തിരക്കുകളിൽ നിന്നും മാറി ഒരു ദിവസം ചെലവഴിക്കാൻ അങ്കമാലിയുടെ സ്വന്തം വില്ലേജ് റിസോർട്ട്

ക്രിസ്മസ് ദിനത്തിലെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കിടിലൻ കടൽ യാത്രയ്ക്ക് ശേഷം പിറ്റേദിവസം ഞങ്ങൾ അങ്കമാലിയിലേക്കായിരുന്നു പോയത്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം അടിപൊളിയായി ഒന്നാഘോഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ.

അതിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ‘വില്ലേജ് റിസോർട്ട്’ എന്നു പേരുള്ള അങ്കമാലിയിലെ ഒരു കിടിലൻ റിസോർട്ട് ആയിരുന്നു. അവിടത്തെ അടുത്തടുത്തായുള്ള നാലു കോട്ടേജുകളിൽ മൂന്നെണ്ണം ഞങ്ങൾ ബുക്ക് ചെയ്തു. ഒരെണ്ണം അച്ഛനും അമ്മയ്ക്കും, രണ്ടാമത്തേത് ശ്വേതയുടെ സഹോദരനും ഫാമിലിയ്ക്കും പിന്നെ ഒരെണ്ണം ഞങ്ങൾക്കും.

കോട്ടേജിൽ ചെന്നപാടെ ഞങ്ങൾ അച്ഛനെയും അമ്മയെയും കൊണ്ട് കേക്ക് കട്ട് ചെയ്യിക്കുകയും ആശംസകൾ നേരുകയും ചെയ്തു. അതിനുശേഷം ഞങ്ങൾ ഓരോരുത്തരുടെ കോട്ടേജുകളിലേക്ക് യാത്രയായി. അടിപൊളി കോട്ടേജ് തന്നെയായിരുന്നു അത്. ബെഡ്റൂമിനോളം തന്നെ വലിപ്പമുണ്ടായിരുന്നു അറ്റാച്ചഡ് ബാത്ത്റൂമിനും.

ഞങ്ങൾ എല്ലാവരും അതിനിടെ കുളിച്ചു ഫ്രഷായി ഒന്നിച്ചുകൂടി. അളിയന്റെ മകൾ അവന്തിക കോട്ടേജുകളുടെ റൂമുകൾ പരിചയപ്പെടുത്തുന്ന രീതിയിൽ സ്വന്തമായി വ്‌ളോഗിംഗ് നടത്തി കളിക്കുകയായിരുന്നു. മോൾക്ക് നല്ലൊരു ഭാവിയുണ്ട് എന്ന് ഞാൻ അളിയനോട് പറഞ്ഞു.

അതിനുശേഷം ഞങ്ങൾ സ്വിമ്മിങ്പൂൾ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴതാ റിസോർട്ടിലെ ഷട്ടിൽ കോർട്ടിൽ അച്ഛനും അമ്മയും അനിയനും ശ്വേതയുടെ ഏടത്തിയും കൂടി ഷട്ടിൽ കളിക്കുന്നു. അവരോട് ഒരു ഹായ് പറഞ്ഞുകൊണ്ട് ഞങ്ങൾ പൂളിലേക്ക് നടന്നു. അത്യാവശ്യം നല്ലൊരു പൂൾ ആയിരുന്നു അവിടത്തേത്. ഞങ്ങളെല്ലാവരും പൂളിൽ ഇറങ്ങി ബോൾ കളിക്കുകയും ആസ്വദിക്കുകയുമൊക്കെ ചെയ്തു.

പൂളിലെ കുളിയ്ക്ക് ശേഷം ഞങ്ങൾ കുറച്ചു നേരം വിശ്രമിക്കുവാനായി കോട്ടേജുകളിലേക്ക് പോയി. പിന്നെ ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയത് രാത്രിയായപ്പോൾ ആയിരുന്നു. പകൽ കാഴ്ചകളേക്കാൾ വളരെ വ്യത്യസ്തമായിരുന്നു റിസോർട്ടിലെ രാത്രിദൃശ്യം. ചുറ്റിനും വഴിയിലുമൊക്കെ ലൈറ്റുകളും വിളക്കുകളും ഒക്കെക്കൊണ്ട് അലങ്കരിച്ചു തകർപ്പനാക്കിയിരുന്നു.

അതുപോലെതന്നെ എല്ലാവർക്കും ഒത്തുകൂടി സൊറ പറഞ്ഞിരിക്കുവാൻ അടിപൊളി ക്യാമ്പ് ഫയറും റിസോർട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പ് ഫയർ ആസ്വദിച്ചതിനു ശേഷം പിന്നീട് ഞങ്ങളെല്ലാം ഒന്നിച്ചിരുന്നു ഡിന്നർ കഴിക്കുകയുണ്ടായി. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഞങ്ങളെല്ലാം ഉറങ്ങുവാനായി അധികം വൈകാതെ തന്നെ കോട്ടേജുകളിലേക്ക് പോയി.

പിറ്റേദിവസം എഴുന്നേറ്റ് റെഡിയായി ഞങ്ങൾ റിസോർട്ടും പരിസരവുമൊക്കെ ഒന്ന് കാണുവാനായി ഇറങ്ങിത്തിരിച്ചു. നിറയെ അത്തിപ്പഴങ്ങൾ കായ്ച്ചു കിടന്നിരുന്ന ഒരു അത്തിമരമായിരുന്നു അവിടെ ഞങ്ങളെ ആകർഷിച്ചത്. ഇതുപോലെ ധാരാളം മരങ്ങളും ചെടികളുമൊക്കെ റിസോർട്ട് പരിസരത്ത് പരിപാലിക്കുന്നുണ്ട്.

