ലേഖകൻ – പ്രകാശ് നായർ മേലില.
തന്റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.
തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ‘ജോസ് മുജിക്ക’യാണ്. ഒരു സാധാരണക്കാരന്. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. പ്രസിഡണ്ട് ആകുന്നതിനു മുന്‍പും പദം രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ. ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് “സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി” എന്ന്.
രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.
പ്രസിഡണ്ട് ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ഇന്ത്യന്‍ പ്രസിഡണ്ടായാലും അമേരിക്കന്‍ പ്രസിഡണ്ടായാലും താമസിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും ആഡംബര പൂര്‍ണ്ണമായ വസതികളിലാണ്. അമ്ബരപ്പിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ്. പക്ഷേ മുജിക്കയ്ക്ക് രണ്ട് പൊലീസുകാരുടെ കാവലായിരുന്നു ഉണ്ടായിരുന്നത്. അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്കി. പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു. ഭാര്യക്കാണ് പൂ കൃഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
“ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്” അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും.
ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :- “രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറയുടെ കയ്യില്‍ എന്റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്. അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്. അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം..” മാനുവല്‍ അദ്ദേഹത്തിന്റെ ഒരു കാലില്ലാത്ത കൃത്രുമക്കാലുള്ള നായയാണ്. ബീട്ടല്‍ തന്റെ ഫോക്സ് വാഗണ്‍ കാറും.
ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന വിപ്ലവ ജീവിതമായിരുന്നു ജോസ് മുജിക്കയുടേത്. അറുപതുകളില്‍ പട്ടാള ഭരണത്തിനെതിരെ ഗറില്ലാ പോരാട്ടം നടത്തിയാണ് മുജിക്ക രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. ക്യൂബന്‍ വിപ്ളവമായിരുന്നു പ്രചോദനം.13 വര്‍ഷമാണ് പട്ടാള ഭരണ കൂടം മുജിക്കയെ ജയിലിലടച്ചത്. ജയില്‍ മോചിതനായശേഷം ഇടതുപക്ഷത്തിനോപ്പം സഖ്യം ചേര്‍ന്ന് ഉറുഗ്വേയില്‍ മന്ത്രിയായി. പിന്നെ പ്രസിഡണ്ടു. ഫിദല്‍ കാസട്രോയും ഹ്യൂഗോ ഷാവേസും മുജിക്കയുടെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഉറുഗ്വേ എന്ന ഒരു സാധാരണ രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡണ്ട് ജോസ് മുജിക്ക ഇന്നും സാധാരണ ജീവിതമാണ് നയിക്കുന്നത്.. ധനിക രാഷ്ട്രത്തിലെ ദരിദ്രനായി. നമ്മുടെ നേതാക്കള്‍ ഇത് കാണാന്‍ ശ്രമിച്ചിരുന്നെങ്കില്‍..