എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തട്ടേക്കാട്. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. തട്ടേക്കാടിന്റെ രണ്ട് വശങ്ങളിലൂടെയാണ് പെരിയാറിന്റെ രണ്ട് കൈവഴികൾ ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്.
എല്ലാവരും ഒരു വൺഡേ ട്രിപ്പ് എന്ന നിലയിൽ വന്നു പോകുന്ന ഒരിടമാണ് തട്ടേക്കാട്. എന്നാൽ ഇവിടെ ഒരു ദിവസം താമസിച്ചു ധാരാളം സ്ഥലങ്ങൾ സന്ദര്ശിക്കുവാനും മറ്റും സാധിക്കും എന്നത് അധികമാരും ഓർക്കാത്ത ഒരു കാര്യമാണ്. തട്ടേക്കാട് സന്ദർശിക്കുവാനായി പ്ലാൻ ചെയ്തു വരുന്നവർക്ക് അവിടെ എന്തൊക്കെ കാണാം? എന്തൊക്കെ ചെയ്യാം? ആ വിശേഷങ്ങളാണ് ഈ ലേഖനത്തിലൂടെ പങ്കുവെയ്ക്കുന്നത്.
ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് : 1983 ഓഗസ്റ്റ് 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ് ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് ഈ പക്ഷിസങ്കേതത്തിന് ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്.
പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ ആറുമുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയിൽ സങ്കേതത്തിൽ പ്രവേശിച്ച് പഠനം നടത്താൻ വനംവകുപ്പ് അനുവദിച്ചിട്ടുണ്ട്. വഴികാട്ടികളേയും വനംവകുപ്പ് തന്നെ തയ്യാറാക്കിത്തരുന്നതാണ്. താമസസൗകര്യമാവശ്യമുള്ളവർക്ക് ഡോർമിറ്ററികളും വനംവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. വനംവകുപ്പ് ഒരുക്കിയിരിക്കുന്ന ഇൻഫർമേഷൻ സെന്ററിൽ വിവിധ പറവകളുടെ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിവിധ പക്ഷികളുടെ മുട്ടകളും ജന്തുക്കളുടെ സ്റ്റഫ് ചെയ്ത ശരീരവും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പക്ഷികളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുള്ള ഗ്രന്ഥശാലയുമിവിടെ പ്രവർത്തിക്കുന്നു.
ഭൂതത്താൻകെട്ട് ഡാം : എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഭൂതത്താൻകെട്ടിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട് (പെരിയാർ അണക്കെട്ട്). കോതമംഗലം – തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്. കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പൂയംകുട്ടിപുഴയും ഇടമലയാറും കൂടിച്ചേർന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ – ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയാറും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട് . കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണക്കെട്ട് മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്.
ഇടമലയാർ : കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ ഒരു പ്രധാന പോഷക നദിയാണ് ഇടമലയാർ. കേരളത്തിലെ പ്രമുഖ ജല വൈദ്യുത പദ്ധതികളിൽ ഒന്നാണ് ഇടമലയാർ ജല വൈദ്യുത പദ്ധതി. ഇടമലയാർ ഡാമിലേക്ക് ചില സമയത്തു മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്നതിനാൽ മുൻകൂട്ടി അന്വേഷിച്ചിട്ടു വേണം പോകാൻ.
ഇഞ്ചത്തൊട്ടി തൂക്കുപാലം : കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപാലമാണിത്. കോതമംഗലം – തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട് – നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്. പെരിയാറിന് കുറുകെയാണ് ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. കേരളസർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്യാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. 185 മീറ്ററർ നീളമുള്ള ഇതിന് ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരമുണ്ട്.
പാണിയേലി പോര് : കേരളത്തിലെ ടൂറിസം മാപ്പിൽ പാണിയേലി പോരിനു ഇതു വരെ സ്ഥാനം നൽകിയിട്ടില്ല. എങ്കിലും നിരവധി ആളുകൾ സന്ദർശിക്കുന്ന ഇവിടം അപകടം നിറഞ്ഞതാണ്. ജലം നിരന്തരം ഒഴുകുന്നതിനാൽ പാറക്കെട്ടുകളിൽ ശക്തമായ വഴുവഴുപ്പും പ്രദേശത്ത് വർദ്ധിച്ച അടിയൊഴുക്കുമാണ് അപടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. വലിയ പാറകളിൽ തുരന്നതു പോലുള്ള ഗർത്തങ്ങൾ പുറമേ പലപ്പോഴും ദൃശ്യമാകുന്നില്ല. ഇവിടെയും സമീപത്തുമായി ഇതുവരെ 90-ലധികം പേർ മരണപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ പലപ്പോഴും ഭൂതത്താൻ കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാൽ പുഴയിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.
പെരുമ്പാവൂരിൽ നിന്ന് കുറുപ്പംപടി, മനയ്‌ക്കപ്പടി, വേങ്ങൂർ, കൊമ്പനാട്, ക്രാരിയേലി തെക്കേക്കവല എന്നീ സ്‌ഥലങ്ങളിലൂടെ സഞ്ചരിച്ച് പാണിയേലിയിലെത്തിച്ചേരാം. വനം വകുപ്പിന്റെ കൗണ്ടറിൽ നിന്ന് പാസ് മൂലമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. സമീപത്തായുള്ള വനം വകുപ്പ് ചെക്ക് പോസ്റ്റ് വരെയാണ് വാഹനങ്ങൾക്കു പ്രവേശനം. കോതമംഗലത്തുനിന്നും ഓടക്കാലിയിൽ നിന്നുതിരിഞ്ഞ് ഓടക്കാലികവലയിലൂടെ മേയക്കപ്പാല ഇവിടെ നിന്ന് ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് പാണീയേലിപോരിൽ എത്താവുന്നതാണ്.
കോടനാട് : എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.
ഇവയൊക്കെ കൂടാതെ തട്ടേക്കാട് വരുന്നവർക്കായി ബോട്ടിംഗ്, സെമി ട്രെക്കിംഗ് തുടങ്ങി ഒട്ടേറെ കാഴ്ചകളും ആക്ടിവിറ്റികളും ഇവിടെയുണ്ട്. കൂടാതെ ധാരാളം സിനിമകളുടെ ലൊക്കേഷനായി ഈ പരിസരപ്രദേശങ്ങൾ വന്നിട്ടുണ്ട്. ഇവിടെ വന്നു താമസിച്ചുകൊണ്ട് കാഴ്ചകൾ ആസ്വദിക്കാനും, ജീപ്പ് സഫാരി പോലുള്ള ആക്ടിവിറ്റികൾക്കും VKJ ഇന്റർനാഷണൽ ഹോട്ടൽ തിരഞ്ഞെടുക്കാം. പുലിമുരുകൻ ഷൂട്ടിംഗിനിടെ മോഹൻലാൽ താമസിച്ചത് ഈ ഹോട്ടലിലാണ്. ഹോട്ടൽ ബുക്കിംഗിന്: 9446487500.