ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് , ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.
കൃത്യനിഷ്ഠ ഇല്ലെന്നുള്ള പരാതിയായിരുന്നു ഇന്ത്യൻ റെയിൽവേ എന്നും കേൾക്കുന്ന വിശേഷം. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങളൊക്കെ ഒരു പരിധിവരെ പരിഹരിക്കുവാനായി റെയിൽവേയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പറയാം. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ സവിശേഷതകളുള്ള തീവണ്ടികൾ ഇറക്കി ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്ന ഇന്ത്യൻ റെയിൽവേ. അത്തരത്തിൽ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയ ചില ട്രെയിനുകൾ ഏതൊക്കെയെന്നു നോക്കാം.
ഗതിമാൻ എക്സ്പ്രസ്സ് : ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയാണ്. രണ്ട് എക്സിക്യൂട്ടീവ് ചെയർകാറും എട്ട് എ.സി. ചെയർക്കാറും ഉൾപ്പെടെ പന്ത്രണ്ട് കോച്ചുകളാണ് ഗതിമാനിലുള്ളത്. തുടക്കത്തിൽ ആഗ്രയിലേക്കായിരുന്നു സർവ്വീസ് എങ്കിലും പിന്നീട് അത് ഝാൻസി വരെയാക്കി.
തേജസ് എക്സ്പ്രസ്സ് : ഒരു വിമാനമാണോ ഇതെന്ന് ആദ്യകാഴ്ചയില്‍ ശങ്കിച്ചേക്കാം. അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല. കാരണം അത്രക്ക് അതിശയിപ്പിക്കുന്നതാണ് തേജസ് എക്സ്പ്രസ്സിലെ കാഴ്ചകളും സൗകര്യങ്ങളും. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാനിരക്ക് കൂടുമെങ്കിലും തേജസ് എക്സ്പ്രസിലെ സൗകര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് വളറെ ചെറിയ തുകയാണ്. 15 കോച്ചുകളാണ് തേജസ് എക്സ്പ്രസില്‍ ഉള്ളത്. ഓരോന്നിലും എല്‍ഇഡി ടിവിയുണ്ട്. ഹെഡ്സെറ്റുണ്ട്. വൈഫൈ സംവിധാനമുണ്ട്. വാതിലുകള്‍ ഓട്ടോമാറ്റിക് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സുഖകരമായ യാത്ര പ്രദാനം ചെയ്യുന്ന സോഫ്റ്റ് സീറ്റുകളാണ് തീവണ്ടിയലേത്. സ്ഥലങ്ങളെക്കുറിച്ച് അറിയിക്കാന്‍ ജിപിഎസ് സംവിധാനവുമുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തേജസ് എക്സ്പ്രസിന് ഓടാന്‍ കഴിയും. 2017 ലാണ് തേജസ് എക്സ്പ്രസ്സ് യാത്ര തുടങ്ങിയത്.
വിസ്റ്റാടം കോച്ചുകൾ : ഇനി ട്രെയിനിൽ ഇരുന്ന് ആകാശക്കാഴ്ചകളും കാണാം. സ്ഫടികക്കൊട്ടാരത്തിൽ യാത്രചെയ്യുന്ന അനുഭവം പ്രദാനം ചെയ്യുന്ന ഗ്ലാസ് ടോപ്പ് – വിസ്റ്റാഡം എസി കോച്ചുകളുടെ വരവ് ഇന്ത്യൻ ട്രെയിൻ യാത്രയുടെ പതിവു അനുഭവങ്ങളെ മാറ്റിമറിക്കുന്ന തരത്തിലുള്ളവയാണ്. വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചുള്ള കോച്ചില്‍ പുറം കാഴ്ചകള്‍ ഒട്ടും നഷ്ടപ്പെടാത്തവിധം 360 ഡിഗ്രി കറങ്ങും കസേരകളാണുള്ളത്. കൊങ്കണ്‍ പാതയില്‍ യാത്രക്കാര്‍ക്ക് വിസ്മയക്കാഴ്ചകളാകും കോച്ചിലെ യാത്ര നല്‍കുക. എല്‍സിഡി സ്ക്രീനുകളും ഉണ്ട്. ജൻശതാബ്ദി എക്സ്പ്രസ് ട്രെയിനിലെ എക്സിക്യൂട്ടീവ് ക്ലാസ് കോച്ചിലേതിന് ഏകദേശം തുല്യമാണ് (കേറ്ററിങ് നിരക്ക് പുറമെ) വിസ്റ്റാഡം നിരക്ക്. ജിഎസ്ടി, റിസർവേഷൻ ചാർജുകൾ അധികം വരും. 40 സീറ്റ് കോച്ചിന്റെ വില കേട്ടാൽ ഞെട്ടും, 3.38 കോടി രൂപ.
