വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങൾ..

വിമാനയാത്രകളുടെ ടിപ്സ് ഞാൻ തന്നെ പലപ്രാവശ്യമായി നിങ്ങള്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അധികമാരും ബോധവാന്മാരായിരിക്കില്ല. ഞാൻ തന്നെ പല യാത്രകളിലും ഇത് കണ്ടു മനസ്സിലാക്കിയത് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഒന്നു പോസ്റ്റ് ചെയ്യണമെന്നു വിചാരിച്ചത്. അപ്പോൾ നമുക്ക് ഇനി കാര്യത്തിലേക്ക് കടക്കാം.

ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനേക്കാൾ ദുഷ്കരമായ ഒന്നാണ് ലാൻഡിംഗ്. പൈലറ്റുമാരുടെ മികവ് പുറത്തെടുക്കുവാൻ സാധിക്കുന്നതും ഈ സന്ദർഭത്തിലായിരിക്കും. റൺവേയുടെ അവസ്ഥ, കാലാവസ്ഥാ സ്വഭാവം, പൈലറ്റിന്റെ പരിചയം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഒരു വിമാനത്തിന്റെ സ്‌മൂത്ത് ആയ ലാൻഡിംഗ്. ഈ അവസരത്തിൽ എയർ ഹോസ്റ്റസുമാർ നമ്മളോട് ചില നിർദ്ദേശങ്ങൾ നൽകാറുണ്ട്. അവ മടി കൂടാതെ അനുസരിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. പിന്നിലേക്ക് ചരിച്ചിട്ടിരിക്കുന്ന സീറ്റ് നേരെയാക്കുക, വിൻഡോകൾ ഉയർത്തി വെക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക എന്നിവയായിരിക്കും സാധാരണയായി ആ നിർദേശങ്ങൾ.

വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ സീറ്റ് ബെൽറ്റ് അഴിച്ചുവെച്ച് എഴുന്നേറ്റ് പെട്ടിയും എടുത്തുകൊണ്ട് ഇറങ്ങുവാൻ തയ്യാറെടുപ്പിലായിരിക്കും മിക്ക യാത്രക്കാരും. ഈ സമയത്ത് എയർഹോസ്റ്റസുമാരുടെ വാക്കുകൾ ആരും ചെവിക്കൊള്ളുന്നതായി കാണാറില്ല. “ഞങ്ങളുടെ സ്ഥലമെത്തി, ഇനി ഞങ്ങൾക്കറിയാം എന്ത് വേണമെന്ന്. നിങ്ങളുടെ സേവനം ഇനി വേണ്ട” എന്ന ഭാവത്തിലായിരിക്കും ഭൂരിഭാഗം യാത്രക്കാരും. മലയാളികളാണ് ഇത്തരക്കാരിൽ മുന്നിൽ എന്ന കാര്യവും വിഷമത്തോടെ പറയാം.

പക്ഷേ ഇവർ മറക്കുന്ന ഒരു കാര്യമുണ്ട്. വിമാനം ലാൻഡ് ചെയ്തു എന്നുകരുതി അപകട സാധ്യതകൾ തള്ളിക്കളയാനാകില്ല. റൺവേയിൽ വെച്ച് എത്രയോ തവണ വിമാനങ്ങൾക്ക് അപകടാവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നു കുലുങ്ങിയാൽ മാത്രം മതി എഴുന്നേറ്റു നിൽക്കുന്ന നിങ്ങളുടെ കാര്യം കഷ്ടത്തിലാകാൻ. അതുകൊണ്ട് വിമാന ജീവനക്കാരുടെ അനുവാദം ലഭിച്ചു കഴിഞ്ഞാൽ മാത്രമേ സീറ്റ് ബെൽറ്റ് അഴിച്ചു വെച്ച് എഴുന്നേൽക്കുവാൻ പാടുള്ളൂ. ആദ്യം ഇറങ്ങുന്നയാൾക്ക് എയർപോർട്ടിൽ സമ്മാനം ഒന്നും കൊടുക്കുന്നില്ലെന്ന് ഓർക്കുക.

അതുപോലെ തന്നെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. വിസ ഓൺ അറൈവൽ സൗകര്യമുള്ള തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ, ജീവനക്കാരുടെ നിർദ്ദേശം ലഭിച്ചാലുടൻ തന്നെ പുറത്തേക്ക് ഇറങ്ങുവാൻ റെഡിയാകണം. കഴിയുമെങ്കിൽ ആദ്യത്തെ ബാച്ച് ബസ്സിൽ തന്നെ ടെർമിനലിൽ എത്തിച്ചേരണം. വേറൊന്നും കൊണ്ടല്ല, വിസ ഓൺ അറൈവൽ ക്യൂവിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുവാൻ വേണ്ടിയാണത്.

സീറ്റ് ബെൽറ്റ് അഴിച്ച് എഴുന്നേറ്റാൽ ഉടൻ നിങ്ങൾ ഇരുന്ന സീറ്റിൽ എന്തെങ്കിലും വെയ്സ്റ്റ് (കടലാസ് കഷണങ്ങളോ മറ്റോ) ഉണ്ടെങ്കിൽ അവ ഒന്നു ക്ളീൻ ചെയ്ത് ഒതുക്കുവാൻ ശ്രദ്ധിക്കുക. ലാൻഡ് ചെയ്യുന്നതിന് മുൻപായി ഇത്തരം വസ്തുക്കൾ കളക്ട് ചെയ്യുവാൻ എയർഹോസ്റ്റസുമാർ വലിയ സഞ്ചിയുമായി വരാറുണ്ട്. എന്തെങ്കിലും വെയ്സ്റ്റ് ഉണ്ടെങ്കിൽ അപ്പോൾ അവ അതിൽ നിക്ഷേപിക്കുക. ക്ളീനിങ് അവരുടെ ജോലിയല്ലേ എന്നു കരുതി സീറ്റിലും താഴെയുമായി ഒന്നും ഇടാതിരിക്കുക. കാരണം വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ ജീവനക്കാർക്ക് തിരക്കിട്ട ജോലികൾ ധാരാളമുണ്ട്. അതിനിടയിൽ ഇത്തരം കാര്യങ്ങൾ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.

വിമാനത്തിൽ നിന്നും പെട്ടിയും എടുത്തുകൊണ്ട് പുറത്തിറങ്ങുന്നതിന് മുൻപ് പാസ്പോർട്ട്, ബോർഡിംഗ് പാസ്സ്, ഐഡി കാർഡുകൾ, മൊബൈൽഫോൺ, ലാപ്ടോപ്പ്, പഴ്സ് തുടങ്ങിയവയെല്ലാം ഉണ്ടെന്നു ഉറപ്പു വരുത്തുക. ഇറങ്ങുന്ന സമയത്ത് ഡോറിനു സമീപം വിമാനജീവനക്കാർ (ചിലപ്പോൾ പൈലറ്റ് ഉൾപ്പെടെ) നിൽക്കുന്നുണ്ടാകും. പറ്റുമെങ്കിൽ അവരോട് ഒരു നന്ദി പറയുക. അതൊരു നല്ല മര്യാദയാണ്. അതുപോലെ തന്നെ എളുപ്പത്തിൽ ബാഗേജ് വരുന്ന സ്ഥലത്ത് എത്തി ആദ്യം തന്നെ നിങ്ങളുടെ ബാഗ് കൈക്കലാക്കുവാൻ ശ്രമിക്കുക. ബാഗ് മോഷണം, മാറിപ്പോകൽ തുടങ്ങിയ കാര്യങ്ങൾക്ക് അവസരം കൊടുക്കേണ്ടല്ലോ. അപ്പോൾ ഇനി വിമാനത്തിൽ നിന്നും ഇറങ്ങുന്ന സമയത്ത് ഈ കാര്യങ്ങൾ കൂടി ഒന്നോർക്കുക.