200 രൂപയിൽ താഴെ മുടക്കി ബെംഗളൂരുവിൽ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം?

ബെംഗളൂരു എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാവരുടെയും ഉള്ളിൽ ഓടിയെത്തുന്നത് തിരക്കേറിയ ഒരു നഗരത്തിന്റെ ചിത്രമായിരിക്കും. അതാണ് മിക്കവരും ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കണ്ടും കേട്ടുമറിഞ്ഞിട്ടുള്ള ബെംഗളൂരു. പബ്ബുകളും വമ്പൻ ഹോട്ടലുകളും ഉള്ള ഈ മെട്രോ നഗരത്തിൽ കാശുള്ളവനു മാത്രമേ കറങ്ങാൻ പറ്റൂ എന്നുള്ള ധാരണ ആദ്യം വെടിയണം. സാധാരണക്കാർക്കും ആസ്വദിക്കാം ബെംഗളൂരുവിലെ കാഴ്ചകൾ, അതും അധികം കാശു മുടക്കാതെ. 200 രൂപയിൽ താഴെ കാശുചെലവാക്കി ബെംഗളൂരുവിൽ എന്തൊക്കെ കാണാം? എവിടെയൊക്കെ പോകാം?

1. ലാല്‍ബാഗ് : ബെംഗളൂരുവിൽ എത്തുന്ന സഞ്ചാരികൾ തീർച്ചയായും വന്നിരിക്കേണ്ട ഒരു സ്ഥലമാണ് ലാൽ ബാഗ്. കുടുംബവും കുട്ടികളുമൊക്കെയായി ഇവിടെയെത്തുന്ന മലയാളികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്. നഗരത്തിനുള്ളിൽ 240 ഏക്കർ സ്ഥലത്തായി ഇതുപോലൊരു പച്ചപ്പ് നിറഞ്ഞ ഉദ്യാനം നൽകുന്ന പോസിറ്റിവ് എനർജി വളരെയേറെയാണ്. ആരുടേയും ശല്യമില്ലാതെ റിലാക്സ് ചെയ്യുവാനും കാഴ്ചകൾ കണ്ടുകൊണ്ട് ഉലാത്തുവാനും ഇവിടം എന്തുകൊണ്ടും ബെസ്റ്റ് ആണ്. പൂന്തോട്ടവും തടാകവുമൊക്കെയുള്ള ഈ ഉദ്യാനത്തിൽ എത്രനേരം വേണമെങ്കിലും ചെലവഴിക്കുവാൻ നമുക്ക് സാധിക്കും. വീക്കെൻഡ് ദിവസങ്ങളിലാണ് ലാൽ ബാഗിൽ തിരക്കേറുന്നത്. ഇവിടേക്കുള്ള പ്രവേശന നിരക്ക് ഒരാൾക്ക് വെറും ഇരുപത് രൂപയേ ഉള്ളൂ.

2. വിദ്യാര്‍ഥി ഭവന്‍ : പേര് കേട്ടിട്ട് വല്ല സ്‌കൂളോ മറ്റോ ആണെന്ന് വിചാരിക്കണ്ട. ബെംഗളൂരുവിലെ പ്രശസ്തമായ ഒരു വെജിറ്ററിയന്‍ റസ്റ്റോറന്റാണ് വിദ്യാർഥിഭവൻ. ബെംഗളുരുവിന്റെ കൊതിപ്പിക്കുന്ന രുചികളിലൊന്നാണ് ബസവനഗുഡിയില്‍ 1943 ല്‍ സ്ഥാപിതമായ ഇവിടത്തെ വിദ്യാര്‍ഥി ഭവന്‍ ദോശ. ഇവിടത്തെ മസാല ദോശയും സാഗു മസാദ ദോശയും ബെംഗളൂരുവിൽ എത്തുന്നവർ തീർച്ചയായും രുചിച്ചിരിക്കേണ്ട ഒന്നാണ്. ബസവനഗുഡിയില്‍ ഗാന്ധി ബസാറിനു സമീപമാണ് ഈ പ്രശസ്തമായ റെസ്റ്റോറന്റ്. കാഴ്ചയില്‍ ഇത്തിരി പഴമയൊക്കെ ഉണ്ടെങ്കിലും രുചിയുടെ കാര്യത്തില്‍ വിദ്യാര്‍ഥി ഭവന്‍ ദോശയെ വെല്ലാന്‍ സാധിക്കില്ല. ഇവിടെ കയറിയാൽ ഒരാള്‍ക്കുള്ള ചിലവ് 100 രൂപയാണ്.

