കടപ്പാട് – വിനു പൂക്കാട്ടിയൂർ.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളിൽ ഒന്നാണിത്. ഏഷ്യയിൽ ഉയരത്തിൽ ഇതിന് രണ്ടാംസ്ഥാനമാണ്.
ബീഹാറിയായ ഈ ആനയ്ക്ക് 314 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനം വരെയുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള രാമചന്ദ്രൻ എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത.
1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, ഇവനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.
ഗുരുവായൂർ കേശവനു ശേഷം ഏതെങ്കിലും ഒരാനയ്ക്ക് “രാജാവ്” എന്ന വിശേഷണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു മാത്രം സ്വന്തം.!
ജീവിതരീതിയിലും സ്വഭാവത്തിലും അവന് അവന്റേതായ രീതികളുണ്ട്. അതിലൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറുമല്ല. ഇഷ്ടപ്പെടാത്ത പ്രവൃത്തികൾ കണ്ടാൽ ഉടനെ പ്രതികരിക്കും.! അത് മനുഷ്യനായാലും ആനയായാലും.! ആറാട്ടുപുഴ പൂരപ്പാടത്തുവച്ച് കൊച്ചീരാജാവ് ഗുരുവായൂര്‍ കേശവനെ ആനകളിലെ രാജാവ് എന്ന് അഭിസംബോധന ചെയ്തതില്‍ പിന്നെ തലമുറകള്‍ക്കിപ്പുറം രാജാവെന്നു മനസറിഞ്ഞു ആനകേരളം മുഴക്കിയ ധ്വനി രാമചന്ദ്രന്റെ പേരിനൊപ്പമായിരുന്നൂ.
വലതുകണ്ണിന് കാഴ്ചക്കുറവുള്ള രാമചന്ദ്രൻ പൊതുവിൽ ശാന്തനാണെങ്കിലും പിടിവാശിക്കാരനാണ്. വൃത്തിയുള്ള സഥലങ്ങളില്‍ മാത്രമേ നിലയുറപ്പിക്കൂ എന്നതാണ് രാമചന്ദ്രന്റെ പ്രധാന സവിശേഷത. ഇത് ആനകളിലെ ക്ഷത്രിയ ഗുണത്തെ ചൂണ്ടിക്കാണിക്കുന്നൂ. തിടമ്പേറ്റുമ്പോള്‍ തന്റെ തുമ്പിയില്‍ കൊമ്പു താങ്ങുന്നതാണ് മറ്റൊന്ന്.കൊമ്പ് മണ്ണിലാഴ്ത്തിയാല്‍ ചെളി പറ്റും… ഇത് ശിരസിലെ തിടമ്പിനോടുള്ള അനാദരവാണ്. ഗുരുവായൂര്‍ പഴയ പത്മനാഭനിപ്പുറം അങ്ങിനെ ചെയ്യുന്ന ഒരേയൊരു ആനയാണ് രാമചന്ദ്രന്. ഇത് രാജപ്രതാപം കാണിക്കുന്നൂ…!
തന്റേടവും വാശിയും നിറഞ്ഞ സ്വഭാവം കാരണം വർഷങ്ങളോളം കെട്ടുതറിയിൽ ഒതുങ്ങിനിൽക്കേണ്ട ഒരു ഭൂതകാലമുണ്ടായിരുന്നു രാമന്.! കുസൃതി നിറഞ്ഞ സംഭവങ്ങളും രാമന്റെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നു. മദ്യപിച്ച പാപ്പാന്റെ മുണ്ടുരിഞ്ഞോടിയ ചരിത്രമുണ്ട് രാമചന്ദ്രന്.! വേറൊരിക്കൽ പാലക്കാട് വച്ച് ഒരു ചട്ടക്കാരൻ എന്തോ ഒരു കുരുത്തക്കേട് രാമനോട് കാണിച്ചു. ആനയ്ക്ക് അതിഷ്ടമായില്ല. അവൻ പാപ്പാന്റെ നേരെ തിരിഞ്ഞു. രാമന്റെ സ്വഭാവമറിയാവുന്ന അയാൾ ജീവനും കൊണ്ടോടി. രാമൻ പുറകെയും.! ചട്ടക്കാരൻ ഓടിയോടി പാലക്കാട് ഗാന്ധി ബസാർ റോഡിലെ ചേറ്റുപുഴ ജ്വല്ലറി ബിൽഡിങ്ങിലേക്കു ഓടിക്കയറി. പണിപൂർത്തിയാവാത്തൊരു കെട്ടിടമായിരുന്നു അത്.!
ആന ചട്ടക്കാരനെ ഓടിക്കുന്നത് കണ്ടയാളുകൾ അങ്ങോട്ട് പാഞ്ഞു.! അവിടെത്തിയപ്പോൾ പക്ഷെ എല്ലാവരും അന്തം വിട്ടു നിന്നു.! രാമനതാ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തുമ്പിയും പൊക്കി നിൽക്കുന്നു.! ഓടിയ പാപ്പാന് പുറകെ രാമനും കോണിപ്പടി ഓടിക്കയറിയതാണ്.! അപകടമൊന്നും സംഭവിക്കുന്നതിന് മുൻപേ മറ്റു ചട്ടക്കാർ പിന്നീട് ആനയെ അനുനയിപ്പിച്ചു താഴെയിറക്കി.! ഈ സംഭവത്തിൽ പിന്നീട് കെട്ടിട നിർമ്മാണ ചുമതലയുള്ള കരാറുകാരനും പേരായി. പേരാമംഗലം വല്ല്യാന പോലും കയറിയിട്ടും കുലുങ്ങാത്ത കെട്ടിടമല്ലേ…….!
രണ്ടാനയെ കുത്തിക്കൊന്നവന്, ഏഴാളെ കൊന്നവന് എന്നൊക്കെയാണ് കുപ്രശസ്തിക്ക് കാരണമായി പറയുന്നത്. കുറ്റങ്ങളെല്ലാം അവന്റേതു മാത്രമെന്നാണ് പൊതുവായ പറച്ചില്. എന്നാല്‍, വസ്തുതകള്‍ പരിശോധിച്ചാല്‍ പലതും തെറ്റാണെന്ന് മനസ്സിലാക്കാം. തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിക്കൊന്നു എന്നാണ് ഒരു ആരോപണം. മുളയം രുധിരമാല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അപ്രതീക്ഷിതമായി കാഴ്ചയറ്റ കണ്ണിന്റെ വശത്തുകൂടെ ചന്ദ്രശേഖരന് മുന്നിലെത്തിയപ്പോല്‍ പരിഭ്രാന്തനായാണ് രാമചന്ദ്രന് ആക്രമണം നടത്തുന്നത്. അന്ന് ചന്ദ്രശേഖരനു സാരമായി പരിക്കേറ്റെങ്കിലും അതില്‍ നിന്നും മോചിതനായി 200^2001വര്‍ഷങ്ങളില്‍ (2002 ല്‍ ഒരു മണിക്കൂറും) അവന് തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റി. അപ്പോള്‍ എങ്ങിനെയാണ് രാമചന്ദ്രന് ചന്ദ്രശേഖരന്റെ കൊലയാളിയാകുക?
മറ്റൊരു സംഭവം കാട്ടക്കാമ്പല്‍ ഉത്സവത്തിനു മുന്നോടിയായി അവനെ സ്വീകരിച്ച് കൊണ്ടു പോകുമ്പോള്‍ ഒരു 12 കാരനെ കൊലപ്പെടുത്തി എന്ന സംഭവമാണ്. ആനയ്ക്കു ചുറ്റും വലിയ ആള്‍ക്കൂട്ടം നിരന്ന് ആഘോഷമായിട്ടായിരുന്നു ആ എഴുന്നള്ളിപ്പ്. പെട്ടെന്ന് ഒരു ബസ്സ് അതുവഴി വന്നു. ആനയ്ക്കും ബസ്സിനുമിടയില്‍ ആളുകള്‍ തിങ്ങി. അതിനിടയില്‍ അപ്രതീക്ഷിതമായി ആരോ ആനയുടെ കാലിനിടയില്‍ പടക്കം പൊട്ടിച്ചു. തുടര്‍ന്ന് പരിഭ്രാന്തനായ ആന മുന്നോട്ട് ചാടി. ആ ചാട്ടത്തില്‍ അവന്റെ കാലിനടിയില്‍ പെട്ട ഒരാള്‍ കൊല്ലപ്പെട്ടു. ഇവിടെയും രാമചന്ദ്രന് കൊലയാളിയായി ചിത്രീകരിക്കപ്പെട്ടു. പതിവു തെറ്റിക്കാതെ ഈ സംഭവത്തിലും നമ്മളെല്ലാം രാമചന്ദ്രനെ കൊലയാളിയാക്കി. വസ്തുതകള്‍ അന്വേഷിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത പരത്തി.
കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിൽ എഴുന്നിള്ളിച്ചുള്ള രാമചന്ദ്രന് പല നാടുകളിലും വലിയ ആരാധകവൃന്ദമുണ്ട്.. രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്. ചെറായി തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന തലപൊക്ക മത്സരങ്ങളില്‍ വിജയ കിരീടം ചൂടിയിട്ടുള്ള രാമചന്ദ്രന് ഇത്തിത്താനം ഗജ മേളയടക്കം ഉള്ള പ്രമുഖ ഗജ മേളകളിലും വിജയിയായിട്ടുണ്ട്. പതിനാറു വര്‍ഷമായി പാലക്കാട് കുനിശ്ശേരി സ്വദേശി മണിയായിരുന്നു ദീർഘനാൾ രാമചന്ദ്രന്റെ പാപ്പാന്. ഇപ്പോൾ തൃക്കാരിയൂർ വിനോദ് ആണ് രാമന്റെ ചട്ടക്കാരൻ.