ഉദയ് എക്സ്പ്രസ്സ് : ബിസിനസ്സ് ക്ലാസ്സ് യാത്ര സൗകര്യങ്ങളുമായി സർവ്വീസ് ആരംഭിച്ച ട്രെയിൻ സർവീസാണ് ഉദയ് എക്സ്പ്രസ്സ്. ഡബിൾ ഡക്കർ ട്രെയിനാണ് ഇതെന്നാണ് മറ്റൊരു പ്രത്യേകത. മികച്ച എസി ചെയര്‍ കാര്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ നല്കുന്ന എല്‍സിഡി സ്ക്രീനുകള്‍, വിനോദത്തിനായി എല്സിടി സ്ക്രീനുകള്‍ എന്നീ സൗകര്യങ്ങള്‍ ഉദയ് എക്സ്പ്രസ്സിലുണ്ട്. ബയോ ടോയ്ലറ്റുകളാണ് ഉദയ് എക്സ്പ്രസ്സിന്റെ മറ്റൊരു പ്രത്യേകത. സാധാരണ ട്രെയിനുകളേക്കാള്‍ 40 ശതമാനം അധികം യാത്രക്കാരെ വഹിക്കാന്‍ ഈ ട്രെയിനുകള്‍ക്ക് സാധിക്കും. ഇത് തന്നെയാണ് ഡബിള്‍ ഡക്കര്‍ ട്രെയിനുകളുടെ സവിശേഷതകളില്‍ പ്രധാനം.
അന്ത്യോദയ എക്സ്പ്രസ്സ് : തിരക്കുള്ള പാതകളില്‍ സാധാരണക്കാരെ ലക്ഷ്യം വച്ച് ആരംഭിച്ച സര്‍വീസാണ് അന്ത്യോദയ എക്സ്പ്രസ്. ഈ ട്രെയിനുകളിലെ കോച്ചുകൾ മുഴുവനും ജനറൽ ആയിരിക്കും. അതായത് റിസർവേഷൻ സൗകര്യം ഇല്ല. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും ഏറെ ആശ്വാസകരമാവും ഈ പുതിയ ട്രെയിന്‍. ജോലി തേടി മറ്റു സ്ഥലങ്ങളിൽ പോകുന്നവർക്കും വളരെ ഉപകാരപ്രദമാണ് അന്ത്യോദയ എക്സ്പ്രസ്സ് ട്രെയിനുകൾ.
വന്ദേഭാരത് എക്സ്പ്രസ്സ് (ട്രെയിൻ 18) : സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് എഞ്ചിനുകൾ ഇല്ലാത്ത തീവണ്ടിയാണ് ട്രെയിൻ 18. ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ 18 നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ നിർമാണച്ചെലവ് 100 കോടി രൂപയാണ്. വലിക്കുവാനായി പ്രത്യേകം എഞ്ചിനുകൾ ഇല്ലാത്തതിനാൽ ബോഗികളിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോറുകളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. ‘വന്ദേഭാരത് എക്സ്പ്രസ്സ്’ എന്നാണു ഈ ന്യൂജെൻ ട്രെയിനിനു നൽകിയിരിക്കുന്ന പേര്.
വൈഫൈ, ജി.പി.എസ് കേന്ദ്രീകൃത യാത്ര വിവര സംവിധാനം, ടച്ച് ഫ്രീ ബയോ വാക്വം ടോയ്ലറ്റ്, എൽ.ഇ.ഡി ലൈറ്റിങ്, കാലാവസ്ഥ നിയന്ത്രണ സംവിധാനം എന്നീ സൗകര്യങ്ങൾ ഈ ട്രെയിനിലുണ്ട്. 52 സീറ്റുകൾ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കമ്പാർട്ട്മെന്റുകളും 78 സീറ്റുകൾ വീതമുള്ള ട്രെയ്ലർ കോച്ചുകളുമുണ്ടാവും. ട്രെയിനിന്റെ ഗതിക്കനുസരിച്ച് തിരിയുന്ന സീറ്റുകളാണ് എക്സിക്യൂട്ടീവ് കമ്പാർട്ട്മന്റുകളുടെ പ്രത്യേകത.
ഇന്ത്യൻ റെയിൽവെ വഴി 8,702 തീവണ്ടികളിലായി ഏകദേശം 5000 കോടി യാത്രക്കാർ, 27 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി (ഡൽഹി, പോണ്ടിച്ചേരി, ചണ്ഡീഗഢ്), ഓരോവർഷവും യാത്ര ചെയ്യുന്നു. ഒരു സാധാരണ യാത്രാ തീവണ്ടിയിൽ 18 കോച്ചുകളുണ്ടാവും(coach), ചില പ്രത്യേക തീവണ്ടികളിൽ 24 കോച്ചുകളുണ്ടാവും. ഓരോ കോച്ചും 18 തൊട്ട് 72 യാത്രക്കാരെ വരെ ഉൾക്കൊള്ളും. യാത്രാ സൗകര്യവും ഘടനയും അനുസരിച്ച് കോച്ചുകളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് (സ്ല്ലീപ്പർ ക്ലാസ്, ശീതീകരിച്ചവ എന്നിങ്ങനെ). കൂടുതൽ സൗകര്യമുള്ള കോച്ചുകളിൽ യാത്രാനിരക്കും കൂടുതലായിരിക്കും. ഒരു സാധാരണ യാത്രാതീവണ്ടിയിൽ മൂന്ന് തൊട്ട് അഞ്ച് വരെ ശീതീകരിച്ച കോച്ചുകളുണ്ടാവും.
