താജ് മഹലിനെക്കുറിച്ച് അറിയാത്ത ഇന്ത്യക്കാരുണ്ടോ? ഉണ്ടാകില്ല. ഉണ്ടാകാൻ പാടില്ല. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഉത്തർപ്രദേശിലെ ആഗ്രയിലാണ് സ്ഥിതി ചെയ്യുന്നത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. ഉസ്താദ് അഹമ്മദ് ലാഹോറി എന്ന ശില്പിയാണ് താജ്മഹലിന്റെയീ അവർണ്ണനീയമായ സൗന്ദര്യത്തിനു പിന്നിൽ. താജ്മഹലിന്റെ പണി പൂർത്തിയായ ശേഷം ഇതുപോലെ മറ്റൊന്ന് ഇനി നിർമ്മിക്കാതിരിക്കുവാൻ വേണ്ടി ആ പാവം ശില്പിയുടെ കൈകൾ ഷാജഹാൻ വെട്ടിയെടുത്തു എന്നത് മറ്റൊരു വേദനാജനകമായ കഥ. ചില കഥകൾ പ്രകാരം ഇതിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വാസ്തുശിൽപ്പികൾ താജ് മഹലിന്റെ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലെയുള്ള ഒരു വാസ്തുവിദ്യകളും ചെയ്യില്ല എന്ന ഒരു കരാറിൽ ഒപ്പു വച്ചു എന്നും പറയുന്നു. പക്ഷേ, ഇതിതിനൊന്നും സ്ഥായിയായ ഒരു തെളിവും ഇല്ല.
താജ് മഹൽ വർഷം തോറും 2 മുതൽ 4 ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഇതിൽ കൂടുതലും വിദേശികളാണ്. ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് തണുപ്പുകാലമായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുടെ പട്ടികയിൽ താജ് മഹൽ സ്ഥാനം നേടിയിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. പുക വമിപ്പിക്കുന്ന മലിനീകരണ വാഹനങ്ങൾക്ക് താജ് മഹലിന്റെ അടുത്ത് പ്രവേശനമില്ല. സന്ദർശകർ നടന്നു എത്തുകയോ, സൈക്കിൾ റിക്ഷ മുതലായ പരിസ്ഥിതി മലിനീകരണ കാരണമല്ലാത്ത വാഹനങ്ങൾ ആശ്രയിച്ചോ എത്തണം.
ഏതൊരു സഞ്ചാരിയും ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് താജ് മഹൽ. ഇവിടത്തെ സന്ദർശന സമയം രാവിലെ 6 മണി മുതൽ വൈകുന്നേരം 7മണി വരെയാണ്. താജ് മഹൽ സന്ദർശിക്കുവാനായി വരുന്നവർ അതിരാവിലെ (ആറു മണി മുതൽ എട്ടു മണിവരെയുള്ള സമയം) സൂര്യോദയത്തിന്റെ സമയത്ത് ഇവിടെ വന്നാൽ തിരക്ക് വളരെ കുറവായിരിക്കും. ഓരോ ഗേറ്റിനടുത്തു നിന്നും ടിക്കറ്റ് കൗണ്ടറിലേക്ക് ഏകദേശം അഞ്ഞൂറ് മീറ്ററോളം ദൂരമുണ്ട്. സഞ്ചാരികൾക്ക് ഈ ദൂരം നടക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ കവാടത്തിനരികിൽ നിന്നും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-റിക്ഷകളെ ആശ്രയിക്കാം.
ടിക്കറ്റുകൾ കൗണ്ടറിൽ നിന്നും എടുക്കുന്നതിനു പകരം ഓൺലൈൻ ആയി എടുക്കാവുന്നതുമാണ്. താജ് മഹലിന്റെ വെബ്സൈറ്റിൽ കയറിക്കഴിഞ്ഞാൽ ഓൺലൈൻ ടിക്കറ്റു ബുക്കിംഗിനുള്ള ഓപ്ഷൻ കാണുവാൻ സാധിക്കും. ഇന്ത്യൻ പൗരന് 40 രൂപയും സാർക് രാജ്യങ്ങളിലെ പൗരൻമാർക്ക് 530 രൂപയും വിദേശികൾക്ക് 1,000 രൂപയുമാണ്. പിന്നെയൊരു കാര്യം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ താജ് മഹലിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ല. വെള്ളി അവധിയാണ്. അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ. ഉച്ചക്ക് 12 മണി മുതൽ 2 മണി വരെയാണ് പ്രാർത്ഥനാസമയം. താജ് മഹൽ പൗർണ്ണമി നാളുകളിലും അതിനും മുൻപും പിൻപുമായി രണ്ടു ദിവസങ്ങൾ ചേർത്ത് മൊത്തം അഞ്ച് ദിവസങ്ങൾ രാത്രി കാണുവാനായി തുറക്കാറുണ്ട്. അപ്പോഴും ഇതിൽ വെള്ളിയാഴ്ചകൾ അവധിയായിരിക്കും.
ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തു വരുന്നവർ പ്രിന്റ് ഔട്ടും ഐഡി കാർഡുകളും കയ്യിൽ കരുതേണ്ടതാണ്. താജ് മഹൽ സന്ദർശിക്കുവാൻ വരുന്നവർ ഒരു ഗൈഡിന്റെ സേവനം തേടുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ഗൈഡിനെ എടുത്തു കഴിഞ്ഞാൽ ചിലപ്പോൾ അകത്തേക്ക് കയറാനുള്ള ജനറൽ ക്യൂവിൽ നിൽക്കാതെ അവർ വിദേശികൾക്കായുള്ള ക്യൂവിൽ നിർത്തി എളുപ്പത്തിൽ കയറ്റുവാൻ പഴുതുകൾ ഒപ്പിച്ചുതരും.പാക്കേജ് എടുത്തു വരുകയാണെങ്കിൽ അവരുടെ ടൂറിസ്റ്റ് ഗൈഡ് നിങ്ങളുടെ കൂടെയുണ്ടാകും. പാക്കേജ് എടുക്കുന്നതിനു മുൻപായി ഇതെല്ലം ചോദിച്ച് ഉറപ്പുവരുത്തുക. അതല്ല നിങ്ങൾ ഒറ്റയ്ക്ക് പോകുകയാണെങ്കിൽ താജ് മഹലിന്റെ പരിസരത്തു നിന്നും പ്രദേശവാസികളായ കുട്ടികൾ അടക്കമുള്ള പരിചയസമ്പന്നരായ ഗൈഡുകളെയും ലഭിക്കും.
സുരക്ഷാ കാരണങ്ങളാൽ താജ് മഹലിനകത്തേക്ക് വെള്ളം, ചെറിയ ക്യാമറകൾ, മൊബൈൽ ഫോണുകൾ, ചെറിയ പഴ്സുകൾ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ. അകത്ത് കയറുന്നവർ ചെരിപ്പ്, ഷൂസ് തുടങ്ങിയവ ഊരി വെക്കണം. താജ് മഹലിനുള്ളിൽ ചിത്രങ്ങളോ വീഡിയോയോ ഒന്നും എടുക്കുവാൻ പാടുള്ളതല്ല. എന്നിരുന്നാലും ചിലർ ആരും കാണാതെ ചിത്രങ്ങൾ പകർത്താറുണ്ട്. പക്ഷെ നിങ്ങൾ ഉത്തരവാദിത്ത ബോധമുള്ള ഒരു സഞ്ചാരിയാണെങ്കിൽ ഇതുപോലെയൊന്നും ചെയ്യരുത്. നിയമങ്ങളെ അനുസരിക്കുക. താജ് മഹലിനു മുന്നിൽ നിന്നും വേണമെങ്കിൽ നിങ്ങൾക്ക് ഫോട്ടോ എടുക്കാവുന്നതാണ്. ഫോട്ടോകൾ എടുത്തു തരുന്നതിനായി ക്യാമറയും പ്രിന്ററുമൊക്കെ സജ്ജമാക്കി ഒരുകൂട്ടം ആളുകളും അവിടെയുണ്ട്. വേണമെങ്കിൽ നിങ്ങൾക്ക് അവരുടെ സഹായവും തേടാം.
താജ് മഹൽ പോലെതന്നെ പ്രശസ്തമായ ഒരു പലഹാരത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? മധുരത്തിന്റെ താജ് മഹല്‍ അഥവാ ആഗ്ര പേട: കുമ്പളങ്ങയും പഞ്ചസാരയും കുങ്കുമവും മറ്റും ചേര്‍ത്തുണ്ടാകുന്ന ഒരു മധുരപലഹാരം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം താജ്മഹലിന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകമായി തയ്യാര്‍ ചെയ്താണിത് നിര്‍മ്മിച്ചത്. ഇതിനെ മധുരത്തിന്റെ താജ്മഹല്‍ എന്ന് വിളിക്കുന്നു. മറ്റൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ഇതിന്റെ നിര്‍മ്മാതാവും താജ്മഹലിന്റെ നിര്‍മ്മാതാവും ഒരാളാണെന്നതാണ് ആ പ്രത്യേകത.
ആഗ്രയിലേക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഡെൽഹിയിൽ നിന്ന് റോഡ്, റെയിൽ മാർഗ്ഗമാണ്. ഡെൽഹിയിൽ നിന്നും സരായി കാലേ ഖാൻ അന്തർദേശീയ ബസ് ടെർമിനലിൽ നിന്നും ബസ്സുകൾ ഉണ്ട്. ഇതു കൂടാതെ ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും വിവിധ ട്രെയിനുകളും ഉണ്ട്. ഏറ്റവും അടുത്ത വിമാനത്താവളം ആഗ്ര വിമാനത്താവളം, ഡെൽഹി വിമാനത്താവളം എന്നിവയാണ്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ – ആഗ്ര കന്റോൺമെന്റ് സ്റ്റേഷൻ, രാജാ കി മണ്ടി സ്റ്റേഷൻ.
ബസ്സ് ടെർമിനൽ – ആഗ്ര ബസ് ടെർമിനൽ. ആഗ്രയിൽ സഞ്ചാരത്തിന് സാധാരണ നിലയിൽ ടാക്സികളും, ഓട്ടോറിക്ഷകളും ലഭ്യമാണ്. ഇതു കൂടാതെ കുതിരവണ്ടികളും ഇവിടെ സാധാരണമാണ്.
അപ്പോൾ ഇനി താജ് മഹൽ കണ്ടിട്ടില്ലാത്തവർ അടുത്ത യാത്ര ആഗ്രയിലേക്ക് പ്ലാൻ ചെയ്തോളൂ.
ചരിത്രപ്രധാനമായ വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ.