ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം ഞങ്ങൾ പാറോ എന്നുപേരുള്ള സ്ഥലത്തേക്ക് യാത്രയാരംഭിച്ചു. മറ്റു സ്ഥലങ്ങളിലേക്കുള്ള പെർമിറ്റ് ഞങ്ങളുടെ വണ്ടിയ്ക്ക് ലഭിച്ചിട്ടില്ലാതിരുന്നതിനാൽ ശനി, ഞായർ ദിവസങ്ങൾ പാറോയിൽ ചെലവഴിച്ച ശേഷം വീണ്ടും തിങ്കളാഴ്ച തിംഫുവിലേക്ക് തിരിച്ചു വന്നിട്ട് പെർമിറ്റ് എടുക്കണം എന്നായിരുന്നു ഞങ്ങളുടെ പദ്ധതി.
പാറോയിലേക്ക് പോകുന്ന വഴി മനോഹരങ്ങളായ കാഴ്ചകളായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചു കൊണ്ടിരുന്നത്. ഭൂട്ടാനിലെ ഞങ്ങൾ വന്ന ദിവസത്തേതിൽ നിന്നും വ്യത്യസ്തമായി നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു അനുഭവപ്പെട്ടിരുന്നത്. പോകുന്ന വഴിയ്ക്ക് വെച്ചു ഞങ്ങൾ ഒരു കട കണ്ടപ്പോൾ വണ്ടി നിർത്തി അതിനകത്തേക്ക് ചെല്ലുകയുണ്ടായി. പഴങ്ങൾ, കഴിക്കുവാനുള്ള സ്നാക്സ്, പച്ചക്കറികൾ വിൽക്കുന്ന ഒരു കടയായിരുന്നു അത്. ആപ്പിളിനോക്കെ നല്ല വിലയായിരുന്നു അവിടെ. കൂടാതെ പള്ളിപ്പെരുന്നാളിനും പൂരത്തിനുമൊക്ക വിൽക്കുവാൻ വെച്ചിരിക്കുന്ന പോലുള്ള ഭക്ഷണ പദാർത്ഥങ്ങളും പാക്കറ്റുകളിൽ അവിടെ ലഭ്യമായിരുന്നു. കടയിൽ നല്ല കത്തിയായതു കൊണ്ട് അധികമൊന്നും വാങ്ങാൻ നിൽക്കാതെ ഞങ്ങൾ യാത്ര തുടർന്നു.
ടിബറ്റിനോട് ചേർന്നു കിടക്കുന്ന ഭൂട്ടാനിലെ ഒരു ജില്ലയാണ് പാറോ. ഭൂട്ടാനിലെ, ഏക അന്താരാഷ്ട്ര വിമാനത്താവളം പാറോവിലാണ് സ്ഥിതി ചെയ്യുന്നത്. പാറോയിൽ നിന്ന് 6 കി മീ അകലെയായി ‘പാറോ ചു’ നദീതീരത്താണ് ഈ എയർപോർട്ട് സ്ഥിതിചെയ്യുന്നത്. 5,500 മീറ്റർ ഉയർന്ന കൊടുമുടികൾ ചുറ്റും സ്ഥിതി ചെയ്യുന്നതിനാൽ ഇത് ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വിമാനത്താവളങ്ങളിൽ ഒന്നാണ്. തിരഞ്ഞെടുത്ത പൈലറ്റുകളെ മാത്രമാണ് ഈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ സർട്ടിഫൈ ചെയ്തിരിക്കുന്നത്.
പോകുന്ന വഴിയിൽ മനോഹരമായ ഒരു നദിയ്ക്ക് കുറുകെയുള്ള ഒരു പാലം ഞങ്ങൾക്ക് കടക്കേണ്ടി വന്നു. മുൻപ് എയർപോർട്ട് സ്ഥിതി ചെയ്യുന്നു എന്നുപറഞ്ഞ ‘പാറോ ചു’ നദിയായിരുന്നു അത്. പാലത്തിലൂടെ കടന്നുപോയപ്പോഴാണ് നദിക്കരയിലേക്ക് വാഹനങ്ങൾ ഇറക്കി ചെയ്ത് നദിയിൽ ഇറങ്ങുവാനുള്ള സൗകര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ ഞങ്ങൾ പാലം കടന്നു നദിക്കരയിൽ എത്തിച്ചേർന്നു.
നല്ല ഭംഗിയുള്ള ഉരുളൻ കല്ലുകൾ നിറഞ്ഞ മനോഹരമായ ഒരു നദിയായിരുന്നു അത്. ഞങ്ങൾ വണ്ടി നദിക്കരയിൽ പാർക്ക് ചെയ്തിട്ട് വെള്ളത്തിലേക്ക് ഒന്നു ചുമ്മാ ഇറങ്ങി നോക്കി. നദിയിൽ വെള്ളം കുറവായിരുന്നെങ്കിലും നല്ല അഡാർ തണുപ്പായിരുന്നു അവിടത്തെ വെള്ളത്തിന് അനുഭവപ്പെട്ടിരുന്നത്. നദിയിലെ ഉരുളൻ കല്ലുകൾക്കാണെങ്കിൽ നല്ല വഴുക്കലും ഉണ്ടായിരുന്നു. ഞങ്ങൾ അവിടെയുള്ള പരിസരവാസികളോട് ചോദിച്ച് അപകടമൊന്നുമുണ്ടാകില്ല എന്നുറപ്പു വന്നതിനു ശേഷമാണ് നദിയിൽ ഇറങ്ങിയത്. ഇതുപോലെ പരിചയമില്ലാത്തയിടങ്ങളിൽ സന്ദർശിക്കുന്ന അവസരങ്ങളിൽ സഞ്ചാരികൾ ആരുംതന്നെ സ്ഥലങ്ങളുടെ അപകടസാധ്യത മനസിലാക്കാതെ എടുത്തുചാടി നദികളിലും മറ്റും ഇറങ്ങുവാൻ നിൽക്കരുതെന്നു ഒന്നോർമ്മിപ്പിക്കുന്നു.
നദിയിലെ കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞു ഞങ്ങൾ വീണ്ടും പാറോ ലക്ഷ്യമാക്കി യാത്രയായി. അങ്ങനെ ഞങ്ങൾ അധികം വൈകാതെ തന്നെ പാറോയിൽ എത്തിച്ചേർന്നു. പോകുന്ന വഴിയിൽ അതിമനോഹരമായ കാഴ്ചകളായിരുന്നു ഞങ്ങൾക്ക് വിരുന്നേകിയത്. വഴിയുടെ വശങ്ങളിൽ നെൽകൃഷി ചെയ്യുന്ന പാടങ്ങൾ ചില ചൈനീസ് വാൾപേപ്പറുകളെ ഓർമിപ്പിച്ചു. വളരെ ഫോട്ടോജെനിക് ആയിരുന്നു അവിടം മുഴുവനും.
പാറോ വിമാനത്താവളം കാണുവാനായിരുന്നു ഞങ്ങളുടെ പദ്ധതി. അങ്ങനെ ഞങ്ങൾ എയർപോർട്ട് ലക്ഷ്യമാക്കി വണ്ടിവിട്ടു. അങ്ങനെ ഞങ്ങൾ പാറോ എയർപോർട്ടിനരികിൽ എത്തിച്ചേർന്നു. എയർപോർട്ടിന്റെ റൺവേയുടെ തൊട്ടരികിലൂടെയായിരുന്നു വഴി കടന്നുപോയിരുന്നത്. റോഡിനും റൺവേയ്ക്കും ഇടയിൽ ഒരു കമ്പിവേലി മാത്രമായിരുന്നു അതിരായി ഉണ്ടായിരുന്നത്. ഞങ്ങൾ അവിടെയെത്തിയപ്പോൾ ഭൂട്ടാൻ എയർലൈൻസിൻ്റെ ഒരു വിമാനം അവിടെ ലാൻഡ് ചെയ്യുകയായിരുന്നു. കാറിലിരുന്നുകൊണ്ട് ഞങ്ങൾക്ക് ആ ദൃശ്യങ്ങളെല്ലാം തൊട്ടടുത്തു കാണുവാൻ സാധിച്ചു.
ഒറ്റനോട്ടത്തിൽ ഒരു എയർപോർട്ട് ആണെന്ന് പറയുകയില്ല പാറോ എയർപോർട്ട് കണ്ടാൽ. തനതു ഭൂട്ടാനീസ് മാതൃകയിലായിരുന്നു എയർപോർട്ട് കെട്ടിടത്തിന്റെ നിർമ്മാണം. പകൽ സമയത്ത് നേരിട്ട് കാഴ്ചയുള്ള സാഹചര്യങ്ങളിൽ മാത്രമേ പാറൊ വിമാനത്താവളത്തിൽ വിമാനമിറക്കാൻ അനുവദിക്കുന്നുള്ളൂ. ദിവസേന പത്തിൽ താഴെ മാത്രമേ ഇവിടെ നിന്നും സർവ്വീസുകൾ ഉണ്ടായിരിക്കുകയുള്ളൂ എന്നും ഞങ്ങൾക്ക് അവിടെ നിന്നും അറിയുവാൻ സാധിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകൾ ഭൂട്ടാൻ ഗവണ്മെന്റിനുവേണ്ടി ഉപയോഗിക്കുവാനായിരുന്നു പണ്ട് ഈ എയർ സ്ട്രിപ് ഉപയോഗിച്ചിരുന്നത്. 1990-ൽ റൺവേയുടെ നീളം 6445 അടിയായി വർദ്ധിപ്പിച്ചു. കൂടുതൽ ഭാരമുള്ള വിമാനങ്ങൾക്ക് ഇറങ്ങാനായി ബലവത്താക്കുകയും ചെയ്തു. വിമാനങ്ങൾ സംരക്ഷിക്കുവാൻ ഒരു ഹാങറും നിർമ്മിക്കപ്പെട്ടു. ഇതിനായുള്ള പണം ഭാഗികമായി മുടക്കിയത് ഇന്ത്യൻ ഗവണ്മെന്റായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ സ്വന്തം സഹോദരനെപ്പോലെയാണ് ഭൂട്ടാൻ. അതൊക്കെ കൊണ്ടുതന്നെയാണ് ഇന്ത്യക്കാർക്ക് ഇവിടേക്ക് പ്രോപ്പർ വിസയും പാസ്പോർട്ടും പോലും ഇല്ലാതെ ഇന്ത്യൻ പൗരന്മാർക്ക് കേവലമൊരു പെർമിറ്റിന്റെ ബലത്തിൽ വരാൻ സാധിക്കുന്നത്.
എയർപോർട്ടിലെ കാഴ്ചകളെല്ലാം കണ്ടതിനു ശേഷം ഞങ്ങൾ പാറോയിൽ താമസിക്കുന്നതിനായി ബുക്ക് ചെയ്ത റിസോർട്ടിലേക്ക് ആയിരുന്നു യാത്രയായത്. പോകുന്ന വഴിയിൽ യൂറോപ്യൻ രാജ്യങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ലൊക്കേഷനുകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. പാറോ നഗരത്തിൽ അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടിരുന്നു. അതും കടന്നുകൊണ്ട് ഞങ്ങൾ ഒരു താഴ്വാരത്തുള്ള ഞങ്ങളുടെ റിസോർട്ടിലേക്ക് യാത്രയായി.
അങ്ങനെ മനോഹരമായ തകർപ്പൻ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ താമസിക്കുവാനായി ബുക്ക് ചെയ്ത സ്ഥലത്തെത്തിച്ചേർന്നു. Airbnb വഴിയായിരുന്നു ഞങ്ങൾ ആ ബംഗ്ളാവ് ബുക്ക് ചെയ്തിരുന്നത്. ഞങ്ങൾ മൂന്നു പേർക്കും കൂടി രണ്ടു രാത്രിയിലേക്ക് 4000 രൂപയ്ക്കായിരുന്നു ബംഗ്ലാവ് ലഭിച്ചത്. അന്നത്തെ ദിവസം ഞങ്ങൾ മാത്രമേ ബംഗ്ളാവിൽ താമസക്കാരായിട്ടുള്ളൂ. ഞങ്ങൾ അവിടെയെത്തി കുറച്ചു സമയത്തിനകം ബംഗ്ളാവ് ഓണറുടെ അമ്മാവൻ വന്നു ഞങ്ങൾക്ക് ബംഗ്ളാവ് തുറന്നു തന്നു. നല്ല മനോഹരമായ ഒരു ഹോംസ്റ്റേ തന്നെയായിരുന്നു അത്. അകത്ത് പാചകം ചെയ്യുവാനുള്ള സൗകര്യങ്ങളൊക്കെ (ഇലക്ട്രിക് കുക്കർ, ഇലക്ട്രിക് കെറ്റിൽ) ഉണ്ടായിരുന്നു. പാറോയിൽ ഞങ്ങൾ ബുക്ക് ചെയ്ത വീട്: https://www.airbnb.co.in/rooms/32976901/.