അതിനടുത്തായി രണ്ടു കെട്ടിടങ്ങൾ ഉണ്ട്. വീട് എന്നു പേരിട്ടിട്ടുള്ള ഈ കെട്ടിടങ്ങളിലായി പത്തു റൂമുകൾ ലഭ്യമാണ്. ഞങ്ങൾ അവിടെ അന്വേഷിച്ചപ്പോൾ ഒരു റൂമിനു 4500 + Tax ആണ് ചാർജ്ജ് പറഞ്ഞത്. അത്യാവശ്യം വലിയൊരു റൂം തന്നെയായിരുന്നു അത്. ഞങ്ങൾ അവിടെയൊക്കെ കയറി കാണുകയുണ്ടായി.

അതുകഴിഞ്ഞു റിസോർട്ടിലെ മറ്റൊരാകർഷണമായ ഹെറിറ്റേജ് മനയിലേക്കായിരുന്നു ഞങ്ങൾ പോയത്. മൂന്നു പേർക്ക് സുഖമായി കിടക്കാവുന്ന ബെഡും സൂര്യപ്രകാശം അരിച്ചിറങ്ങുന്ന ബാത്ത്റൂമും ഇവിടത്തെ പ്രത്യേകതയാണ്. മനയിൽ മൊത്തം ഇതുപോലത്തെ മൂന്നു മുറികളുണ്ട്. ഈ മന മുഴുവനായി എടുക്കുന്നതിനു 21000 + Tax ഉം ഓരോ മുറിയായി എടുക്കുവാൻ 7000+Tax ഉം ആണ് ചാർജ്ജ്. ഈ മനയിലെ ഓരോ റൂമിനും കണക്ട് ആയിട്ടുള്ള ഓരോ ചെറിയ സ്വിമ്മിങ് പൂളുകൾ ഉണ്ട്. ഇവിടെ താമസിക്കുന്നവർക്ക് പൂർണ്ണമായ സ്വകാര്യത ഉറപ്പുവരുത്തുവാനും സാധിക്കും. പഴയ രീതിയിയിൽ പണിതീർത്തിട്ടുള്ള ഇവയിലെ താമസം നമ്മളെ പഴയ കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും എന്നുറപ്പാണ്.

മന കൂടാതെ നിറ എന്നു പേരുള്ള ഒരു വ്യത്യസ്തമായ തറവാട് മോഡൽ താമസ സൗകര്യവും ഞങ്ങൾ അവിടെ കണ്ടു. മനയിൽ നിന്നും അൽപ്പം കൂടി വ്യത്യസ്തമായി പഴമകൾ ഒന്നുകൂടി കോർത്തിണക്കിക്കൊണ്ടാണ് നിറയുടെ നിർമ്മാണം. ഇതോടൊപ്പം പണ്ടുകാലത്ത് നെല്ല് സൂക്ഷിക്കുവാനുപയോഗിച്ചിരുന്ന പ്രത്യേകം അറകളൊക്കെ ഉണ്ട്. തൊട്ടടുത്തായി മനോഹരമായ ഒരു പാടശേഖരമാണ് നമ്മുടെ മനസ്സു കവരുക. അതിനടുത്തായി ഒരു ചെറിയ സ്വിമ്മിങ് പൂളും അവിടെയുണ്ട്.

ഇനി ഇവിടെ വരുന്നവർക്ക് ആയുർവ്വേദ ചികിത്സയോ മസാജോ ഒക്കെ ആവശ്യമാണെങ്കിൽ അതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ദീർഘനാളേയ്ക്ക് ആയുർവേദ ചികിത്സ തേടുന്നവർക്ക് വേണമെങ്കിൽ ഇവിടെ താമസിച്ചുകൊണ്ട് ചികിത്സ നടത്തുകയും ചെയ്യാവുന്നതാണ്. ഭക്ഷണത്തിനാണെങ്കിൽ കിടിലൻ റെസ്റ്റോറന്റും റിസോർട്ടിൽ ഉണ്ട്. സാധാരണ റിസോർട്ടുകളിൽ കാണുന്ന തരത്തിൽ അധികം കത്തിയല്ലാത്ത വിലയ്ക്ക് ഇവിടെ ഭക്ഷണം ലഭിക്കും. നല്ല രുചികരമായ ഭക്ഷണം നിങ്ങൾക്ക് ഇവിടെ നിന്നും രുചിക്കുകയും ചെയ്യാം.

ഫാമിലിയായി അല്ലെങ്കിൽ ഗ്രൂപ്പായി വരുന്നവർക്ക് നന്നായി എന്ജോയ് ചെയ്യുവാനുള്ള ഐറ്റങ്ങൾ ഈ റിസോർട്ടിൽ ഉണ്ട്. അതോടൊപ്പം തന്നെ ഹണിമൂൺ ആഘോഷിക്കുവാനായി സ്വകാര്യത തേടുന്നവർക്കും ഈ റിസോർട്ട് അനുയോജ്യമാണ്.

എറണാകുളത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഒരു ദിവസം ചെലവഴിക്കാനായി അങ്കമാലിയുടെ സ്വന്തം വില്ലേജ് റിസോർട്ട്, ഫാമിലി ആയി ഞങ്ങൾ ഒരു ദിവസം ഇവിടെ അടിച്ചുപൊളിച്ചു, 4500 രൂപ മുതൽ മുറികൾ ലഭ്യമാണ്. 1300 രൂപയ്ക്ക് ഡേ പാക്കേജുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8589097338 അല്ലെങ്കിൽ സന്ദർശിക്കുക: http://thevillagekerala.com/.