വിമാനത്തെ നേരിൽക്കാണാത്തവർ വളരെ കുറവായിരിക്കും. അതുപോലെതന്നെ നമ്മളിൽ പലരും വിമാനയാത്രകൾ ചെയ്തിട്ടുമുണ്ടാകും. വിമാനാപകടങ്ങളുടെ കഥകൾ കേട്ട് വിമാനത്തിൽ യാത്ര ചെയ്യാൻ പേടിയുള്ള ധാരാളമാളുകൾ നമുക്കിടയിലുണ്ട്. പക്ഷെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാമാർഗ്ഗമാണ് വിമാനത്തിലേതെന്നതാണ് യാഥാർഥ്യം. അപ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ ഏതൊക്കെയായിരിക്കും?
അപകടങ്ങൾ, ഫ്ലീറ്റിലുള്ള എയർക്രാഫ്റ്റുകളുടെ കാലപ്പഴക്കവും കാര്യക്ഷമതയും തുടങ്ങിയ വസ്തുതകളെ അടിസ്ഥാനമാക്കി 2020 ൽ AirlineRatings.com നടത്തിയ സർവ്വേയിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 20 ഇന്റർനാഷണൽ എയർലൈനുകൾ ഇനി പറയുന്നവയാണ്.
20. KLM – നെതര്ലാന്റിന്റെ ഫ്ളാഗ് കാരിയറാണ് KLM. 1919 ൽ ആരംഭിച്ച KLM ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈനും കൂടിയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 20 ആം സ്ഥാനത്താണ് KLM.
19. എയർ ലിംഗസ് – അയർലണ്ടിന്റെ നാഷണൽ കാരിയറാണ് എയർ ലിംഗസ്. യൂറോപ്പ്, നോർത്ത് ആഫ്രിക്ക, തുർക്കി, നോർത്ത് അമേരിക്ക എന്നിവടങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ ലിംഗസിൻ്റെ നിലവിലുള്ള ഫ്ലീറ്റിൽ എയർബസ് വിമാനങ്ങൾ മാത്രമാണുള്ളത്. ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 19 ആം സ്ഥാനത്താണ് എയർ ലിംഗസ്.
18. ലുഫ്താൻസ – യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും യൂറോപ്പിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നാണ് ജർമ്മനിയുടെ ഫ്ളാഗ് കാരിയർ കൂടിയായ ലുഫ്താൻസ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 18 ആം സ്ഥാനത്താണ് ലുഫ്താൻസ.
17. ഫിൻ എയർ – ഫിൻലൻഡിലെ ഏറ്റവും വലിയ എയർലൈനും നാഷണൽ കാരിയറും കൂടിയാണ് ഫിൻ എയർ. 1963 മുതൽ ഒരു അപകടവും വരാത്ത ഫിൻ എയർ തുടർച്ചയായി ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് ഫിൻ എയർ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 17 ആം സ്ഥാനത്താണ്.
16. സ്വിസ്സ് ഇന്റർനാഷണൽ എയർലൈൻസ് – യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡിന്റെ നാഷണൽ കാരിയറാണ് സ്വിസ്സ്, സ്വിസ്സ് എയർലൈൻസ് എന്നൊക്കെയറിയപ്പെടുന്ന സ്വിസ്സ് ഇന്റർനാഷണൽ എയർലൈൻസ്. ലുഫ്താൻസ ഗ്രൂപ്പിൻ്റെ ഒരു സബ്സിഡിയറി ആയി പ്രവർത്തിക്കുന്ന സ്വിസ്സ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 16 ആം സ്ഥാനത്താണ്.
15. റോയൽ ജോർദ്ദാനിയൻ എയർലൈൻസ് – ജോർദ്ദാൻ്റെ നാഷണൽ ഫ്ളാഗ് കാരിയറായ റോയൽ ജോർദ്ദാനിയൻ എയർലൈൻസ്. 1986 നു ശേഷം ഇതുവരെ വലിയ അപകടങ്ങളൊന്നും വരുത്തിയിട്ടില്ലാത്ത റോയൽ ജോർദ്ദാനിയൻ എയർലൈൻസ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഇത്തവണ 15 ആം സ്ഥാനത്താണ്.
