കുറച്ചു നാളുകളായി ചില യാത്രക്കാരുടെ പരാതികളാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബസ് സർവീസാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് സർവ്വീസുകൾ. എന്തുകൊണ്ടാണ് മിന്നൽ സർവ്വീസിലെ ചില യാത്രക്കാർ പരാതികൾ ഉന്നയിക്കുന്നത്? അതിനുള്ള കാര്യം അറിയുന്നതിനു മുൻപായി എന്താണ് മിന്നൽ ബസ് സർവ്വീസുകൾ എന്നു മനസിലാക്കിയിരിക്കണം. ആ വിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.
രാത്രി സമയങ്ങളിൽ മാത്രം റോഡിലിറങ്ങുന്ന, സ്റ്റോപ്പുകൾ കുറവുള്ള, കൃത്യസമയം പാലിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ പൊതുജനപ്രീതി ആകർഷിച്ച സർവീസ് ആണ് “മിന്നൽ”. കെ.എസ്.ആർ.ടി.സി.യിൽ മാനേജിംഗ് ഡയറക്ടർ ആയിരുന്ന ശ്രീ. എം. ജി രാജമാണിക്യം ഐ.എ.എസിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു മിന്നൽ സർവ്വീസുകൾ. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രി മാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍.
സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന വ്യവസ്ഥ ദേശസാത്കൃത സര്‍വീസായ മിന്നലിന് ബാധകമാണോ? അതിനുള്ള ഉത്തരം : ബാധകമല്ല. റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്‌സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. എന്നതിനാല്‍ത്തന്നെ മറ്റെവിടെയെങ്കിലും ഏത് സമയത്തും നിര്‍ത്തണം എന്ന ആവശ്യം നിയമസാധുതയുള്ളതല്ല. മോട്ടോര്‍വാഹന നിയമത്തിലെ അധ്യായം ആറ് പ്രകാരം സൂപ്പര്‍ ഡീലക്‌സ് ബസുകളുടെ പെര്‍മിറ്റുകളില്‍ സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് മിന്നല്‍ ബസുകള്‍ക്ക് ഇത്തരത്തിലുള്ള സ്റ്റോപ്പ് അനുവദിച്ചത്.
മിന്നൽ ബസ്സുകളിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുൻപ് അല്ലെങ്കിൽ ബസ് സ്റ്റാൻഡുകളിൽ നിന്നും കയറുന്നതിനു മുൻപ് യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇങ്ങനെ… സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന മിന്നൽ സർവീസുകൾക്ക് ഓൺലൈൻ സീറ്റ് റിസർവേഷൻ സൗകര്യങ്ങളുണ്ട്. ഇത്തരത്തിൽ ബുക്ക് ചെയ്യുന്നതിനു മുൻപായി പ്രസ്തുത ബസ് ഏതൊക്കെ സ്റ്റോപ്പുകളിലാണ് നിർത്തുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ സർവ്വീസ് ആരംഭിക്കുന്ന ഡിപ്പോയിലേക്കോ കെഎസ്ആർടിസി ഹെൽപ്ലൈൻ നമ്പറിലേക്കോ വിളിച്ച അന്വേഷിക്കാവുന്നതാണ്. ഇനി ബുക്ക് ചെയ്യാതെ ബസ് സ്റ്റാൻഡുകളിൽ നിന്നും കയറുന്നവർ ബസ്സിൽ കയറുന്നതിനു മുൻപായി കണ്ടക്ടറോടോ ഡ്രൈവറോടൊ നിങ്ങൾക്ക് പോകേണ്ട സ്റ്റോപ്പിൽ ബസ് നിർത്തുമോയെന്ന് ചോദിച്ചറിയാവുന്നതാണ്. ഇതുകൂടാതെ മിന്നൽ ബസ്സുകളുടെ വശങ്ങളിൽ (പുറത്ത് വാതിലിനു അടുത്തായി) ബസ് നിർത്തുന്ന സ്ഥലങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടാകും.
