അത്യാവശ്യം ഫോട്ടോകളൊക്കെ എടുത്ത ശേഷം വൈകീട്ടത്തേക്ക് എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്നന്വേഷിച്ചു നടന്നു.
അടുത്തുകണ്ട ഒരു കടയിൽ സ്നാക്സ് വാങ്ങുവാൻ ആളുകൾക്കിടയിൽ ഞങ്ങൾ നിന്നെങ്കിലും കടക്കാർ ഞങ്ങളെ ഒരു മൈൻഡും ഇല്ലായിരുന്നു. ഈ സമയം നിസ്‌റിൻ അവിടെയെത്തുകയും, കടക്കാർ തിരിഞ്ഞു നോക്കാത്തതിൽ ക്ഷുഭിതയായി അവൾ ഞങ്ങളോട് വേറെ സ്ഥലത്തു പോകാമെന്നു പറയുകയും ചെയ്തു.
അങ്ങനെ ഞങ്ങൾ കാറിൽക്കയറി ഭക്ഷണം അന്വേഷിച്ചു യാത്രയായി. ആരോടൊക്കെയോ ചോദിച്ചറിഞ്ഞു അവൾ ഞങ്ങളെയും കൊണ്ട് ഒരു ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി. ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുവാൻ സാധ്യമല്ലാതിരുന്നതിനാൽ ഹോട്ടലുകാർ ഞങ്ങൾക്ക് മെനു കാർഡ് തരികയും അതിലെ വാട്സാപ്പ് നമ്പറിൽ ഓർഡർ ചെയ്തു മെസ്സേജ് ചെയ്‌താൽ മതിയെന്നു പറഞ്ഞു. ഓർഡർ ചെയ്ത ഭക്ഷണം ഹോട്ടലുകാർ നമ്മൾ താമസിക്കുന്ന സ്ഥലത്ത് ഡെലിവറി ചെയ്യുമെന്നു പറഞ്ഞു.
അങ്ങനെ ഞങ്ങൾ അവിടെ നിന്നും കുടിവെള്ളവും മറ്റും വാങ്ങി ഹോട്ടൽ റൂമിലേക്ക് തിരികെ യാത്രയായി. റൂമിലെത്തിയശേഷം ഭക്ഷണം വരുന്നതു വരെ എഡിറ്റിങ്, ചാർജ്ജിംഗ് തുടങ്ങിയ പരിപാടികൾക്കായി സമയം കണ്ടെത്തി. ബാക്കി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ…