നമ്മളെല്ലാവരും ബസ് യാത്രകൾ ചെയ്യാറുണ്ട്. കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട് തിരുവനന്തപുരം – കൊല്ലൂർ മൂകാംബികയും, ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ബെംഗളൂരു – ജോധ്പൂരും ആണ്. എന്നാൽ ആധുനിക ലോകത്തിലെ ഏറ്റവും ദൂരമേറിയ ബസ് റൂട്ട് ഏതായിരിക്കും? അതിനുള്ള ഉത്തരമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്.
തെക്കേ അമേരിക്കയിലെ പെറുവിലെ ലിമ എന്ന സ്ഥലത്തു നിന്നും ബ്രസീലിലെ റിയോ-ഡി-ജനീറോയിലേക്കുള്ള ബസ് റൂട്ടാണ് ലോകത്ത് ഇന്നുള്ളതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയത്. ഏകദേശം 6200 ഓളം കിലോമീറ്റർ ദൂരമാണ് ഈ റൂട്ടിലെ ഒരു വശത്തേക്കു മാത്രം ബസ് സഞ്ചരിക്കുന്നത്. ഇതിനായി എടുക്കുന്ന സമയം 104 മണിക്കൂറുകളുമാണ്. അതായത് നാലു ദിവസവും ഏതാനും മണിക്കൂറുകളും.
എക്സ്പ്രസ്സ് ഇന്റർനാഷണൽ ഓർമെനോ എന്ന ട്രാൻസ്പോർട്ട് കമ്പനിയാണ് ഈ റൂട്ടിൽ ബസ് സർവ്വീസ് നടത്തുന്നത്. ആഴ്ചയിൽ ആകെ ഒന്നോ രണ്ടോ ദിവസങ്ങളിലാണ് ലിമയ്ക്കും റിയോ-ഡി-ജനീറോയ്ക്കും ഇടയിൽ ഈ ബസ് ഓടുന്നത്. തെക്കേ അമേരിക്കയിലെ പലതരത്തിലുള്ള ഭൂപ്രകൃതികളിലൂടെയും പല സംസ്ക്കാരങ്ങളിലുള്ള ആളുകൾക്കിടയിലൂടെയും സഞ്ചരിക്കുന്നതാണ് ഈ ബസ്. അതിലുപരി രണ്ടു സമുദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റൂട്ടും കൂടിയാണിത്. പെറുവിന്റെ ഭാഗത്ത് പസഫിക് സമുദ്രവും റിയോ-ഡി-ജനീറോയുടെ ഭാഗത്ത് അറ്റ്ലാന്റിക് സമുദ്രവുമാണ് സ്ഥിതി ചെയ്യുന്നത്.
വളരെയേറെ ദുർഘടമായ വളവുകളും, കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും, മലഞ്ചെരിവുകളുമൊക്കെ പിന്നിട്ടാണ് ബസ് തൻ്റെ ലക്ഷ്യസ്ഥാനത്തിലേക്ക് എത്തിച്ചേരുന്നത്. ഈ റൂട്ടിൽ ഒരിടത്ത് സമുദ്രനിരപ്പിൽ നിന്നും 4726 മീറ്റർ ഉയരമുള്ള ഏരിയയിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ട്. ഈ ഭാഗത്ത് മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ മാത്രമേ ബസ് ഓടിക്കുവാൻ സാധിക്കുകയുള്ളൂ.
സഞ്ചരിക്കുന്ന 6200 ഓളം കിലോമീറ്ററിനുള്ളിൽ ഈ ബസ് ആകെ ഒരു അന്താരാഷ്ട്ര ബോർഡർ മാത്രമേ കടക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. പെറുവിലെ ഏഴ് സ്റ്റേറ്റുകളിലൂടെയും, ബ്രസീലിലെ അഞ്ച് സ്റ്റേറ്റുകളിലൂടെയും ഈ ബസ് റൂട്ട് കടന്നുപോകുന്നുണ്ട്. കൂടാതെ ബസ് ആമസോൺ കാടുകളും, ആൻഡീസ് പർവ്വതനിരകളുമൊക്കെ പിന്നിട്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതും. ചുരുക്കിപ്പറഞ്ഞാൽ ഈ റൂട്ടിലൂടെയുള്ള ബസ് യാത്ര അത്യന്തം സാഹസികവും മനോഹരവുമാണ്.
റിയോ-ഡി-ജനീറോയിൽ നിന്നും ലിമയിലേക്കുള്ള ബസ് ചാർജ്ജ് 820 ബ്രസീലിയൻ റിയൽ ആണ്. അതായത് 11,550 ഇന്ത്യൻ രൂപ വരും. 2014 ലെ ലോകകപ്പ് ഫുട്ബോൾ മത്സരം ബ്രസീലിൽ നടക്കുന്ന സമയത്ത് അയൽരാജ്യങ്ങളായ ഇക്വഡോർ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നും ധാരാളമാളുകൾ ഈ റൂട്ടിലൂടെയാണ് കളി കാണുവാനായി എത്തിച്ചേർന്നത്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട് എന്ന പേരിൽ ഗിന്നസ് ബുക്കിലും ഈ ബസ് റൂട്ട് ഇടംപിടിച്ചിട്ടുണ്ട്.
എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾത്തന്നെ മടുത്തുപോകുന്ന നമുക്കൊക്കെ ഈ റൂട്ടിലെ 6200 കിലോമീറ്ററും, നാലര ദിവസവുമൊക്കെ ചിലപ്പോൾ അമ്പരപ്പായിരിക്കും സമ്മാനിക്കുക. എന്തായാലും സാഹസികരായ സഞ്ചാരികൾ ഒരു തവണയെങ്കിലും യാത്ര ചെയ്തിരിക്കേണ്ട ഒരു ബസ് റൂട്ടാണ് ഇത്. ഏറെ കൗതുകകരമായ ഈ വിവരം അറിയാത്തവരിലേക്ക് എത്തിക്കുവാനായി ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യുക.