ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരം സ്നേഹമോ പ്രണയമോ ഒന്നുമല്ല, അത് വിശപ്പാണ്. ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ നന്മ ഒരാൾക്ക് ഭക്ഷണം കൊടുക്കുക വഴി അയാളുടെ വിശപ്പടക്കുക എന്നതുമാണ്. കേട്ടിട്ടില്ലേ, ‘അന്നദാനം മഹാദാനം’ എന്ന്.
നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ ഒരു നേരമെങ്കിലും വിശന്നു ജീവിക്കുന്നുണ്ട്. ചിലരൊക്കെ വിശക്കുന്നവർക്ക് ആഹാരം നൽകി നന്മയുടെ മണിമുത്തുകൾ സമൂഹത്തിൽ വിതറുന്നുമുണ്ട്. അവരിൽ ഒരാളാണ് കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റ് ഗ്രാമത്തിലെ ഞാവേലിപ്പറമ്പിൽ അബ്ദുൽഖാദർ എന്ന ഖാദർ ഭായി.
ഖാദർ ഭായിയുടെ വീടിനു മുന്നിലായി വഴിയരികിൽ ‘വിശക്കുന്നവർക്കൊരു വിരുന്ന്’ എന്നെഴുതിയ, ഒരു ചെറിയ കെട്ടിടമുണ്ട്. അതിൽ ചില്ല് ഗ്ളാസ്സിട്ടിരിക്കുന്ന ഷെൽഫിൽ ദിവസവും ഭക്ഷണപ്പൊതികൾ ഉണ്ടാകും. വിശക്കുന്ന ആർക്കും അതിൽ നിന്നും ഒരെണ്ണം എടുക്കാം. വീടിനു മുന്നിൽ ഒരു എടിഎം കൗണ്ടർ പോലെ പ്രവർത്തിക്കുന്ന ഈ ഫുഡ് കൗണ്ടർ അനേകമാളുകളുടെ വിശപ്പടക്കുവാനുള്ള ഏക ആശ്രയമാണിന്ന്.
പണ്ടുകാലത്ത് ഒരുപാട് വിശപ്പ് സഹിച്ചിട്ടുള്ള വ്യക്തിയാണ് ഖാദർ ഭായി. അതുകൊണ്ടു തന്നെ വിശപ്പിന്റെ വില ജീവിതത്തിൽ നിന്നും അദ്ദേഹത്തിന് നേരിട്ട് മനസ്സിലാക്കുവാൻ സാധിച്ചതാണ്. അന്നേ അദ്ദേഹം കയ്യിൽ കാശുണ്ടാകുമ്പോൾ ആളുകളുടെ വിശപ്പടക്കാനായി എന്തെങ്കിലും ചെയ്യണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.
ജീവിതത്തിലും ബിസിനസ്സിലും വിജയം കൈവരിച്ച്, ഒടുവിൽ പ്രവാസ ജീവിതം മതിയാക്കി, ബിസിനസ്സുകൾ മക്കളെ ഏൽപ്പിച്ച് നാട്ടിൽ എത്തിയപ്പോൾ ഖാദർ ഭായ് ആദ്യം ചെയ്തത് വീടിനു മുന്നിൽ ഇത്തരത്തിലൊരു സൗജന്യ ഫുഡ് എടിഎം പണികഴിപ്പിക്കുകയായിരുന്നു. 2019 ലെ ഗാന്ധിജയന്തി ദിനത്തിലാണ് ഖാദർഭായ് ഈ ഫുഡ് എടിഎമ്മിനു തുടക്കം കുറിച്ചത്. ഗാന്ധിയനായ പിതാവിൽ നിന്നും കിട്ടിയ ആദർശങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഖാദർഭായി ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ദിവസേന ഉച്ചയ്ക്ക് 12 മണിയോടെ പത്ത് ഭക്ഷണപ്പൊതികളാണ് ആദ്യം കൗണ്ടറിൽ വെക്കുന്നത്. ചോറ്, സാമ്പാർ, പരിപ്പ്, തോരൻ തുടങ്ങി നല്ല ഊണ് തന്നെയാണ് ഇവിടെ കൊടുക്കുന്നത്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഈ കൊടുക്കുന്ന ഭക്ഷണം ഇതിനു വേണ്ടി ഉണ്ടാകുന്നതല്ല. ഖാദർ ഭായിയുടെ വീട്ടിൽ അന്ന് എന്താണോ വെക്കുന്നത്, അതേ വിഭവങ്ങൾ തന്നെയാണ് ഭക്ഷണപ്പൊതികളായി മാറുന്നതും. ഉദാഹരണത്തിന് വീട്ടിൽ ബിരിയാണി വെക്കുകയാണെങ്കിൽ അന്നത്തെ ദിവസം ഭക്ഷണപ്പൊതിയിൽ അതേ ബിരിയാണി തന്നെയായിരിക്കും.
കൗണ്ടറിൽ വെക്കുന്ന ഭക്ഷണം തീരുന്നതനുസരിച്ച് വീണ്ടും അവ ഫിൽ ചെയ്യുകയാണ് ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണമല്ലേ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കൗണ്ടറിൽ സിസിടിവി വെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണി വരെ എന്തായാലും കൗണ്ടറിൽ ഭക്ഷണം ഉണ്ടായിരിക്കും. ഇനി അഥവാ രണ്ടു മണിയ്ക്ക് ശേഷമാണ് ആരെങ്കിലും വിശന്നു വരുന്നതെങ്കിൽ അവർക്കുള്ള ഭക്ഷണം വീടിനകത്ത് തയ്യാറായിരിക്കും.
ഒരാൾക്ക് ഒരു പൊതി എന്ന നിലയിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അർഹതയുള്ളവർക്കു മാത്രം എടുക്കാം. ഒരേയൊരു ഡിമാൻഡ് – ഈ സൗകര്യം ആരും ദുരുപയോഗം ചെയ്യരുത്. കൊടുങ്ങല്ലൂരിനടുത്ത് പുല്ലൂറ്റ് എന്ന ഗ്രാമത്തിൽ ഇനി ഭക്ഷണം കിട്ടാതെ വിശന്നിരിക്കുന്ന പാവപ്പെട്ടവർ ആരും തന്നെ ഉണ്ടാവില്ല. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ഇദ്ദേഹം ഇപ്പോൾ നമുക്ക് ഏവർക്കും മാതൃകയായിരിക്കുകയാണ്.
ഖാദർ ഭായിക്ക് എറണാകുളത്ത് ഒരു ഹോട്ടലുണ്ട്. അതിൽ നിന്നും കിട്ടുന്ന ലാഭവിഹിതമാണ് ഈ അന്നദാനത്തിനായി വിനിയോഗിക്കുന്നത്. തീർച്ചയായും പറയാം, ഖാദർഭായി ചെയ്യുന്ന ഈ നന്മപ്രവൃത്തിയ്ക്ക് ഒരിക്കലും വിലയിടാനാകില്ല. കേട്ടിട്ടില്ലേ, ചിലപ്പോൾ ദൈവം മനുഷ്യരുടെ രൂപത്തിലും നമുക്കു മുന്നിലെത്തുമെന്ന്. അങ്ങനെ നേരിൽക്കണ്ട ഒരു ദൈവത്തിന്റെ പ്രതിരൂപമാണ് ഞാവേലിപ്പറമ്പിൽ അബ്ദുൽഖാദർ എന്ന ഖാദർ ഭായി. ഫോൺ: 9995101373.