3. നെഹ്‌റു പ്ലാനറ്റോറിയം : ആകാശ വിസ്മയം കയ്യെത്തും ദൂരത്ത് കണ്ടാസ്വദിക്കുവാൻ താൽപ്പര്യമുള്ളവർക്ക് ധൈര്യമായി നെഹ്‌റു പ്ലാനറ്റോറിയം സന്ദർശിക്കാം. ഇതുപോലൊരു പ്ലാനറ്റോറിയം നമ്മുടെ തിരുവനന്തപുരത്തും ഉണ്ട്. അല്പം റൊമാന്റിക്കായി ആകാശക്കാഴ്ചകള്‍ കണ്ട് സമയം ചിലവഴിക്കുവാന്‍ ഇതിലും മികച്ച ഒരു ഓപ്ഷന്‍ വേറെയില്ല ഇവിടെ. മുതിർന്നവർക്ക് 35 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഇവിടത്തെ പ്രവേശന നിരക്ക്.

4. ബെംഗളൂരു കൊട്ടാരം : ഇംഗ്ലണ്ടിലെ വിൻഡ്സോർ കാസിലിന്റെ രൂപത്തിൽ ബാംഗ്ലൂരിൽ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബെംഗളൂരു പാലസ്. നഗരഹൃദയത്തില്‍ ജയമഹലിനും സദാശിവ നഗറിനുമിടയിലായി പാലസ് ഗാഡനിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. 1862-ൽ തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത് 1944ലാണ്. 1884-ൽ മൈസൂർ രാജാവായ ചാമരാജ വോഡയാർ ഈ കൊട്ടാരം വിലയ്ക്കു വാങ്ങിയിരുന്നു. ഇപ്പോഴും ഈ കൊട്ടാരം മൈസൂർ രാജകുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാണ്. മനോഹരമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ കൊട്ടാരം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ളതാണ്. 175 രൂപയാണ് ഇവിടെ ഒരാള്‍ക്കുള്ള പ്രവേശന ചാര്‍ജ്.

5. ടിപ്പു സുൽത്താൻ പാലസ് : കലാസിപാളയം ഓള്‍ഡ് ബസ് സ്റ്റാന്‍ഡിനു സമീപത്തു സ്ഥിതി ചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ പാലസ് ടിപ്പു സുല്‍ത്താന്റെ ജീവിതത്തെ അടുത്തറിയുവാന്‍ സഹായിക്കുന്ന ഇടമാണ്. മുഴുവനായും തേക്ക് മരം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഇന്ത്യക്കാർക്ക് ഇവിടം സന്ദർശിക്കാൻ വെറും അഞ്ച് രൂപയുടെ ചിലവേ ഉള്ളൂ എന്ന കാര്യവും മറക്കല്ലേ.

6. വെങ്കട്ടപ്പ ആര്‍ട് ഗാലറി : ബെംഗളൂരുവിലെ പ്രശസ്തമായ കബ്ബൺ പാർക്കിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ആർട്ട് ഗാലറിയാണ് ഇത്. പ്രശസ്ത ചിത്രകാരന്മാരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുള്ള ഇവിടം കലാസ്നേഹികൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ്. 20 രൂപയാണ് വെങ്കട്ടപ്പ ആര്‍ട് ഗാലറിയിലേക്കുള്ള പ്രവേശന ഫീസ്.

Image – Bangalore Tourism

7. HAL സെന്റർ (എയ്റോസ്പേസ് മ്യൂസിയം) : കുട്ടികളുമായി ബെംഗളൂരുവിൽ എത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലമാണിത്. മാറത്തഹള്ളിയിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയത്തിൽ വിമാനങ്ങളുടെ ചരിത്രവും കഥകളും മോഡലുകളും ഒക്കെ നമുക്ക് അടുത്തറിയുവാൻ സാധിക്കും. വിമാനങ്ങളുടെ നമ്മൾ കാണാത്ത എഞ്ചിനുകളും വിവിധ ഭാഗങ്ങളും ഇവിടെ കാണുവാൻ സാധിക്കും. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്.

ഇപ്പോൾ മനസ്സിലായില്ലേ വെറും 200 രൂപ കൊണ്ടും ബെംഗളൂരു സിറ്റിയിൽ കാഴ്ചകൾ കാണുവാൻ സാധിക്കുമെന്ന്. ഇനി അടുത്ത തവണ ബെംഗളൂരുവിൽ പോകുമ്പോൾ ഈ സ്ഥലങ്ങളിൽക്കൂടി ഒന്ന് സന്ദർശിക്കുവാൻ ശ്രമിക്കുക.