ഇനി അഥവാ ബസ്സിൽ കയറിയിട്ട് ജീവനക്കാരോട് റിക്വസ്റ്റ് ചെയ്തു നിങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിക്കാം എന്നു വിചാരിക്കരുത്. ഇത്തരത്തിൽ വിചാരിച്ചുകൊണ്ട് യാത്ര ചെയ്യുന്നവരാണ് അവസാനം പരാതിയുമായി വരുന്നതും. “രാത്രിയല്ലേ, ജീവനക്കാർക്ക് മനുഷ്യത്വമില്ലേ?” എന്നൊക്കെ പറയുന്നതിനു മുൻപ് ഒരുകാര്യം ഓർക്കുക. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് പ്രകാരം മിന്നൽ സർവ്വീസുകൾ രാത്രികാലങ്ങളിൽ നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിലെ നിർത്താവൂ എന്ന നിർദ്ദേശം പാലിക്കുക മാത്രമാണ് ജീവനക്കാർ ചെയ്യുന്നത്. അതുകൊണ്ട് അവരെ യാതൊരുവിധത്തിലും കുറ്റം പറയുവാൻ സാധിക്കില്ല.
നിങ്ങളുടെ അടുത്ത ഏരിയകളിൽ മിന്നലിനു സ്റ്റോപ്പ് ഇല്ലായെങ്കിൽ ഒന്നുകിൽ നിങ്ങളുടെ സ്റ്റോപ്പിന് അടുത്തുള്ള മിന്നൽ സ്റ്റോപ്പിൽ ഇറങ്ങിയിട്ട് വേറെ ബസ്സിൽക്കയറി പോകാവുന്നതാണ്. ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും ചാലക്കുടിയിലേക്കാണ് നിങ്ങൾക്ക് പോകേണ്ടതെങ്കിൽ മിന്നലിൽ കയറി റിക്വസ്റ്റ് സ്റ്റോപ്പായ അങ്കമാലിയിൽ ഇറങ്ങാവുന്നതാണ്. എന്നിട്ട് അവിടെ നിന്നും ഏതെങ്കിലും നൈറ്റ് സർവീസുകളിൽ കയറി ചാലക്കുടിയിൽ ഇറങ്ങാം. സ്ത്രീയാത്രക്കാർക്ക് ഇത്തരത്തിൽ മാറിക്കയറുന്നത് ബുദ്ധിമുട്ടായിരിക്കും എന്നതിനാൽ അതുവഴി സർവ്വീസ് നടത്തുന്ന മറ്റു ബസ്സുകളിൽ യാത്ര ചെയ്യുന്നതാണ് നല്ലത്. സൂപ്പർഫാസ്റ്റ് മുതലായ ധാരാളം നൈറ്റ് ബസ് സർവീസുകൾ കെഎസ്ആർടിസി ഓടിക്കുന്നുണ്ട് എന്നോർക്കുക.
1. കാസർഗോഡ് – കോട്ടയം (KGD ഡിപ്പോ) : രാത്രി 9.00 ന് കാസർഗോഡ് നിന്ന്, രാത്രി 9.30 ന് കോട്ടയത്ത് നിന്ന്. 2. പാലാ – കാസർഗോഡ് (PLA ഡിപ്പോ) : രാത്രി 8.30 ന് പാലായിൽ നിന്ന്, രാത്രി 7.45 ന് കാസർഗോഡ് നിന്ന്. 3. തിരുവനന്തപുരം – കോഴിക്കോട് (TVM ഡിപ്പോ) : രാത്രി 11.45 ന് തിരുവനന്തപുരത്ത് നിന്ന് (ആലപ്പുഴ വഴി), വൈകിട്ട് 4.30 ന് കോഴിക്കോട് നിന്ന് (ആലപ്പുഴ വഴി). 4. തിരുവനന്തപുരം – മൂന്നാർ (MNR ഡിപ്പോ) : രാത്രി 11.15 ന് തിരുവനന്തപുരത്ത് നിന്ന് (ആലപ്പുഴ വഴി), രാത്രി 8.00 ന് മൂന്നാർ നിന്ന് (ആലപ്പുഴ വഴി). 