മധുരയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസമായിരുന്നു അത്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അടുത്തുള്ള വിശാലം കോഫീ ഷോപ്പിലേക്ക് ആയിരുന്നു ഞങ്ങൾ ആദ്യം പോയത്. മധുരയിലെ ഏറ്റവും പേരുകേട്ട കോഫി ലഭിക്കുന്നത് ഇവിടെയാണത്രെ. 14 രൂപയാണ് ഒരു കാപ്പിയുടെ വില. ഒരു കാപ്പി കുടിക്കാൻ മാത്രം ആ കടയിൽ എന്തായിരുന്നു തിരക്ക്. മുൻകൂറായി പണമടച്ച് ടോക്കൺ എടുക്കണം ഇവിടെ നിന്നും കോഫീ രുചിക്കണമെങ്കിൽ. പിന്നെ ക്യൂവിൽ നിൽക്കലായി. അവസാനം ഊഴമെത്തിയപ്പോൾ ടോക്കൺ കൊടുത്തു. ചായ ഉണ്ടാക്കുന്ന ലുങ്കിയും ബനിയനും ധരിച്ച അണ്ണൻ ടോക്കൺ വാങ്ങി ഗൗരവഭാവത്തിൽത്തന്നെ നല്ല കടുപ്പത്തിൽ കിടുക്കാച്ചി കാപ്പികൾ ഉണ്ടാക്കി ഞങ്ങൾക്ക് തന്നു. സത്യത്തിൽ നമ്മുടെ നാട്ടിലെ കാപ്പിയേക്കാൾ രുചിയേറിയത് തമിഴ്‌നാട്ടിലെ കാപ്പിയ്ക്കാണ് എന്നാണു എൻ്റെ അനുഭവത്തിൽ നിന്നും മനസ്സിലായിട്ടുള്ളത്.
കാപ്പി കുടിച്ച ശേഷം ഞങ്ങൾ അമ്പലത്തിനു ചുറ്റുമായി ചുമ്മാ നടന്നു. ഞങ്ങൾ മധുരയിൽ അവസാനമായി വന്നത് രണ്ടു വർഷം മുൻപാണ്. അന്നത്തെ യാത്രകളുടെ ഓർമ്മകളൊക്കെ അയവിറക്കി ഞങ്ങൾ നടന്നു. ഞങ്ങളുടെ അടുത്ത ലക്‌ഷ്യം മധുരയിലെ പേരുകേട്ട മുരുകൻ ഇഡ്ഡലി ഷോപ്പ് ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും രുചികരമായ ഇഡലികളിൽ ഒന്നാണത്രെ മുരുകൻ ഇഡ്ഡലി ഷോപ്പ് എന്നെയീ ഹോട്ടലിൽ തയ്യാറാക്കുന്നത്. കയ്യും കഴുകി ഇരുന്നപ്പോൾ ടേബിളിൽ അവർ നല്ല വൃത്തിയുള്ള ചതുരാകൃതിയിലുള്ള വാഴയില കൊണ്ടുവന്നു വെച്ചു. പൊതുവെ തമിഴ്‌നാട്ടിലെ ഭക്ഷണം കഴിക്കുന്ന ട്രഡീഷണൽ രീതിയാണിത്. നമ്മളും കഴിക്കാറില്ലേ സദ്യ, അതുപോലെതന്നെ.
വാഴയിലയിൽ പലതരം ചമ്മന്തികളൊക്കെ വിളമ്പിയ ശേഷം ചെറിയൊരു കഷ്ണം വാഴയിലയിൽ രുചികരമായ നമ്മുടെ ഇഡ്ഡലി എത്തി. അത് പൊടി ഇഡ്ഡലി എന്ന പേരുള്ള ഒരു വ്യത്യസ്ത ഐറ്റമായിരുന്നു. സാധാരണ ഇഡ്ഡലി വലിയ വാഴയിലയിൽ നേരിട്ടു വിളമ്പി. മുൻപ് വിളമ്പിയ ചട്ണികളിൽ മുക്കി ഞങ്ങൾ ഇഡ്ഡലി ആസ്വദിച്ചു കഴിച്ചു. ലോകത്തിലെ ഏറ്റവും രുചികരമായ ഇഡ്ഡലി എന്നത് വെറുതെ പറയുന്നതല്ലെന്നു ഞങ്ങൾക്ക് ഇതോടെ മനസ്സിലായി.
ഇഡ്ഡലി കഴിച്ചു കഴിഞ്ഞപ്പോൾ ചെറിയ ഉള്ളിയും ബട്ടറും ഒക്കെയുപയോഗിച്ചു തയ്യാറാക്കിയ ‘ബട്ടർ ഒണിയൻ ഊത്തപ്പം’ എത്തി. എന്റെ പൊന്നോ..!! ആ രുചി ഒരിക്കലും പറഞ്ഞറിയിക്കുവാൻ വയ്യ. ഇവിടെ ഒരു സാധാരണ ഇഡ്ഡലിയ്ക്ക് 12 രൂപയും, പൊടി ഇഡ്ഡലിയ്ക്ക് 20 രൂപയും ബട്ടർ ഒനിയൻ ഊത്തപ്പത്തിന് 60 രൂപയുമാണ് ചാർജ്ജ്. സാധാരണ ഹോട്ടലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത് വലിയ തുകയൊന്നുമല്ല. അങ്ങനെ വയറും മനസ്സും നിറച്ച് ഞങ്ങൾ മുരുകൻ ഇഡ്ഡലി ഷോപ്പിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. മധുരയിലെ സ്ട്രീറ്റ് ഷോപ്പിംഗ് ഒക്കെ ആസ്വദിക്കുന്നതിനായി ഞങ്ങൾ ഈ സമയം വിനിയോഗിച്ചു. അതിനു ശേഷം ഞങ്ങൾ പതിയെ റൂമിലേക്ക് നീങ്ങി.