കുറച്ചു സമയത്തെ വിശ്രമത്തിനു ശേഷം സലീഷേട്ടനും എമിലും കൂടി പുറത്തുപോയി സമീപത്തുള്ള വീടുകളിൽ ചെന്ന് ക്യാംപ് ഫയറിനായുള്ള തടിക്കഷണങ്ങളും മറ്റുമായി വന്നു. അവിടത്തെ ജനങ്ങളെല്ലാം ഞങ്ങളുടെ ആവശ്യമറിഞ്ഞു നന്നായി സഹായിച്ചു. രാത്രിയായപ്പോൾ ഞാൻ അകത്തിരുന്നു ഒരു വീഡിയോ എഡിറ്റ് ചെയ്യുകയായിരുന്നു. അതിനിടയിൽ എമിലും സലീഷേട്ടനും കൂടി ക്യാംപ് ഫയറൊക്കെ തയ്യാറാക്കി കത്തിച്ചു തുടങ്ങി. അതോടെ ഞാൻ എഡിറ്റിംഗ് ഒക്കെ പെട്ടെന്നു തീർത്ത് അവരോടൊപ്പം ചേർന്നു.
ജീവിതത്തിൽ ഇതുവരെ അനുഭവിക്കാതിരുന്ന മനോഹരമായ നിമിഷങ്ങളായിരുന്നു പിന്നീട്. ഭൂട്ടാനിലെ ഏതോ ഒരു ഗ്രാമത്തിൽ, തണുത്ത അന്തരീക്ഷത്തിൽ ഞങ്ങൾ മൂന്നു പേരും കൂടി ആ തീക്കുണ്ഡത്തിനു ചുറ്റുമിരുന്നു കൊണ്ട് പലതരം വിശേഷങ്ങളും നൊസ്റ്റാൾജിയകളുമൊക്കെ പങ്കുവെച്ചു. അതിനിടെ ബംഗ്ളാവിനു തൊട്ടടുത്തുണ്ടായിരുന്ന ഒരു ചെറിയ ഹോട്ടലിൽ നിന്നും ഞങ്ങൾ മുൻപേ ഓർഡർ ചെയ്ത പ്രകാരം ചപ്പാത്തിയും ചിക്കൻ കറിയും എത്തിച്ചേർന്നു. അങ്ങനെ ഞങ്ങൾ ആ അവിസ്മരണീയമായ അന്തരീക്ഷത്തിൽ തണുപ്പിനെ പ്രതിരോധിച്ചുകൊണ്ട് ആ ചൂടുള്ള ഡിന്നർ കഴിച്ചു.
അടുത്ത ദിവസം ഭൂട്ടാനിലെ ഏറ്റവും പ്രശസ്തമായ, മലയുടെ മുകളിലുള്ള ടൈഗർ നെസ്റ്റിലേക്ക് ആണ് പോകുവാൻ പ്ലാനിട്ടിരുന്നത്. അത്യാവശ്യം നല്ല രീതിയിൽ ട്രെക്കിംഗ് ഒക്കെ ആവശ്യമായതിനാൽ ഞങ്ങൾ ഡിന്നർ കഴിഞ്ഞയുടനെ ഉറങ്ങുവാൻ കിടന്നു. അടുത്ത ദിവസത്തെ കാഴ്ചകളും അനുഭവങ്ങളും സ്വപ്നം കണ്ടുകൊണ്ട്….
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.