5. തിരുവനന്തപുരം – കണ്ണൂർ (KNR ഡിപ്പോ) : രാത്രി 8.45 ന് തിരുവനന്തപുരത്ത് നിന്ന് (ആലപ്പുഴ വഴി), രാത്രി 7.30 ന് കണ്ണൂര് നിന്ന് (ആലപ്പുഴ വഴി). 6.തിരുവനന്തപുരം – സുൽത്താൻബത്തേരി (SBY ഡിപ്പോ) : വൈകിട്ട് 6.45 ന് തിരുവനന്തപുരത്ത് നിന്ന് (ആലപ്പുഴ വഴി), രാത്രി 7.45 ന് സുൽത്താൻബത്തേരിയിൽ നിന്ന് (ആലപ്പുഴ വഴി). 7. തിരുവനന്തപുരം – കട്ടപ്പന (KTP ഡിപ്പോ) : രാത്രി 11.55 ന് തിരുവനന്തപുരത്ത് നിന്ന് (കോട്ടയം വഴി), രാത്രി 10.30 ന് കട്ടപ്പനയിൽ നിന്ന് (കോട്ടയം വഴി). 8. തിരുവനന്തപുരം – പാലക്കാട് (TVM ഡിപ്പോ) :
രാത്രി 10.45 ന് തിരുവനന്തപുരത്ത് നിന്ന് (കോട്ടയം വഴി), രാത്രി 10.30 ന് പാലക്കാട് നിന്ന് (കോട്ടയം വഴി). 9. തിരുവനന്തപുരം – പാലക്കാട് (PLK ഡിപ്പോ) : രാത്രി 9.30 ന് ഇരു ദിശകളിൽ നിന്നും (കോട്ടയം വഴി). 10. തിരുവനന്തപുരം – മാനന്തവാടി (MDY ഡിപ്പോ) : രാത്രി 8.30 ന് തിരുവനന്തപുരത്ത് നിന്ന് (കോട്ടയം വഴി), രാത്രി 7.00 ന് മാനന്തവാടിയിൽ നിന്ന് (ആലപ്പുഴ വഴി). 11. തിരുവനന്തപുരം – സുൽത്താൻ ബത്തേരി (SBY ഡിപ്പോ) : രാത്രി 8.00 ന് തിരുവനന്തപുരത്ത് നിന്ന് (കോട്ടയം വഴി), രാത്രി 10.00 ന് സുൽത്താൻബത്തേരിയിൽ (കോട്ടയം വഴി).
കേരളത്തിൽ മിന്നൽ സർവ്വീസ് നിർത്തുന്ന സ്റ്റോപ്പുകൾ : കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി, കോഴിക്കോട്, അരീക്കോട്, മഞ്ചേരി, കോട്ടക്കൽ, പെരിന്തൽമണ്ണ, തൃശ്ശൂർ, പാലക്കാട്, അങ്കമാലി, മൂവാറ്റുപുഴ, മൂന്നാർ, അടിമാലി, കോതമംഗലം, തൊടുപുഴ, കട്ടപ്പന, ചെറുതോണി, കോട്ടയം, വൈറ്റില ഹബ്ബ്, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, കഴക്കൂട്ടം,തിരുവനന്തപുരം.
മേൽപ്പറഞ്ഞിരിക്കുന്ന സ്റ്റോപ്പുകളിൽ മാത്രമാണ് നിലവിൽ കെഎസ്ആർടിസി മിന്നൽ ബസ്സുകൾ നിർത്തുന്നത്. യാത്രക്കാർ ദയവായി ഇനി ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കുക. സ്റ്റോപ്പുകൾ കുറവായതിനാലും ഒരേ രീതിയിൽ വേഗത ക്രമീകരിച്ച് സർവീസ് നടത്തുന്നതിനാലും, രാത്രി സമയങ്ങളിൽ ഗതാഗതകുരുക്കുകൾ കുറവായതിനാലും, പൊതുവേ ട്രെയിനിനെക്കാളും വേഗത്തിൽ ലക്ഷ്യസ്ഥാനത്തിലെത്താൻ സാധിക്കുന്നു എന്നതാണ് മിന്നലിനെ ജനം നെഞ്ചേറ്റാൻ കാരണം.
വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ, ചിത്രം – ക്ലിൻസ് ബാബു.