14. സ്കാൻഡനേവിയൻ എയർലൈൻസ് – ഡെന്മാർക്ക്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ നാഷണൽ കാരിയറാണ് SAS എന്നറിയപ്പടുന്ന സ്കാൻഡനേവിയൻ എയർലൈൻസ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 14 ആം സ്ഥാനത്താണ് സ്കാൻഡനേവിയൻ എയർലൈൻസ്.
13. TAP എയർ പോർച്ചുഗൽ – പോർച്ചുഗലിന്റെ നാഷണൽ ഫ്ളാഗ് കാരിയർ എയർലൈനാണ് TAP എയർ പോർച്ചുഗൽ. 1945 മുതൽ ഇതുവരെ ഒരേയൊരു അപകടം മാത്രമുണ്ടായിട്ടുള്ള TAP എയർ പോർച്ചുഗൽ ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 13 ആം സ്ഥാനത്താണ് ഉള്ളത്.
12. വിർജിൻ അറ്റ്ലാന്റിക് – ഇംഗ്ലണ്ട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് എയർലൈനാണ് വിർജിൻ അറ്റ്ലാന്റിക്. സുരക്ഷിതത്വത്തിൻ്റെ കാര്യത്തിൽ മികച്ച പേരുള്ള വിർജിൻ അറ്റലാന്റിക്കിൻ്റെ ചരിത്രത്തിൽ ഇതുവരെ വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ന് ഇത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 12 ആം സ്ഥാനത്താണ്.
11. ഹവായിയൻ എയർലൈൻസ് – അമേരിക്കയിലെ ഹവായ് ദ്വീപിൻ്റെ നാഷണൽ കാരിയർ എയർലൈനാണ് ഹവായിയൻ എയർലൈൻസ്. ചരിത്രത്തിലിതുവരെ വലിയ അപകടങ്ങളൊന്നും ഉണ്ടാക്കാത്ത ഹവായിയൻ എയർലൈൻസ് ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 11 ആം സ്ഥാനത്താണ്.
10. വിർജിൻ ഓസ്ട്രേലിയ – ഓസ്ട്രേലിയ കേന്ദ്രീകരിച്ചു സർവ്വീസ് നടത്തുന്ന ഒരു ഇന്റർനാഷണൽ എയർലൈനാണ് വിർജിൻ ഓസ്ട്രേലിയ. സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിൽത്തന്നെ നിൽക്കുന്ന വിർജിൻ ഓസ്ട്രേലിയ ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 10 ആം സ്ഥാനത്താണ്.
9. കാത്തായ് പസഫിക് – ഹോംകോങ്ങിന്റെ ഫ്ളാഗ് കാരിയർ എയർലൈനാണ് കാത്തായ് പസഫിക്. ചരിത്രത്തിൽ എട്ടു തവണയാണ് കാത്തായ് പസഫിക്കിന് അപകടങ്ങളെ നേരിടേണ്ടി വന്നിട്ടുള്ളത് എങ്കിലും 1972 നു ശേഷം മരണങ്ങളോ വലിയ അപകടങ്ങളോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഇന്ന് 9 ആം സ്ഥാനമാണ് കാത്തായ് പസഫിക്കിന്.
8. അലാസ്ക്ക എയർലൈൻസ് – അമേരിക്കയിലെ ഒരു പ്രധാനപ്പെട്ട എയർലൈനാണ് അലാസ്ക്ക എയർലൈൻസ്. എയർലൈനിൻ്റെ ചരിത്രത്തിൽ ഇതുവരെ 11 വലിയ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ 20 വർഷത്തിനിടയിൽ അപകടങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ പട്ടികയിൽ അലാസ്ക എയർലൈൻസിന് ഇടം നേടുവാൻ കഴിഞ്ഞു. ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഇന്ന് 8 ആം സ്ഥാനമാണ് അലാസ്ക എയർലൈൻസിന്.