ആദ്യകാലത്ത്, സ്വകാര്യകമ്പനികളായിരുന്നപ്പോഴും, അവരിൽ നിന്ന് ബ്രിട്ടീഷ് സർക്കാർ റെയിൽവേ മുഴുവൻ ഏറ്റെടുത്തപ്പോഴും പൊതുവേ മൂന്ന് ക്ലാസ് യാത്രാബോഗികളുണ്ടായിരുന്നു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ്-എന്നിങ്ങനെ. ഒരോ ക്ലാസിലും സൗകര്യങ്ങൾ വ്യത്യസ്തമായിരുന്നു. 1970-ഓടെ മൂന്നാം ക്ലാസ് മുഴുവനായും നിർത്തലാക്കി. ദീർഘദൂരവണ്ടികളിൽ മൂന്നുതട്ടുള്ള സ്ലീപ്പർകോച്ചുകൾ വ്യാപകമാക്കി. ശിതീകരിച്ച രണ്ട് തട്ടും മൂന്ന് തട്ടുമുള്ള സ്ലീപ്പർ കോച്ചുകളും സിറ്റിങ്ങ് കോച്ചുകളും ഒന്നാം ക്ലാസ് കോച്ചുകളും വന്നു.
മിക്ക നഗരങ്ങളിലും നഗരപ്രാന്ത തീവണ്ടി സർവീസുകൾ (Suburban Railway) നിലവിലുണ്ട്. നഗരത്തിൽ ദിവസേന ജോലിക്കും മറ്റാവശ്യങ്ങൾക്കും വന്നു പോവുന്നവരാണ് ഈ സേവനത്തിന്റെ ഉപഭോക്താക്കൾ. നഗരപ്രാന്തങ്ങളിൽ ജീവിക്കുന്നവരും എന്നാൽ എന്നും നഗരത്തിൽ വന്നു മടങ്ങേണ്ടവരുമായ അനേകം ആൾക്കാരുണ്ട് ഇവർക്ക് വളരെ പ്രയോജനകരമാണ് നഗരപ്രാന്ത തീവണ്ടികളുടെ സേവനം. ദീർഘദൂരതീവണ്ടികളിൽ നിന്നു വിഭിന്നമായി കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണു ഇവയുടെ ബോഗികൾ ഒരുക്കിയിരിക്കുന്നത്. നഗരപ്രാന്ത തീവണ്ടികൾ ബോംബെ (ഇപ്പോൾ മുംബൈ), മദ്രാസ് (ഇപ്പോൾ ചെന്നൈ), കൽക്കട്ട, ഡൽഹി, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലുണ്ട്.
ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ഇത്തരം തീവണ്ടികൾക്ക് പ്രത്യേക പാതകളില്ല, ദീർഘദൂര തീവണ്ടികൾ ഓടുന്ന പാതകളിലൂടെ തന്നെ ഇവയും ഓടുന്നു. ന്യൂഡൽഹി, ചെന്നൈ, കൽക്കട്ട എന്നിവിടങ്ങളിൽ നഗരപ്രാന്തതീവണ്ടികൾക്കായി ഡെൽഹി മെട്രോ, ചെന്നൈ എം.ടി.ആർ.എസ് (Chennai MTRS), കൽക്കട്ട മെട്രോ എന്നിങ്ങനെ പ്രത്യേകം മെട്രോ തീവണ്ടി ശൃംഖലകളുണ്ട്.
തങ്ങൾക്കാവശ്യമുള്ള മിക്കവാറും ഘടകങ്ങൾ ഇന്ത്യൻ റെയിൽവേ സ്വന്തം നിർമ്മാണശാലകളിലാണ് ഉണ്ടാക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ നിർമ്മാണശാലകൾ റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. താഴെപ്പറയുന്നവയാണ് ഇന്ത്യൻ റെയിൽവേയുടെ നിർമ്മാണശാലകൾ – ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്- ചിത്തരഞ്ജൻ, ഡീസൽ ലോക്കോമോട്ടീവ് വർക്സ്- വാരണാസി, ഇന്റഗ്രൽ കോച്ച് ഫാക്ടറി – പേരാമ്പൂർ, റെയിൽ കോച്ച് ഫാക്ടറി – കപൂർത്തല, റെയിൽ വീൽ ഫാക്ടറി – യെലഹാങ്ക, ഡീസൽ മോഡേണൈസേഷൻ വർക്സ് – പട്യാല.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, Indian Railways. ചിത്രങ്ങൾ – Respected Photographers – Indian Railways.