7. എമിറേറ്റ്സ് – UAE യുടെ ഫ്ളാഗ് കാരിയർ എയർലൈനാണ് എമിറേറ്റ്സ്. ലോകത്തിലെ മികച്ച എയർലൈനുകളിൽ ഒന്നായ എമിറേറ്റ്സ് സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ്. അതുകൊണ്ടുതന്നെ എമിറേറ്റ്സ് ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 7 ആം സ്ഥാനത്താണ്.
6. സിംഗപ്പൂർ എയർലൈൻസ് – സിംഗപ്പൂരിന്റെ നാഷണൽ ഫ്ലാഗ് കാരിയറായ സിംഗപ്പൂർ എയർലൈൻസ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്ന പദവി ഒന്നിലധികം തവണ കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുന്നിൽത്തന്നെയാണ് സിംഗപ്പൂർ എയർലൈൻസ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഇന്ന് 6 ആം സ്ഥാനമാണ് സിംഗപ്പൂർ എയർലൈൻസിന്.
5. ഖത്തർ എയർവേയ്സ് – അറബ് രാജ്യമായ ഖത്തറിൻ്റെ നാഷണൽ ഫ്ളാഗ് കാരിയറാണ് ഖത്തർ എയർവേയ്സ്. ലോകത്തിലെ മികച്ച എയർലൈനായി പല പ്രാവശ്യം ഖത്തർ എയർവേയ്സ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ധാരാളം അവാർഡുകളും ഖത്തർ എയർവേയ്സ് കരസ്ഥമാക്കിയിട്ടുണ്ട്. ആയതിനാൽ ഖത്തർ എയർവെയ്സിന് ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ 5 ആം സ്ഥാനമാണ്.
4. ഇത്തിഹാദ് – യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ ഫ്ലാഗ് കാരിയർ എയർലൈനാണ് ഇത്തിഹാദ്. കൃത്യനിഷ്ഠയുടെ കാര്യത്തില് ഇത്തിഹാദ് എയർവേയ്സ് മികച്ച 50 എയർലൈനുകളുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഇതുവരെ വലിയ അപകടങ്ങളൊന്നും വരുത്താത്ത ഇത്തിഹാദ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഇന്ന് 4 ആം സ്ഥാനത്താണ്.
3. EVA എയർ – തായ്വാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു എയർലൈനാണ് EVA എയർ. തുടങ്ങിയതു മുതൽ ഇതുവരെ അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലാത്തതിനാൽ EVA എയർ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ 3 ആം സ്ഥാനത്താണ്.
2. എയർ ന്യൂസിലാൻഡ് – ന്യൂസിലൻഡിന്റെ നാഷണൽ കരിയറായ എയർ ന്യൂസിലാൻഡ് ലോകത്തിലെ മികച്ച എയർലൈനുകളിൽ ഒന്നാണ്. 1979 ലും 2008 ലും ഉണ്ടായിട്ടുള്ള അപകടങ്ങളൊഴിച്ചാൽ എയർ ന്യൂസിലാൻഡ് സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഇന്ന് 2 ആം സ്ഥാനമാണ് എയർ ന്യൂസിലൻഡിന്.
1. ക്വാണ്ടാസ് – ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ എയർലൈനായ ക്വാണ്ടാസ് ഓസ്ട്രേലിയിലെ ഏറ്റവും വലിയ എയർലൈനും കൂടിയാണ്. നൂറാം വയസ്സും പിന്നിട്ട് തൻ്റെ ജൈത്രയാത്ര തുടരുന്ന ക്വാണ്ടാസ് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ എയർലൈനുകളിൽ പ്രധാനിയാണ്. അതുകൊണ്ടുതന്നെ ക്വാണ്ടാസ് ആണ് ഇന്ന് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ഒന്നാമത് നിൽക്കുന്നത്.